Image

ഉഴുന്നാട വണ്ടി ഉണരുമ്പോള്‍ (കവിത) സന്തോഷ് പാലാ

സന്തോഷ് പാലാ Published on 31 December, 2011
ഉഴുന്നാട വണ്ടി ഉണരുമ്പോള്‍ (കവിത)  സന്തോഷ് പാലാ
വഴിയിലപ്പുറത്താ-
ക്കൊടുംവളവുതിരിഞ്ഞെത്തുന്നൊരു
വലിയ സൈക്കിള്‍ച്ചക്രവണ്ടിയും
കാത്തീപ്പടിയിലെന്‍വായില്‍-
ക്കപ്പലോടിച്ചിന്നുമിരിക്കുന്നീ
-
പ്പുതുവര്‍ഷപ്പുലരിയില്‍!

രാത്രിയിലതിക്കേമമായ്
രാമരം* പള്ളീപ്പെരുന്നാളാഘോഷി-
ച്ചാടിയാടിയെത്തും
തോമാച്ചേട്ടാ,
കൂട്ടുപോരുമാ-
വണ്ടിക്കുള്ളില്‍ക്കാണുമോ
ഇന്നും നാവുതേടുന്നോ-
രുഴുന്നാടവളയങ്ങള്‍?

കഴിഞ്ഞേനെത്രയോ
വര്‍ഷങ്ങളെങ്കിലു-
മൊരിക്കല്‍ക്കൂടിയീ-
പ്പകല്‍തെളിയുമ്പോള-
തിവേഗമോര്‍മ്മയ്ക്ക്
തിരികൊളുത്തിക്കൊണ്ടൊരു
*ചെമ്പിളാവ്സെറ്റാ-
കാശത്തത്ഭുതം തീര്‍ക്കുമോ?

ഉറക്കം തൂങ്ങിത്തൂങ്ങിയു-
മുറങ്ങാതുറക്കം
നടിച്ചുമെത്ര
നേരമായിട്ടീ-
യുമ്മറത്തിരിക്കുന്നു!

റോഡിലായിറക്കത്തില്‍
വലം കയ്യും പൊക്കി-
ക്കൈലിമുണ്ടും
കക്ഷത്തിലേറ്റി
കതിനാവെടി
പൊട്ടിക്കാനെത്തുമോ
ഇന്നുമാപ്പഴയവണ്ടിക്കാരനു-
മവന്റെ വണ്ടിയും?


രാമരം- കോട്ടയം ജില്ലയിലെ രാമപുരം
ചെമ്പിളാവ് സെറ്റ്- ഒരു വെടിക്കെട്ട് സംഘം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക