Image

അണ്ണ ഹസാരെ നിരാഹാരം അവസാനിപ്പിക്കുന്നു

Published on 28 December, 2011
അണ്ണ ഹസാരെ നിരാഹാരം അവസാനിപ്പിക്കുന്നു
മുംബൈ: സുശക്തമായ ലോക്പാല്‍ ബില്‍ ആവശ്യപ്പെട്ട് ചൊവ്വാഴ്ച മൂന്നു ദിവസത്തെ ഉപവാസസമരം ആരംഭിച്ച അണ്ണ ഹസാരെ സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിക്കുന്നത്. ഡിസംബര്‍ 30 മുതല്‍ മൂന്നു ദിവസം ഡല്‍ഹിയിലെ റാംലീലാ മൈതാനിില്‍ സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ തിരഞ്ഞടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും പൊതുതിരഞ്ഞെടുപ്പിലും സര്‍ക്കാറിനെതിരെ പ്രചാരണം നടത്തുമെന്നും ഹസാരെ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ 11-ന് ലോക്‌സഭയില്‍ ലോക്പാല്‍ ചര്‍ച്ച തുടങ്ങിയ അതേസമയത്താണ് മുംബൈ എം.എം.ആര്‍.ഡി.എ. ഗ്രൗണ്ടില്‍ ഹസാരെ ഉപവാസം തുടങ്ങിയത്.സര്‍ക്കാറിന്റെ ദുര്‍ബലമായ ബില്‍ പാര്‍ലമെന്റ് തിരുത്തിയെഴുതണമെന്നാവശ്യപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ സമരം. ഹസാരെയ്‌ക്കൊപ്പം അരവിന്ദ് കെജ്‌രിവാള്‍, കിരണ്‍ ബേദി എന്നിവരുള്‍പ്പെടെ കോര്‍ കമ്മിറ്റിയിലെ പ്രധാനികളും മുംബൈയില്‍ സമരത്തില്‍ പങ്കെടുത്തിരുന്നു.

മുമ്പ് ഡല്‍ഹിയില്‍ നടന്ന സമരത്തെ അപേക്ഷിച്ച് മുംബൈയിലെ സമരവേദിയില്‍ എത്തിയവരുടെ എണ്ണം കുറവായിരുന്നു. ഒരുലക്ഷത്തിലധികം പേരെയാണ് സംഘാടകര്‍ പ്രതീക്ഷിച്ചതെങ്കിലും പതിനായിരത്തില്‍ താഴെ ആളുകളേ എത്തിയിരുന്നുള്ളൂ. ഹസാരെ അനുകൂലികള്‍ ലോക്പാല്‍ ബില്ലിനെതിരെ ഡല്‍ഹിയിലെ രാംലീലാ മൈതാനത്ത് സംഘടിപ്പിച്ച ഉപവാസസമരത്തിലും വളരെക്കുറച്ചാളുകള്‍ മാത്രമാണ് ഇത്തവണ പങ്കെടുത്തത്. നിശ്ചിതസമയത്തിലും ഒന്നര മണിക്കൂര്‍ വൈകിത്തുടങ്ങുമ്പോഴും അഞ്ഞൂറോളം പേര്‍ മാത്രമാണ് ഉപവാസവേദിയില്‍ ഉണ്ടായിരുന്നത്. ആഗസ്തിലെ സമരത്തില്‍ നാല്പതിനായിരത്തോളം പേര്‍ പങ്കെടുത്ത സ്ഥാനത്താണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക