Image

ഓര്‍മ്മകളില്‍ പൂക്കുന്ന കണിക്കൊന്നകള്‍ (സുധീര്‍പണിക്കവീട്ടില്‍)

Published on 15 April, 2015
ഓര്‍മ്മകളില്‍ പൂക്കുന്ന കണിക്കൊന്നകള്‍ (സുധീര്‍പണിക്കവീട്ടില്‍)
അമേരിക്കയില്‍ സ്‌ഥിരതാമസമാക്കിയതിനുശേഷം ആദ്യമായാണ്‌ നീണ്ട അവധിക്ക്‌ നാട്ടില്‍ പോകുന്നത്‌.അവധിക്കിടയില്‍ വിഷുവരുന്നു എന്നത്‌ ഒരു ആനന്ദം നല്‍കിയിരുന്നു.എന്നാല്‍ നാട്ടിലെത്തിയപ്പോള്‍ മനസ്സിലായി അവിടത്തെ സ്‌ഥിതിയൊക്കെ വല്ലാതെ മാറിപ്പോയെന്ന്‌.വിഷുപ്പക്ഷികള്‍ അവിടെ ചിലക്കുന്നില്ല. കണിക്കൊന്നകള്‍ പോലും വളരെ ദുര്‍ലബമായി കാണപ്പെടുന്നു. ചൈനയില്‍നിന്നും വിപണിയിലെത്തുന്ന പ്ലാസ്‌റ്റിക്ക്‌ കണിക്കൊന്നകള്‍, ചൈനക്കാരുടെ തന്നെ പടക്കങ്ങള്‍ ഇതൊക്കെയാണ്‌ ഇന്നത്തെ മലയാളിക്കിഷ്‌ടം. കണിക്കൊന്നയല്ലേ, വിഷുക്കാലമല്ലേ,പൂക്കാതിരിക്കാന്‍ എനിക്കാവതില്ലെന്ന്‌ അയ്യപ്പപണിക്കര്‍ പാടിയപോലെ ഇപ്പോഴും കണിക്കൊന്നകള്‍ വിഷുസമാഗമം ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ വളരെവിരളമായി പൂത്തുലയുന്നു. അത്‌പ്രക്രുതിയുടെ ഔദാര്യം.

കാടെവിടെമക്കളേ?
മേടെവിടെമക്കളേ?
കാട്ടുപുല്‌ത്തകിടിയുടെവേരെവിടെമക്കളേ?
കാട്ടുപൂഞ്ചോലയുടെകുളിരെവിടെമക്കളേ!
കാറ്റുകള്‌പുലര്‌ന്നപൂങ്കാവെവിടെമക്കളേ?

അയ്യപ്പപണിക്കരുടെ തന്നെ കവിതപ്രവാസി മലയാളികള്‍ മാത്രം ഓര്‍ക്കുകയും ദു:ഖിക്കയും ചെയ്യുന്നു. എത്രയോ ഗൃഹാതുരത്വത്തോടെയാണ്‌ ജന്മനാട്ടില്‍ വിഷു ആഘോഷിക്കാന്‍ ഓരോരുത്തരും എത്തുന്നത്‌. കാതില്‍ തേന്‍ചൊരിയുന്ന സ്‌നേഹമന്ത്രങ്ങളുമായി വിഷുപക്ഷികള്‍ കാത്തിരിക്കുന്നത്‌ മലയാള തനിമ ഇപ്പോഴും വിടാത്ത പ്രവാസികളെയായിരിക്കുമെന്ന്‌ പറമ്പിലൊക്കെ നടക്കുമ്പോള്‍ കണ്ടുമുട്ടിയ ചിലപക്ഷികള്‍ ചിലച്ചുകൊണ്ട്‌ പറന്ന്‌വന്നപ്പോള്‍ തോന്നിപ്പോയി. വിശാലമായ തൊടികളില്‍ കണ്ണിമാങ്ങ പെറുക്കിയും, മാവിനു കല്ലെറിഞ്ഞും, കളിപന്തുകളിച്ചും നടന്നിരുന്ന ഒരു കാലം ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്‌ മണ്ടത്തരമെങ്കിലും മോഹപക്ഷികള്‍ വെറുതെ ഓര്‍മ്മ ചില്ലകള്‍ തേടിപറന്ന്‌ തളരുന്നു. ഓര്‍മ്മകള്‍ക്ക്‌ എന്നും മധുരവും നൊമ്പരവുംതന്നെ. പ്രക്രുതിയും കാലത്തിനൊപ്പം മാറുന്നു. ഋതുക്കള്‍ക്കൊപ്പമല്ല മാറ്റം,നാഗരികതയുടെ ചുവടുവെച്ചാണെന്ന്‌മാത്രം. പൂത്തുലഞ്ഞും, തണല്‍ നല്‍കിയും, ഫലം നല്‍കിയും വളര്‍ന്ന്‌ നിന്നമരങ്ങള്‍ക്ക്‌ പകരം അവിടെയെല്ലാം മനോഹരഹര്‍മ്മ്യങ്ങള്‍. പൂക്കുന്നില്ല മുല്ലകള്‍, ഇലഞ്ഞിയും.ഓര്‍മ്മകളില്‍ ഓമനിക്കുന്ന സ്വന്തം ഗ്രാമം മഹാകവി പി. പാടിയപോലെ കേവഞ്ചി കയറിപോയി ഓണനിലാവ്‌ എന്നപോലെയായി. എന്തിനാണ്‌ പ്രവാസികള്‍ ഇത്രമാത്രം സ്വന്തം ഗ്രാമത്തെ ഇങ്ങനെസ്വപനം കാണുന്നതെന്ന്‌ ഓര്‍ക്കാറുണ്ട്‌ പലപ്പാഴും. അവരില്‍ഒരാളായി ഇങ്ങനെ ഓര്‍മ്മകള്‍ ഓടികളിക്കുന്ന ചക്കരമാവിന്റെ, കുറച്ച്‌്‌ കൂടിശരിയായി പറഞ്ഞാല്‍ ചക്കരമാവ്‌നിന്നിരുന്ന സ്‌ഥലത്ത്‌വെറുതെ ആലോചിച്ച്‌ കഴിഞ്ഞകാലങ്ങള്‍ അയവിറക്കുക. അതൊരുസുഖമാണ്‌. വിഷുപുലരിക്ക്‌ ചന്തം കൂടുന്നത്‌രാവണനെ പേടിച്ച്‌ അല്‍പ്പം ചെരിഞ്ഞ്‌ ഉദിച്ചുയര്‍ന്നിരുന്ന സൂര്യന്‍ അന്ന്‌ നിവര്‍ന്ന്‌ തന്നെ ഉദിക്കുന്നത്‌ കൊണ്ടാണ്‌. .കര്‍ണ്ണികാരപൂക്കള്‍ക്ക്‌ സൂര്യന്‍ പവനുരുക്കികൊടുത്ത്‌ പ്രേമിക്കുന്നതും അപ്പോഴാണ്‌. വിഷുപക്ഷികള്‍ എന്തെല്ലാം രാഗങ്ങളില്‍ സമത്വസുന്ദരമായ ദിവസങ്ങളുടെ മധുരിമയെപ്പറ്റി അപ്പോള്‍ പാടുന്നു. പ്രക്രുതി അങ്ങനെപുളകം കൊണ്ട്‌നില്‍ക്കുന്നത്‌ കാണാന്‍ ഇന്നിപ്പൊള്‍ മനുഷ്യര്‍ക്ക്‌ സമയമില്ലാതായി. രാവും പകലും സമാസമം വന്നിട്ടും ഒന്നിനും സമയമില്ലാതെ മനുഷ്യരാശി കഷ്‌ടപ്പെടുന്നു.

രാത്രി കിടക്കുമ്പോള്‍ ജനല വഴിനിലാവ്‌വന്നു കുശലാന്വേഷണം നടത്തി. കൂട്ടുകാരി നല്ല ഉറക്കമാണു്‌.പണ്ടൊക്കെ കണിയൊരുക്കി പൂജാമുറിയില്‍ തന്നെ കിടന്നിരുന്നു വീട്ടമ്മമ്മാര്‍.അത്‌ കൂട്ടുകുടുംബത്തിന്റെ മനോഹാരിത.ദൂരദിക്കില്‍ നിന്നും അവുധിക്ക്‌ വരുന്നവര്‍ പഴയകാല ചിട്ടകള്‍മുഴുവന്‍പാലിക്കുന്നില്ല. പൂജക്ക്‌ നാം കുത്തുവിളക്ക്‌ തന്നെ കൊളുത്തണം വൈദ്യുതദീപമല്ലെന്നുള്ള നിര്‍ബന്ധം എല്ലാവര്‍ക്കുമുണ്ടെന്നുള്ളത്‌ തന്നെവലിയ കാര്യം.തസ്‌കരശല്യം പ്രത്യേകിച്ച്‌ വിദേശത്ത്‌ നിന്നുവന്നവരുള്ള വീട്ടില്‍ ഉണ്ടാകും അത്‌കൊണ്ട്‌ ജനല്‍ വാതിലുകള്‍ കൊട്ടിയടക്കണമെന്ന ബന്ധുമിത്രാദികളുടെ മുന്നറിയിപ്പ്‌ അവഗണിച്ച്‌ ജനല്‍ വഴിവരുന്ന ഇളങ്കാറ്റും അതോടൊപ്പം വഴുക്കിപോകുന്ന ഫലമൂലാദികളൂടെ സുഗന്ധവും ആസ്വദിച്ചപ്പോള്‍ ഒരു നവോന്മേഷം ഉണ്ടായി. എന്നെ പ്രേമിക്കു എന്നുപറയുന്ന യുവതിയെ പോലെ നിലാവിനെ കുറിച്ച്‌ എന്തെങ്കിലും എഴുതാന്‍ ഉദിച്ചും മങ്ങിയും നിലാവ്‌ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഉച്ചത്തില്‍ മിടിക്കല്ലെ നീ എന്റെ ഹ്രുദന്തമെ, സ്വച്‌ഛ ശാന്തമെന്നോമല്‍മയങ്ങിടുമ്പോള്‍, എത്രയൊദൂരമെന്നോടൊപ്പം നടന്ന പദപത്മങ്ങള്‍ തരളമായി ഇളവേല്‍ക്കുമ്പോള്‍ ഉറങ്ങുന്ന കൂട്ടുകാരിയെ നോക്കി...ഒ.എന്‍.വി സാറിന്റെ രണ്ടുവരി കവിതമൂളികൊണ്ട്‌ ഞാന്‍ എന്റെ ഓര്‍മ്മകളെ പുറകോട്ട്‌നടത്തിച്ചു.ഉറക്കത്തില്‍നിന്നുമുണര്‍ന്ന്‌ കണികാണാറായോ എന്ന്‌ മുത്തശ്ശിയോട്‌ ചോദിക്കുന്ന ഉണ്ണിപിന്നെ മയങ്ങിപോകുന്നു.സമയമാകുമ്പോള്‍ ഉണ്ണിയുടെ കണ്ണുകള്‍ പൊത്തിപ്പിടിച്ച്‌ മുത്തശ്ശി കണി കാണിക്കാന്‍കൊണ്ട്‌പോകുമ്പോള്‍ മനസ്സില്‍നിറയുന്ന ആഹ്ലാദത്തിനു അതിരില്ല .കണ്ണുതുറക്കുമ്പോല്‍ കാണുന്ന കണ്ണന്റെ നീലരൂപം. ദീപങ്ങളുടെ ശോഭ. കണികണ്ട്‌ ചിലപ്പോള്‍ ഒരു കൊച്ച്‌്‌ മയക്കം. ആ ഉറക്കത്തില്‍ കൈ നിറയെ കിട്ടാന്‍പോകുന്ന കൈനീട്ടത്തിന്റെ, വിഷുക്കട്ടയെന്ന പലഹാരത്തിന്റെയൊക്കെ സ്വപനങ്ങള്‍.എന്തിനാണ്‌ ഇങ്ങനെ കണ്ണടച്ചു പോയി വിഷുദിവസം കാര്‍മുകില്‍ വര്‍ണ്ണനെ കാണുന്നതെന്ന സംശയം ഉണ്ടായിരുന്നു.വീട്ടില്‍ എല്ലറ്റിനും സംശയവും അറിയാന്‍ ആഗ്രഹവുമുള്ള ഉണ്ണിക്ക്‌ അദ്ദേഹത്തിന്റെ അച്ഛന്‍ ആ കഥ പറഞ്ഞ്‌കൊടുത്തു. ഭദ്രമാസത്തിലെ അര്‍ദ്ധ ചന്ദ്രന്റെ പ്രകാശത്തില്‍ യമുനയില്‍ കുളിക്കാനെത്തിയ വൃഷഭാനു എന്ന രാജാവ്‌ അവിടെ നിറഞ്ഞ്‌ നിന്നിരുന്ന സുവര്‍ണ്ണ തേജോവലയത്തില്‍ മതിമയങ്ങിപോയി. ആ പ്രകാശധാര പ്രവഹിച്ചിരുന്നത്‌ ഒരു താമരപൂവ്വില്‍ നിന്നായിരുന്നു. താമരവലയങ്ങളില്‍ ഒരു പെണ്‍കിടാവ്‌ നിന്നിരുന്നു. രാജാവ്‌ ആ കുഞ്ഞിനെ രാജധാനിയിലേക്ക്‌ കൂട്ടികൊണ്ട്‌പോയി, രാജ്‌ഞിയ്‌ക്ക്‌ നല്‍കി. റാണിസന്തോഷിച്ചെങ്കിലും കുട്ടി അന്ധയാണെന്നറിഞ്ഞ്‌ വ്യസനിച്ചു. റാണിയുടെ കൂട്ടുകാരി യശോദ ഭര്‍ത്താവും മകന്‍ കൃഷ്‌ണനുമൊത്ത്‌ കുട്ടിയെ കാണാന്‍ കൊട്ടരത്തില്‍ പോയി. അവിടെ വച്ച്‌ ഉണ്ണികൃഷ്‌ണന്‍ പെണ്‍കുട്ടി കിടന്നിരുന്ന കിടക്കിയിലേക്ക്‌ ഇഴഞ്ഞ്‌ചെന്ന്‌ കുട്ടിയെതട്ടിയുണര്‍ത്തി. കുട്ടി അപ്പോള്‍താമരവിരിയുന്നപോലെ അവളുടെ കണ്ണുകള്‍തുറന്നു കൃഷ്‌ണനെനോക്കി. ഭഗവാന്‍ ക്രുഷ്‌ണ്‍ന്റെമുഖം കാണുന്നവരെ ഒന്നും കാണതിരിക്കാനാണത്രെ ഈശ്വരന്‍ രാധയെന്ന ആ കുട്ടിയെ അന്ധയാക്കിയത്‌. തന്മൂലം ഇന്നും രാവും പകലും സമമായിവരുന്ന ദിവസങ്ങളുടെ ആരംഭ ദിനമായ മേടപുലരിയില്‍ എല്ലാവരും കണ്ണടച്ചുപിടിച്ച്‌ ഭഗവാന്റെരൂപം കണ്ട്‌ ഒരു വര്‍ഷത്തേക്കുള്ള അനുഗ്രഹം നേടുന്നു.

അനുഗ്രഹീതമായ ഒരു വര്‍ഷം തന്നതിനും തരാനിരിക്കുന്നതിനും ഈശ്വരനോട്‌ നന്ദിയറിയിക്കുന്നു വിഷു എന്ന ആഘോഷത്തില്‍ കണിക്കൊന്നകള്‍ സുവര്‍ണ്ണഭിഷേകം നടത്തുന്നു. എല്ലവരും തുല്യരാണെന്ന സന്ദേശം തരുന്നതിനോടൊപ്പം തന്നെ കാടും തൊടികളും സം രക്ഷിക്കാനും അവ നല്‍കുന്ന ഫലം ആസ്വദിക്കാനും ഈ ആഘോഷം ഓര്‍മ്മിപ്പിക്കുന്നു. സ്വന്തം ഭൂമിയിലെ പ്രക്രുതിദത്തമായ സമ്പന്നതയെ നഷ്‌ടപ്പെടുത്തി അന്യരുടെ വിഷം നിറഞ്ഞ ഉല്‍പ്പന്നങ്ങള്‍ക്ക്‌ കാത്തിരിക്കാതെ `വിത്തും കൈക്കോട്ടു'മെടുക്കാന്‍ ഈ കാലത്ത്‌പക്ഷികള്‍ മനുഷ്യരോട്‌ അപേക്ഷിക്കുന്നു. ബ്രഹമമുഹുര്‍ത്തത്തില്‍ കണികണ്ടുണരുക ഒരു നല്ല നാളേക്ക്‌വേണ്ടി ! എല്ലാവര്‍ക്കും കൈ നിറയെകൈനീട്ടങ്ങള്‍ കിട്ടാന്‍, നല്ല കണി കാണാന്‍ നിങ്ങള്‍ അനുഗ്രഹീതരാകട്ടെ. വിഷു ആശംസകള്‍.

ശുഭം
ഓര്‍മ്മകളില്‍ പൂക്കുന്ന കണിക്കൊന്നകള്‍ (സുധീര്‍പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക