മാംസാഹാര ത്തിനെതിരേ ഘോരഘോരം പ്രസംഗിക്കുന്ന വരെക്കൊണ്ടു നിറയുകയാണ് വാരികകളും ടെലിവിഷനും ഇന്റര്‍നെറ്റുമൊക്കെ. മാംസാഹാരം ഭാരതീയമായ ഭക്ഷണശൈലിയില്‍ പെട്ടതല്ലെന്നും അത് വിദേശീയ സംസ്കാരമാണെന്നും പരിപൂര്‍ണ്ണ സസ്യാഹാരമാണ് ശരിയായ ഭാരതീയ ഭക്ഷണശീലം എന്നുമൊക്കെ ഇവരില്‍ ചിലര്‍ തട്ടിവിടുന്നു. മാംസാഹാരം മനസ്സിന്റെ 'മൃഗീയവാസ"കളെയുണര്‍ത്തും എന്നും പലരും പറഞ്ഞു കേള്‍ക്കാറുണ്ട്. മൃഗസ്നേഹികളുടെയും പ്രകൃതിസംരക്ഷണപ്രവര്‍ത്തകരുടേയും സദുദ്ദേശപരമായ ആക്റ്റിവിസങ്ങള്‍ക്കപ്പുറത്ത് പ്രതിലോമകരമായ ചില ആശയങ്ങളുടെ ഗൂഢസന്നിവേശമാണ് ഇതിന്റെ രാഷ്ട്രീയത്തെ കൌതുകകരമാക്കുന്നത്- ഡോ. സൂരജ് രാജന്‍ എഴുതുന്നു.

മാംസാഹാരം ശാസ്ത്രത്തിന്റെ ഉരകല്ലില്‍

പരിണാമത്തിന്റെ പലഘട്ടങ്ങളിലായി ആള്‍ക്കുരങ്ങിനോട് സാദൃശ്യമുള്ള, സസ്യാഹാരികളായ പൂര്‍വികരില്‍ നിന്നും വഴിപിരിഞ്ഞ മനുഷ്യന്‍ ഏതാണ്ട് 2 ദശലക്ഷം വര്‍ഷത്തോളം സര്‍വ്വഭക്ഷകമായ (omnivorous) ജീവിതമാണ് ജീവിച്ചത് . പല്ലുകളുടെയും ആമാശയത്തിന്റെയുമൊക്കെ ഘടനയും ദഹനരസങ്ങളുടെ പ്രത്യേകതകളും വച്ച് നോക്കുമ്പോള്‍ ആധുനിക മനുഷ്യന്‍ ഒരു പരിപൂര്‍ണ്ണ മാംസഭുക്കോ പരിപൂര്‍ണ്ണ സസ്യഭുക്കോ അല്ല. രണ്ടുതരം ആഹാരത്തിനെയും കൈകാര്യം ചെയ്യാന്‍ പറ്റിയ ജൈവഘടനയാണ് മനുഷ്യശരീരത്തിനുള്ളത്.

പൊതുവില്‍ പ്രോട്ടീനുകളുടെയും രക്തവൃദ്ധിക്കാവശ്യമായ ഇരുമ്പ്, കാല്‍ഷ്യം, ഫോസ്ഫറസ്, ഏ, ബി, ഡി വൈറ്റമിനുകള്‍ തുടങ്ങിയ ധാതുക്കളുടെയും മികച്ച അനുപാതമാണ് മാംസാഹാരത്തിലുള്ളത്. കുറഞ്ഞ അളവ് മാംസത്തില്‍ നിന്നു തന്നെ സസ്യാഹാരത്തേക്കാള്‍ ആനുപാതികമായി കൂടുതല്‍ അവശ്യ പോഷകങ്ങള്‍ ലഭിക്കുന്നു എന്നതാണ് മാംസാഹാരത്തിന്റെ പ്രധാന മേന്മ. ഇത് പോഷകാഹാരക്കുറവ് നേരിടുന്ന ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഒരനുഗ്രഹമാകേണ്ടതാണ് .

നെത്തോലിയും ചൂരയും ചാളയും അടക്കമുള്ള മത്സ്യങ്ങളില്‍ നിന്നും EPA യും DHA യും സമൃദ്ധമായി ലഭിക്കുന്നു. ഹൃദ്രോഗത്തെ ചെറുക്കുന്നതില്‍ ഒരു സുപ്രധാന റോള്‍ വഹിക്കുന്ന ആല്ഫാ ലിനോലെനിക് (ALA), ഐക്കോസാ പെന്റനോയിക് (EPA), ഡോക്കോസാ ഹെക്സനോയിക് (DHA) എന്നീ മൂന്ന് ഫാറ്റീ ആസിഡുകളാണ് ഒമേഗാ3ഫാറ്റീ ആസിഡുകളെന്ന് വിളിക്കപ്പെടുന്ന അവശ്യ കൊഴുപ്പുകള്‍ . മത്സ്യം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം ഭക്ഷിക്കപ്പെടുന്ന മാംസം പന്നിയുടേതാണ് (41%). താരതമ്യേന ഉയര്‍ന്ന പൂരിതകൊഴുപ്പിന്റെ പേരില്‍ പഴികേള്‍ക്കാറുങ്കെിലും പന്നിമാംസത്തിന്റെ തൊലിക്കടിയിലെ കൊഴുപ്പുകളഞ്ഞ് കിട്ടുന്ന ലീന്‍ പോര്‍ക്കില്‍ കോഴിയിറച്ചിയിലുള്ളത്ര കൊഴുപ്പേ ഉള്ളൂ എന്ന് പലര്‍ക്കും അറിയില്ല. നല്ല അളവുകളില്‍ തയമീന്‍, നിയാസിന്‍ തുടങ്ങിയ വൈറ്റമിനുകളും മറ്റ് ധാതുക്കളുമുണ്ട്. എളുപ്പം ദഹിക്കുന്ന പ്രോട്ടീനുകളാല്‍ സമ്പന്നമാണ് പക്ഷിയിറച്ചികള്‍. പൂരിത കൊഴുപ്പിന്റെ അളവ് മാട്ടിറച്ചിയേക്കാള്‍ കുറവും. പക്ഷിയിറച്ചിയുടെ വിശേഷിച്ച് കോഴിയിറച്ചിയുടെ കൊഴുപ്പിന്റെ ഒട്ടുമുക്കാലും അടങ്ങിയിരിക്കുന്നത് അതിന്റെ തൊലിയിലായതിനാല്‍ അതു നീക്കം ചെയ്യുന്നതിലൂടെ തന്നെ മാംസാഹാരത്തിലൂടെ അമിത കൊഴുപ്പ് ഉള്ളിലെത്തുന്നത് തടയാം.

മാംസം,പാല്‍,മുട്ട എന്നിവയിലെ പ്രോട്ടീനുകളില്‍ സമൃദ്ധമായി കാണപ്പെടുന്ന ട്രിപ്റ്റൊഫാന്‍ എന്ന അമിനോ അമ്ലം ശരീരത്തിലെത്തുമ്പോള്‍ സീറട്ടോണിന്‍ എന്ന രാസവസ്തുവിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിക്കപ്പെടും. നമ്മുടെ മസ്തിഷ്കത്തെ ശാന്തമാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് സീറട്ടോണിനാണ്. ഇങ്ങനെ നോക്കുമ്പോള്‍ ഡിപ്രഷന്‍, മാനിയ,ഹൈപ്പോമാനിയ തുടങ്ങിയ മൂഡ് സംബന്ധിയായ മാനസികരോഗമുള്ളവര്‍ക്ക് മാംസാഹാരം ഗുണകരമായാണ് ഫലിക്കുക ! ("മൃഗവാസനാതിയറി"ക്കാര്‍ ഈ കെമിസ്ട്രി ഓര്‍ക്കുക.)

മാംസാഹാരവും ആരോഗ്യപ്രശ്നങ്ങളും

മിതമായ അളവിലും ശരിയായ പാചകത്തിലൂടെയും ഉപയോഗിച്ചാല്‍ മാംസാഹാരം പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നതായി ആധുനികശാസ്ത്രം കണ്ടെത്തിയിട്ടില്ല. മാംസാഹാരത്തിനോടൊപ്പം ഉള്ളില്‍ ചെല്ലുന്ന ഉയര്‍ന്ന അളവിലെ കൊഴുപ്പാണ് ഹൃദ്രോഗത്തിനും ചിലതരം (വന്‍ കുടല്‍, പ്രോസ്റ്റേറ്റ് ഗ്രന്ഥി) കാന്‍സറുകള്‍ക്കും മാംസാഹാരവുമായുള്ള ബന്ധത്തിനു കാരണമെന്നു വളരെ മുന്‍പേ കണ്ടെത്തിയിട്ടുണ്ടു താനും. ഇതില്‍ തന്നെ ബീഫ്, ഉണക്കിയതും ഉപ്പിലിട്ടതുമായ മാംസം, പുകയടിപ്പിച്ച് ഉണക്കുന്ന മാംസം എന്നിവയാണ് കാന്‍സറുമായി നേരിട്ട് കാര്യകാരണബന്ധം സ്ഥാപിക്കപ്പെട്ടിട്ടുള്ള വകഭേദങ്ങള്‍ . ബീഫ് അവശ്യപ്രോട്ടീനുകളാല്‍ സമ്പന്നമെങ്കിലും ഉയര്‍ന്ന പൂരിതകൊഴുപ്പുകാരണം നമ്മുടെ രക്തക്കൊളസ്റ്റ്രോള്‍ വര്‍ധിപ്പിക്കുന്നു, ഹൃദ്രോഗസാധ്യതയും. എന്നാല്‍ വളരെ ഉയര്‍ന്ന അളവില്‍ (ദിവസം 80- 100ഗ്രാമില്‍ കൂടുതല്‍ ) ബീഫ് കഴിച്ചിരുന്നവരിലാണ് ഉയര്‍ന്ന കാന്‍സര്‍ സാധ്യത പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ തന്നെ, ബീഫിനോടൊപ്പം മത്സ്യവും ഫൈബര്‍ ധാരാളമുള്ള ധാന്യങ്ങളും കഴിച്ചിരുന്നവരില്‍ കാന്‍സര്‍ സാധ്യത സാധാരണയിലും കുറവായി കണ്ടിട്ടുണ്ട്. മാംസവും പഴങ്ങളും സസ്യാഹാരവുമൊക്കെ ഇടകലര്‍ത്തിയുപയോഗിക്കുന്ന മിശ്രഭക്ഷണക്കാരില്‍ ഈ സാധ്യതകള്‍ പിന്നെയും കുറയുന്നു.

മാംസാഹാരത്തെപ്പറ്റിയുള്ള ഏറ്റവും വലിയ പരാതികളിലൊന്ന് വിരകളും പരാദജീവികളും മനുഷ്യനിലേയ്ക്ക് സംക്രമിക്കാന്‍ അവ കാരണമാകുമെന്നതാണ്. പന്നിയിലും മാടുകളിലും മറ്റും പൂര്‍ണ്ണമായോ ഭാഗികമായോ ജീവചക്രം പൂര്‍ത്തിയാക്കുന്ന ചില വിരകള്‍ ഉണ്ടെന്നത് വാസ്തവമാണ്. പക്ഷിയിറച്ചിയിലൂടെയും ചില വൈറല്‍ രോഗങ്ങള്‍ പടരാം. മാംസാഹാരം പൊതുവിലും, മാട്ടിറച്ചി വിശേഷിച്ചും ബാക്റ്റീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

എന്നാല്‍ അവ രോഗമുണ്ടാക്കുന്നത് ശരിക്ക് പാകം ചെയ്യാതെയും മറ്റും ഉപയോഗിക്കുമ്പോഴാണ്. അതും അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാത്രം. ഇതേ പ്രശ്നം കാണിക്കുന്ന അനവധി സസ്യങ്ങളുമുണ്ട് എന്നത് ഇതിനെ പെരുപ്പിച്ച് കാണിക്കുന്നവര്‍ സൗകര്യപൂര്‍വം മറച്ചുപിടിക്കുന്നു. ഉദാഹരണത്തിനു സാധാരണ ഉപയോഗിക്കുന്ന ബീന്‍സ്, കാബേജ്, പയറ് തുടങ്ങിയവയിലൊക്കെ ഈവക ബാക്റ്റീരിയകള്‍ ധാരാളമായി വളരുകയും പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്യുന്നുണ്ട്. സാല്‍മണെല്ല പോലുള്ള സര്‍വ്വവ്യാപിയായി കാണുന്ന ബാക്റ്റീരിയ സസ്യാഹാരം വഴിയാണ് അധികവും മനുഷ്യനില്‍ വയറിളക്കവും ആമാശയ രോഗങ്ങളുമുണ്ടാക്കുന്നത്. 

കന്നുകാലി വളര്‍ച്ച ത്വരിതപ്പെടുത്താനുപയോഗിക്കുന്ന ഹോര്‍മോണുകള്‍ മാംസത്തിലൂടെ നമ്മുടെ ശരീരത്തിലുമെത്തി അപകടമുണ്ടാക്കുന്നുവെന്ന് ഏറെ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പഠനങ്ങളൊന്നും തന്നെ ഈ വാദം തെളിയിച്ചിട്ടില്ല. ഹോര്‍മോണ്‍ കുത്തിവച്ച ബ്രോയ്ലര്‍ കോഴിതിന്നാല്‍ പെണ്‍കുട്ടികളില്‍ ഹോര്‍മോണ്‍പ്രശ്നങ്ങള്‍ ഉണ്ടാവും എന്ന് ചില ആരോഗ്യമാസികകളില്‍ പോലും എഴുതിക്കണ്ടിട്ടുണ്ട്. ഇതിനെ സംബന്ധിച്ച് 1950കളുടെ അവസാനം മുതല്‍ പഠനങ്ങള്‍ നടക്കുന്നു. കുത്തിവയ്ക്കപ്പെട്ട മൃഗങ്ങളിലെ ഹോര്‍മോണുകള്‍ അവയുടെ മാംസത്തില്‍ സാന്ദ്രീകരിക്കുന്നില്ല എന്നതാണ് സത്യം. മാംസാഹാരത്തിലൂടെ പ്രകൃത്യാ ഉള്ളതോ കൃത്രിമമായതോ ആയ ഒരു ഹോര്‍മോണും ഹാനികരമായ അളവുകളില്‍ നമ്മുടെ ഉള്ളിലെത്തുന്നതായി പഠനങ്ങള്‍ ഇതുവരെ തെളിയിച്ചിട്ടില്ല. ഹോര്‍മോണ്‍ കുത്തിവച്ചുവളര്‍ത്തുന്ന മാടിന്റെ മാംസത്തില്‍ ഉള്ള ഹോര്‍മോണ്‍ നിലയേക്കാള്‍ എത്രയോ ഇരട്ടി ഹോര്‍മോണ്‍ നമ്മള്‍ സ്ഥിരമായി കഴിക്കുന്ന പല ആഹാരത്തിലുണ്ട് . ഉദാഹരണത്തിന് ഒരു ഗ്ലാസ് പശുവിന്‍ പാലില്‍ 250ഗ്രാം മാട്ടിറച്ചിയിലുള്ളതിനേക്കാള്‍ ഒന്‍പതിരട്ടി ഈസ്ട്രജന്‍ ഹോര്‍മോണുണ്ട്. മനുഷ്യ ശരീരത്തിലാകട്ടെ ഇതിന്റെ പതിനായിരം മുതല്‍ ഒരു കോടിയിരട്ടിവരെ സ്റ്റീറോയ്ഡ് ഹോര്‍മോണുകള്‍ പ്രകൃത്യാതന്നെ ഉല്പാദിപ്പിക്കപ്പെടാറുണ്ട്, കുട്ടികളില്‍ പോലും!

അപ്പോള്‍ ആത്യന്തികമായി പറയാവുന്നത് ഇത്രമാത്രം : ശുചിയായ പരിതസ്ഥിതിയില്‍ വളര്‍ത്തി, ശരിയായി പാകം ചെയ്തെടുത്താല്‍ മാംസാഹാരവും സസ്യാഹാരവുമൊക്കെ സുരക്ഷിതം തന്നെയാണ്. അതില്‍ ഉച്ചനീചത്വങ്ങള്‍ കാട്ടേണ്ട കാര്യമില്ല......

........................  ..............  ...........

മാംസാഹാരവും തൈരും മോരും : വിരുദ്ധാഹാര സങ്കല്പം

.......ശ്ലോകം 123ല്‍ വര്‍ജ്ജിക്കേണ്ട മാംസത്തെപ്പറ്റി പറയുന്നതു നോക്കുക:

ഉണങ്ങി ചീഞ്ഞുനാറിയത്, രോഗത്താല്‍ മരിച്ചത്, വിഷംപുരണ്ട ആയുധത്താല്‍ മരിച്ചത് , പ്രായം ചെന്നത് ശരീരം ശുഷ്കിച്ചത്, ചീത്ത ആഹാരം കഴിക്കുന്നത് എന്നിങ്ങനെയുള്ള പക്ഷിമൃഗാദികളുടെ മാംസം കഴിക്കരുത്...ഇപ്രകാരം ദൂഷിതമല്ലാത്ത മാംസങ്ങളൊഴിച്ച് മറ്റ് മാംസങ്ങളെ ഭക്ഷിക്കുവാന്‍ സ്വീകരിക്കാവുന്നതാണ്.

മാംസത്തെപ്പറ്റി സുശ്രുതന് നല്‍കുന്ന ഉപദേശം ധന്വന്തരി അവസാനിപ്പിക്കുന്നതുതന്നെ ഇപ്രകാരമാണ്:

അല്ലയോ ശിഷ്യ, ഏത് ജീവിയുടെ മാംസം ഉപയോഗിക്കുന്നുവോ അവയുടെ ആഹാരവിഹാരങ്ങള്‍ ശരീരാവയവങ്ങള്‍ സ്വഭാവം ധാതുക്കള്‍ ചേഷ്ടകള്‍ ലിംഗം പാചകം ചെയ്യേുന്ന വിധം എന്നിവയെല്ലാം പരീക്ഷണീയമാകുന്നു. (ശ്ലോ:138)

സുശ്രുതസംഹിതയിലെ തന്നെ സൂത്രസ്ഥാനം ഉത്തരാര്‍ധത്തില്‍ അധ്യായം 20 (ഹിതാഹിതീയം) ചില ആഹാരങ്ങള്‍ ചേര്‍ത്ത് കഴിക്കാന്‍ പാടില്ലാത്തതായി വിധിച്ചിട്ടുള്ളതു നോക്കുക: സകലജീവികള്‍ക്കും ആഹരിക്കാവുന്ന ചില വിശാല മാംസവര്‍ഗ്ഗങ്ങളെക്കുറിച്ച് പറയുന്നിടത്ത് കറുത്തമാന്‍, പുള്ളിമാന്‍, കസ്തൂരിമൃഗം, ഇരുവാല്‍ച്ചാത്തന്‍, പ്രാവ്, കാട തിത്തിരിപ്പുള്ള് തുടങ്ങിയ 13 എണ്ണം ഉള്‍പ്പെടുത്തിയിരിക്കുന്നു. ചിലയിനം മാംസത്തോട് ചേര്‍ത്ത് പാല്‍ കുടിക്കരുത് എന്ന പ്രസ്താവന ശ്രദ്ധിക്കേണ്ടതാണ്. ചെമ്മീന്‍, ഉടുമ്പ്, പന്നി ചെമ്മീന്‍ എന്നിവയുടെ മാംസത്തിനൊപ്പം പാലുപയോഗിക്കരുതെന്നാണ് സുശ്രുതന്റെ വിധി.

പാലിനൊപ്പം ഒരുവിധ മത്സ്യവും ചേര്‍ത്തുകഴിക്കരുത് എന്ന വിധി ചരകസംഹിതയിലെ സൂത്രസ്ഥാനത്തിലും ഉണ്ട്. അത് കുഷ്ഠത്തിനും ത്വക് രോഗങ്ങള്‍ക്കും കാരണമാകുമെന്നത്രെ ചരകന്റെ ന്യായം. എന്നാല്‍ അന്നപാനവിധിയില്‍ ആഹാരം പാചകം ചെയ്യുന്ന കാര്യം പറയുന്നിടത്ത് സുശ്രുതന്‍ തന്നെ ഇങ്ങനെയും വ്യക്തമാക്കുന്നു :

"മാംസം സ്വതവേ ബലം വര്‍ദ്ധിപ്പിക്കുന്നതാകുന്നു. നെയ്യ്, മോര്, കുരുമുളക് പോലുള്ളവയുടെ എരിവ് എന്നിവ ചേര്‍ത്ത് പാകം ചെയ്യുന്ന മാംസം ഹിതകരമായതും ബലം നല്‍കുന്നതും രുചിപ്രദവും ഗുരുവുമാണ്. അതു തന്നെ മോര് ചേര്‍ത്തും കായം കുരുമുളക് മുതലായ സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്തും സംസ്കരിച്ചുപയോഗിക്കുന്നതായാല്‍ ബലം, മാംസം, ജഠരാഗ്നി എന്നിവയെ വര്‍ദ്ധിപ്പിക്കുന്നതാണ്. ഉണങ്ങിയ മാംസം ശരീരത്തിന്ന് സ്ഥിരതയെ ഉാക്കുന്നതും തൃപ്തിയെപ്രദാനം ചെയ്യുന്നതും ബലം, ബുദ്ധി, ജഠരാഗ്നി, മാംസം, ഓജസ്സ്, ശുക്ലം എന്നിവയെ വര്‍ദ്ധിപ്പിക്കുന്നതുമാകുന്നു."

തൈരും മോരും ഉറുമാമ്പഴവും ചേര്‍ത്ത് സംസ്കരിച്ചതും സംസ്കരിക്കാത്തതുമായ മാംസരസം ഹിതകരമായ ആഹാരങ്ങളില്പ്പെട്ടതാണെന്ന് സുശ്രുതന്‍ മറ്റൊരിടത്തും പറയുന്നു.

" ഉണങ്ങിയ മാംസം കമ്പിയില്‍ കോര്‍ത്തു തീയില്‍ കാണിച്ചു പാകം വരുത്തിയെടുത്താല്‍ ഏറ്റവും ഗുരുത്വമുള്ളതായിരിക്കും. എണ്ണയില്‍ വറുത്തെടുത്ത മാംസം ഇപ്രകാരം ഗുരുവായിരിക്കും. എന്നാല്‍ നെയ്യില്‍ വറുക്കുന്നത് ലഘുവായിരിക്കും. ജഠരാഗ്നിയെ വര്‍ദ്ധിപ്പിക്കും, ഹൃദ്യമായിരിക്കും (ഹൃദയത്തിനു നല്ലത് എന്ന അര്‍ത്ഥത്തില്‍ ), രുചിപ്രദവും മനസ്സിന്ന് പ്രിയമുള്ളതുമായിരിക്കും. പിത്തത്തെ ശമിപ്പിക്കും, ഉഷ്ണവീര്യമുാവുകയുമില്ല."

" മാംസരസം തൃപ്തിയെ ഉണ്ടാക്കും.ആയുസ്സിനെ വര്‍ദ്ധിപ്പിക്കും, ശ്വാസരോഗം കാസം ക്ഷയം എന്നിവയെ നശിപ്പിക്കും. വാതം പിത്തം കഠിനാധ്വാനം എന്നിവകൊുള്ള ക്ഷീണം മാറ്റും. ഹൃദയത്തിനു നല്ലതാണ്‍.അസ്ഥി നീക്കി മാംസം മാത്രം നന്നായി വേവിച്ചശേഷം വീണ്ടും അരച്ച് തിപ്പലി, ചുക്ക്, കുരുമുളക്, ശര്‍ക്കര, നെയ്യ് എന്നിവ ചേര്‍ത്ത് എല്ലാം കൂടി നല്ലവണ്ണം പാകം ചെയ്തതിന് വേശവാരം എന്ന് പറയുന്നു. ഇത് ഗുരുവാണ്. സ്നിഗ്ധമാണ്. ബലവര്‍ദ്ധകവും വാത വേദനയെ ശമിപ്പിക്കുന്നതുമത്രെ" (ശ്ലോ: 343370).