Image

കലിയടങ്ങി പേമാരി, മരണം അഞ്ച്‌, ഒരാളെ കാണാതായി

Published on 01 January, 2012
കലിയടങ്ങി പേമാരി, മരണം അഞ്ച്‌, ഒരാളെ കാണാതായി
തിരുവനന്തപുരം: താനെ ചുഴലിക്കാറ്റിന്റെ അനുരണനങ്ങള്‍ കേരളത്തെയും പിടിച്ചുകുലുക്കി. ചുഴലിക്കാറ്റിന്റെ താണ്‌ഡവത്തില്‍ ിരുവനന്തപുരം ജില്ലയില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. ഒരാളെ കാണാതായി. വെള്ളിയാഴ്‌ച തമിര്‍ത്ത്‌ പെയ്‌ത മഴയ്‌ക്ക്‌ തെല്ലൊരു ശമനമുണ്ടായി.

തലസ്‌ഥാന നഗരത്തില്‍ മുട്ടടയ്‌ക്കു സമീപം വയലിക്കടയില്‍ കുത്തൊഴുക്കില്‍പ്പെട്ട്‌ നാലുവയസ്സുകാരന്‍ മരിച്ചു; രക്ഷിക്കാന്‍ വെള്ളത്തില്‍ ചാടിയ അച്‌ഛനെ കാണാതായി. മഴയെത്തുടര്‍ന്ന്‌ എര്‍ത്ത്‌ കമ്പിയില്‍ വൈദ്യുതി പ്രവഹിച്ചു ഷോക്കേറ്റു മണമ്പൂരില്‍ മൂന്നു വയസ്സുകാരിയും മുത്തശ്ശിയും മരിച്ചു. വീടിനു മുകളില്‍ മണ്ണിടിഞ്ഞുവീണു വിളപ്പില്‍ശാലയ്‌ക്കു സമീപം 62 വയസ്സുള്ള സ്‌ത്രീയും മരിച്ചു.

വിഴിഞ്ഞത്ത്‌ വഴുതിവീണ്‌ ഒരാള്‍ മരിച്ചു. തമ്പാനൂര്‍ റയില്‍വേ സ്‌റ്റേഷന്‍ പരിസരമാകെ വെള്ളത്തില്‍ മുങ്ങി. ട്രാക്കില്‍ വെള്ളം നിറഞ്ഞതിനാല്‍ ട്രെയിനുകള്‍ പലതും വൈകി. കേന്ദ്രമന്ത്രി വയലാര്‍ രവി ഉള്‍പ്പെടെയുള്ളവര്‍ക്കു സ്‌റ്റേഷനില്‍ നിന്നു പുറത്തുകടക്കാന്‍ വഴിമാറി പോകേണ്ടി വന്നു.

റോഡുകളും താഴ്‌ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നെയ്യാറ്റിന്‍കര താലൂക്കില്‍ 36 വീടുകള്‍ തകര്‍ന്നിട്ടുണ്ട്‌. ജില്ലയിലെ പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്‌. ഗതാഗത സംവിധാനങ്ങള്‍ താറുമാറായിട്ടുണ്ട്‌. മരങ്ങള്‍ കടപുഴകി റോഡിലേക്ക്‌ വീണുകിടക്കുന്നതും ഗതാഗതം സ്‌തംഭിപ്പിച്ചു. തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്നു നെയ്യാര്‍ ഡാമിലെ ജലനിരപ്പു ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്‌. ഏതു നിമിഷവും ഡാം തുറന്നു വിടുമെന്ന്‌ അധികൃതര്‍ അറിയിച്ചു. നെയ്യാറിന്റെ ഇരു കരകളിലുമുളളവര്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ കലക്‌റ്റര്‍ മുന്നറിയിപ്പു നല്‍കി.

മഴയെ തുടര്‍ന്ന്‌ പാളത്തില്‍ വെള്ളം കയറി സിഗ്‌നല്‍ സംവിധാനം തകരാറിലായതിനെ തുടര്‍ന്ന്‌ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതവും താറുമാറായി. പല ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയാണ്‌ ഓടുന്നത്‌. നാഗര്‍കോവില്‍ തിരുവന്തപുരം പാസഞ്ചര്‍ ഒരു മണിക്കൂര്‍ വൈകി. മുംബൈകന്യാകുമാരി എക്‌സ്‌പ്രസ്‌ രണ്ടരമണിക്കൂര്‍ വൈകി രാവിലെ 9.45 ഓടെയാണ്‌ യാത്ര തുടങ്ങിയത്‌. ട്രെയിനുകള്‍ വൈകിയതു മൂലം നൂറുകണക്കിന്‌ യാത്രക്കാരാണ്‌ വലഞ്ഞത്‌.

ശബരിമല സന്നിധാനത്തും പമ്പയിലും തുടര്‍ച്ചയായി പെയ്യുന്ന മഴ തീര്‍ഥാടകരെ വലച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക