Image

വായന സഫലം, ധന്യം- ഡി. ബാബുപോള്‍

ഡി. ബാബുപോള്‍ Published on 20 March, 2015
 വായന സഫലം, ധന്യം- ഡി. ബാബുപോള്‍

സര്‍ക്കാര്‍ സര്‍വ്വീസിലെ അനുഭവങ്ങള്‍ വിവരിക്കുന്ന കൃതികള്‍ക്ക് സ്വീകാര്യത ഉണ്ടാകും എന്ന് ആദ്യം  ഊഹിച്ചത് യുഗപ്രഭാവനായ ഡി.സി. കിഴക്കമുറി ആയിരുന്നു. 1976 ല്‍ ഡി.സി. ബുക്‌സിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രകാശിതമായ ഗ'ിരിപര്‍വ്വം' ആണ് ഇത്തരത്തിലുള്ള ആദ്യകൃതി. ഒരു വ്യാഴവട്ടം കഴിഞ്ഞ് മലയാറ്റൂര്‍ രാമകൃഷ്ണന്‍ എന്റെ ഐ.എ.എസ്.ദിനങ്ങള്‍ എന്ന കൃതി രചിച്ചു. അതിന് കെ.സി. നാരായണന്‍ നല്‍കിയ ഉപശീര്‍ഷകമാണ് സര്‍വ്വീസ് സ്റ്റോറി. ഒരു സാഹിത്യശാഖയുടെ പേരായി അത് ഉറച്ചു. ആ ശാഖയില്‍ ധാരാളം കൃതികളും ഉണ്ടായി. ആണ്ടുതോറും പുതിയ പതിപ്പ വേണ്ടിവരുന്ന രചനകളും വൃഥാസഥൂലത മുഖമുദ്രയാവുന്ന ഗ്രന്ഥങ്ങളും ഉ്ണ്ട് അക്കൂട്ടത്തില്‍. ചിലര്‍ക്ക് പറയാന്‍ അനുഭവങ്ങളും ചൂണ്ടികാണിക്കാന്‍ നേട്ടങ്ങളും ഉണ്ടാവും. മറ്റ് ചിലര്‍ക്കാകട്ടെ പ്രവര്‍ത്തിച്ച ഇടങ്ങളുടെ സ്വഭാവം കൊണ്ട് അനുഭവങ്ങള്‍ അസുലഭവും നേട്ടങ്ങള്‍ നിഷ്പ്രഭവും ആയേക്കാം. രണ്ടായാലും വായനക്കാര്‍ക്ക് അപരിചിതമായ വ്യവഹാരങ്ങളുടെ കഥയാണ് പറയുന്നത് എന്നതിനാല്‍ ജനം താത്പര്യപൂര്‍വ്വം വായിക്കുകയും ചെയ്യും.

ഈ ശാഖയില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന കൃതിയാണ് എസ്. സരസ്വതിയമ്മ രചിച്ച 'ആകാശത്തിലെ നക്ഷത്രങ്ങള്‍' ആകാശവാണിയിലെ അനുഭവങ്ങളാണ് വിഷയം. കൃത്യമായ അര്‍ത്ഥത്തില്‍ ഇത് ഒരു സര്‍വീസ് സ്റ്റോറി ആകാത്തത് 'ചേച്ചി' എന്ന് എല്ലാവരും വിളിക്കുന്ന ഗ്രന്ഥകര്‍ത്രി അങ്ങനെ ഉദ്ദേശിക്കാത്തതുകൊണ്ടാണ്.

ആകാശവാണിയില്‍ ജോലിക്ക് അപേക്ഷിക്കുന്ന കഥ പറയുന്നിടത്ത് തന്നെ ഇത് കാണാം. ഒരു പ്രത്യേക വ്യക്തിക്ക് വേണ്ടി അലക്കടയാളം പതിച്ച ഒരു തസ്തികയില്‍ അപ്രതീക്ഷിതമായി കടന്നുവന്ന പുതുമുഖത്തിന് ഇരിപ്പ് ഉറച്ച കഥയും ഒടുവില്‍ ഒരു വീരന്‍ കുമ്പസാരിച്ച് പുറത്തുപോയ ചരിത്രവും പറഞ്ഞിട്ടുണ്ടെങ്കിലും പറഞ്ഞതിലേറെ വായനക്കാരന്‍ ഊഹിച്ചെടുക്കാന്‍ ബാക്കിയായിരിക്കയാണ് ചേച്ചി. ആളെ നോക്കി യോഗ്യത നിര്‍ണ്ണയിച്ച് നിയമനം നടത്തുന്നു എന്ന പരാതി ഒറ്റപ്പെട്ട തസ്തികളിലേയ്ക്കുള്ള നിയമനങ്ങളുടെ കാര്യത്തില്‍ പലപ്പോഴും ഉണ്ടാകാറുള്ളതാണ്. തൂണും ചാരി നിന്നവന്‍ പെണ്ണിനെയും കൊണ്ട് യാത്രയാവുമ്പോള്‍ രുഗ്മിണിയുടെ സഹോദരനെ പോലെ പിന്നെയും അരക്കൈ നോക്കാന്‍ തുനിയുന്നതും അസാധാരണമല്ല. സരസ്വതിയമ്മയുടെ നിയമനത്തിലും സംഭവിച്ചത് അതാണ് എന്ന് ഭരണപരിചയം ഉള്ളവര്‍ക്ക് ഈ കൃതിയില്‍ നിന്ന് ഊഹിക്കാം. കേന്ദ്രത്തിലെ ഉപമന്ത്രിയുടെയും ശുപാര്‍ശക്കത്ത് നല്‍കിയ മഹതിയുടെയും പേര് വായിക്കുമ്പോള്‍ പാളിപ്പോയ കളിയുടെ ഒരു ഏകദേശ രൂപം അസ്മാദൃശ്യ•ാര്‍ക്ക് കിട്ടും. എങ്കിലും ഈ അനുഭവം കുറച്ചകൂടെ വിശദമായി പറയേണ്ടതായിരുന്നില്ലേ? ഉദ്യോഗം സ്വപ്‌നം കാണുന്നവര്‍ക്ക് ചതിക്കുഴികളെക്കുറിച്ച് തിരിച്ചറിവുണ്ടാകാന്‍ അതല്ലേ കുറച്ചുകൂടെ സഹായിക്കുമായിരുന്നത് എന്ന് തോന്നിപ്പോയാല്‍ കുറ്റപ്പെടുത്താനാവുകയില്ല.

മഹിളാലയം എന്ന അധ്യായത്തില്‍ സരസ്വതിയമ്മയുടെ ആശയങ്ങള്‍ ആകാശവാണിയുടെ പരിപാടികളായി മാറിയ കഥയാണ് പറയുന്നത്. ഇവിടെയും ചേച്ചി വിനയം കൊണ്ടായാലും സ്ഥൂലതയെ ഭയന്നിട്ടായാലും പറയേണ്ടത്രെ പറഞ്ഞിട്ടില്ല എന്നാണ് എന്റെ അഭിപ്രായം. മലയാളമഹിളയുടെ ശക്തീകരണത്തിന്റെ ഗാഥയാണ് ഈ അദ്ധ്യായത്തില്‍ സൂഷ്മദൃക്കുകള്‍ക്ക് കാണാന്‍ കഴിയുന്നത്. എന്റെ ബാല്യകാലത്ത് പെണ്‍കുട്ടികള്‍ക്ക് നൂല് കോര്‍ക്കാനും കരണ്ടിയില്‍ ചെറുനാരങ്ങാ വച്ച് തത്തിത്തത്തി ഓടാനുള്ള മത്സരങ്ങള്‍ മാത്രം ആണ് കായികരംഗത്ത് ഉണ്ടായിരുന്നത്. മഹിളാലയത്തിലും അവസ്ഥ സമാനമായിരുന്നു. ചേച്ചിയുടെ ഭാവനാപൂര്‍ണ്ണമായ ആസൂത്രണവും നിര്‍വ്വഹണകാര്യക്ഷമതയും ആശയങ്ങള്‍ക്ക് അംഗീകാരം നേടുന്നതിന് വേണ്ടി വന്ന യത്‌നവും ആണ് മഹിളാലയത്തിന്റെ വളര്‍ച്ചയിലേയ്ക്ക് നയിച്ചത്. ലളിതാംബിക അന്തര്‍ജനത്തെയും മേരിപുന്നന്‍ ലൂക്കോസിനെയും(ആ പേരില്‍ തന്നെ ഉണ്ട് സ്ത്രീശാക്തീകരണഭാവം, സ്വന്തം പേര് ഉപേക്ഷിക്കാതെ ഭര്‍ത്താവിന്റെ പേര് കൂട്ടിചേര്‍ക്കുകയായിരുന്നല്ലോ ആ സര്‍ജന്‍ ജനറല്‍ ചെയ്തത്) അക്കമ്മ ചെറിയാനെയും ഒക്കെ കേരളീയസ്ത്രീകളുടെ മുന്‍പാകെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് അസാധാരണമായ കഴിവിന്റെ തെളിവാണ്. ആ അധ്യായം കുറെക്കുടെ വിപുലീകരിക്കുന്നത് ആകാശവാണിയിലും ദൃശ്യമാധ്യമങ്ങളിലും വനിതാമാസികകളിലും എല്ലാം പ്രവര്‍ത്തിക്കുന്ന അനിയത്തിമാര്‍ക്ക് അത്യന്തം പ്രയോജനകരമായിരിക്കും. ബാലനിലെ നായിക കമലത്തെ കണ്ടെത്തിയ കഥ പെട്ടെന്ന് മനസ്സില്‍ തെളിയുന്നു. സരസ്വതിയമ്മ ഒരു മഹാസംഭവം തന്നെയാണ് എന്ന് ഗ്രഹിക്കാന്‍ ഈ ഒരൊറ്റ അധ്യായം മതി. അത് കുറച്ചുകൂടെ വിശദമായി എഴുതണം എന്ന് പറയുന്നത് ചേച്ചിയുടെ വഴിയെ നടന്നുവരുന്നവര്‍ക്ക് വേണ്ടിയാണ്. ചേച്ചി ചുരുക്കിപ്പറഞ്ഞിട്ട് ഒതുങ്ങി നില്‍ക്കുന്നത് വിനയം കൊണ്ടാണ്. പുന്നന്‍ലൂക്കോസിന്റെയും അക്കമ്മവര്‍ക്കിയുടെയും രന്തമയീദേവി ദീക്ഷിത്തിന്റെയും ഒക്കെ വാക്കുകള്‍ അനുവാചകര്‍ക്ക് രസം പകരുന്നുണ്ട്, സംശയമില്ല. പിന്‍ഗാമികള്‍ക്ക് പ്രയോജനപ്പെടുമാറ് ആ വാക്കുകള്‍ക്ക് പിന്നിലുള്ള അധ്വാനത്തിന്റെയും ആസൂത്രണത്തിന്റെയും കഥ കൂടെ എഴുതിചേര്‍ക്കണം അടുത്ത പതിപ്പില്‍. ഏതായാലും അത് വൈകാതെ വേണ്ടി വരുമല്ലോ ഇത്ര പാരായണക്ഷമമായ ഒരു കൃതിക്ക്.

ആകാശവാണിയുടെ ചരിത്രവും വളര്‍ച്ചയുടെ കഥയും ഈ കൃതിയില്‍ വായിച്ചെടുക്കാം. ആഴ്ചയില്‍ ഒരേയൊരുനാള്‍ കേവലം രണ്ട് മണിക്കൂര്‍ പ്രക്്‌ഷേപണവുമായി 1943 മാര്‍ച്ച് 12-ാം തീയ്യതി ഉല്‍ഘാടനം ചെയ്ത തിരുവിതാംകൂര്‍  റേഡിയോ ആണ് സ്വാതന്ത്ര്യപ്രാപ്തിയെ തുടര്‍ന്ന് ആകാശവാണിയായി മാറിയതും ഇന്നത്തെ ശ്രേഷ്ഠാവസ്ഥയില്‍ എത്തിയതും. ശെമ്മാങ്കുടിയുടെ കച്ചേരിയോടെ ഹരിശ്രീ കുറിച്ച സ്ഥാപനത്തിന് ഒരിക്കലും ഹതാശഭാവത്തില്‍ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആ കഥ അതില്‍ പങ്കുവഹിച്ചവരുടെ വാക്കുകളില്‍ അവതരിപ്പിച്ചത് തീര്‍ത്തും ഉചിതമായി.
തിരുവിതാംകൂറിലെ വിദ്യുച്ഛക്തിവകുപ്പിന്റെ ഭാഗമായിരുന്നു ടെലിഫോണും റേഡിയോയും. ടെലിഫോണ്‍ എന്‍ജിനീയറായിരുന്ന രാമവര്‍മ്മയെ ഇംഗ്ലണ്ടില്‍ അയച്ച് ബി.ബി.സി.യില്‍ പരിശീലനത്തിന് ഏര്‍പ്പാടാക്കുകയായിരുന്നു സര്‍ സി.പി. ആദ്യം ചെയ്തത്. ഈ രാമവര്‍മ്മയാണ് ആദ്യത്തെ സ്റ്റേഷന്‍ഡയറക്ടര്‍. സി.വി.ചന്ദ്രശേഖരനും ജി.പി. ശേഖറും കൈനിക്കര പത്മനാഭപിള്ളയും ഒക്കെ ആയിരുന്നു പരിപാടിയുടെ ചുമതലക്കാര്‍. ഭരണചുമതല തിരുവിതാംകൂര്‍ സര്‍വ്വകലാശാലയ്ക്കും.

ജി.പി.എസ്. നായര്‍ ഡയറക്ടറായി വന്നതോടെയാണ് ആകാശവാണിയില്‍ പ്രൊഫഷണലിസം തുടങ്ങുന്നത് എന്ന് ഈ കൃതി പറഞ്ഞുതരുന്നു. അരിയങ്കുടിയും ശെമ്മാങ്കുടിയും ഡി.കെ. പട്ടാംബാളും ബാലമുരളീകൃഷ്ണനും ചാലക്കുടി എന്‍.എസ്. നാരായണസ്വാമിയും സംഗീതകച്ചേരിയും നടത്തി. സംഗീതപാഠങ്ങള്‍ അവതരിപ്പി്ച്ചും റേഡിയോക്ക് സ്വീകാര്യത ഉറപ്പുവരുത്തി. നാഗവള്ളിക്കായിരുന്നു ഭാഷിതവാങ്മയത്തിന്റെ ചുമതല. ആ പേരിനൊപ്പം വരുന്ന ഓര്‍മ്മകളുണ്ട് എനിക്ക്. 1958 ല്‍ തിരുവനന്തപുരത്ത് എന്‍ജിനിയറിംഗ് പഠിക്കാന്‍ വന്ന കാലത്ത് ആകാശവാണിയില്‍ ചര്‍ച്ചകള്‍ക്ക് പോകാന്‍ കഴിയുന്നത് വലിയ ഗമ ആയിരുന്നു. ഒരു കോളേജില്‍ നിന്ന് രണ്ട് പേര്‍ എന്നാണോര്‍മ്മ. യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഡി.ജി.പി. ആയി വിരമിച്ച കൃഷ്ണന്‍നായരും എമ്മെല്ലേ ആയ കണിയാപുരവും, മെഡിക്കല്‍ കോളേജില്‍ നിന്ന് സിയാര്‍ സോമന്‍, എന്‍ജിനീയറിംഗ് കോളേജില്‍ നിന്ന് കായിക്കര നിസാമുദ്ദീന്‍, കേന്ദ്രമന്ത്രിയായ കൃഷ്ണകുമാര്‍ എന്നിവരുടെ പേരുകള്‍ ഓര്‍മ്മ വരുന്നുണ്ട് ഇപ്പോള്‍. നാഗവള്ളി തന്നെ ആയിരുന്നു ആദ്യം നിര്‍ദ്ദേശങ്ങള്‍ തന്നത്. മുറ്റത്ത് ഏതോ മരത്തണലില്‍ ഇരുന്ന് തങ്ങള്‍ ചര്‍ച്ചയൊക്കെ റിഹേഴ്‌സല്‍ ചെയ്തിട്ടാണ് റെക്കോഡിങ്.
ആകാശവാണിയില്‍ പ്രഭാഷകനായി പോയിത്തുടങ്ങിയത് എഴുപതുകളിലാണ്. അന്ന് നേരത്തെ എഴുതിതയ്യാറാക്കണം. ആകാശവാണിയില്‍ ഫയല്‍ ചെയ്്ത് സൂക്ഷിക്കാന്‍ ഒരു കോപ്പി കൊടുക്കണം. കുറെക്കൂടെ സീനിയറായപ്പോള്‍ അത് ഒഴിവായി. വാചാപ്രസംഗത്തിന് അനുവാദം കിട്ടി. അത് പിന്നെ പ്രൊഡ്യൂസര്‍ ടൈപ്പ് ചെയ്യിപ്പ് എടുത്തുകൊള്ളും. ഇപ്പോഴാണ് പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോലെ പ്രഭാഷണം റിക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്നത്. വായിക്കുന്ന പ്രഭാഷണത്തെകുറിച്ച് നാഗവള്ളി പറഞ്ഞ കാര്യങ്ങള്‍ ഈ പുസ്തകത്തില്‍ വായിച്ചപ്പോഴാണ് ഇക്കഥകളൊക്കെ ഓര്‍മ്മ വന്നത്.

കേരളത്തില്‍ ജനസംഖ്യാനിയന്ത്രണം വിജയകരമായ എന്ന് നമുക്കറിയാം. അതിന് പിറകില്‍ ആകാശവാണിയുടെ പരിശ്രമം വഹിച്ച സുപ്രധാനമായ പങ്കിനെക്കുറിച്ച് അത്ര വ്യക്തമായ അറിവ് മിക്കവര്‍ക്കും കാണുകയില്ല. ആ പരിപാടിയുടെ അമരക്കാരനായിരുന്ന ജി. വിവേകാനന്ദനന്റെ വാക്കുകള്‍ ഉദ്ധരിച്ച് കൊണ്ട് ആരംഭദശയില്‍ ആ പരിപാടി നേരിട്ട പ്രശ്‌നങ്ങളെക്കുറിച്ച് പറയുന്നുണ്ട് ഈ കൃതി. ഉറ എന്ന വാക്ക് പരസ്യമായി പറയാന്‍ മാന്യ•ാര്‍ മടിച്ചിരുന്ന കാലം. അന്ന് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സില്‍ മാനേജിങ്ഡയറക്ടര്‍ ആയി നിര്‍ദ്ദേശിക്കപ്പെട്ട ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ആ ഓഫര്‍ നിരസിച്ചത് വീട്ടുകാരിയുടെ നിര്‍ബന്ധം കൊണ്ടാണ്. 'തമ്പിക്കെന്നതാ ജോലീന്ന് പിള്ളേര് ചോദിച്ചാലെന്തോ പറയും ബാബൂ' എന്നാണ് ആ ചേച്ചി എന്നോട് പറഞ്ഞത്. ഈ പശ്ചാത്തലം അറിയുമ്പോഴാണ് ആകാശവാണി നല്‍കിയ സേവനത്തിന്റെ മൂല്യം തിരിച്ചറിയാന്‍ കഴിയുന്നത്.
ഇങ്ങനെ ആകാശവാണിയുടെ വിവിധ ഭാഗങ്ങളെക്കുറിച്ച് ചേച്ചി വിസ്തരിച്ചിട്ടുള്ളത് ലളിതവും സരസവും ആയിട്ടാണ്. എന്നാല്‍ ആകാശവാണി കുടുംബം എന്ന അധ്യായത്തിലെ കഥകള്‍ നര്‍മ്മവും ഹാസ്യവും നിറഞ്ഞ സംഭവങ്ങളുടെ അനുസ്മരണങ്ങളാണ്. ഇംഗ്ലീഷില്‍ മലയാളം ടൈപ്പ് ചെയ്തപ്പോള്‍ മുമ്പേ മുമ്പേ എന്നത് മമ്പി മമ്പി എന്നായ കഥയും കുടുംബാസൂത്രണ സംബന്ധിയായ നാടകത്തിന്റെ ഇനി വേണ്ട എന്ന പേര് ഏണി വേണ്ട എന്നായ കഥയും ജഗതി എന്‍ കെ ആചാരിയുടെ കുസൃതികളാണെങ്കില്‍ ആകെയുള്ള ഒരു കസേരയ്ക്കായി ശ്യാമളാലയവും ജഗതിയും പട വെട്ടിയ കാലത്ത് ഇളിഭ്യനായത് ജഗതി തന്നെ ആയിരുന്നു. ഒന്നിലധികം തവണ പൊട്ടിച്ചിരിക്കാതെ ഈ അധ്യായം വായിച്ചുതീര്‍ക്കാനാവുകയില്ല.

പ്രഗത്ഭനായ ഉദ്യോഗസ്ഥയായിരുന്നു ചേച്ചി. അവര്‍ പ്രൊഡ്യൂസര്‍ ആയിരുന്നപ്പോള്‍ ഡല്‍ഹിയിലേയ്ക്ക് അംഗീകാരത്തിന് അയച്ചു കൊടുക്കുന്ന പ്രോഗ്രാം ഷെഡ്യൂള്‍ മറ്റ് നിലയങ്ങളിലേയ്ക്ക് മാതൃകയായി അയച്ചുകൊടുക്കുമായിരുന്നു എന്ന ഒരൊറ്റ വസ്തുത മതി അതിന് തെളിവായി. ഈ പുസ്തകം താഴെ വയ്ക്കുന്നതിന് തൊട്ടുമുന്‍പ് നാം ഇങ്ങനെ വായിക്കുന്നു: ഇരുപത്തിയാറ് വര്‍ഷത്തെ സേവനത്തിന് ശേഷം ഭക്തിവിലാസത്തിന്റെ പടിയിറങ്ങിയപ്പോള്‍ മനസ്സില്‍ നിറയെ സംതൃപ്തി.... ചാരിതാര്‍ത്ഥ്യം.... എന്റെ ഔദ്യോഗികജീവിതത്തെക്കുറിച്ച് എനിക്ക് പറയാനുള്ളത്.... സഫലം....ധന്യം.' ഈ കൃതിയെക്കുറിച്ച് വായനക്കാരന് പറയാനുള്ളതും മറ്റൊന്നല്ല. സംതൃപ്തി, ചാരിതാര്‍ത്ഥ്യം, സഫലം, ധന്യം.
 വായന സഫലം, ധന്യം- ഡി. ബാബുപോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക