Image

ഇന്ത്യന്‍ റുപ്പി: ഇന്ത്യാക്കാരുടെ കരണത്തടിക്കുന്നു

ജോസ് കാടാപുറം Published on 26 December, 2011
ഇന്ത്യന്‍ റുപ്പി: ഇന്ത്യാക്കാരുടെ കരണത്തടിക്കുന്നു
രഞ്ജിത്തിന്റെ പ്രശസ്തമായ സിനിമയാണ് ഇന്‍ഡ്യന്‍ റുപ്പി. ഇതിലെ നായകന്‍ പണത്തിന്റെ മായാലോകത്തേക്ക് സ്വപ്നം കണ്ട്, ഊളിയിട്ട്‌ നീങ്ങി അവസാനം ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് തിരിച്ചു വന്ന് ഉള്ളതുകൊണ്ട് അദ്ധ്വാനിച്ചു ജീവിക്കുന്നതാണ് ഇതിലെ പ്രമേയം. പക്ഷേ ഇവിടെ നമ്മള്‍ സംവദിക്കുന്നത് ഇന്‍ഡ്യന്‍ രൂപയുടെ ആനുകാലിമായ ദുരവസ്ഥയെ കുറിച്ചാണ്. ഏഷ്യയിലെ ഏറ്റവും മോശം കറന്‍സിയായി മാറിയിരിക്കുന്നു ഇന്‍ഡ്യന്‍ രൂപ. ഈ വര്‍ഷം 15 ശതമാനം കണ്ടാണ് അതിന്റെ വിലയിടിയുന്നത്. ഒരു ഡോളര്‍ വാങ്ങണമെങ്കില്‍ 54 രൂപ 30 പൈസ കൊടുക്കണം. ഇതൊരു സര്‍വ്വകാല റിക്കാര്‍ഡാണ്. ഇങ്ങനെപോയാല്‍ ഒരു കിലോ ആപ്പിള്‍ വാങ്ങിക്കാന്‍ ആ തൂക്കത്തില്‍ തന്നെ ഇന്‍ഡ്യന്‍ രൂപ കൊടുക്കേണ്ടി വരുന്ന സാഹചര്യം നമുക്ക് മുമ്പിലുണ്ട്.

രൂപയുടെ മൂല്യത്തകര്‍ച്ച തകരുന്ന ഇന്‍ഡ്യന്‍ സമ്പദ്ഘടനയുടെ സൂചകമാണ്. ഇത് നമ്മുടെ വ്യവസായ തകര്‍ച്ചയിലേക്കും സാമ്പത്തിക മാന്ദ്യത്തിലേക്കും വഴിതെളിക്കും. വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടാന്‍ തുടങ്ങി. കൂടെ ദാരിദ്ര്യവും തൊഴിലില്ലായ്മയും. കറന്‍സിയുടെ
മുല്യം നിര്‍ണ്ണയിക്കുന്നത് പ്രധാനമായും രണ്ടു ഘടകങ്ങളാണ്. ആദ്യത്തേത് പണപ്പെരുപ്പം, രണ്ടാമത്തേത് വിദേശനാണ്യശേഖരണത്തിന്റെ നില. ഇതാണെങ്കില്‍ ബാലന്‍സ് ഓഫ് പെയ്‌മെന്റിനെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. വമ്പിച്ച കറന്റ് അക്കൗണ്ട് മിച്ചമുള്ള രാജ്യത്തിന്റെ കറന്‍സിയുടെ മൂല്യം ഉയര്‍ന്നിരിക്കും. വമ്പിച്ച കറന്റ് അക്കൗണ്ട് കമ്മിയുള്ള രാജ്യത്തിന്റെ കറന്‍സിയുടെ മൂല്യം ഇടിഞ്ഞിരിക്കും, രാഷ്ട്രീയ സ്ഥിരത, നിക്ഷേപ കാലാവസ്ഥ, സമ്പദ്ഘടന, പലിശ നിരക്കിന്റെ നില തുടങ്ങിയവയൊക്കെ കറന്‍സിയുടെ മൂല്യത്തെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളാണെങ്കിലും പ്രധാനമായും പണപ്പെരുപ്പവും, വിദേശനാണ്യശേഖരവും തന്നെയാണ്. പ്രവാസി മലയാളികളായ നമ്മള്‍ക്ക് ഇന്‍ഡ്യയിലേക്ക് അയക്കുന്ന പണം ഒരു ഡോളറിന് 54 രൂപയായി തിരച്ചു കിട്ടുമ്പോള്‍ കിട്ടുന്ന സന്തോഷം വിമാനം ഇറങ്ങികഴിയുമ്പോള്‍ അവസാനിക്കും. കാരണം, കൈയിലിരിക്കുന്ന ഇന്‍ഡ്യന്‍ റുപ്പിയ്ക്ക് കടലാസ് കഷ്ണത്തിന്റെ വിലപോലും ഇല്ലാതായിരിക്കുന്നത് കൊണ്ടാണ്.

കുംഭകോണങ്ങള്‍ കടന്നുപോയി. നേതാക്കള്‍ പലരും ജയിലിലും ആയി. ഇത് കൊണ്ടൊന്നും
രാജ്യത്തെ നല്ല സാമ്പത്തിക നിലയിലേക്ക് കൊണ്ടുവരാന്‍ പറ്റിയിട്ടില്ല. ജനങ്ങളുടെ ക്രയശേഷി വര്‍ധിപ്പിക്കുവാന്‍ കഴിയാത്തിടത്തോളം ജനങ്ങളുടെ സ്ഥിതി ഇന്‍ഡ്യയില്‍ കൂടുതല്‍ പരിതാപകരമാവും.
രൂപയുടെ വിലയിടിവിന് മറ്റൊരു കാരണമായി ചൂണ്ടികാണിക്കുന്നത് വിദേശഓഹരി നിക്ഷേപങ്ങളാണ്. ഇതു
കൊണ്ട് സമ്പദ് വ്യവസ്ഥയ്ക്ക് പ്രത്യേക ഗുണമുണ്ടോ? ആരുടെയെങ്കിലും വരുമാനം വര്‍ദ്ധിപ്പിക്കുന്നുണ്ടോ? മുതല്‍ മുടക്കിയവരുടെ ലാഭം കിട്ടികഴിയുമ്പോള്‍ അത് തിരിച്ച് വാങ്ങി അവര്‍ സ്ഥലം വിടുന്നു. ഇവിടെ ഇന്‍ഡ്യയിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുകയോ പരമ്പരാഗത തൊഴില്‍ കൃഷി ജീവനമാര്‍ഗമാക്കിയ 100 കോടി ജനങ്ങളെ താറുമാറാക്കുന്ന നയമാണ്…ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്ക്-4.6ലക്ഷം കോടിരൂപയാണ് നികുതിയിളവ് അനുവദിച്ചത്. ഇതൊക്കെ ഇന്‍ഡ്യയിലെ ചെറുകിട കച്ചവടക്കാരെയും കൃഷിക്കാരെയും ദുരിതത്തിലാക്കുകയായിരുന്നു. ഈ ദുരിതം സഹിക്ക വയ്യാതായപ്പോള്‍ ഈയ്യിടെ ഒരു കേന്ദ്രമന്ത്രിയുടെ കരണത്തിനിട്ട് ഒരാള്‍ പൊട്ടിച്ചു. യഥാര്‍ത്ഥത്തില്‍ അത് ഇന്‍ഡ്യയുടെ തെറ്റായ സാമ്പത്തിക തീരുമാനങ്ങള്‍ക്കെതിരെയുള്ള കരണത്തടിയായിരുന്നു. ചിലപ്പോള്‍ തോന്നുന്നു ചില പെട്രോള്‍ കമ്പനികളാണോ ഇന്‍ഡ്യയെ ഭരിക്കുന്നത് യെന്ന് തോന്നിപ്പോകും. എത്രയോ പ്രാവശ്യം നികുതിയിളവ് സര്‍ക്കാര്‍ ഈ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് നല്‍കി. അവര്‍ ജനങ്ങള്‍ക്ക് തിരിച്ച് നല്‍കിയതോ പെട്രോളിന്റെ അടിക്കടിയുള്ള വില വര്‍ദ്ധനവ്!. ഇങ്ങനെ പോകുന്നു കാര്യങ്ങള്‍ , ചുരുക്കത്തില്‍ ഉറച്ച് തീരുമാനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടിയെടുത്തില്ലെങ്കില്‍ രൂപായുടെ മൂല്യം ഇന്‍ഡ്യയിലെ ജനങ്ങളുടെ ജീവിതനിലവാരത്തിനൊപ്പം ഇനിയും ഇടിയും.
ഇന്ത്യന്‍ റുപ്പി: ഇന്ത്യാക്കാരുടെ കരണത്തടിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക