Image

ഐ.എം.എ യൂത്ത്‌ഫ്രണ്ട്‌ ക്രിസ്‌മസ്‌ കരോള്‍ നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 26 December, 2011
ഐ.എം.എ യൂത്ത്‌ഫ്രണ്ട്‌ ക്രിസ്‌മസ്‌ കരോള്‍ നടത്തി
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ യുവജന വിഭാഗമായ ഐ.എം.എ യൂത്ത്‌ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ക്രിസ്‌മസ്‌ കരോളും, ആതുരാലയ സന്ദര്‍ശനവും നടത്തി. ഷിക്കാഗോ സബര്‍ബെന്‍ നഗരമായ എല്‍മസ്റ്റിലുള്ള എല്‍മ്‌ബ്രൂക്ക്‌ ഹെല്‍ത്ത്‌ കെയര്‍ ആന്‍ഡ്‌ റീഹാബിലിറ്റേഷന്‍ സെന്ററിലാണ്‌ സ്‌നേഹത്തിന്റേയും, സേവനത്തിന്റേയും സന്ദേശം വഹിച്ചുകൊണ്ടുള്ള വ്യത്യസ്‌തമായ കരോള്‍ പ്രോഗ്രാം നടന്നത്‌.

ക്രിസ്‌മസ്‌ തലേന്ന്‌ ഐ.എം.എ യൂത്ത്‌ ഫ്രണ്ട്‌ പ്രഡിഡന്റ്‌ ജെറി കൊല്ലുപുരത്തിന്റെ നേതൃത്വത്തില്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നഴ്‌സിംഗ്‌ ഹോമിലെ അന്തേവാസികളെ സന്ദര്‍ശിച്ച്‌ ക്രിസ്‌മസ്‌ ആശംസകള്‍ നേരുകയും, കരോള്‍ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്‌തു. അഡ്‌മിനിസ്‌ട്രേറ്റര്‍ ഏബ്രഹാം മാത്യു സ്‌നേഹദൂതുമായി വന്ന അസോസിയേഷന്‍ പ്രവര്‍ത്തകരെ സ്വീകരിക്കുകയും, അന്തേവാസികളെ പരിചയപ്പെടുത്തുകയും ചെയ്‌തു. ക്രിസ്‌മസ്‌ ആഘോഷങ്ങളുടേയും ഷോപ്പിംഗിന്റേയും പാരമ്യത്തിലെത്തി നില്‍ക്കുന്ന ഈ സമയത്ത്‌ ജീവിതത്തിന്റെ സായാഹ്നത്തിലെത്തി നില്‍ക്കുന്ന മുതിര്‍ന്ന തലമുറയില്‍പ്പെട്ട തങ്ങളുടെ സഹജീവികളെ സന്ദര്‍ശിക്കാനും സ്‌നേഹത്തിന്റേയും സാന്ത്വനത്തിന്റേയും സന്ദേശം കൈമാറുവാനുമെത്തിയ പ്രവര്‍ത്തകരെ അദ്ദേഹം അനുമോദിച്ചു.

ഐ.എം.എ പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടം സംഘടനയെപ്പറ്റിയും അസോസിയേഷന്റെ ജനകീയ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെപ്പറ്റിയും പ്രസംഗിച്ചു. നേഹാ ഹരിദാസ്‌, അന്‍ഷില്‍ ആനിത്തോട്ടം, ജാക്ക്‌ ജോസഫ്‌, ജെസീക്ക കളത്തില്‍, ജെഫിന്‍ ചൊള്ളമ്പേല്‍, ജോബിന്‍ കൊല്ലാപുരം, സെന്ന ഏബ്രഹാം എന്നിവര്‍ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. വിമന്‍സ്‌ കോര്‍ഡിനേറ്റര്‍ ജിഷ ഏബ്രഹാം കൃതജ്ഞതാ പ്രസംഗം നടത്തി. തുടര്‍ന്ന്‌ ഐ.എം.എ കുടുംബാംഗങ്ങള്‍ സെന്ററിലെ അന്തേവാസികളുടെ ഇന്‍ഡോര്‍ ഗെയിംസിന്‌ നേതൃത്വം നല്‍കി. എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ സ്റ്റീഫന്‍ ചൊള്ളമ്പേല്‍, ഷൈനി ഹരിദാസ്‌, ജിബു ഏബ്രഹാം, ഷെഫി കണ്ണച്ചാംപറമ്പില്‍ എന്നിവര്‍ കരോള്‍ പരിപാടിയുടെ ക്രമീകരണങ്ങള്‍ നടത്തി.
ഐ.എം.എ യൂത്ത്‌ഫ്രണ്ട്‌ ക്രിസ്‌മസ്‌ കരോള്‍ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക