Image

സ്ത്രീയെ ബഹുമാനിക്കാത്തവര്‍ പ്രകൃതിയേയും സമൂഹത്തെയും സ്‌നേഹിക്കാത്തവര്‍: ലൈസി അലെക്‌സ്

Published on 09 March, 2015
സ്ത്രീയെ ബഹുമാനിക്കാത്തവര്‍ പ്രകൃതിയേയും സമൂഹത്തെയും സ്‌നേഹിക്കാത്തവര്‍: ലൈസി അലെക്‌സ്
ന്യൂയോര്‍ക്ക്: സ്ത്രീകള്‍ സമൂഹത്തില്‍ ബഹുമാനിക്കപ്പെടേണ്ടവരാണെന്നും സ്ത്രീയെ ബഹുമാനിക്കാത്തവര്‍ പ്രകൃതിയേയും സമൂഹത്തെയും സ്‌നേഹിക്കുന്നില്ലെന്നും പ്രവാസി മലയാളി ഫെഡറേഷന്‍ വിമന്‍സ് ഫോറം ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ലൈസി അലെക്‌സ്. സ്ത്രീദിനമായി ലോകമാകെ ആചരിച്ച മാര്‍ച്ച് എട്ടിനു പുറത്തിറക്കിയ ഒരു പ്രസ്താവനയിലൂടെ ലൈസി അറിയിച്ചതാണിത്.

പുരുഷന്റെയും, സമൂഹത്തിന്റെയും നിര്‍ദ്ദയമായ ചൂഷണങ്ങളും അടിമത്തവും സഹിച്ചുകൊണ്ടായിരുന്നു സ്ത്രീകള്‍ ഇക്കാലമത്രയും കഴിഞ്ഞിരുന്നത്. ഇതിന്നെതിരെ സ്ത്രീകള്‍ പടുത്തുയര്‍ത്തിയ പ്രതിഷേധങ്ങള്‍ ആണ് സ്ത്രീകള്‍ ഇന്നനുഭവിക്കുന്ന പരിമിതമായ സ്വാതന്ത്ര്യങ്ങള്‍ക്കു പോലും പുതിയ ഉണര്‍വ്വും ശക്തിയും പ്രദാനം ചെയ്തത്. തുല്യ പൌരത്വത്തിനും രാഷ്ട്രീയ സാമൂഹിക സമത്വങ്ങള്‍ക്കും വേണ്ടിയുള്ള സ്ത്രീകളുടെ അവകാശ സമരങ്ങളിലെ നിര്‍ണ്ണായകമായ കാലഘട്ടമാണിത്.

ലോകത്തിലെ പല രാജ്യങ്ങളിലും സംസ്‌കാരങ്ങളിലും ഇന്നും സ്ത്രീകള്‍ സ്വതന്ത്രരൊ, തുല്യരോ അല്ല! പുരുഷന്മാര്‍ അവരെ ഗാര്‍ഹിക അടിമകളായും, ഭോഗവസ്തുവായും, സന്താനസൃഷ്ടിക്കുള്ള യന്ത്രവുമായാണ് കാണുന്നത്. ഇന്നും സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും, പുറത്തിറങ്ങി നടക്കാനുമുള്ള സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട അവസ്ഥയാണ് പല രാജ്യങ്ങളിലും. ജോലി സ്ഥലങ്ങളിലും, മറ്റു സമൂഹങ്ങളിലും അവരെ രണ്ടാംതര പൗരന്മാരായാണ് കാണുന്നത്. ഒരേ ജോലിക്ക് സ്ത്രീകള്‍ക്ക് പുരുഷനെക്കാള്‍ കുറഞ്ഞ വേതനം ലഭിക്കുന്നു. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കരുതുന്ന രാജ്യങ്ങളിലും ഇന്നും ഭയത്തോടെ മാത്രമെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കൂ. അതിനൊക്കെ തെളിവുകളാണ് ലോകത്തില്‍ പിച്ചിച്ചീന്തപ്പെടുന്ന സ്ത്രീ ശരീരങ്ങള്‍.

പ്രവാസി മലയാളി ഫെഡറേഷന്‍ സ്ത്രീകള്‍ക്ക് തുല്യത നല്‍കുന്ന ഒരു സംഘടനയാണ്. പ്രവാസി മലയാളികളില്‍ ഭൂരിഭാഗവും സ്വന്തം കുടുംബത്തിന്റെയും നാടിന്റെയും നന്മയ്ക്കായി വിദേശങ്ങളില്‍ കഴിയുന്ന സ്ത്രീകള്‍ ആണ്. അവരെ ഏകോപിപ്പിക്കേണ്ടതും, ആവശ്യങ്ങളില്‍ സഹായിക്കേണ്ടതും ഒരു കര്‍ത്തവ്യം എന്ന നിലയിലാണ് സംഘടന ഏറ്റെടുത്തിരിക്കുന്നത്.

ഇതിനോടകം ഇറാക്ക്, ലിബിയ, മറ്റ് ഗള്‍ഫ് നാടുകള്‍ എന്നിവിടങ്ങളില്‍ പ്രയാസങ്ങളില്‍ കഴിഞ്ഞിരുന്ന നൂറുകണക്കിനു മലയാളി നേഴ്‌സുമാര്‍ക്കും, ഗാര്‍ഹിക തൊഴിലാളികള്‍ക്കും സഹായം നല്‍കാന്‍ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. സംഘടനയുടെ മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തങ്ങളിലും സ്ത്രീകള്‍ക്കു പ്രാധാന്യം നല്‍കി കൊണ്ടായിരിക്കും സംഘടന പ്രവര്‍ത്തിക്കുക. ഓഗസ്റ്റില്‍ തിരുവനന്തപുരത്തു നടക്കുന്ന 'പ്രവാസി മലയാളി കുടുംബസംഗമം'ത്തില്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ പങ്കെടുക്കുന്നതും, സ്ത്രീ ശാക്തീകരണ വിഷയത്തില്‍ ബോധവല്‍ക്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുന്നതുമായിരിക്കും.

സ്ത്രീകള്‍ സ്വയംപര്യാപ്തത കൈവരിക്കണമെങ്കില്‍, അവര്‍ക്ക് സമൂഹത്തില്‍ നേരിടുന്ന അനീതികളും അസമത്വങ്ങളും പീഡനങ്ങളും അവസാനിക്കണമെങ്കില്‍ സ്ത്രീകള്‍ പ്രതിബന്ധങ്ങളെ മറികടന്ന് ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം. സംഘടനകളും, സമൂഹവും അതിനായുള്ള അവസരങ്ങള്‍ ഒരുക്കണം. ഭാവിയില്‍ സാമ്പത്തികമായും രാഷ്ട്രീയമായും വിജയിക്കുന്ന സ്ത്രീകളാക്കി വാര്‍ത്തെടുക്കണം!

ആദിവാസികളുടെ ഭൂമിക്കായുള്ള പോരാട്ടത്തില്‍ തന്റെ നില്‍പ്പ് സമരത്തിലൂടെ ചരിത്രം കുറിച്ച് 2015ലെ ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീശക്തി പുരസ്‌കാരം കരസ്ഥമാക്കിയ ശ്രീമതി സി.കെ ജാനുവിനെ ഈ അവസരത്തില്‍ അനുമോദിക്കുന്നതായും ലൈസി അറിയിച്ചു.
സ്ത്രീയെ ബഹുമാനിക്കാത്തവര്‍ പ്രകൃതിയേയും സമൂഹത്തെയും സ്‌നേഹിക്കാത്തവര്‍: ലൈസി അലെക്‌സ്സ്ത്രീയെ ബഹുമാനിക്കാത്തവര്‍ പ്രകൃതിയേയും സമൂഹത്തെയും സ്‌നേഹിക്കാത്തവര്‍: ലൈസി അലെക്‌സ്
Join WhatsApp News
വിദ്യാധരൻ 2015-03-09 18:29:38
എത്ര നാര്യസ്തു പൂജ്യന്തേ 
രമന്തേ തത്ര ദേവതാ 
യ്ത്രൈതാസ്തു നാ പൂജ്യന്തേ 
സർവാസ്ത്രാഫലാ : ക്രിയാ: (മനുസ്മൃതി )

എവിടെ സ്ത്രീകൾ ആധരിക്കപ്പെടുന്നവോ അവിടെ ദേവതകൾ പ്രസാദിക്കുന്നു. എവിടെ അവർ ആദരിക്കപ്പെടുന്നില്ലയോ അവിടെ ചെയ്യപ്പെടുന്ന പ്രവർത്തികളെല്ലാം വിഫലങ്ങളായിപ്പോകും .  സ്ത്രീകൾ ആദരിക്കപ്പെടുന്ന ഗൃഹങ്ങളിൽ ശാന്തിയും ഐശ്വര്യവും നിറയുമെന്നും അവർ ദു:ഖിക്കാൻ ഇടവരുന്ന ഗൃഹങ്ങൾ നാശമടയുമെന്നും സാരം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക