Image

`നീ എന്നെ പാലിക്കും ദൈവം' (കവിത: ബിന്ദു ടിജി)

Published on 29 March, 2015
`നീ എന്നെ പാലിക്കും ദൈവം' (കവിത: ബിന്ദു ടിജി)
നീണ്ട നിരാശ തന്‍ നിശീഥത്തിങ്കല്‍
ആശ തന്നൊലിവിലയേന്തിയെന്‍
നെഞ്ചില്‍ ചേക്കേറി കുറുകുന്ന
വെള്ളരി പ്രാവ്‌ നീ

ശോക സിന്ധുവിന്നാഴത്തില്‍
താണു താണു ഞാന്‍ പോയീടവേ
തെളിവിണ്ണിന്നഴകിനെ
കയ്യെത്തി പിടിക്കുവാന്‍ പൊടുന്നനെ
വെള്ളിമിന്നല്‍ നൂലിഴയായെന്‍
മുന്നിലേക്കെത്തുന്നവന്‍

അമിതോല്ലാസ കൊടുമുടിയിങ്കലുമെന്‍
വിശുദ്ധിതന്‍ മണിദീപനാളത്തെ
കൊടുംകാറ്റ്‌ വന്നൂതി കെടുത്തിടാതേറ്റം
സൂക്ഷ്‌മമായി സൂക്ഷിപ്പവന്‍.

വാക്കുകള്‍ കല്ലുകളായെന്‍മേല്‍ പതിക്കവേ
`നിര്‍ത്തുകീ പാഴ്‌മൊഴി'
എന്ന്‌ ഉഗ്ര കോപത്താല്‍ ജ്വലിച്ചു
കൈചൂണ്ടി കല്‍പ്പിക്കാന്‍ കെല്‍പ്പുള്ളവന്‍

പരിത്യക്ത നിമിഷവും പരിഹാസ ഭാരവും
അമര്‍ത്യ സ്‌നേഹമായ്‌ ഉയിര്‍ത്തെഴുന്നേല്‍ക്കുമീ വേളയില്‍
എന്നു നീയെന്‍ ഗേഹത്തില്‍ വരുമെന്നോര്‌ത്തു
കണ്‍പാര്‍ത്ത്‌ കരള്‍നൊന്തു കാത്തിരിപ്പാണ്‌ ഞാന്‍.

ഇല്ലയെന്‍ കൈവശം സുഗന്ധ തൈലമൊന്നുമേ
നിന്‍ പാദം ഞാന്‍ കഴുകിടാം
ശുദ്ധ മാനസമുരുകിയൊഴുകുന്ന മിഴിനീരാല്‍.

ഇത്‌ കേള്‍ക്കെ ഒരു കുഞ്ഞു ലില്ലിപ്പൂ തലയാട്ടിയോ
അത്‌ കാണ്‍കെ ഞാനും ചിരി ചൂടിയോ.

ബിന്ദു ടിജി
`നീ എന്നെ പാലിക്കും ദൈവം' (കവിത: ബിന്ദു ടിജി)
Join WhatsApp News
വിദ്യാധരൻ 2015-03-29 19:58:44
ഇതുപോലെ കവിത എഴുതാൻ കഴിയുന്നില്ലല്ലോ എന്നോർത്തു നിങ്ങളോട് എനിക്ക് അസൂയ ആണ്.

മന്ദ: കവിയശ:പ്രാർത്ഥി
ഗമിഷാമ്യുപഹാസ്യതാം 
പ്രാംശുലഭ്യേ ഫാലേ ലോഭാ 
ദുദ്ബാഹുരിവ വാമന : (കാളിദാസൻ -രഘുവംശം )

കവി എന്ന കീർത്തി നേടാൻ ആഗ്രഹിക്കുന്ന മന്ദബുദ്ധിയായ ഞാൻ, ധീർഘകായകനായ ഒരാളിന് മാത്രം എത്താവുന്ന ഫലം പറിക്കാൻ കൈയുയർത്തുന്ന വാമാനനെപ്പോലെ പരിഹാസ്യനാണ്  
വായനക്കാരൻ 2015-03-30 06:24:01
ആ കുഞ്ഞുലില്ലിപ്പൂവിനോടൊപ്പം  
ഭേഷ്! എന്നു ഞാനും തലയാട്ടുന്നിതാ.
Geetha 2015-03-30 09:07:27
Ennatheyum pole ee kavithayum valare nannayittundu. Ee Holy Week nu pattiya our Kavitha. Easter wishes !!! Keep writing. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക