Image

മുല്ലപ്പെരിയാര്‍ വിദഗ്‌ധ സമിതി ഇന്ന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും

Published on 02 January, 2012
മുല്ലപ്പെരിയാര്‍ വിദഗ്‌ധ സമിതി ഇന്ന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും
ന്യൂഡല്‍ഹി: ഭൂകമ്പം മൂലം മുല്ലപ്പെരിയാര്‍ ഡാമിനുണ്ടായ ബലക്ഷയം പരിശോധിക്കുന്നതിന്‌ എത്തിയ വിദഗ്‌ധ സമിതി ഇന്ന്‌ ഉന്നതാധികാര സമിതിയ്‌ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കും. സി.ഡി. തട്ടേ, ഡി.കെ. മേത്ത എന്നിവരാണ്‌ കേരളത്തിലെത്തി പരിശോധന നടത്തിയത്‌.യോഗത്തിന്‌ മുന്നോടിയായി ഇരുവരും ഉന്നതാധികാര സമിതി അധ്യക്ഷന്‍ ജസ്റ്റിസ്‌ എ.എസ്‌. ആനന്ദുമായി കൂടിക്കാഴ്‌ച നടത്തി.

ഇതിനിടെ രണ്ടംഗ സമിതിയുടെ കേരളത്തോടുള്ള വിവേചനത്തില്‍ പ്രതിക്ഷേധിച്ച്‌ കേരളം ഉന്നതാധികാര സമിതിക്ക്‌ പരാതി നല്‍കും.

തട്ടേയും മേത്തയും അണക്കെട്ട്‌ ശക്തമായിരുന്നെന്ന നിലപാട്‌ സ്വീകരിച്ചിരുന്നു. ഉന്നതാധികാര സമിതിയിലേക്ക്‌ സാങ്കേതിക വിദഗ്‌ധരായി ഇരുവരെയും കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്‌തപ്പോള്‍ത്തന്നെ എതിര്‍ക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. അടുത്ത മാസം 28ന്‌ സമിതിയുടെ കാലാവധി തീരും.

അണക്കെട്ട്‌ സന്ദര്‍ശിച്ച തട്ടെയും മേഹ്‌തയും കേരള പ്രതിനിധികളെ പാടേ അവഗണിക്കുകയും തമിഴ്‌നാടിന്‌ അനുകൂലമായി പരസ്യനിലപാട്‌ കൈക്കൊള്ളുകയും ചെയ്‌തിരുന്നു. കേരളം നിയോഗിച്ച മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം.കെ.പരമേശ്വരന്‍ നായര്‍, അംഗം ജയിംസ്‌ വില്‍സന്‍, ചീഫ്‌ എന്‍ജിനീയര്‍ പി.ലതിക എന്നിവര്‍ ഇതിനെ തുടര്‍ന്നു പരിശോധന ബഹിഷ്‌കരിച്ചു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടാണ്‌ പരാതിയായി ഉന്നതാധികാര സമിതിക്കു സമര്‍പ്പിക്കുന്നത്‌. ഇതിനു മുന്നോടിയായി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ്‌ സാല്‍വെ, രാജീവ്‌ ധവാന്‍ എന്നിവരുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തി.
ഉന്നതാധികാര സമിതിക്കു മുന്നില്‍ ധവാന്‍ കേരളത്തിനു വേണ്ടി ഹാജരാകും.മുല്ലപ്പെരിയാറിലെ സ്‌ഥിതിയെ കുറിച്ചു തട്ടെ, മേഹ്‌ത എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ ഇന്നും നാളെയും ചേരുന്ന ഉന്നതാധികാര സമിതി പരിഗണിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക