Image

ഏക പോംവഴി പുതിയ അണക്കെട്ട്‌: ഐഐടി തലവന്‍

Published on 28 December, 2011
ഏക പോംവഴി പുതിയ അണക്കെട്ട്‌: ഐഐടി തലവന്‍
തൊടുപുഴ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഏക പോംവഴി പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കുക എന്നതാണെന്ന്‌ ഡല്‍ഹി ഐഐടി സിവില്‍ എന്‍ജിനിയറിങ്‌ വിഭാഗം തലവന്‍ ഡോ. എ.ജി. ഗോസൈന്‍ വ്യക്തമാക്കി. വെള്ളം വേഗത്തില്‍ വേഗത്തില്‍ അണക്കെട്ടിലേക്ക്‌ ഒഴുകിയെത്തുന്നതുമൂലം ഡാമിന്‌ ബലക്ഷയമുണ്ടാകും. തുടര്‍ച്ചയായി രണ്ടുദിവസം കനത്ത മഴ പെയ്‌ത്‌ 65 സെന്റിമീറ്റര്‍ മഴ ലഭിച്ചാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടു നിറഞ്ഞുകവിയുന്ന സ്‌ഥിതിയുണ്ടാകും. ഇത്‌ അപകടകരമാണെന്നും തൊടുപുഴയില്‍ സംസ്‌ഥാന കാര്‍ഷികമേളയോട്‌ അനുബന്ധിച്ചു സംഘടിപ്പിച്ച `ഭൂചലനവും മുല്ലപ്പെരിയാര്‍ ഡാമും എന്ന സെമിനാറില്‍ പ്രസംഗിക്കവേ അദ്ദേഹം വെളിപ്പെടുത്തി.

ആഗോളതാപനം മൂലം കാലാവസ്‌ഥാ വ്യതിയാനം സംഭവിക്കുന്നതോടെ മഴ കുറയും. എന്നാല്‍ പെയ്യുമ്പോള്‍ ഇതു കനത്ത തോതിലായിരിക്കും. അടിയന്തര നടപടി എന്ന നിലയില്‍ പ്രധാന അണക്കെട്ടിലെ ജലനിരപ്പു കുറയ്‌ക്കാനാണു ശ്രമിക്കേണ്ടതെന്നും ഗോസൈന്‍ പറഞ്ഞു.സെമിനാര്‍ ജസ്‌റ്റിസ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍ ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി പി.ജെ. ജോസഫ്‌ അധ്യക്ഷനായിരുന്നു.

മുല്ലപ്പെരിയാര്‍ പ്രശ്‌നം സംസ്‌ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നമല്ലെന്നും മറിച്ചു ദേശീയ പ്രശ്‌നമാണെന്നും ജസ്റ്റീസ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍ പറഞ്ഞു. ദേശീയബോധമുള്ള ആരും അയല്‍സംസ്‌ഥാനത്തുള്ളവരെ ആക്രമിക്കില്ല. വെള്ളം പൊതുസ്വത്താണ്‌. ഡാം സുരക്ഷിതമല്ലെങ്കില്‍ അതിനു പകരം പുതിയ അണക്കെട്ടു നിര്‍മിക്കാന്‍ അവകാശമുണ്ട്‌. പ്രധാനമന്ത്രിയും തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയും പ്രശ്‌നപരിഹാരത്തിനു മുന്‍കയ്യെടുക്കണമെന്നും ജസ്‌റ്റിസ്‌ കൃഷ്‌ണയ്യര്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക