Image

കൊക്കെയ്‌ന്‍ കേസ്‌: ഷൈന്‍ ടോമിന്റെ ജാമ്യാപേക്ഷ തള്ളി

Published on 01 March, 2015
കൊക്കെയ്‌ന്‍ കേസ്‌: ഷൈന്‍ ടോമിന്റെ ജാമ്യാപേക്ഷ തള്ളി
കൊക്കെയ്‌ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള ആദ്യ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി തള്ളി. കേസിലെ ഒന്നാം പ്രതി രേഷ്‌മ രംഗസ്വാമി, രണ്ടാം പ്രതി ബ്ലെസി സില്‍വസ്‌റ്റര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ്‌ ഷൈനിനൊപ്പം തള്ളിയത്‌. കേസിലെ മൂന്നാം പ്രതിയാണ്‌ ഷൈന്‍. ഷൈനിനു ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ മാതാപിതാക്കളും സഹോദരങ്ങളും കോടതിയില്‍ എത്തിയിരുന്നു.

ഡിഎന്‍എ പരിശോധന, എച്ച്‌പിഎല്‍സി പരിശോധന എന്നിവയ്‌ക്കായി പൊലീസ്‌ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകളും കോടതി പരിഗണിച്ചു. അതേസമയം, പ്രതികളുടെ രക്‌തത്തില്‍ കൊക്കെയ്‌ന്‍ കണ്ടെത്താനായില്ലെന്ന തിരുവനന്തപുരം ഫൊറന്‍സിക്‌ ലാബിന്റെ റിപ്പോര്‍ട്ടിനെതിരെ പ്രൊസിക്യൂഷന്‍ രംഗത്തുവന്നു. ലാബിലെ പരിശോധകരെ പ്രതികള്‍ സ്വാധീനിച്ചെന്നാണു പ്രൊസിക്യൂഷന്റെ ആരോപണം. ഈ ലാബിലേക്ക്‌ സാംപിളുകള്‍ അയച്ചാല്‍ മാസങ്ങള്‍ കഴിഞ്ഞാലും പരിശോധനാ ഫലം ലഭിക്കാറില്ല.

എന്നാല്‍ ഇത്രയും പെട്ടെന്ന്‌ പ്രതികള്‍ക്ക്‌ അനുകൂലമായ പരിശോധനാ ഫലം വന്നത്‌ ദുരൂഹമാണെന്നു പ്രൊസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കേസിലെ ഒന്നാം പ്രതിയായ രേഷ്‌മ രംഗസ്വാമിയുടെ ജീന്‍സിന്റെ പോക്കറ്റില്‍ പൊലീസ്‌ ബലം പ്രയോഗിച്ച്‌ കൊക്കെയ്‌ന്‍ പാക്കറ്റ്‌ തിരുകുകയായിരുന്നെന്നു രേഷ്‌മയുടെ അഭിഭാഷകന്‍ വാദിച്ചു.

സാക്ഷികളെല്ലാം പൊലീസ്‌, എക്‌സൈസ്‌ ഉദ്യോഗസ്‌ഥരായതിനാല്‍ പ്രതികള്‍ക്കു ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും സ്വാധീനിക്കുമെന്നുമുള്ള വാദത്തിനു പ്രസക്‌തിയില്ല. ചലച്ചിത്ര നടനായ ഷൈന്‍ ടോം ചാക്കോ, ജാമ്യം ലഭിച്ചാല്‍ നാടുവിടുമെന്നു പ്രൊസിക്യൂഷന്‍ പറയുന്നത്‌ അസംബന്ധമാണെന്നു ഷൈനിന്റെ അഭിഭാഷകന്‍ വാദിച്ചു.
കൊക്കെയ്‌ന്‍ കേസ്‌: ഷൈന്‍ ടോമിന്റെ ജാമ്യാപേക്ഷ തള്ളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക