Image

പ്രേക്ഷക മനസില്‍ കത്തുന്ന തീയായി ഫയര്‍മാന്‍

ആശ പണിക്കര്‍ Published on 21 February, 2015
പ്രേക്ഷക മനസില്‍ കത്തുന്ന തീയായി ഫയര്‍മാന്‍
 ആളിപ്പടരുന്ന തീയില്‍ നിന്നും, സമാനമായ മറ്റ് അപകടമേഖലകളില്‍ നിന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി് ഓടിയെത്തുന്ന ഒരു വിഭാഗമുണ്ട്. ഫയര്‍ഫോഴ്‌സ്. ജീവന്‍ പണയം വച്ചും സാഹസികമായ രക്ഷാ പ്രവര്‍ത്തനങ്ങളിലൂടെ ആളുകളെ രക്ഷിക്കുന്ന ഇക്കൂട്ടരുടെ ജീവിതം ഇതുവരെ മലയാള സിനിമയില്‍ ആരും ചിത്രീകരിച്ചിട്ടില്ല. ബ്രഹ്മാണ്ഡ തമിഴ് ചിത്രങ്ങളുടെ കുത്തൊഴുക്കില്‍ നിന്നു മാറി മലയാളത്തിന്റെ കരുത്തുള്ള ഒരു ചിത്രം കാണാനുള്ള അവസരം ദീപു കരുണാകരന്‍ ഒരുക്കിയ ഫയര്‍മാനിലൂടെ ലഭിക്കുമെന്നത് തീര്‍ച്ചയാണ്. 

പ്രതീക്ഷകളുടെയും വാഗ്ദാനങ്ങളുടെയും പിന്‍ബലമില്ലാതെ എത്തിയ സിനിമയാണ് ഫയര്‍മാന്‍. അതുകൊണ്ടു തന്നെ പ്രതീക്ഷിച്ചതിനേക്കാള്‍ മികവുറ്റ സിനിമ കണാന്‍ നമുക്കു കഴിയുന്നു. പ്രേക്ഷക പ്രശംസ നേടിക്കൊണ്ടു മുന്നേറുന്ന സിനിമ വരും ദിവസങ്ങളില്‍ ബോക്‌സോഫീസ് വിജയം നേടുമെന്നു തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു. ന്യൂജെനറേഷന്‍ സിനിമകളുടെ പാച്ചിലില്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ പലതും പിന്തള്ളപ്പെട്ടു പോകുന്ന സാഹചര്യത്തിലാണ് മമ്മൂട്ടിയുടെ ഫയര്‍മാന്‍ കാണാന്‍ പോയത്.  വര്‍ഷം എന്ന സിനിമയിലൂടെ അഭിനയത്തിന്റെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച മമ്മൂട്ടിയില്‍ നിന്നും എന്തെങ്കിലുമൊക്കെ പ്രതീക്ഷിച്ചുകൊണ്ടാണ് തിയേറ്ററിലെത്തിയത്. പ്രതീക്ഷ അസ്ഥാനത്തായില്ല. മലയാളത്തിന്റെ പരിമിതികള്‍ക്കുളളില്‍ നിന്നും കിടയറ്റ സാങ്കേതിക മികവുള്ള ഒരു സിനിമ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം പ്രേക്ഷകരുടെ മുഖത്ത്. 

ക്രേസി ഗോപാലന്‍, തേജാഭായി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദീപു കരുണാകരന്‍ മികച്ച ചിത്രവുമായി ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. പല സിനിമകളിലും ഫയര്‍ഫോഴ്‌സിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നാം കണ്ടിട്ടുണ്ടെങ്കിലും അവരുടെ സാഹസികത നിറഞ്ഞ ജീവിതം തന്നെ മുഖ്യപ്രമേയമാക്കുന്ന സിനിമ മലയാളത്തില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടായിരിക്കും. നമുക്ക് അത്ര പരിചിതമല്ലാത്ത പ്രമേയവും സാഹസികരംഗങ്ങളുമാണ് ഫയര്‍മാനില്‍ കാണാന്‍ കഴിയുക. സ്വന്തം ജീവന്‍ പണയംവച്ച് മറ്റുള്ളവരുടെ ജീവന് വേണ്ടി പോരാടുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന ചിത്രം ഗ്യാസ് ടാങ്കര്‍ അപകടത്തില്‍ നിന്നും ഒരു പട്ടണത്തെ രക്ഷിക്കാനെത്തുന്ന ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ ജീവന്‍ പണയംവച്ചുള്ള പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന രംഗങ്ങളിലൂടെ  ഒരു ദിവസത്തെ സംഭവകഥയാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. 

ചിത്രത്തിന്റെ ആദ്യപകുതി തികച്ചും ഉദ്വേകജനകമായ സംഭവ വികാസങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് കൊണ്ടു നീങ്ങുന്ന കഥയുടെ വേഗം രണ്ടാം പകുതിയില്‍ ഒരല്‍പം  പിന്നോട്ടാകുന്നുണ്ടെങ്കിലും മമ്മൂട്ടിയുടെ അപാരമായ അഭിനയപാടവത്തിലൂടെ അത് പരിഹരിക്കപ്പെടുന്നുണ്ട്. അതിഭാവുകത്വത്തിന്റെ ആവശ്യമില്ലാതെ തന്നെ ചിത്രം വിജയിപ്പിക്കാന്‍ കഴിയുമെന്ന് സംവിധായകന് ഉറപ്പുള്ളതുകൊണ്ടാകാം ക്‌ളൈമാക്‌സ് രംഗങ്ങള്‍ക്ക് തീവ്രത അല്‍പം കുറവാണ്. സാങ്കേതികമായി വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന സിനിമയില്‍  വിഷ്വല്‍ ഇഫക്ട്‌സ് ചിത്രത്തില്‍ നന്നായി ഉപയോഗിച്ചിട്ടുണ്ട്.   സിനിമയുടെ പ്രമേയത്തിനും അതിന്റെ തീവ്രതക്കും അനുസരിച്ചുള്ള പശ്ചാത്തലസംഗീതമാണ് ഫയര്‍മാന്റെ മറ്റൊരു പ്രത്യേകത. അക്കാര്യം രാഹുല്‍ രാജ് മനോഹരമായി നിര്‍വഹിച്ചിട്ടുണ്ട്.  സുനോജ് വേലായുധന്റെ ഛായാഗ്രഹണവും വി. സാജന്റെ ചിത്രസംയോജനവും മികവു പുലര്‍ത്തുന്നു.

മനോജ്-രഞ്ജിത്തും ദീപുവും ചേര്‍ന്നൊരുക്കിയ കഥയ്ക്ക് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് സംവിധായകനായ ദീപു കരുണാകരന്‍ തന്നെയാണ്. സാധാരണഗതിയില്‍ സൂപ്പര്‍താരങ്ങളെ സിനിമയില്‍ ആദ്യസീനില്‍ അവതരിപ്പിക്കുമ്പോള്‍ കാല്‍പാദം മുതല്‍ ശിരസു വരെ കാണിക്കുന്ന ഏര്‍പ്പാടിനു തുനിയാതെ വളരെ കാഷ്വലായി തന്നെ മമ്മൂട്ടിയെ അവതരിപ്പിക്കാന്‍ ദീപു കരുണാകരന്‍ കാട്ടിയ മിടുക്ക് സമ്മതിക്കാതെ വയ്യ. ഫയര്‍മാന്‍ വിജയ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂട്ടിയെ അമാനുഷിക ഭാവങ്ങളൊന്നുമില്ലാതെ തികച്ചും സാധാരണക്കാരനായ ഒരുവനായി തന്നെ ആദ്യ സീനില്‍ അവതരിപ്പിച്ചത് വളരെ നന്നായി. തിരക്കഥയുടെ കരുത്ത് തുടക്കം മുതല്‍ അവസാന സീന്‍ വരെ നിലനിര്‍ത്താന്‍ കഴിഞ്ഞതിലൂടെ ത്രില്ലടിപ്പിക്കുന്ന അനുഭവം പ്രേക്ഷകന് ആസ്വദിക്കാന്‍ കഴിഞ്ഞു. ഇതിന് സംവിധായകന്‍ അഭിനന്ദനമര്‍ഹിക്കുന്നു. 

മമ്മൂട്ടി എന്ന നടന്റെയുള്ളിലെ അഭിനയത്തിന്റെ ജ്വാല ഓരോ സിനിമ കഴിയുമ്പോഴും കൂടുതല്‍ തേജസോടെ ആളിക്കത്തുന്നു എന്നതാണ് ഫയര്‍മാന്‍ എന്ന ചിത്രം കണ്ടിറങ്ങുമ്പോള്‍ നമുക്കു തിരിച്ചറിയാന്‍ കഴിയുന്നത്.  വികാരവിക്ഷോഭങ്ങളുടെയും സാഹസികതയുടെയും അഗ്നിയിലൂടെ വീണ്ടും വീണ്ടും ശുദ്ധീകരിക്കപ്പെടുന്ന അഭിനയസിദ്ധിയാണ് തകര്‍പ്പന്‍ പ്രകടനത്തിലൂടെ മമ്മൂട്ടി കാഴ്ച വയ്ക്കുന്നത്. വ്യത്യസ്തത പുലര്‍ത്തുന്ന കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാനുള്ള മമ്മൂട്ടിയുടെ ശ്രമങ്ങള്‍ക്ക് ഉദാഹരണമാണ് ഈ ചിത്രത്തിലെ ഫയര്‍മാന്‍ വിജയ്. ഏറെ സാഹസികതകള്‍ ആവശ്യപ്പെടുന്ന ഈ സിനിമക്കു വേണ്ടി മമ്മൂട്ടി ഏറ്റെടുത്ത വെല്ലുവിളികള്‍ എത്ര വലുതാണെന്ന് ചിത്രം കാണുമ്പോള്‍ പ്രേക്ഷകരായ നമുക്ക് ബോധ്യപ്പെടും. സലിം കുമാര്‍,സിദ്ദിഖ് എന്നിവര്‍ സ്വതസിദ്ധവും അനായാസവുമായ ശൈലിയില്‍ തങ്ങളുടെ കഥാപാത്രങ്ങളെ ഗംഭീരമാക്കി. ഉണ്ണി മുകുന്ദന്‍,  നൈല ഉഷ, ഹരിഷ് പേരാടി, ശിവജി ഗുരുവായൂര്‍, സാദിഖ്, ശ്രീരാഗ് നമ്പ്യാര്‍ തുടങ്ങിയവരും കഥാപത്രങ്ങളെ വളരെ മികവോടെ അവതരിപ്പിച്ചു.

ഫയര്‍ഫോഴ്‌സ് ജീവനക്കാരുടെ കഥപറയുന്ന ഫയര്‍മാന്‍ എന്ന ഈ ചിത്രം മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയസിദ്ധിയിലൂടെ  തിയേറ്ററുകളില്‍ അഗ്നിയായി പടരുമെന്നതില്‍ തര്‍ക്കമില്ല. ഇംഗ്‌ളീഷും ദ്വയാര്‍ഥ പ്രയോഗങ്ങളും കാമനകളും നിറയുന്ന ന്യൂജെനറേഷന്‍ സിനിമകളുടെ മടുപ്പിക്കുന്ന ദൃശ്യങ്ങളില്‍ നിന്നുളള ഒരു മോചനം കൂടിയായിരിക്കും ഈ സിനിമ. മറ്റുളളവരുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ മരണത്തെ മുഖാമുഖം കാണുന്നവരും ചിലപ്പോഴെങ്കിലും മരണത്തിനു കീഴടങ്ങേണ്ടിവരുന്നവരുമായ ഒരു വിഭാഗം ജീവനക്കാര്‍. ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന അവരുടെ ജീവിതത്തിന്റെ കഥപറയുന്ന ഈ സിനിമയെ നമുക്കാര്‍ക്കും അവഗണിക്കാന്‍ കഴിയില്ലെങ്കില്‍ ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളുടെ ലിസ്റ്റിലായിരിക്കും ഫയര്‍മാന്‍ എന്ന ചിത്രത്തിന്റെ സ്ഥാനമെന്നതില്‍ സംശയമില്ല.

പ്രേക്ഷക മനസില്‍ കത്തുന്ന തീയായി ഫയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക