Image

മൂന്നരക്കോടി മലയാളികളുടെ കണക്കുപുസ്‌തകവും പിന്നെ 1,27,000 കോടി രൂപ കടബാധ്യതയുള്ള തറവാടും

(അനില്‍ പെണ്ണുക്കര) Published on 11 March, 2015
മൂന്നരക്കോടി മലയാളികളുടെ കണക്കുപുസ്‌തകവും പിന്നെ 1,27,000 കോടി രൂപ കടബാധ്യതയുള്ള തറവാടും
മാണിക്ക്‌ ജീവനുണ്ടെങ്കില്‍ നാളെ അദ്ദേഹം പതിമൂന്നാം നിയമസഭയുടെ ബജറ്റ്‌ അവതരിപ്പിക്കും.ഇത്‌ മാണിയുടെ ഉറപ്പല്ല.ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പാണ്‌.കുറുപ്പിന്റെ കണക്കുപുസ്‌തകത്തിനു കൊടുത്ത ഉറപ്പ്‌.നിയമസഭാ ഹാളില്‍ പായ വിരിച്ചു കിടന്നാലും മാണിയുടെ ബജറ്റു ബജറ്റായിരിക്കും .ബജറ്റിന്റെ കാര്യത്തില്‍ ഇത്രത്തോളം പഴികേട്ടമറ്റൊരു ധന മന്ത്രി വേറെ ഉണ്ടാവില്ല. കടംകയറി കുത്തുപാളയെടുത്ത വീടിന്റെ വീതം വയ്‌പ്പായിരിക്കും കേരള ബജറ്റ്‌ . പണപ്പെട്ടി കാലിയാണെന്നു വിളിച്ചുപറയുമ്പോഴും പ്രഖ്യാപനങ്ങള്‍ക്കു ഒരു കുറവുമില്ലെന്നാണു മറ്റൊരു സത്യം. വലിയ തറവാടാകുമ്പോള്‍ പത്രാസ്സിനു കുറവുണ്ടാകരുതല്ലോ? 1,27,000 കോടി രൂപ കടബാധ്യതയുള്ള സംസ്ഥാനത്തിന്റെ ബജറ്റ്‌ പ്രസംഗത്തിലെ വാഗ്‌ധോരണി കേള്‍ക്കാനാണു മലയാളി കാത്തുനില്‍ക്കുന്നത്‌.

അടിസ്ഥാനപരമായി മറ്റു വരുമാനമാര്‍ഗമില്ലാതെ നികുതി വരുമാനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന സംസ്ഥാനത്തിന്റെ ഗതികേട്‌. ജന ന സര്‍ട്ടിഫിക്കറ്റിനു മുതല്‍ തുടങ്ങുന്നു മലയാളിയുടെ സര്‍ക്കാരിനു കപ്പം കൊടുക്കല്‍ ബാധ്യത. തൊഴില്‍ക്കരം, വീട്ടുകരം, വസ്‌തുകരം, വാഹനനികുതി എന്നിങ്ങനെ നികുതികള്‍ വേണ്ടത്ര. മരിച്ചുപോയി എന്നു സര്‍ക്കാരിനെ ബോധിപ്പിക്കാന്‍ മരണസര്‍ട്ടിഫിക്കറ്റിനുവരെ പണം കൊടുക്കേണ്ടിവരുന്നു. കുറച്ചുവര്‍ഷംമുമ്പുവരെ സേവനവിഭാഗത്തില്‍പ്പെട്ടു നഷ്ടത്തില്‍ ഓടിക്കൊണ്ടിരുന്ന ആഭ്യന്തരവകുപ്പ്‌ ഇന്നു പണപ്പിരിവില്‍ റവന്യൂ വകുപ്പിനോളം ഉയര്‍ന്നു കഴിഞ്ഞു. കേരളത്തിലെ അഞ്ഞൂറോളം പൊലിസ്‌ സ്‌റ്റേഷനുകളിലെ ഏമാന്മാര്‍ വൈകുന്നേരങ്ങളില്‍ വഴിയിലിറങ്ങി കൈനീട്ടി വാഹനയാത്രക്കാരില്‍ നിന്നു പിടിച്ചെടുക്കുന്ന തുക കഴിഞ്ഞവര്‍ഷം 14 കോടി ആയിരുന്നു. അതിന്റെ പകിട്ട്‌ പൊലിസ്‌ സ്‌റ്റേഷനുകളിലും ദൃശ്യമായിത്തുടങ്ങി. പലപ്പോഴും തള്ളി സ്റ്റാര്‍ട്ടാക്കിയിരുന്ന ജീപ്പിനു പകരം പുതിയ ബൊലേറോ ജീപ്പ്‌. എസ്‌.പി. മാര്‍ക്കു സഞ്ചരിക്കാന്‍ സൈലോയും കമ്മിഷണര്‍ മുതല്‍ മുകളിലേക്കുള്ളവര്‍ക്ക്‌ ഇന്നോവയും. ഇതിനെ ജനങ്ങള്‍ കുറ്റമായി കാണുന്നില്ല. പക്ഷേ, കേരളത്തില്‍ കെട്ടിക്കിടക്കുന്ന അഞ്ചു ലക്ഷം ക്രിമിനല്‍ കേസുകളില്‍ പരിഹാരം കാണാനും ഈ ആത്മാര്‍ത്ഥതയുണ്ടാകണമെന്നാണു ജനം പറയുന്നത്‌.

വിഷയത്തില്‍നിന്നു വ്യതിചലിക്കാതെ കേരളത്തിന്റെ കണക്കുപുസ്‌തകത്തിലൂടെ സഞ്ചരിക്കാം. സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിലെ വന്‍മുന്നേറ്റമാണു കേരളത്തിലെ സാമ്പത്തികരംഗത്തെ തകര്‍ത്തത്‌ എന്ന വാദം ശക്തമാണ്‌. എന്നാല്‍, ദീര്‍ഘവീക്ഷണമില്ലായ്‌മയാണു പ്രതിസന്ധിക്കു കാരണമായതെന്ന വാദത്തിനാണു കൂടുതല്‍ പ്രസക്തിയും വിശ്വാസ്യതയും. കാര്‍ഷികമേഖല തകര്‍ന്നുതുടങ്ങിയപ്പോള്‍ അതിനു ബദലായി തൊഴില്‍ സാധ്യതയും വന്‍നികുതി വരുമാനവുമുള്ള വ്യവസായശാലകള്‍ നമ്മള്‍ പണിതുയര്‍ത്തിയില്ല. മറ്റു സംസ്ഥാനങ്ങള്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ തട്ടിയെടുത്തപ്പോള്‍ നമ്മള്‍ കാഴ്‌ചക്കാരായി നില്‍ക്കുകയും രാഷ്ട്രീയം പറഞ്ഞു തമ്മില്‍ തല്ലുകയും ചെയ്‌തു. ഇവിടെയൊരു പദ്ധതി വന്നാലോ, നടപ്പാക്കാന്‍ ഒച്ചിഴയുന്ന വേഗവും. മെട്രോ റെയിലും വിഴിഞ്ഞം പദ്ധതിയും വല്ലാര്‍പാടവുമൊക്കെ ഉദാഹരണങ്ങള്‍ മാത്രം. തുടക്കംമുതല്‍ കല്ലുകടിയായ മെട്രോ നിര്‍മാണം നിലച്ചിട്ടു ഒരുമാസം പിന്നിടുന്നു. ലക്ഷകണക്കിനു രൂപയാണ്‌ നിര്‍മാണം നടക്കാതെ വരുമ്പോഴുള്ള പ്രതിദിന നഷ്ടം. ഇത്തവണ കേന്ദ്ര ബജറ്റില്‍ മെട്രോയ്‌ക്ക്‌ എണ്ണൂറുകോടിയിലേറെ വകയിരുത്തിയിട്ടുണ്ട്‌. ഇതു കുറവാണെന്നാണു പൊതുവെയുള്ള വാദം. ഇപ്പോഴത്തെ രീതിയിലാണു നിര്‍മാണമെങ്കില്‍ ഉദ്ദേശിച്ചതിനേക്കാള്‍ ഇരട്ടിത്തുകയാവും പദ്ധതി പൂര്‍ത്തിയാകാന്‍. കേരളത്തിലെ പ്രധാനപാതയായ എം.സി റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനവും നീണ്ടുപോയ പദ്ധതിയാണ്‌. തിരുവനന്തപുരത്തു നിന്നു മൂവാറ്റുപുഴ വരെ നീളുന്ന ഈ പാതയുടെ നിര്‍മാണം ചെങ്ങന്നൂര്‍വരെ ആയപ്പോള്‍ സ്ഥലം ഏറ്റെടുക്കല്‍പോലെയുള്ള പ്രശ്‌നങ്ങളുയര്‍ന്നു. പ്രവൃത്തി നിലയ്‌ക്കുകയും ചെയ്‌തു. ഇപ്പോള്‍ അതിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുവാന്‍ പോകുകയാണ്‌. അന്ന്‌ ഒരു കിലോമീറ്റര്‍ പാതനിര്‍മാണത്തിന്‌ ഒന്നരക്കോടിയാണു ചെലവെങ്കില്‍ ഇന്ന്‌ അഞ്ചുകോടിയാണ്‌. ആരാണ്‌ ഈ കെടുകാര്യസ്ഥതക്ക്‌ ഉത്തരവാദി? ഭരണാധികാരികളെ മാത്രം കുറ്റം പറയുവാന്‍ കഴിയില്ല.

കേരള ജനത പുനര്‍വിചിന്തനത്തിനു തയ്യാറാകേണ്ടിയിരിക്കുന്നു. സംസ്ഥാന നികുതിവരുമാനത്തിന്റെ 96 ശതമാനവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും പെന്‍ഷനും മാത്രമായാണ്‌ ഉപയോഗിക്കുന്നത്‌. ഈ അവസ്ഥയെ മറികടക്കുവാന്‍ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായം ആരംഭിച്ചെങ്കിലും അതിന്റെ പ്രയോജനം ഇപ്പോഴൊന്നും സര്‍ക്കാരിനു ലഭിക്കില്ല. ഇപ്പോള്‍ സര്‍വീസിലുള്ളവര്‍ക്കു പഴയ പെന്‍ഷന്‍ സമ്പ്രദായം തുടരുന്നതിനാലാണിത്‌. ഇരുട്ടടിപോലെ അടുത്ത രണ്ടുവര്‍ഷങ്ങളിലായി നാല്‍പ്പതിനായിരത്തിലേറെ ജീവനക്കാരാണു സര്‍വീസില്‍ നിന്നു വിരമിക്കുന്നത്‌. ഇവരുടെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ശതകോടികള്‍ വേണം. ബജറ്റില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി പ്രതിസന്ധിയെ തരണം ചെയ്യുമോ എന്നാണു അറിയാനുള്ളത്‌. ഇതു യുവജനങ്ങളുടെ വന്‍പ്രതിഷേധത്തിനു കാരണമാകുമെന്നു സര്‍ക്കാര്‍ കരുതുന്നു. ഇപ്പോള്‍ സര്‍വീസില്‍ കയറുന്നവരുടെ പെന്‍ഷന്‍ പ്രായം 60 ആണെന്നും രണ്ടുതരം പെന്‍ഷന്‍പ്രായരീതി നിയമപരമായി നിലനില്‍ക്കില്ലെന്നുമുള്ള വാദവുമുണ്ട്‌. കേരളത്തിനു കടമെടുക്കാനുള്ള കേന്ദ്രപരിധിയായ 14000 കോടിയില്‍ 13000 കോടിയും എടുത്തു കഴിഞ്ഞു. ആയിരം കോടി മാത്രമാണ്‌ ഇനി കടമെടുപ്പു പരിധി. ധനക്കമ്മി നേരിടുന്ന സംസ്ഥാനങ്ങളെ സഹായിക്കുവാന്‍ മൂന്നു വര്‍ഷത്തേക്കു 14000 കോടി കേന്ദ്രം അനുവദിച്ചിട്ടുണ്ടെങ്കിലും അത്‌ ഉടന്‍ ലഭ്യമാകില്ല. അടുത്തതവണ കേന്ദ്രവിഹിതത്തിലും ഒന്നര ശതമാനത്തിന്റെ വര്‍ധനയുണ്ട്‌.

എന്തൊക്കെ ആനുകുല്യങ്ങള്‍ വിളിച്ചു കുവിയാലും കേരളത്തില്‍ ഒന്നും സംഭവിക്കില്ല.കാരണം പൊളിഞ്ഞു കൊണ്ടിരിക്കുന്ന ഒരു വീട്ടില്‍ നിന്നും വലുതായൊന്നും പ്രതീക്ഷിക്കരുത്‌.വല്ല സോപ്പോ തീപ്പട്ടിയോ നനഞ്ഞ പടക്ക്‌മൊ വല്ലതും നോക്കിയാല്‍ മതി ..

ഇതൊക്കെ മാണിയുടെ കണക്കു പുസ്‌തകത്തിന്റെ കഥ.
മാണിയെ ബജറ്റ്‌ അവതരിപ്പിക്കാന്‍ വി എസ്സും കൂട്ടരും സമ്മതിചില്ലങ്കില്‍ സഭയില്‍ പോലിസിനെ കയറ്റുമോ .അങ്ങനെ വന്നാല്‍ അതിന്റെ നാണക്കേട്‌ ആര്‍ക്കായിരിക്കും ?.
ഉമ്മന്‍ ചാണ്ടിക്കോ അതോ രമേശ്‌ ചെന്നിത്തലയ്‌ക്കോ ?
മൂന്നരക്കോടി മലയാളികളുടെ കണക്കുപുസ്‌തകവും പിന്നെ 1,27,000 കോടി രൂപ കടബാധ്യതയുള്ള തറവാടും
Join WhatsApp News
ben kurian 2015-03-12 00:33:38
 അനിൽ,  ഉഗ്രൻ !!!   Continue your writing...  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക