Image

വ്യത്യസ്‌ത ഭാവങ്ങളുമായി ഹണി മുന്നോട്ട്‌

ആശ പണിക്കര്‍ Published on 09 March, 2015
വ്യത്യസ്‌ത ഭാവങ്ങളുമായി ഹണി മുന്നോട്ട്‌
റംഗ്‌ മാസ്റ്റര്‍ എന്ന ചിത്രം കണ്ടവരാരും ഹണിയെ മറക്കാന്‍ സാധ്യതയില്ല. അതിലെ സരസു എന്ന കഥാപാത്രം അത്ര ഭംഗിയോടെ അവതരിപ്പിച്ച ഹണിക്ക്‌ ഇപ്പോള്‍ സൂപ്പര്‍താരങ്ങളോടൊപ്പമാണ്‌ ചിത്രങ്ങള്‍. ജയറാമിനൊപ്പം സര്‍ സി.പി, സുരേഷ്‌ ഗോപിക്കൊപ്പം മൈ ഗോഡ്‌. ഹണി മുന്നേറുകയാണ്‌. ഒരു പക്ഷേ പല നായികമാരും ന്യൂജെനറേഷന്‍ ലുക്കിലേക്ക്‌ മാറുന്ന ഈ അവസരത്തില്‍ ഹണി അതില്‍ നിന്നും പരമ്പരാഗത ലുക്കിലേക്ക്‌ മാറാന്‍ ധൈര്യം കാട്ടിയ നടിയാണ്‌. ഗെറ്റപ്പില്‍ മാത്രമല്ല, ഇത്തിരി ഇന്റിമസി ആയി അഭിനയിക്കേണ്ട സീനുകളില്‍ അഭിനയിക്കാനും ഹണിക്കു മടിയില്ല. മുരളീ ഗോപിക്കൊപ്പം വണ്‍ ബൈ ടുവില്‍ അഭിനയിച്ച കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്‌തു. ഹണിയുടെ വിശേഷങ്ങളിലേക്ക്‌

*ഹണി ഇപ്പോള്‍ കൂടുതല്‍ സെലക്‌ടീവായോ?

ഞാന്‍ സിനിമയില്‍ വന്ന കാലം മുതല്‍ തന്നെ വളരെ സെലക്‌ടീവ്‌ ആയി അഭിനയിക്കുന്ന ആളാണ്‌. എന്നാല്‍ മനസിനിണങ്ങിയ കഥയും കഥാപാത്രങ്ങളുമെല്ലാം ചെയ്യാന്‍ അവസരം വന്നത്‌ ഇപ്പോഴാണ്‌. മുമ്പ്‌ എനിക്കു മുന്നില്‍ വന്ന പല സിനിമകളുടെയും കഥ എനിക്ക്‌ താല്‍പര്യമില്ലായിരുന്നു. അതുകൊണ്ടാണ്‌. ഇപ്പോള്‍ നല്ല കഥാപാത്രങ്ങള്‍ എന്നെ തേടി വരുന്നുണ്ട്‌. .

ഹണിയെന്നു പറയുമ്പോള്‍ തന്നെ ഒരു ന്യൂ ജെനറേഷന്‍ സിനിമയിലെ നായികയുടെ മട്ടും ഭാവവുമാണ്‌ പ്രേക്ഷകര്‍ക്ക്‌ ഓര്‍മ വരുന്നത്‌?

ആദ്യമെല്ലാം അഭിനയിച്ചത്‌ അത്തരം വിഭാഗത്തില്‍ പെട്ട സിനിമകളായിരുന്നു. എന്നാലിപ്പോള്‍ ചെയ്‌ത കഥാപാത്രങ്ങള്‍ക്ക്‌ ആ രൂപം ആവശ്യമില്ല. കഥാപാത്രത്തിനനുസരിച്ച്‌ നമ്മള്‍ മാറണം. എങ്കില്‍ മാത്രമേ ഒരു നടിയെന്ന നിലയ്‌ക്ക്‌ നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കൂ.

ജയറാമും സുരേഷ്‌ ഗോപിയും രണ്ട്‌ പേരും സൂപ്പര്‍ താരങ്ങള്‍. എങ്ങനെയുണ്ടായിരുന്നു അവര്‍ക്കൊപ്പമുള്ള അഭിനയം?

രണ്ടു പേരും രണ്ട്‌ വിധത്തിലുള്ള നേച്ചര്‍ ഉളളവരാണ്‌. നമ്മളെ നന്നായി സപ്പോര്‍ട്ട്‌ ചെയ്യുന്നവരായിരുന്നു. ഒരിക്കലും ടെന്‍ഷനടിക്കേണ്ടി വന്നില്ല എന്നത്‌ ശരിക്കും ഒരുനുഗ്രഹമാണ്‌. എല്ലാവരും ഒന്നിച്ച്‌ കുടുംബം പോലെ തന്നെയായിരുന്നു സെറ്റില്‍. പിന്നെ ജയററാം ചേട്ടന്‍ നല്ല തമാശയാണ്‌.

*സര്‍.സിപിയിലെ കഥാപാത്രത്തെ കുറിച്ച്‌?

സര്‍.സി.പ്പിയിലെ കഥാപാത്രത്തിന്റെ പേര്‌ ആലീസ്‌ എന്നാണ്‌. വളരെ ബോള്‍ഡായ കഥാപാത്രമാണ്‌ ആലീസ്‌. അച്‌ഛന്റെ മരണത്തെ തുടര്‍ന്ന്‌ വീട്ടിലെ പ്രാരാബ്‌ദങ്ങളെല്ലാം ഏറ്റെടുക്കേണ്ടി വന്ന കഥാപാത്രമാണ്‌ എന്റേത്‌. പുറത്തൊക്കെയാണ്‌ പഠിച്ചതെങ്കിലും നാട്ടിന്‍പുറത്തെ വീട്ടില്‍ വന്ന്‌ വീടിന്റെ ഉതതരവാദിത്വം ഏറ്റെടുത്തതോടെ പെട്ടെന്ന്‌ തന്നെ പക്വത വന്ന ഒരു കഥാപാത്രം. കുടുംബഭാരം ഏറ്റെടുത്ത്‌ ജോലി അന്വേഷിക്കുന്ന വേളയിലാണ്‌ ജയറാമേട്ടന്റെ സര്‍.സിപി എന്ന കഥാപാത്രത്തെ കണ്ടുമുട്ടുന്നത്‌. അതിനുശേഷമുണ്ടാകുന്ന രസകരമായ അനുഭവങ്ങളാണ്‌ സിനിമ. സിനിയില്‍ മുക്കാലും ഞാന്‍ സാരിയിലാണ്‌. എന്നാല്‍ അതില്‍ തന്നെ ഒരു മോഡേണ്‍ ലുക്ക്‌ വരുന്ന രീതിയിലാണ്‌ സാരി ഉപയോഗിച്ചിട്ടുള്ളത്‌.

സുരേഷ്‌ ഗോപിക്കൊപ്പം മൈഗോഡില്‍ നായികയാണ്‌ ഹണി?

സുരേഷേട്ടന്റെ നായികയായിട്ടാണ്‌ അഭിനയിക്കുന്നത്‌. അതില്‍ തനി നാടന്‍ കഥാപാത്രമാണ്‌. ഡോക്‌ടര്‍ അനിതാ ഭട്ടതിരിപ്പാട്‌ എന്നാണ്‌ കഥാപാത്രത്തിന്റെ പേര്‌്‌. ക്‌ളിനിക്കല്‍ സൈക്കോളജിസ്റ്റാണ്‌ അനിത. തന്റെ കരിയറിനു വേണ്ടി എത്ര ത്യാഗം സഹിക്കാനും മടിയില്ലാത്ത ഒരാള്‍. പഠനത്തില്‍ പിന്നിലായ, മാതാപിതാക്കളെ വിഷമിപ്പിക്കുന്ന ഒരു പതിനഞ്ചുകാരന്‍ യാദൃശ്ചികമായി ഞങ്ങളുടെ ജീവിതത്തിലേക്ക്‌ വരുന്നു. അതാണ്‌ സിനിമയുടെ കഥ. ഇതു കഴിഞ്ഞാല്‍ ആസിഫ്‌ അലിയോടൊപ്പം യൂ ടൂ ബ്രൂട്ടസും ജയസൂര്യയോടൊപ്പം കുമ്പസാരവുമാണ്‌ ഇനിയുള്ള സിനിമകള്‍. യൂ ടൂ ബ്രൂട്ടസില്‍ പാട്ടുകാരിയുടെ വേഷത്തിലാണ്‌ എത്തുന്നത്‌്‌. പ്രേക്ഷകര്‍ക്ക്‌ ഇഷ്‌ടപ്പെടുന്ന രീതിയിലുള്ള ഒരു കഥാപാത്രമായിരിക്കും അതില്‍.
വ്യത്യസ്‌ത ഭാവങ്ങളുമായി ഹണി മുന്നോട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക