Image

അബുദാബിയില്‍ കനത്ത മൂടല്‍മഞ്ഞ്‌; അപകടങ്ങളില്‍ 10 പേര്‍ക്ക്‌ പരിക്ക്‌

Published on 27 December, 2011
അബുദാബിയില്‍ കനത്ത മൂടല്‍മഞ്ഞ്‌; അപകടങ്ങളില്‍ 10 പേര്‍ക്ക്‌ പരിക്ക്‌
അബുദാബി: തലസ്‌ഥാന എമിറേറ്റില്‍ ഇന്നലെ പുലര്‍ച്ചെ കനത്ത മൂടല്‍ മഞ്ഞ്‌. താപനില എട്ടു ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞതോടെ പുറത്തിറങ്ങിയവരെല്ലാം തണുത്തുവിറച്ചു. മൂടല്‍മഞ്ഞില്‍ വാഹന ഗതാഗതം ദുസ്സഹമായി. പുലര്‍വേളയില്‍ അബുദാബി എമിറേറ്റിലെ വിവിധ ഭാഗങ്ങളിലുണ്ടായ റോഡപകടങ്ങളില്‍ പത്തു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തു. ഒരു വനിതയുള്‍പ്പെടെ മൂന്നു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. അബുദാബി - ദുബായ്‌ റോഡില്‍ സമീഹ്‌ പാലത്തിനു സമീപം ഇരു വശത്തേക്കുമുള്ള പാതകളില്‍ ദൂരക്കാഴ്‌ച ഇല്ലാതായതിനെത്തുടര്‍ന്നു കൂട്ടിയിടിച്ച്‌ 25 വാഹനങ്ങളാണു തകര്‍ന്നതെന്ന്‌ അബുദാബി പൊലീസ്‌ ട്രാഫിക്‌ ആന്‍ഡ്‌ പട്രോള്‍ ഡയറക്‌ടര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹ്‌മദ്‌ അല്‍ ഹെര്‍തി അറിയിച്ചു.

അബുദാബി പൊലീസ്‌ ഫീല്‍ഡ്‌ ഹോസ്‌പിറ്റല്‍, ആംബുലന്‍സുകള്‍, എമര്‍ജന്‍സി മാനേജ്‌മെന്റ്‌ ആന്‍ഡ്‌ സേഫ്‌റ്റി ടീം, സിവില്‍ ഡിഫന്‍സ്‌ എന്നിവയുടെ സഹായത്തോടെയാണ്‌ ഇന്നലെ രാവിലെ അപകടസ്‌ഥലത്തു സുരക്ഷാ നടപടികള്‍ സ്വീകരിച്ചത്‌. റോഡപകടത്തില്‍ പെട്ടവര്‍ക്ക്‌ അടിയന്തര ശുശ്രൂഷ നല്‍കിയതിനൊപ്പം റോഡിലെ ഗതാഗതക്കുരുക്കൊഴിവാക്കാനും പൊലീസ്‌ നടപടി സ്വീകരിച്ചു. പ്രധാന റോഡുകളിലും ഉള്‍റോഡുകളിലും കനത്ത മൂടല്‍ മഞ്ഞില്‍ ദൂരക്കാഴ്‌ച തടസ്സപ്പെടുന്നത്‌ അപകടസാധ്യത വര്‍ധിപ്പിക്കുന്നു. വരും ദിവസങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞിനുള്ള സാധ്യതയുള്ളതായും പൊലീസ്‌ മുന്നറിയിപ്പു നല്‍കുന്നു.

ഇടറോഡുകളില്‍ നിന്നും ട്രക്ക്‌ റോഡുകളില്‍ നിന്നും പ്രധാന റോഡുകളിലേക്കു ഹെവി വാഹനങ്ങളും ട്രക്കുകളും പ്രവേശിക്കുന്നതു കരുതലോടു കൂടിയാവണം. അപകടസാധ്യതയുള്ള കാലാവസ്‌ഥാ മാറ്റത്തില്‍ വളരെ ജാഗ്രതയോടെ വേണം വാഹനം ഓടിക്കാനെന്നും ട്രാഫിക്‌ പൊലീസ്‌ ചൂണ്ടിക്കാട്ടുന്നു. അശ്രദ്ധ മൂലം അപകടമുണ്ടാക്കുന്ന വാഹനങ്ങള്‍ പൊലീസ്‌ ഒരു മാസത്തേക്കു കണ്ടുകെട്ടും. 200 ദിര്‍ഹം പിഴയും 12 ബ്ലാക്ക്‌ പോയിന്റും പിഴയായി നല്‍കും. തൊഴിലാളികളെ കയറ്റിപ്പോകുന്ന എല്ലാ ബസുകളും മൂടല്‍മഞ്ഞില്‍ വേഗം കുറച്ചുവേണം സഞ്ചരിക്കാന്‍. റോഡില്‍ സഞ്ചാര തടസ്സമുണ്ടെങ്കില്‍ വാഹനം ഓടിക്കരുതെന്നും പൊലീസ്‌ മുന്നറിയിപ്പ്‌ നല്‍കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക