Image

ലോക്പാല്‍- ലോകായുക്ത ബില്‍ ഇന്ന് ലോക്‌സഭയില്‍

Published on 26 December, 2011
ലോക്പാല്‍- ലോകായുക്ത ബില്‍ ഇന്ന്   ലോക്‌സഭയില്‍
ലോക്പാല്‍- ലോകായുക്ത ബില്‍ ചൊവ്വാഴ്ച ലോക്‌സഭയില്‍ ചര്‍ച്ചയ്ക്കുവരും.
ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഹാജരാകണമെന്ന് കോണ്‍ഗ്രസ്സും ബി.ജെ. പി.യും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. അതേ സമയം, ബില്‍ ദുര്‍ബലമാണെന്നും അഴിമതി തടയാന്‍ പര്യാപ്തമല്ലെന്നും ആരോപിച്ച്, പാര്‍ലമെന്റിനു പുറത്തുള്ള പോരാട്ടത്തിനായി അണ്ണ ഹസാരെയുടെ സംഘവും അരയുംതലയും മുറുക്കിക്കഴിഞ്ഞു. ഹസാരെ ചൊവ്വാഴ്ച മുംബൈയില്‍ മൂന്നുദിവസത്തെ ഉപവാസം തുടങ്ങുകയാണ്. ഡല്‍ഹിയില്‍ ഡിസംബര്‍ 30-ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടേതു ള്‍പ്പെടെ പ്രമുഖരുടെ വീടുകള്‍ പിക്കറ്റ് ചെയ്ത് അറസ്റ്റുവരിക്കാനും ഹസാരെസംഘം തീരുമാനിച്ചിട്ടുണ്ട്.

ബില്ലിന് നാലു ഭേദഗതികള്‍ കൊണ്ടുവരാനാണ് ബി.ജെ.പി. ഉദ്ദേശിക്കുന്നത്. സി.ബി.ഐ.യെ ലോക്പാലിന്റെ മേല്‍നാട്ടത്തിലും ഭരണത്തിന്‍ കീഴിലുമാക്കണമെന്ന ആവശ്യമാണ് ഇതില്‍ ഏറ്റവും പ്രധാനം. പിന്നെ ഒന്ന് ന്യൂനപക്ഷങ്ങള്‍ക്കുള്ള സംവരണം ഒഴിവാക്കണം എന്നതാണ്. ന്യൂനപക്ഷത്തിന് നല്‍കിയ സംവരണം ഭരണഘടനാവിരുദ്ധമാണെന്ന് പാര്‍ട്ടി കരുതുന്നു. സംസ്ഥാനങ്ങളില്‍ ലോകായുക്ത സ്ഥാപിക്കുന്നതിനെയും എതിര്‍ക്കും.

ലോക്പാലിന് ഒരു പ്രത്യേക അന്വേഷണവിഭാഗം വേണമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെടുന്നത്. ലോക്പാലിനെ തിരഞ്ഞെടുക്കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതിനേക്കാള്‍ വിശാലാടിസ്ഥാനത്തിലുള്ള ഒരു സമിതി വേണമെന്നാണ് ഇടതുപക്ഷത്തിന്റെ മറ്റൊരു ആവശ്യം. പ്രധാനമന്ത്രിയെ ലോക്പാലില്‍ , ഉപാധികളോടെയാണെങ്കിലും ഉള്‍പ്പെടുത്തിയതിനെ ആര്‍.ജെ.ഡി.യും സമാജ്‌വാദി പാര്‍ട്ടിയും എതിര്‍ക്കുന്നുണ്ട്.

കോണ്‍ഗ്രസ്സും ബി.ജെ.പി.യും ആര്‍.ജെ.ഡി.യും ജെ. ഡി.-യുവുമുള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്കെല്ലാം ബില്ലിന്റെ 24-ാം വകുപ്പിനോട് എതിര്‍പ്പുണ്ട്. ലോക്പാലിന്റെ റിപ്പോര്‍ട്ട് പ്രകാരം, വിചാരണ കഴിയുംമുമ്പേ എം.പി.മാര്‍ക്കെതിരെ നടപടി എടുക്കാന്‍ സ്​പീക്കറെയും രാജ്യസഭാ അധ്യക്ഷനെയും അനുവദിക്കുന്നതാണ് 24-ാം വകുപ്പ്. ജനപ്രതിനിധികള്‍ക്കുള്ള പരമാധികാരം ചോദ്യംചെയ്തുകൊണ്ട് അവര്‍ക്കു മീതെ ലോക്പാലിനെ സ്ഥാപിക്കുന്നതിനെ ശിവസേന എതിര്‍ക്കും.

ലോക്‌സഭയില്‍ ബില്‍ പാസാവുകയാണെങ്കില്‍ അടുത്ത ഘട്ടമായി അത് രാജ്യസഭയിലേക്ക് അയയ്ക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക