Image

പാസ്‌പോര്‍ട്ട്‌, വിസ നടപടിക്രമങ്ങള്‍ വേഗത്തിലാക്കും: ശൈഖ്‌ അഹ്മദ്‌ ബിന്‍ അബ്ദുല്ല

Published on 31 December, 2011
പാസ്‌പോര്‍ട്ട്‌, വിസ നടപടിക്രമങ്ങള്‍ വേഗത്തിലാക്കും: ശൈഖ്‌ അഹ്മദ്‌ ബിന്‍ അബ്ദുല്ല
മനാമ: പാസ്‌പോര്‍ട്ടിന്‍െറയും വിസയുടെയും നടപടിക്രമങ്ങളില്‍ സുതാര്യതയും വേഗതയുമുണ്ടാക്കിയതായി ജനറല്‍ ഡയറക്ടറേറ്റ്‌ ഓഫ്‌ നാഷനാലിറ്റി, പാസ്‌പോര്‍ട്ട്‌ റസിഡന്‍റ്‌സ്‌ (ജി.ഡി.എന്‍.പി.ആര്‍) ശൈഖ്‌ അഹ്മദ്‌ ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ പറഞ്ഞു. പുതിയ പാസ്‌പോര്‍ട്ട്‌ എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള കാലതാമസം ഒഴിവാക്കാന്‍ നിയമഭേദഗതി വരുത്തുകയും ജി.സി.സി രാഷ്ട്രങ്ങള്‍ക്കിടയിലെ യാത്രക്ക്‌ സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ ഏര്‍പ്പെടുത്തുകയുമുണ്ടായി.

സാമ്പത്തിക ടൂറിസം മേഖലകളില്‍ ഗ്രൂപ്പ്‌ വിസ അടക്കം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന്‌ പുതിയ സംവിധാനം കൊണ്ടുവന്നു. രാജ്യത്ത്‌ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിസ അനുവദിച്ചത്‌ ബിസിനസ്‌ വിസക്കും വിസിറ്റ്‌ വിസക്കുമാണ്‌. ഇവിസ സംവിധാനത്തിലൂടെ ഡയറക്ടറേറ്റ്‌ നേരിട്ടാണ്‌ ഇത്തരം വിസകള്‍ അനുവദിച്ചത്‌. അഞ്ച്‌ പ്രവൃത്തി ദിനങ്ങള്‍ക്കിടയില്‍ ഇത്തരം വിസ അനുവദിക്കാനായി. ജി.സി.സി രാജ്യങ്ങളിലുള്ള വിദേശികള്‍ക്കും മറ്റ്‌ 36 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും ഓണ്‍ അറൈവല്‍ വിസ അതാത്‌ അതിര്‍ത്തികളില്‍നിന്ന്‌ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാധാരണ സ്ഥിതിയില്‍ വിസക്കും റസിഡന്‍റ്‌സ്‌ പെര്‍മിറ്റിനുമുള്ള അപേക്ഷകളില്‍ താമസമുണ്ടാകുന്നില്ല. മതിയായ രേഖകളുടെ അഭാവമാണ്‌ ചില അപേക്ഷകളില്‍ താമസത്തിന്‌ കാരണം. എല്ലാ നടപടികളും ഇന്‍റര്‍നെറ്റ്‌ സംവിധാനത്തിലേക്ക്‌ മാറ്റുന്നതോടെ അടുത്ത വര്‍ഷം നടപടികള്‍ ഇനിയും വേഗത്തിലാക്കാനാകുമെന്ന്‌ ഡയറക്ടര്‍ വിശദീകരിച്ചു. ജനങ്ങള്‍ക്ക്‌ സംതൃപ്‌തിയുണ്ടാകും വിധം സേവനങ്ങളുടെ നിലവാരം ഉയര്‍ത്താനാണ്‌ ഡയറക്ടറേറ്റ്‌ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്‌. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പുതിയ ബ്രാഞ്ചുകള്‍ തുടങ്ങുകയും ആസ്ഥാന ഓഫീസില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്യും. ടൂറിസം മേഖലയില്‍ ഏര്‍പ്പെടുത്തിയ ഇലക്ട്രോണിക്‌ വിസ സംവിധാനം വിസിറ്റ്‌ വിസക്കും ബിസിനസ്‌ വിസക്കും ബാധകമാക്കും. എല്‍.എം.ആര്‍.എയുമായി ബന്ധപ്പെടുത്തി തൊഴില്‍ വിസയും ഇലക്ട്രോണിക്‌ സംവിധാനത്തിലേക്ക്‌ കൊണ്ടുവരും. ആധുനികമായ ടെലികോം സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്‌ മേഖലയുടെ വ്യാപനം സാധ്യമാക്കുന്നതെന്നും ഡയക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനകം ജി.ഡി.എന്‍.പി.ആര്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ കാര്യം അദ്ദേഹം അനുസ്‌മരിച്ചു.
പാസ്‌പോര്‍ട്ട്‌, വിസ നടപടിക്രമങ്ങള്‍ വേഗത്തിലാക്കും: ശൈഖ്‌ അഹ്മദ്‌ ബിന്‍ അബ്ദുല്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക