Image

യുവജനങ്ങളുടെ പള്‍സറിഞ്ഞ്‌ അടിപൊളി സെല്‍ഫി

Published on 30 March, 2015
യുവജനങ്ങളുടെ പള്‍സറിഞ്ഞ്‌ അടിപൊളി സെല്‍ഫി
സെല്‍ഫിയെടുക്കുക എന്നത്‌ ഇക്കാലത്ത്‌ മൊബൈല്‍ ലോകത്തെ ഒരു സാദാ പരിപാടിയാണ്‌. കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമൊപ്പം രസകരമായ രീതിയില്‍ സെല്‍ഫിയെടുക്കുന്നവരുണ്ട്‌. കുറച്ച്‌ സാഹസികത ഇഷ്‌ടപ്പെടുന്ന ചെറുപ്പക്കാര്‍ ഓടുന്ന ട്രെയിനിന്റെ മുന്നില്‍ നിന്നും കടല്‍തീരത്തെ പാറക്കെട്ടുകള്‍ക്ക്‌ മുകളില്‍ നിന്നു കൊണ്ടുമൊക്കെ സെല്‍ഫിയെടുത്ത്‌ അപകടത്തില്‍ പെടുന്നതും വാര്‍ത്തയാകാറുണ്ട്‌.

എന്നാല്‍ ഇപ്പോള്‍ തിയേറ്ററുകളില്‍ തകര്‍ത്തോടുന്ന ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രം പറയുന്നത്‌ ഇതൊന്നുമല്ല. ജീവിതത്തിലെ നിരവധി പ്രശ്‌നങ്ങളില്‍ പെട്ടുഴലുന്ന സാധാരണക്കാരായ പ്രേക്ഷകര്‍ക്ക്‌ രണ്ടര മണിക്കൂര്‍ രസകരമായ ഒരു സെല്‍ഫിയുടെ ഭാഗമാകാന്‍ കഴിയുന്നു എന്നതാണ്‌ ചിത്രത്തിന്റെ മേന്‍മ.

ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടപ്പോഴെല്ലാം വിചാരിച്ചത്‌ സിനിമാ ഭ്രാന്ത്‌ തലക്ക്‌ പിടിച്ച്‌ പഠനവും ഉപേക്ഷിച്ച്‌ സിനിമക്കു പിന്നാലെ പോയ ചെറുപ്പക്കാരുടെ കഥയാണ്‌ എന്നാണ്‌. പക്ഷേ അതല്ല ഒരു വടക്കന്‍ സെല്‍ഫി. മൊബൈല്‍ ക്യാമറ കൊണ്ട്‌ ഗുണത്തേക്കാളേറെ ദോഷം സൃഷ്‌ടിക്കുന്ന വിരുതന്‍മാരുള്ള സമൂഹത്തില്‍ അത്തരം ദുഷ്‌ടചിന്തകള്‍ ഒന്നുമില്ലെങ്കില്‍ കൂടി സെല്‍ഫിയെടുത്തു പുലിവാലു പിടിക്കേണ്ടി വരുന്ന ചെറുപ്പക്കാരുടെ കഥയാണ്‌ ഒരു വടക്കന്‍ സെല്‍ഫി.

ഇന്നത്തെ യുവജനതയുടെ മനസ്‌ എങ്ങനെ ചിന്തിക്കുന്നു എന്ന്‌ നന്നായി അറിയാവുന്ന വിനീത്‌ ശ്രീനിവാസന്‍ തന്റെ മികവ്‌ തിരക്കഥാ രചനയിലുടനീളം പ്രകടിപ്പിക്കുന്നുണ്ട്‌. എന്തുകൊണ്ടാണെന്നറിയില്ല, നിവിന്‍ പോളിക്കും അജു വര്‍ഗീസിനുമൊപ്പം ചേരുമ്പോള്‍ വിനീതിന്‌ ഒരു വടക്കേ മലബാര്‍ പ്രേമം മുളപൊട്ടുന്നതു കാണാം. അത്‌ ഈ സിനിമയിലും ദൃശ്യമാണ്‌. തിരക്കഥാ രചനയില്‍ വിനീത്‌ നിലനിര്‍ത്തിയ യുവത്വത്തിന്റെ പ്രസരിപ്പ്‌ അഭ്രപാളികളില്‍ പകര്‍ന്ന സംവിധായകന്‍ പ്രജിത്തും താന്‍ മലയാള സിനിമയുടെ വാഗ്‌ദാനമാണെന്ന്‌ പ്രഖ്യാപിക്കുന്നു. രണ്ടു പേരും തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു.

അഭിനേതാക്കളെല്ലാം തങ്ങളുടെ ഭാഗം ഉജ്വലമാക്കിയെന്നു പറയാതെ വയ്യ. നായകനായി നിവിന്‍ പോളി തകര്‍ത്തപ്പോള്‍ ചില രംഗങ്ങളില്‍ നായകനെ വെല്ലുന്ന തമാശകളുമായി അജു മികച്ചു നിന്നു. ഓരോ സിനിമ കഴിയുന്തോറും അഭിനയത്തിന്റെ റേഞ്ചു കൂട്ടുന്ന കാര്യത്തില്‍ ഈ രണ്ടു നടന്‍മാരും തങ്ങളുടെ കഴിവ്‌ പ്രകടിപ്പിക്കുന്നു. താന്‍ സിനിമയില്‍ ഇതു വരെ ചെയ്യാത്ത റോളിലാണ്‌ വിനീത്‌ ശ്രീനിവാസന്‍ പ്രത്യക്ഷപ്പെടുന്നത്‌. ഒരു കുറ്റാന്വേഷകനായാണ്‌ വിനീത്‌ ഈ ചിത്രത്തില്‍ എത്തുന്നത്‌. ഒരു കുറ്റാന്വേഷകന്‌ ഉണ്ടായിക്കേണ്ട ശാരീരിക അളവുകളൊന്നും അവകാശപ്പെടാനില്ലെങ്കിലും തന്റെ അഭിനയമികവു കൊണ്ട്‌ വിനീത്‌ അതിനെ സമര്‍ത്ഥമായി മറികടക്കുന്നു. ബാലതാരമായി വന്ന്‌ ആദ്യമായി നായികാ വേഷം ചെയ്‌ത മഞ്‌ജിമ തന്റെ വേഷം മികച്ചതാക്കി. വിജയരാഘവനും നീരജ്‌ മാധവും തുടങ്ങി എല്ലാവരും പ്രേക്ഷകനെ ചിരിപ്പിക്കുന്നതില്‍ വിജയിക്കുന്നു.

ജോമോന്‍ ടി. ജോണിന്റെ ഛായാഗ്രഹണം ചിത്രത്തിന്റെ ഭംഗി കൂട്ടുന്നതായി. പല രംഗങ്ങളും ലൈറ്റിംഗിന്റെ സഹായത്തോടെ അതിമനോഹരമായി ചിത്രീകരിക്കുന്നതില്‍ ജോമോന്‍ മികവ്‌ കാട്ടി. ടൈറ്റില്‍ സോങ്ങില്‍ തുടങ്ങി മികച്ച പശ്‌ചാത്തലസംഗീതവും ഒപ്പം മറ്റു ഗാനങ്ങളും ഒരുക്കിയ ഷാന്‍ റഹ്‌മാന്‍ സിനിമയെ കൂടുതല്‍ ഹൃദ്യമാക്കി.

ഇന്നത്തെ യുവതലമുറയുടെ ചിന്തകളും അവരുടെ മനോവ്യാപാരങ്ങളും അതേ പടി രസകരമായി നിലനിര്‍ത്തുകയും വ്യക്തമാക്കുകയും ചെയ്യുന്ന സിനിമയാണ്‌ ഒരു വടക്കന്‍ സെല്‍ഫി. വികാരഭരിതമായ മുഹൂര്‍ത്തങ്ങളില്‍ പോലും പെട്ടെന്ന്‌ നര്‍മത്തിലേക്ക്‌ പ്രേക്ഷകനെ ആനയിക്കാന്‍ സിനിമയിലെ മുഹൂര്‍ത്തങ്ങള്‍ക്ക്‌ കഴിയുന്നു.

ദൈര്‍ഘ്യം താരതമ്യേന കുറച്ച്‌ കൂടുതലാണെങ്കിലും ഈ സിനിമ പ്രേക്ഷകനെ ഒരിക്കലും ബോറടിപ്പിക്കില്ല എന്നത്‌ സത്യമാണ്‌. അപ്രതീക്ഷിതമായി സ്‌ക്രീനിലേക്ക്‌ പൊട്ടിവീഴുന്ന ചിരിബോംബ്‌ പ്രേക്ഷകരെ മറിമറന്നു ചിരിപ്പിക്കാന്‍ ധാരാളമാണ്‌.
കുടുംബ പ്രേക്ഷകര്‍, യുവാക്കള്‍, മാനസിക സംഘര്‍ഷം കൊണ്ടു വലഞ്ഞവര്‍ തുടങ്ങി ഏതു വിഭാഗത്തില്‍ പെട്ടവര്‍ക്കും ചിരിച്ചുല്ലസിക്കാന്‍ പറ്റുന്ന വിധം രസകരമായ ത്രില്ലടിപ്പിക്കുന്ന സിനിമയാണ്‌ ഒരു വടക്കന്‍ സെല്‍ഫി.

വടക്കന്‍ സെല്‍ഫിയ്‌ക്ക്‌ ആശംസകള്‍ നേരാന്‍ മമ്മൂട്ടിയും

യുവത്വത്തിന്റെ ആഘോഷവുമായി എത്തിയ വടക്കന്‍ സെല്‍ഫിക്ക്‌ ആശംസകള്‍ നേരാന്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും. പുതുസംവിധായകരെയും താരങ്ങളെയും എന്നും പ്രോത്സാഹിപ്പിക്കുന്ന നടനാണ്‌ മമ്മൂട്ടി. ഒരുകൂട്ടം ചെറുപ്പക്കാര്‍ ഒരുക്കിയ പുതിയ ചിത്രം വടക്കന്‍ സെല്‍ഫിയ്‌ക്ക്‌ ആശംസകളുമായി മമ്മൂട്ടി എത്തിയതോടെ ആരാധകരും അണിയറ പ്രവര്‍ത്തകരും ആവേശത്തിലായിരിക്കുകയാണ്‌.

നവാഗതനായ പ്രജിത്ത്‌ സംവിധാനം ചെയ്‌ത ചിത്രത്തില്‍ നിവിന്‍ പോളി, വിനീത്‌ ശ്രീനിവാസന്‍, അജു വര്‍ഗീസ്‌ എന്നിവരാണ്‌ പ്രധാനതാരങ്ങള്‍. തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക്‌ അക്കൗണ്ടിലാണ്‌ സിനിമയ്‌ക്ക്‌ എല്ലാം ആശംസകളും നേര്‍ന്ന്‌ മമ്മൂട്ടി പോസ്‌റ്റ്‌ ചെയ്‌തത്‌.

യുവത്വത്തിന്റെ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ്‌ ഒരു വടക്കന്‍ സെല്‍ഫി. ചിത്രത്തിന്റെ ട്രെയിലറിലൂടെയും ഗാനങ്ങളിലൂടെയും ഇതിനോടകം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ചിത്രം ഈ വര്‍ഷം ആരാധകര്‍ കാത്തിരുന്ന ഒന്നാണ്‌. വിനീത്‌ ശ്രീനിവാസന്‍ തിരക്കഥ എഴുതുന്നു. മറ്റൊരു സംവിധായകന്‌ വേണ്ടി വിനീത്‌ ആദ്യമായി തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്‌.

തട്ടത്തിന്‍ മറയത്ത്‌ സംഘം ഒന്നിക്കുന്നതിനു പുറമെ മലര്‍വാടി ആര്‍ട്‌സ്‌ ക്ലബിലെ നിവിന്‍ പോളി, അജു വര്‍ക്ഷീസ്‌ അടക്കമുള്ള അഞ്ചുപേരും ചിത്രത്തില്‍ ഒന്നിക്കുന്നുണ്ട്‌. ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകളായ മഞ്‌ജിമയാണ്‌ ചിത്രത്തിലെ നായിക. ഷാന്‍ റഹ്‌മാനാണ്‌ ചിത്രത്തിലെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌. വിനോദ്‌ ഷൊര്‍ണൂര്‍ നിര്‍മിക്കുന്ന ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്‌ എല്‍. ജെ ഫിലിംസാണ്‌. ജോമോന്‍ ടി ജോണാണ്‌ ഛായാഗ്രഹണം.
യുവജനങ്ങളുടെ പള്‍സറിഞ്ഞ്‌ അടിപൊളി സെല്‍ഫി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക