Image

ഇല്ല, വരില്ലീ തിരുമുറ്റത്തേക്കിനിയും (കവിത: ജോസഫ്‌ നമ്പിമഠം)

Published on 27 April, 2015
ഇല്ല, വരില്ലീ തിരുമുറ്റത്തേക്കിനിയും (കവിത: ജോസഫ്‌ നമ്പിമഠം)
ഈ ....
മുടിഞ്ഞ തറവാടിന്‍ തിരുമുറ്റത്തേക്ക്‌
തിരിച്ചു വന്നത്‌ ഭാഗം ചോദിക്കാനല്ല
ഈ.. വീട്‌ മുടിച്ചൊരു
ഈ ..നാട്‌ മുടിച്ചൊരു
കാരണവരോടൊരു കാരുണ്യം കാട്ടാനല്ല
തളര്‍ന്നു കിടക്കും
കാരണവരുടെ സ്ഥാനം നേടാനല്ല.

നഞ്ചു കലക്കിക്കിട്ടിയ
പരല്‍ മീനുകളെയൊരു കോര്‍മ്പലിലാക്കി
ഈ അന്തിച്ചന്തയില്‍ ഞാനും നില്‌പൂ
കിട്ടിയ കാശിനു വിറ്റിട്ടാക്കാശും കൊണ്ടീ
മായം ചേര്‍ന്നോരന്തി കള്ളിനു
ക്യൂവില്‍ നില്‌പൂ ഞാനും
അന്തിക്കള്ളും മോന്തി,
ഈ നാട്‌ മുടിച്ചൊരു കാരണവരെ നോക്കി
പച്ച തെറി പറയാന്‍..
മയില്‍ക്കുറ്റി മറിച്ചീ തറവാടില്‍
തിരുമുറ്റത്തേക്കു തിരിച്ചു നടക്കെ
എന്‍ ഗതിയെന്തേ ഇങ്ങിനെ ആയി
എന്നറിവാനൊരു വഴിയും തേടി
പിച്ചും പേയും ചൊല്ലി നടപ്പൂ
ഒരു ഗതിയും പരഗതിയും കാണാതീ ഞാന്‍

ഈ മുടിഞ്ഞ തറവാടിന്‍ തിരുമുറ്റത്തേക്ക്‌
തിരിച്ചു വന്നതു ഭാഗം ചോദിക്കാനല്ല
നാടു മുടിച്ചൊരു കാരണവരോടൊരു
കാരുണ്യം കാട്ടനല്ല
തളര്‍ന്നു കിടക്കും കാരണവരുടെ സ്ഥാനം നേടാനല്ല.

ഈ ...അമ്പല മുറ്റത്താല്‍ത്തറയില്‍
കുത്തിയിരുന്നൊരു നാലും കൂട്ടി മുറുക്കാന്‍...
ഏകാന്തതയുടെ വല്‌മീകത്തില്‍
കുത്തിയിരുന്നെന്‍ കണ്ണീര്‍ വീഴ്‌ത്താന്‍...
ചാക്കുമുടുത്ത്‌ ഭസ്‌മം പൂശി
അരയാല്‍ത്തറയിലിരിക്കാന്‍,
ഇരുന്നൊരു ശിലയായുറയാന്‍
ഉറഞ്ഞൊരു പുത്തന്‍ മുനിയാകാന്‍...

വേടന്മാരുടെ അമ്പുകള്‍ കൊണ്ടുമരിക്കും
പെണ്‍കിളിയെ നോക്കിക്കരയാന്‍
അമ്പുകള്‍ പൂവമ്പാക്കി
ഇണയുടെ തുണയില്‍ ജീവന്‍ പകരാന്‍
പുതിയൊരു ചണനൂലാല്‍ ഈ
പുക്കിള്‍ക്കൊടി ബന്ധിക്കാന്‍
നവമൊരു ചാരുതയാലീ
ജീര്‍ണതയൊക്കെയകറ്റാന്‍...
മുറ്റം ചെത്തിമിനുക്കി
നിറകതിര്‍ കൊണ്ടൊരു നിറപറ തീര്‍ക്കാന്‍
മുന്തിയ എണ്ണയൊഴിച്ചീ
യന്തി വിളക്കുതെളിക്കാന്‍ ....

`തകരച്ചെണ്ട'*കള്‍ കൊട്ടി
ചില്ലു മുറിക്കും സ്വര സൂചികളാല്‍
വിള്ളല്‍ വീഴ്‌ത്തും ഞാനീ
ചില്ലിന്‍ കൊട്ടാരങ്ങള്‍ തട്ടിമറിക്കും
നാടുമുടിച്ചും പണി തീര്‍ത്തൊരു
ചില്ലിന്‍ മേടകള്‍, ഉഴുതുമറിച്ചൊരു
പുത്തന്‍ സൗധം പണിയും ഞാനീ മണ്ണില്‍
എങ്ങോ പോയി മറഞ്ഞൊരുസംസ്‌കൃതിതന്‍
മണ്ണില്‍ പൂണ്ടൊരു തിരുശേഷിപ്പുകള്‍
കുത്തിയിളക്കാന്‍
ക്ലാവുപിടിച്ചൊരു സംസ്‌ കൃതിയെ
തേച്ചു മിനുക്കി
നവജീവ ജലത്താലൊരു തര്‍പ്പണമേകാന്‍...
കെടുകാര്യസ്ഥതയുടെ
നെഞ്ചില്‍ കാലടിവെച്ചീ വേതാളത്തെ
പാതാളത്തിലയക്കാന്‍
എത്തീ ഞാനീ പടിവാതിലില്‍ വീണ്ടും
എത്തീ ഞാനീ പടിവാതിലില്‍ വീണ്ടും

എങ്ങോ പോയ്‌ മറയുന്നെന്‍ ബോധം
ഉണരുന്നൊരു സ്വപ്‌നത്തില്‍ നിന്നും ഞാന്‍
ഇല്ല, പടിപ്പുരയില്ലിവിടെ
ഇല്ല, ഉമ്മറ വാതിലുകള്‍
ഉള്ളത്‌ പുത്തന്‍ മാറാലകള്‍ മാത്രം
കണ്ണില്ലാത്ത നരിച്ചീറുകള്‍ മാത്രം
ഉള്ളതുറങ്ങും കാവല്‍ക്കാര്‍ മാത്രം
ചിതലുകള്‍ തിന്നും തറവാടിന്നുള്ളറ
കാണാതെയുറക്കം തൂങ്ങും കാവല്‍ക്കാര്‍ മാത്രം
ചിതലുകള്‍ തിന്നും തറവാടിന്‍
ഉള്ളറ കാണാതെയുറങ്ങും കാവല്‍ക്കാര്‍ മാത്രം
ഉള്ളത്‌ ചാരം മൂടിയ ചുടലകള്‍ മാത്രം
മുടി കൊഴിയാത്ത കപാലങ്ങള്‍ മാത്രം

അമ്പലമില്ലാല്‍ത്തറയില്ല
അന്യര്‍ വന്നു നിറഞ്ഞൊരു ഗ്രാമം
വെറ്റില തിന്നും, കോലം കെട്ടിയുമാടിയ
തലമുറ എങ്ങോ പോയി മറഞ്ഞു
`നാടിന്‍ നന്മ കുടിച്ചു മരിച്ചൊരു കുളവും'**
താണ്ടി, പായല്‌ മൂടിയ പടവുകള്‍ താണ്ടി
തേവരുറങ്ങും കോവിലു താണ്ടി
തിരികെപ്പോണൂ ഞാന്‍
മറുനാടതിലടിമപ്പണി ചെയ്യാന്‍
ഈ തിരുമുറ്റം പിന്നിട്ടെന്‍ വഴിതേടി
മുന്നോട്ടേക്ക്‌ നടക്കുന്‌പോള്‍
ഉള്ളില്‍ ഞാനൊരു ശപഥം ചെയ്‌തു
ഇല്ല, വരില്ലീ തിരുമുറ്റത്തേക്കിനിയും
ഈ ജീര്‍ണതയുടെ മുഖം കാണാന്‍
ഈ വീടു മുടിച്ചൊരു...
ഈ നാടു മുടിച്ചൊരു ...
കാരണവരുടെ തിരുമോന്തായം കാണാന്‍
ഇല്ല വരില്ലീ തിരുമുറ്റത്തേക്കിനിയും
ഇല്ല വരില്ലീ തിരുമുറ്റത്തേക്കിനിയും.


* 1 ഗുന്തര്‍ ഗ്രാസിന്റെ THE TIN DRUM
**2 കമ്മനിട്ടയോടു കടപ്പാട്‌.


(`ശ്രീ നമ്പിമഠത്തിന്റെ കാവ്യഭാഷ ഭാവത്തിനൊത്തു ജന്മം കൊള്ളുന്നു. ദേശാന്തര വാസിയെന്ന അപകര്‍ഷം ഭാഷക്കില്ല. `ഇല്ല വരില്ലീ തിരുമുറ്റത്തേക്കിനിയും' എന്ന കവിതയില്‍ രൂക്ഷമായ പ്രതിഷേധവും ശകാരവും ഒരു ശപഥവും ഉണ്ടെങ്കിലും, ഈ കവി ഇപ്പോഴും ഈ മുറ്റത്തു തന്നെ. ഈ കവി ആചമിക്കുന്നതു മലയാളത്തിന്റെ ആത്മ തീര്‍ത്ഥം തന്നെ`. 2004 ല്‍ പാപ്പിയോണ്‍ പ്രസിദ്ധീകരിച്ച 'തിരുമുറിവിലെ തീ' എന്ന കവിതാ സമാഹാരത്തിനു അവതാരിക എഴുതിയ പ്രൊഫ.വി.മധു സൂദനന്‍ നായര്‍).
ഇല്ല, വരില്ലീ തിരുമുറ്റത്തേക്കിനിയും (കവിത: ജോസഫ്‌ നമ്പിമഠം)
Join WhatsApp News
വായനക്കാരൻ 2015-04-27 13:03:08
ഈ മറുനാടൻ മുറ്റത്തേക്കിനി  
തിരികെ വരാനായ് താമസമെന്തേ?  
പള്ളിക്കൂടപ്പിള്ളേരാടും 
സിനിമാറ്റിക്കുകൾ കണ്ടുമടുത്തു 
തുരുമ്പുപിടിച്ചു നശിക്കും മുമ്പേ 
ചിലങ്കകൾ വീണ്ടും കാലിൽകെട്ടി
ചടുലപദത്തിൻ നൃത്തച്ചുവടുമായ്   
സർഗ്ഗാത്മതയുടെ നടനം തുടരൂ.
ജോസഫ്‌ നമ്പിമഠം 2015-04-28 13:59:17
"വായനക്കാരൻ" എന്ന പേരിൽ കമന്റ്‌ എഴുതിയ സുഹൃത്തേ നന്ദി. കഴിഞ്ഞ മുപ്പതു വർഷമായി ഈ മറുനാടിന്റെ മുറ്റത്ത്‌ ഞാനുണ്ട്.ചിലങ്ക ഒരിക്കലും അഴിച്ചു വെച്ചിട്ടില്ല.കവിത വായിച്ചതിനും സ്നേഹത്തിനും നന്ദി.ജോസഫ്‌ നമ്പിമഠം
വിദ്യാധരൻ 2015-04-28 17:12:31
ഞാനും നിങ്ങളുടെ കവിത വായിച്ചു അഭിപ്രായം എഴുതിയതാണ് എന്ത്കൊണ്ടോ എഡിറ്റർ അതിട്ടില്ല. ഒന്നുകൂടി ശ്രമിക്കുകയാണ്. 

"എൻ ഗതി എന്തെ ഇങ്ങനെയായി 
എന്നറിവാനൊരു വഴിയും തേടി 
പിച്ചും പേയും ചൊല്ലി നടപ്പൂ 
ഒരു ഗതിയും പരഗതിയും കാണാതി ഞാൻ "

എന്ന ഭാഗം ജീവിത സാഹചാര്യങ്ങളുടെ തടവറയിൽ കിടക്കുന്ന ഒരു വ്യക്തിയുടെ താറുമാറായ മാനാസ്സിക അവസ്ഥയെ കാണിക്കുന്നതാണ്. ഒരു കവിത എഴുത്തിന്റെ ലക്ഷ്യം ഇത്തരം തടവറകളിൽ നിന്നും നിരാശ ബോധങ്ങളിൽ നിന്നും മോചിപ്പിച്ചു വായനക്കാർക്ക് ഉത്തേജനം നൽകി ഒരു ഗതി ഉണ്ടാക്കി കൊടുക്കുക എന്നതാണ ങ്കിൽ, അതിനെ നിഷേധാത്മകമല്ലാത്ത ഒരു ധ്വനിയിൽ അവസാനിപ്പികണമായിരുന്നു.  കവിതയുടെ താളം,  ഭാഷ, ചരിത്ര പശ്ചാത്തലം എല്ലാം നന്നായെങ്കിലും നായകൻ നിരാശബോധംകൊണ്ട്, ചിലർ, പാത്രം വിറ്റു കള്ളു കുടിക്കും എന്ന് പറഞ്ഞതുപോലെ (ഇവിടെ പരൽ മീനാണെന്നു മാത്രം) കള്ളുകുടിച്ചു, ഇനി വരില്ല എന്ന് പറഞ്ഞു സ്ഥലം വിടുകയാണ്. ഇത് നിഷേധാകത്മകമായ ഒരവസാനമാണ്.   
സുനിൽ 2015-04-29 13:47:50
വിദ്യാധരൻ:
നിരാശാബോധങ്ങളിൽ നിന്നുള്ള മോചനം ഒരാഗ്രഹം മാത്രമാണ്. ഉദാഹരണത്തിന്, അടിസ്ഥാന പ്രശ്നമായ വിശപ്പിന്റെ പരിഹാരത്തിന് എല്ലാ ജീവജാലങ്ങളും പരിശ്രമിക്കുന്നു. സ്വയം ഉണ്ടാക്കിയോ, പിടിച്ചുപറിച്ചോ, ചൂഷണം ചെയ്തോ, കൊല ചെയ്തോ ജീവജാലങ്ങൾ അതു സാധിക്കുന്നു. വീണ്ടു വിശക്കുന്നു. പ്രയത്നം വീണ്ടും തുടരുന്നു. എല്ലാം അതുപോലെ തന്നെ, അത്രേ ഉള്ളൂ. നിരാശയിൽ നിന്നു മോചനത്തിന് ഒരു പരിഹാരാമില്ലാത്ത ലോകത്ത് പരിഹാരം നിഷേധാത്മകമോ അല്ലയോ എന്നു കവി നിർണ്ണയിക്കേണ്ടതില്ല. അനുഭവിക്കുന്ന ആളിന് ഗതി കിട്ടുന്നില്ല എന്ന കാരണത്താൽ ഫലം സ്വാഭാവികവും, പ്രതികരണം അത്തരത്തിലുമാവുന്നു. പ്രശ്ന പരിഹാരം ഉണ്ടാവുന്നില്ല.
ഒരു രോഗം മാറിയാൽ മറ്റൊന്നു വന്നു ചേരും. പ്രായം ചെന്നു ആരോഗ്യം നശിക്കുന്നതും തടയാനാവില്ല. അവസാനം വേണ്ടാത്ത മരണത്തെ അതിജീവിക്കാനും പറ്റാതെ വരുന്നു. എവിടെയും എന്തിലും എല്ലാ ജീവജാലങ്ങളും ഇതു നേരിടുന്നു. അതുകൊണ്ടാണ് ജീവിതം ഇവിടെ അവസാനിപ്പിക്കാതെ പരലോകത്തേക്കു വലിച്ചോണ്ട് പോവുന്നത്. മരണശേഷം പരിഹാരം അവിടെയുണ്ട് എന്നു സങ്കല്പ്പിച്ചു സമാധാനപ്പെടുക.
നിഷേധാന്മ്കമായോ അല്ലാതെയോ കവിതയിൽ അതു നിർദ്ദേശിക്കുന്നതിൽ അതുകൊണ്ട് തെറ്റില്ല.

വിദ്യാധരൻ 2015-04-29 20:23:07
സുനിൽ 

കവികളുടെയും കലാകാരന്മാരുടെയും പരമമായ ലക്ഷ്യം നിരാശയുടെ പടുകുഴിയിൽ കിടക്കുന്നവരെ മോചിപ്പിച്ചു ജീവിതത്തിന്റെ  രസാത്മകതയിലേക്ക് നയിക്കുക എന്നതാണ് . അങ്ങനെയുള്ള കവികളെ കണ്ടുമുട്ടിയിട്ടുള്ള വായനക്കാർക്ക്, നിഷേധാത്മകമായ കവിതകളെ ഉൾക്കൊള്ളാൻ ആവില്ല.  ആശാൻ എന്ന കവിയെ അദ്ദേഹത്തിൻറെ കവിതയിലൂടെ പരിചയപ്പെട്ടിട്ടുള്ളവർക്ക് ഇത് മനസ്സില്ലാക്കാൻ കഴിയും 

ഏകാന്തം സുഖമിങ്ങു, നിത്യമഴലാം 
         ത്താഴെ തമോ ഭൂമിയിൽ 
പോകാ സക്തി തമ:പ്രകാശശബള -
         ശ്രീയൊത്ത മദ്ധ്യോർവ്വിയിൽ 
ഛെകാത്മാ ചലഭോഗഭൂവിൽ നിമിഷ -
         ന്തോറും രസോന്മേഷിയാം, 
ശ്രീകാളും രസകാമധേനു രസയാ -
          മോർക്കിൽ കവിക്കെന്നുമേ ( പ്രരോദനം -ആശാൻ )

ജീവിതം രസാത്മകമാണെന്ന് ആശാൻ എന്നും വിശ്വസിച്ചിരുന്നു . നിരഞ്ജനത്വമായിരുന്നില്ല  ആശാൻ കൊതിച്ചിരുന്ന ജീവിത ശൈലിയെ ധന്യമാക്കിയിരുന്നത്‌, മറിച്ച് രസോന്മേഷമായിരുന്നു.  സ്വർഗ്ഗത്തിൽപോയി മറയുന്നതിനേക്കാൾ അഭികാമ്യമായി കണ്ടിരുന്നത്‌ വീണ്ടും വീണ്ടും ഭൂമിയിൽ വന്നവതിരിക്കാനുള്ള സാദ്ധ്യതയായിരുന്നു 

കവികൾക്ക് എന്തും എഴുതാം പക്ഷെ അത് മനുഷ്യ സംസ്കൃതിക്ക് എങ്ങനെ ഉപകരിക്കുന്നു എന്നുകൂടി ചിന്തിക്കേണ്ടതാണ്.  മരണവും രോഗവും അതിനെ തരണം ചെയ്യലും ജീവിതത്തിന്റെ ഭാഗമായി കാണാൻ കഴിയുമ്പോൾ നിരാശയ്ക്ക് വഴിയില്ല.  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക