Image

വിവാദങ്ങളില്‍ പാളം തെറ്റുമോ കൊച്ചി മെട്രോയ്‌ക്ക്‌

ജി.കെ. Published on 02 January, 2012
വിവാദങ്ങളില്‍ പാളം തെറ്റുമോ കൊച്ചി മെട്രോയ്‌ക്ക്‌
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ വിവാദങ്ങളുടെ ട്രാക്കിലൂടെ ഓടുമ്പോഴാണ്‌ മലയാളികള്‍ ഇത്തവണ പുതുവര്‍ഷം ആഘോഷിക്കുന്നത്‌. കേരളത്തിന്റെയും പ്രത്യേകിച്ച്‌ കൊച്ചിയുടെയും വികസന വേഗങ്ങള്‍ക്ക്‌ പുതിയ ഗതിവേഗം നല്‍കേണ്‌ട പദ്ധതിപോലും വിവാദരഹിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തത്‌ എത്രവര്‍ഷങ്ങള്‍ പൊഴിഞ്ഞാലും മലയാളികളുടെ മനോഭാവത്തില്‍ മാറ്റം വരില്ലെന്നതിന്റെ തെളിവുകൂടിയാകുന്നു.

കേന്ദ്ര അനുമതി കിട്ടുമെന്ന പ്രതീക്ഷയില്‍ ഏറെ കൊട്ടിഘോഷിച്ചു നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയ കൊച്ചി മെട്രൊ റെയില്‍ ആരംഭശൂരത്വം കഴിഞ്ഞപ്പോഴാണ്‌ വിവാദങ്ങളുടെ ട്രാക്കില്‍ വീണതെന്ന പ്രത്യേകതയുമുണ്‌ട്‌. സാധ്യതാ പഠനം നടത്തി അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച ഡല്‍ഹി മെട്രൊ റെയില്‍ കോര്‍പ്പറേഷനെ(ഡിഎംആര്‍സി) പദ്ധതിയില്‍നിന്ന്‌ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ്‌ സംശയങ്ങള്‍ക്ക്‌ വഴിമരുന്നിട്ടിരിക്കുന്നത്‌.

ഏറ്റെടുത്ത പണികള്‍ പൂര്‍ത്തിയാക്കി കൊച്ചിയിലെ ഓഫിസ്‌ അടച്ചു പൂട്ടാനാണ്‌ ഡിഎംആര്‍സിയുടെ തീരുമാനം. പൊതുമേഖലാ സ്ഥാപനമായ ഡിഎംആര്‍സിയുടെ അനുഭവസമ്പത്തും, അതിന്റെ സാരഥിയും മലയാളിയുമായ ഇ. ശ്രീധരന്റെ പ്രഗത്ഭ സാന്നിധ്യവും സംസ്ഥാന സര്‍ക്കാരിന്റെ താത്‌പര്യവും കോര്‍ത്തിണക്കി പദ്ധതി നിര്‍ദിഷ്ട സമയത്തിനുള്ളില്‍ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷ കൂടിയാണ്‌ ഇതോടെ അടച്ചുപൂട്ടപെടുന്നത്‌.

പദ്ധതിയുടെ ആലോചനാഘട്ടം മുതല്‍ തന്നെ പല കോണുകളില്‍ നിന്നും കരുനീക്കങ്ങളുണ്‌ടായിരുന്നു. സ്ഥലം ഏറ്റെടുക്കല്‍, വന്‍കിട സ്ഥാപനങ്ങളുടെ നിലനില്‍പ്പ്‌, സ്വകാര്യ ബസ്‌ ഉടമകളുടെ സമ്മര്‍ദം തുടങ്ങി പല വിധത്തിലായിരുന്നു എതിര്‍പ്പുകള്‍. അത്തരം എതിര്‍പ്പുകള്‍ എല്ലാ രംഗത്തും പ്രതീക്ഷിക്കാമെങ്കിലും, എല്ലാ വിഭാഗം ജനങ്ങളുടെയും വിശ്വാസവും പങ്കാളിത്തവും ഉറപ്പാക്കുകയാണ്‌ മികച്ച ഭരണകര്‍ത്താക്കളുടെ കടമയും വിജയവും. കൊച്ചി മെട്രൊ അപ്രതീക്ഷിതമായി പാളം തെറ്റുന്നതിന്റെ ഉത്തരവാദികള്‍ മുന്‍പറഞ്ഞ ആരെങ്കിലുമല്ല, സര്‍ക്കാര്‍ തന്നെ എന്നതാണു വിരോധാഭാസം.

അയ്യായിരം കോടി രൂപ അടങ്കല്‍ പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്‌. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ തുക അതിലും ഉയരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ തുകയുടെ പകുതിയും ജപ്പാന്‍ വായ്‌പയാണ്‌. ആഗോള ടെന്‍ഡര്‍ വിളിച്ചു കരാര്‍ ഉറപ്പിച്ചാല്‍ മാത്രമേ ജപ്പാന്‍ സഹായം ലഭിക്കൂ എന്നാണു സംസ്ഥാന സര്‍ക്കാര്‍ വാദം. ആഗോള ടെന്‍ഡറില്‍ പങ്കെടുക്കാന്‍ ഡിഎംആര്‍സിക്കു താത്‌പര്യമില്ല. ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കുന്നത്‌ ഏകപക്ഷീയമെന്നു വ്യാഖ്യാനിക്കപ്പെടും. അഴിമതി ആരോപണങ്ങള്‍ക്കും അത്‌ ഇടവരുത്തിയേക്കും. ഡിഎംആര്‍സി അടിസ്ഥാന പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കിയ ചെന്നൈ, ബാംഗളൂര്‍ മെട്രൊ റെയിലുകളുടെ നിര്‍മാണം മറ്റു കമ്പനികളാണു നിര്‍വഹിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്‌ടിക്കാട്ടുന്നു.

അതേസമയം, ഇതിനൊരു മറുവശവുമുണ്‌ട്‌. കൊച്ചി മെട്രൊയ്‌ക്കുവേണ്‌ടി കേന്ദ്ര സര്‍ക്കാരില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തിയത്‌ ഇ. ശ്രീധരനാണ്‌. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടി ഡിഎംആര്‍സിക്കു ലഭിക്കും എന്ന പ്രതീക്ഷയിലാണ്‌ അദ്ദേഹം അതിനു മുന്‍കൈയെടുത്തത്‌. അങ്ങനെയൊരുറപ്പ്‌ സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ നല്‍കുകയും ചെയ്‌തിരുന്നു. പദ്ധതിയുടെ നടത്തിപ്പില്‍ ഏതര്‍ത്ഥത്തിലും ഇ. ശ്രീധരന്‍ ഒപ്പമുണ്‌ടാകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി ഒരവസരത്തില്‍ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഈ വസ്‌തുതകളെല്ലാം കൂട്ടി വായിക്കുമ്പോള്‍ ഒരു കാര്യം വ്യക്തം. ഒരു കാര്യത്തിലും വേണ്‌ടത്ര ആലോചനകളോ പഠനങ്ങളോ നടത്താതെയാണു നമ്മുടെ നേതാക്കളുടെ പ്രസ്‌താവനകള്‍. അതുകൊണ്‌ടു തന്നെയാണ്‌ കേരളത്തില്‍ മാത്രം പദ്ധതികള്‍ ഇഴയുന്നത്‌.

കൊച്ചി മെട്രോ പദ്ധതി കേന്ദ്ര പബ്ലിക്‌ ഇന്‍വെസ്റ്റിമെന്‍റ്‌ ബോര്‍ഡിന്റെ (സിപിഐബി) പരിഗണനയില്‍ ഇരിക്കുന്നതേയുള്ളൂ.എല്ലാ വശങ്ങളും പരിഗണിച്ച ശേഷം അവരാണു കേന്ദ്ര സര്‍ക്കാരിലേക്കു ശുപാര്‍ശ സമര്‍പ്പിക്കേണ്‌ടത്‌. കേന്ദ്ര മന്ത്രിസഭയുടെ അന്തിമാനുമതി ഇനിയും കിട്ടിയിട്ടില്ലെന്നിരിക്കെ, സിപിഐബിയുടെ തീരുമാനം ഇനി എത്രമാത്രം അനുകൂലമാവുമെന്നു കണ്‌ടറിയണം. അതിനിടെ, അടിസ്ഥാന സൗകര്യ വികസനത്തിനു കരാര്‍ ലഭിച്ച ഡിഎംആര്‍സി അപ്രതീക്ഷിത വേഗത്തിലാണ്‌ അവരുടെ ചുമതല നിറവേറ്റുന്നത്‌. നോര്‍ത്ത്‌ റെയില്‍വേ മേല്‍പ്പാലം, കെഎസ്‌ആര്‍ടിസി സ്‌റ്റേഷനു സമീപത്തുള്ള മെട്രൊ മേല്‍പ്പാലം എന്നിവയുടെ കരാറുകളാണ്‌ അവര്‍ ഏറ്റെടുത്തത്‌. അതില്‍ നോര്‍ത്ത്‌ പാലത്തിന്റെ പണി തുടങ്ങിക്കഴിഞ്ഞു. ഈ പണിയുടെ വേഗം കണ്‌ടാണു കൊച്ചി നിവാസികള്‍ മെട്രൊ റെയിലില്‍ പ്രതീക്ഷ പുലര്‍ത്തിയത്‌. കാര്യങ്ങള്‍ ഈ വഴിക്കാണു നീങ്ങുന്നതെങ്കില്‍, ഇടപ്പള്ളി മേല്‍പ്പാലത്തിന്റെ ഗതിയാകും മെട്രൊ റെയിലിനും സംഭവിക്കുക. പാലം പണി തീരും. പക്ഷേ, മെട്രൊ യെില്‍ രണ്‌ടറ്റവും മുട്ടാതെ അനന്തമായി നീളും. നാലു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം തീരുമെന്നു പ്രഖ്യാപിക്കപ്പെട്ട പദ്ധതി നാല്‍പ്പതു വര്‍ഷം കഴിഞ്ഞാലും എങ്ങുമെത്തിയെന്നു വരില്ല.

ഡിഎംആര്‍സിക്ക്‌ കരാര്‍ നല്‍കിയാല്‍ കരാര്‍ ഫീസായി അവര്‍ക്ക്‌ നല്‍കേണ്‌ട പദ്ധതി ചെലവിന്റെ ആറു ശതമാനം(300 കോടി രൂപ) ലാഭിക്കാനാണ്‌ സര്‍ക്കാര്‍ ഇത്തരമൊകരു നീക്കം നടത്തിയതെന്നും വാദമുണ്‌ട്‌. പദ്ധതി വിഭാവനം ചെയ്‌തപ്പോള്‍ 2700 കോടി രൂപയോളമായിരുന്നു നിര്‍മാണച്ചെലവ്‌ കണക്കാക്കിയിരുന്നതെങ്കില്‍ ഇപ്പോഴത്‌ 5000 കോടിയും കടന്നിരിക്കുന്നു. സര്‍ക്കാര്‍ നേരിട്ട്‌ ടെന്‍ഡര്‍ വിളിച്ച്‌ പദ്ധതി നടപ്പാക്കി വരുമ്പോഴേക്കും നാലു വര്‍ഷമല്ല 40 വര്‍ഷം കഴിഞ്ഞാലും പൂര്‍ത്തിയാകുമെന്ന്‌ ഉറപ്പു പറയാനാവില്ല. കാരണം സ്‌മാര്‍ട്ട്‌ സിറ്റിയും വിഴിഞ്ഞം തുറമുഖവും കണ്ണൂര്‍ വിമാനത്താവളവുമെല്ലാം ഉദാഹരണങ്ങളായി നമുക്ക്‌ മുന്നിലുണ്‌ട്‌.

300 കോടി ലാഭിക്കാന്‍ നോക്കിയിട്ട്‌ 3000 കോടി അധികം ചെലവാക്കേണ്‌ടി വന്നാല്‍ അതിന്‌ ആര്‌ ഉത്തരം പറയുമെന്നുകൂടി വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയാറാവണം. ഡിഎംആര്‍സിക്ക്‌ കരാര്‍ നല്‍കിയാല്‍ 5000 കോടിയുടെ ചക്കരകുടത്തില്‍ കൈയിടാന്‍ രാഷ്‌ട്രീയ നേതൃത്വത്തിലെ പലര്‍ക്കും കഴിഞ്ഞെന്നു വരില്ല. എന്നതാണോ സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന്‌ പിന്നിലെന്ന്‌ ജനങ്ങള്‍ സംശയിച്ചാല്‍ അവരെ എങ്ങനെ കുറ്റം പറയാനാവും. കാരണം അനുഭവങ്ങളാണല്ലോ നമ്മെയെല്ലാം പുതിയ പാഠങ്ങള്‍ പഠിക്കുന്നത്‌. എന്തായാലും കൊച്ചി മെട്രോ എന്നത്‌ ഒരിക്കലും നടക്കാത്ത മനോഹര സ്വപ്‌നമാകാതിരിക്കട്ടെയെന്ന്‌ ഈ പുതുവര്‍ഷത്തിലെങ്കിലും നമുക്ക്‌ ആശിക്കാം.
വിവാദങ്ങളില്‍ പാളം തെറ്റുമോ കൊച്ചി മെട്രോയ്‌ക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക