Image

യോങ്കേഴ്‌സില്‍ ഓര്‍ത്തഡോക്‌സ്‌ പള്ളികളുടെ സംയുക്ത ക്രിസ്‌മസ്‌ -ന്യൂഇയര്‍ ആഘോഷം

ജോയിച്ചന്‍ പുതുക്കുളം Published on 26 December, 2011
യോങ്കേഴ്‌സില്‍ ഓര്‍ത്തഡോക്‌സ്‌ പള്ളികളുടെ സംയുക്ത ക്രിസ്‌മസ്‌ -ന്യൂഇയര്‍ ആഘോഷം
ന്യൂയോര്‍ക്ക്‌: ബ്രോങ്ക്‌സ്‌ വെസ്റ്റ്‌ചെസ്റ്റര്‍ ഏരിയയിലുള്ള ഓര്‍ത്തഡോക്‌സ്‌ പള്ളികളുടെ സംയുക്ത ക്രിസ്‌മസ്‌- ന്യൂഇയര്‍ ആഘോഷം ഡിസംബര്‍ 18-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ യോങ്കേഴ്‌സിലെ സോണ്‍ഡേഴ്‌സ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ വിജയകരമായി നടത്തപ്പെട്ടു.

ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാസ്‌ മാര്‍ നിക്കളാവോസിന്റെ പ്രാര്‍ത്ഥനയോടെ പരിപാടികള്‍ ആരംഭിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം.വി. കുര്യന്‍, പ്രസിഡന്റ്‌ റവ.ഫാ. നൈനാന്‍ ടി. ഈശോയെ വേദിയിലേക്ക്‌ ആനയിച്ചു. പ്രസിഡന്റ്‌ നൈനാന്‍ ടി. ഈശോ ഏവര്‍ക്കും നന്ദി പറഞ്ഞു.

മുഖ്യാതിഥി അഭിവന്ദ്യ സഖറിയാസ്‌ മാര്‍ നിക്കളാവോസ്‌ തിരുമേനി ക്രിസ്‌മസ്‌ സന്ദേശം നല്‍കി. ഈ ക്രിസ്‌മസ്‌ ആഘോഷം മൂലം ഓരോരുത്തരുടേയും ഹൃദയങ്ങളില്‍ ക്രിസ്‌തു ജനിക്കുവാനും, ഈ ആഘോഷത്തില്‍ കൂടി ഓരോ വിശ്വാസിയുടേയും ജീവിതത്തിന്‌ രൂപാന്തരം പ്രാപിക്കുവാനും കഴിയുമാറാകട്ടെ എന്നും തിരുമേനി ഉത്‌ബോധിപ്പിച്ചു. ഈ കൂട്ടായ്‌മ സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും അതിലുപരി ദൈവീക സാന്നിധ്യത്തിന്റേയും ഏകീകരണത്തിനായി തീരട്ടെ എന്നും തിരുമേനി ആശംസിച്ചു.

എം.സിയായി ജിബിന്‍ ഏബ്രഹാം, ഷെറിന്‍ കല്ലറയ്‌ക്കല്‍, ജോണിയ കൈനത്തറ എന്നിവര്‍ ട്രഷറര്‍ ഏബ്രഹാം മൂലയില്‍ വേദിയിലേക്ക്‌ ക്ഷണിച്ചു. സെന്റ്‌ മേരീസ്‌ ബ്രോങ്ക്‌സ്‌ അവതരിപ്പിച്ച കാന്‍ഡില്‍ ഡാന്‍സോടെ പരിപാടികള്‍ക്ക്‌ തുടക്കംകുറിച്ചു. ക്രിസ്‌തീയ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ വര്‍ണ്ണശബളവും ആസ്വാദ്യകരവുമായ വിവിധ പരിപാടികളാണ്‌ ഏഴു പള്ളികളില്‍ നിന്നും അവതരിപ്പിക്കപ്പെട്ടത്‌. സെന്റ്‌ മേരീസ്‌ ബ്രോങ്ക്‌സ്‌, സെന്റ്‌ ഗ്രിഗോറിയോസ്‌ ലുഡ്‌ലോവ്‌, യോങ്കേഴ്‌സ്‌, സെന്റ്‌ ഗ്രിഗോറിയോസ്‌ അണ്ടര്‍ഹില്‍, യോങ്കേഴ്‌സ്‌, സെന്റ്‌ മേരീസ്‌ വൈറ്റ്‌ പ്ലെയിന്‍സ്‌, സെന്റ്‌ തോമസ്‌ യോങ്കേഴ്‌സ്‌, സെന്റ്‌ ജോര്‍ജ്‌ പോര്‍ട്ട്‌ ചെസ്റ്റര്‍, സെന്റ്‌ ഗ്രിഗോറിയോസ്‌ പാര്‍ക്ക്‌ ഹില്‍, യോങ്കേഴ്‌സ്‌ എന്നീ പള്ളികളുടെ നേതൃത്വത്തിലാണ്‌ പരിപാടികള്‍ അവതരിപ്പിച്ചത്‌.

ക്രിസ്‌തീയ മൂല്യങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട്‌ ഏവരിലും വിസ്‌മയം ജനിപ്പിക്കുന്ന നൂപുര ആര്‍ട്‌സ്‌ അവതരിപ്പിച്ച നൃത്ത-സംഗീത പരിപാടി ആഘോഷങ്ങള്‍ക്ക്‌ വര്‍ണ്ണപ്പകിട്ടേകി. സാന്താക്ലോസിന്റെ സാന്നിധ്യവും ആശംസകളും ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ കാണികളെ സന്തോഷഭരിതരാക്കി. സംയുക്ത പള്ളികളുടെ നേതൃത്വത്തില്‍ നടത്തിയ ഗായകസംഘത്തിന്‌ റവ.ഫാ. ഫിലിപ്പ്‌ സി. ഏബ്രഹാം കോര്‍ഡിനേറ്ററായും, ജോയി ഏബ്രഹാം ക്വയര്‍ ലീഡറായും നേതൃത്വം നല്‌കി. സെക്രട്ടറി ബാബു ജോര്‍ജ്‌ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. റവ.ഫാ.ഡോ. ജോര്‍ജ്‌ കോശിയുടെ ആശീര്‍വാദത്തോടെ പരിപാടികള്‍ സമാപിച്ചു. വെരി. റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പ, റവ.ഫാ. എ.കെ. ചെറിയാന്‍, റവ.ഫാ.ഡോ. ജോര്‍ജ്‌ കോശി, റവ.ഫാ. പൗലോസ്‌ പീറ്റര്‍, റവ.ഫാ. എന്‍.കെ. ഇട്ടന്‍പിള്ള, റവ.ഫാ. ഫിലിപ്പ്‌ സി. ഏബ്രഹാം, റവ.ഫാ. നൈനാന്‍ ടി. ഈശോ, റവ.ഫാ. ജോര്‍ജ്‌ ചെറിയാന്‍, റവ.ഫാ. പോള്‍ ചെറിയാന്‍, റവ.ഡി. ഗീവര്‍ഗീസ്‌ കോശി എന്നിവര്‍ പരിപാടികളില്‍ സംബന്ധിച്ചു.

ഈ വര്‍ഷത്തെ സംയുക്ത പരിപാടികള്‍ക്ക്‌ റവ.ഫാ. നൈനാന്‍ ടി. ഈശോ (പ്രസിഡന്റ്‌), ബാബു ജോര്‍ജ്‌ (സെക്രട്ടറി), എം.വി. കുര്യന്‍ (കോര്‍ഡിനേറ്റര്‍), ഏബ്രഹാം മൂലയില്‍ (ട്രഷറര്‍), എബി പോള്‍, ബാബു ജോര്‍ജ്‌ വേങ്ങല്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റേഴ്‌സ്‌), കുര്യാക്കോസ്‌ വര്‍ഗീസ്‌ (ജോയിന്റ്‌ സെക്രട്ടറി), ജോണ്‍ കുഴിയാഞ്ഞല്‍ (ജോയിന്റ്‌ ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി ബാബു ജോര്‍ജ്‌ അറിയിച്ചതാണിത്‌.
യോങ്കേഴ്‌സില്‍ ഓര്‍ത്തഡോക്‌സ്‌ പള്ളികളുടെ സംയുക്ത ക്രിസ്‌മസ്‌ -ന്യൂഇയര്‍ ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക