Image

കേന്ദ്ര സെക്രട്ടറിയും ചലച്ചിത്ര ബാലതാരവുമായ വിലാസിനി രാമചന്ദ്രന്‍ (62) അന്തരിച്ചു

Published on 05 March, 2015
കേന്ദ്ര സെക്രട്ടറിയും ചലച്ചിത്ര ബാലതാരവുമായ വിലാസിനി രാമചന്ദ്രന്‍ (62) അന്തരിച്ചു
തിരുവനന്തപുരം: കേന്ദ്ര സെക്രട്ടറിയും ചലച്ചിത്ര ബാലതാരവുമായിരുന്ന വട്ടിയൂര്‍ക്കാവ്‌ കുരുവിക്കാട്‌ ത്രിഭുവനില്‍ വിലാസിനി രാമചന്ദ്രന്‍ (62) അന്തരിച്ചു. ഗുജറാത്ത്‌ കേഡറില്‍ 1977 ബാച്ച്‌ ഐഎഎസ്‌ ഉദ്യോഗസ്‌ഥയായിരുന്നു. കേന്ദ്രത്തില്‍ ശുദ്ധജല -ശുചീകരണ വകുപ്പ്‌ സെക്രട്ടറിയായി രണ്ടു വര്‍ഷം മുന്‍പാണു വിരമിച്ചത്‌. എയര്‍ കമ്മഡോര്‍ (റിട്ട.) കെ. രാമചന്ദ്രനാണു ഭര്‍ത്താവ്‌. മക്കള്‍: സുകന്യ (വിപ്രോ), സുകുമാര്‍ (കാനഡ). മരുമക്കള്‍: തേജസ്വി സിങ്‌, ശ്വേത. സംസ്‌കാരം ഇന്നു 10നു തൈക്കാട്‌ ശാന്തികവാടത്തില്‍. തിരുവനന്തപുരം ഓള്‍ സെയ്‌ന്റ്‌സ്‌ കോളജില്‍ ഇംഗ്ലിഷ്‌ അധ്യാപികയായി പ്രവര്‍ത്തിക്കുമ്പോഴാണ്‌ ഐഎഎസ്‌ ലഭിച്ചത്‌. രണ്ടു തവണ വഡോദരയില്‍ മുനിസിപ്പല്‍ കമ്മിഷണറായിരുന്നു. വല്‍സാഡ്‌, സൂറത്ത്‌ എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ ധനകാര്യ ഉപദേഷ്‌ടാവ്‌, ധനവിനിയോഗ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചു. നാലു വര്‍ഷത്തോളം ഡല്‍ഹിയില്‍ ഉണ്ടായിരുന്നു.

നാട്യാചാര്യന്‍ ഗുരു ഗോപിനാഥിന്റെ മകളായിരുന്നു. അറുപതുകളുടെ തുടക്കത്തില്‍ ഭക്‌തകുചേലയില്‍ ശ്രീകൃഷ്‌ണനായി അഭിനയിച്ചാണു ബാലതാരമായുള്ള അരങ്ങേറ്റം. മൂടുപടം, ലൈല മജ്‌നു, കടലമ്മ, ചിലമ്പൊലി, ലില്ലി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ലൈല മജ്‌നുവിലെ `കൂട്ടിനിളം കിളി പുന്നാര പൈങ്കിളി.., മൂടുപടത്തിലെ `മാനത്തുള്ളൊരു വലിയമ്മാവന്‌... തുടങ്ങിയ ഗാനരംഗങ്ങളില്‍ വിലാസിനിയാണ്‌ അഭിനയിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക