Image

ഫൊക്കാന കണ്‍വന്‍ഷന്‍ 2012 - അനന്തപുരി ഒരുങ്ങുന്നു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 29 December, 2011
ഫൊക്കാന കണ്‍വന്‍ഷന്‍ 2012 - അനന്തപുരി ഒരുങ്ങുന്നു
ഹൂസ്റ്റണ്‍: 2012 ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹൂസ്റ്റണ്‍ ക്രൗണ്‍ പ്ലാസയിലെ `അനന്തപുരി'യില്‍ അരങ്ങേറുന്ന ഫൊക്കാനയുടെ പതിനഞ്ചാമത്‌ ദേശീയ കണ്‍വന്‍ഷന്റെ ക്രമീകരണങ്ങള്‍ നടന്നുവരുന്നതായി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍ (പൊന്നച്ചന്‍) അറിയിച്ചു.

120 പേരോളമടങ്ങുന്ന വിവിധ കണ്‍വന്‍ഷന്‍ കമ്മിറ്റികളുടെ രൂപീകരണം ഏതാണ്ട്‌ പൂര്‍ണ്ണമായി. ഹുസ്റ്റണില്‍ നിന്നുള്ള കമ്മിറ്റിയുടെ രൂപീകരണമാണ്‌ ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്‌. അതുപോലെ ഹൂസ്റ്റണില്‍ നിന്നുള്ള കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ ഡിസംബര്‍ അവസാനത്തോടെ തീരുന്നതായിരിക്കും. ഇപ്പോള്‍ 150 രജിസ്‌ട്രേഷന്‍ കിട്ടിയിട്ടുണ്ട്‌. ഹൂസ്റ്റണില്‍ നിന്നുതന്നെ 200 രജിസ്‌ട്രേഷന്‍ ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷ. ഡാളസ്സില്‍ നിന്ന്‌ പ്രതീക്ഷിക്കുന്നത്‌ എഴുപതു മുതല്‍ നൂറുവരെ രജിസ്‌ട്രേഷനുകളാണ്‌. ന്യൂയോര്‍ക്ക്‌, ഫിലഡല്‍ഫിയ, ന്യൂജെഴ്‌സി മുതലായ സ്ഥലങ്ങളില്‍ നിന്നുള്ള രജിസ്‌ട്രേഷനുകള്‍ വേറെ.

2200-2500 പേരെയാണ്‌ കണ്‍വന്‍ഷന്‌ പ്രതീക്ഷിക്കുന്നതെന്ന്‌ എബ്രഹാം ഈപ്പന്‍ അഭിപ്രായപ്പെട്ടു. കണ്‍വന്‍ഷന്‍ ഉത്‌ഘാടനം ചെയ്യുന്നത്‌ തിരുവിതാംകൂര്‍ മഹാരാജാവാണ്‌. കണ്‍വന്‍ഷന്‍ നഗരിയായ `അനന്തപുരിയില്‍' ബാങ്ക്വറ്റ്‌ ഹാള്‍ സജ്ജീകരിക്കുന്നത്‌ തിരുവനന്തപുരത്തെ ഡര്‍ബാര്‍ ഹാള്‍ മോഡലിലാണ്‌. കിഴക്കെ കോട്ട ഉള്‍പ്പടെ തിരുവനന്തപുരം നഗരത്തെ അനുസ്‌മരിപ്പിക്കുമാറ്‌ രംഗസജ്ജീകരണമാണ്‌ ഒരുക്കുന്നത്‌.

മുന്‍കാലങ്ങളിലെ കണ്‍വന്‍ഷനുകളില്‍ നിന്ന്‌ വിഭിന്നമായി ഇത്തവണ യൂത്ത്‌ സെമിനാര്‍, ബാസ്‌ക്കറ്റ്‌ ബോള്‍-വോളി ബോള്‍?മത്സരങ്ങള്‍ തൊഴിലധിഷ്‌ഠിത സെമിനാറുകള്‍ മുതലായവ ഈ കണ്‍വന്‍ഷനില്‍ ഉണ്ടായിരിക്കും. ഈ കണ്‍വന്‍ഷന്റെ മറ്റൊരു പ്രത്യേകത, ഒരു ദിവസം മുഴുവന്‍ യുവജനങ്ങള്‍ക്കായുള്ള കണ്‍വന്‍ഷനായി നീക്കിവെച്ചിരിക്കുകയാണെന്നുള്ളതാണ്‌.

ബാസ്‌ക്കറ്റ്‌ ബോള്‍, വോളി ബോള്‍ മത്സരങ്ങളും കണ്‍വന്‍ഷനോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്നുണ്ട്‌. ബാസ്‌ക്കറ്റ്‌ ബോള്‍ മത്സരത്തില്‍ വിജയിക്കുന്ന ടീമിന്‌ ഒന്നാം സമ്മാനം 5000 ഡോളറും രണ്ടാം സമ്മാനം 3000 ഡോളറുമാണ്‌. വോളി ബോള്‍ മത്സരത്തിന്‌ 3000 ഡോളര്‍ ഒന്നാം സമ്മാനമായി നിശ്ചയിച്ചിട്ടുണ്ട്‌. ഇതിനോടകം പല ടീമുകളൂം മത്സരത്തിനായി മുന്നോട്ടു വന്നിട്ടുണ്ട്‌. വൈകീട്ട്‌ യൂത്ത്‌ ബാങ്ക്വറ്റ്‌ ഉണ്ടായിരിക്കുന്നതാണ്‌. യൂത്ത്‌ കണ്‍വന്‍ഷന്‍ ദിവസം മുഴുവന്‍ അവരുടെ കലാപരിപാടികളായിരിക്കും അരങ്ങേറുക. അവര്‍ക്കായി സെമിനാറുകളും ഉണ്ടായിരിക്കും. ലോകപ്രശസ്‌തനായ ക്രിഷ്‌ ധനം നയിക്കുന്ന സെമിനാര്‍ യുവജനങ്ങള്‍ക്ക്‌ ഏറെ ഇഷ്ടപ്പെടുന്നതായിരിക്കും.

രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി യുവജനങ്ങളുടെ ടീം കണ്‍വന്‍ഷനായി എത്തുന്നുണ്ട്‌. അവര്‍ക്കായി പ്രത്യേക രജിസ്‌ട്രേഷന്‍ പാക്കേജും ഉണ്ട്‌. ഫാമിലി രജിസ്‌ട്രേഷന്‍ വളരെ കുറഞ്ഞ നിരക്കിലാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. 2011 ഡിസംബര്‍ 31നു മുന്‍പ്‌ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്‌ 1200 ഡോളറിന്റെ പാക്കേജ്‌ 1000 ഡോളറിന്‌ ലഭിക്കുന്നതാണ്‌. നാലു പേര്‍ക്ക്‌ താമസവും ഭക്ഷണവും മറ്റും ഇതിലുള്‍പ്പെടും. കഴിയുന്നത്ര കേരളീയ വിഭവങ്ങളായിരിക്കും വിളമ്പുക. 4 പേര്‍ക്ക്‌ 4 ദിവസത്തെ ഫൈവ്‌ സ്റ്റാര്‍ താമസവും ഭക്ഷണവും വെറും 1000 ഡോളറിന്‌ ലഭ്യമാക്കുന്നത്‌ ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യ സംഭവമാണെന്ന്‌ എബ്രഹാം ഈപ്പന്‍ പറഞ്ഞു.

ഘോഷയാത്രയില്‍ ചെണ്ടമേളക്കാരുടെ അകമ്പടിയുണ്ടാകും. ചെണ്ടമേള മത്സരം ഇത്തവണത്തെ പ്രത്യേകതയാണ്‌. മത്സരത്തില്‍ വിജയിക്കുന്ന ടീമായിരിക്കും കണ്‍വന്‍ഷന്‍ നഗരിയില്‍ ചെണ്ടമേളത്തിന്‌ കൊഴുപ്പു കൂട്ടുന്നത്‌. കൊട്ടും കുരവയും താലപ്പൊലിയും ആലവട്ടവും വെഞ്ചാമരവുമെല്ലാം കണ്‍വന്‍ഷന്‌ ഹരം പകരും.

വനിതകള്‍ക്കായുള്ള സെമിനാറുകള്‍, ഹെല്‍ത്ത്‌ സെമിനാര്‍ എന്നിവയും ഉണ്ടായിരിക്കും.
കേന്ദ്രമന്തിമാരില്‍ പലരും കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്‌. അവര്‍ ആരൊക്കെയാണെന്ന്‌ തീരുമാനിച്ചിട്ടില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.fokanaonline.com
ഫൊക്കാന കണ്‍വന്‍ഷന്‍ 2012 - അനന്തപുരി ഒരുങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക