Image

നിക്കി, മലയാളത്തിന്റെ മനം കവര്‍ന്ന താരസുന്ദരി

ആശ പണിക്കര്‍ Published on 31 March, 2015
 നിക്കി, മലയാളത്തിന്റെ മനം കവര്‍ന്ന താരസുന്ദരി
ഓം ശാന്തി ഓശാന, 1983, വെള്ളിമൂങ്ങ അങ്ങനെ പോയ വര്‍ഷം ഹിറ്റ് വിജയം നേടിയ മലയാള സിനിമകളില്‍ അഭിനയിച്ച ഭാഗ്യതാരമാണ് നിക്കി ഗല്‍റാണി. ബാംഗ്‌ളൂര്‍ക്കാരിയാണെങ്കിലും നിക്കിയിന്ന് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നായികയാണ്.  മലയാള സിനിമയുമായി വളരെ അടുക്കാന്‍ ഇതിനകം നിക്കിക്ക് കഴിഞ്ഞിട്ടുണ്ട്.  മലയാളിയെ ഗൃഹാതുരത്വം നിറഞ്ഞ എണ്‍പതുകളിലേക്ക് മടക്കികൊണ്ടു പോയ 1983 ലെ നീളന്‍ പട്ടു പാവാടയും ദാവണിയും ധരിക്കുന്ന ആ സുന്ദരിയായ നാടന്‍ പെണ്‍കുട്ടിയെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക? ഏതൊരു ചെറുപ്പക്കാരന്റെയുള്ളിലും പ്രണയത്തിന്റെ കുളിര്‍ നിറക്കുന്ന ആ ശാലീന സുന്ദരിയുടെ രൂപം ആര്‍ക്കാണ് ഇഷ്ടപ്പെടാന്‍ കഴിയാത്തത്.  പിന്നീട് വെള്ളിമൂങ്ങയും ഓം ശാന്തി ഓശാനയും എത്തിയപ്പോഴും പ്രേക്ഷകര്‍ നിക്കിയെ തങ്ങളുടെ മനസില്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.  2015ല്‍ നിക്കി നായികയവുന്ന ആദ്യ ചിത്രം ഇവന്‍ മര്യാദ രാമനാണ്. ദിലീപാണ് ചിത്രത്തിലെ നായകന്‍. പോയവര്‍ഷത്തിലെ വിജയം  ഈ ചിത്രത്തിലൂടെ ആവര്‍ത്തിക്കുമെന്നാണ് നിക്കിയുടെ പ്രതീക്ഷ. 

ഇത്ര നാളും ന്യൂജെന്‍ നായകന്‍മാര്‍ക്കൊപ്പമായിരുന്നു. ഇതാദ്യമാണ് ദിലീപിനെ പോലെ ഒരു മുതിര്‍ന്ന താരത്തിനൊപ്പം അഭിനയിക്കുന്നത്.  താന്‍ ഇതുവരെ കൂടെ അഭിനയിച്ചവരില്‍ ഏറ്റവും സിമ്പിളായിട്ടുള്ള ആള്‍ ദിലീപാണെന്നാണ് നിക്കിയുടെ അഭിപ്രായം. കൂടെ അഭിനയിക്കുന്ന സമയത്ത് പെര്‍ഫോമന്‍സ് ശരിയാകുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു താരമാണ് ദിലീപെന്നും നിക്കി പറയുന്നു. മാത്രമല്ല ഏത് സമയത്തും ഒരു നല്ല സുഹൃത്തിനെ പോലെ കൂടെ നില്‍ക്കാനുള്ള സന്‍മനസും ദിലീപിനുണ്ട്.  നിക്കി അതിന് ഉദാഹരണമായി പറയുന്നത് ഇവന്‍ മര്യാദരാമനിലെ ഷൂട്ടിംഗിനിടയില്‍ സംഭവിച്ച ഒരപകടത്തില്‍ നിന്നും താന്‍ തലനാരിഴയ്ക്കു രക്ഷപെട്ട സംഭവമാണ്. 

തീവണ്ടിക്കു പിന്നാലെ പായുന്ന ഒരു സീന്‍ ഇവന്‍ മര്യാദരാമനില്‍ ഉണ്ട്. തലനാരിഴയ്ക്കാണ് ആ സീനില്‍ നിന്നും നിക്കിക്കു ജീവന്‍ തിരിച്ചു കിട്ടിയത്. കൈയില്‍ ഒരു ബാഗും എടുത്ത് നിക്കി ട്രെയിനിന്റെ പിന്നാലെ പായുകയായിരുന്നു. അപ്പോഴാണ് ഇടതുകാലിലെ ബാലന്‍സ് തെറ്റിയത്. ഓടിയോടി തീവണ്ടിക്കടുത്ത് എത്തുകയും ചെയ്തിരുന്നു അപ്പോള്‍. ബാലന്‍സ് തെറ്റി വീഴാന്‍ തുടങ്ങിയ നിക്കിയെ ദിലീപ് തള്ളി മാറ്റുകയായിരുന്നു. ഒടുവില്‍ പാളത്തില്‍ വീഴുന്നതിനു പകരം പ്ലാറ്റ്‌ഫോമില്‍ വീണതുകൊണ്ട് ജീവന്‍ തിരിച്ചു കിട്ടി.

2014ല്‍ നിക്കിയെ സംബന്ധിച്ച് മലയാള സിനിമ നല്ല കഥാപാത്രങ്ങള്‍ നല്‍കിയാണ് ഈ നടിയെ വരവേറ്റത്. പ്രേക്ഷകരുടെ ഇഷ്ടം കൂടുന്തോറും തന്റെ ഉത്തരവാദിത്വം കൂടുതലാണെന്നു നിക്കി തിരിച്ചറിയുന്നു. ഇവന്‍ മര്യാദ രാമന്‍ 2015ല്‍ നിക്കിയുടെ ആദ്യ റിലീസ് ചിത്രമാണ്. തൊട്ടുപിറകെ വിനീത് ശ്രീനിവാസന്‍ നായകനാകുന്ന സെക്കന്റ് ക്ലാസ് യാത്രയും എത്തുന്നു. ഒരു പിടി നല്ല മലയാള ചിത്രങ്ങള്‍ വേറെയുമുണ്ട്. കൂടാതെ തമിഴിലും തെലുങ്കിലും ഈ താരസുന്ദരിയെ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

പ്രണയവും കണ്ണീരും മാത്രമല്ല നായികക്ക് ചെയ്യാന്‍ കഴിയുന്നത് എന്ന് നിക്കി പറയുന്നു. വേണമെങ്കില്‍ നായകനെ പോലെ തന്നെ ആക്ഷനും നായികക്ക് വഴങ്ങുമെന്ന് നിക്കി തെളിയിച്ചു കൊടുത്ത സിനിമ കൂടിയാണ് ഇവന്‍ മര്യാദ രാമന്‍. അല്‍പം വിയര്‍പ്പൊഴുക്കേണ്ടി വന്നെങ്കിലും തന്റെ ആക്ഷന്‍ രംഗങ്ങളെല്ലാം ഡ്യൂപ്പിന്റെ സഹായമില്ലാതെ തനിയെ ചെയ്തുകൊണ്ട്  ഏവരേയും നിക്കി അമ്പരപ്പിച്ചു കളഞ്ഞു.  ഈ ആക്ഷന്‍ രംഗങ്ങളില്‍ സംവിധായകനും സ്റ്റണ്ട് മാസ്റ്ററും എന്ത് ആവശ്യപ്പെട്ടുവോ അതനുസരിച്ച് അഭിനയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് നിക്കി പറയുമെങ്കിലും ചിത്രം കാണുമ്പോള്‍ അറിയാം ആ സീന്‍സിന്റെ പെര്‍ഫെക്ഷനു വേണ്ടി നിക്കി എത്രമാത്രം കഷ്ടപ്പെട്ടുവെന്ന്. പക്ഷേ താരസുന്ദരി അത് സമ്മതിച്ചു തരില്ലെന്നു മാത്രം. 




 നിക്കി, മലയാളത്തിന്റെ മനം കവര്‍ന്ന താരസുന്ദരി  നിക്കി, മലയാളത്തിന്റെ മനം കവര്‍ന്ന താരസുന്ദരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക