Image

ലാലിസം: മോഹന്‍ലാല്‍ തിരികെ നല്‍കിയ തുകയ്ക്കായി വിവിധ സംഘടനകള്‍ രംഗത്ത്

ആശ പണിക്കര്‍ Published on 18 February, 2015
 ലാലിസം: മോഹന്‍ലാല്‍ തിരികെ നല്‍കിയ തുകയ്ക്കായി വിവിധ സംഘടനകള്‍ രംഗത്ത്
 ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങുകളിലെ വിവാദങ്ങളെ തുടര്‍ന്നു മോഹന്‍ലാല്‍ സര്‍ക്കാരിനു തിരികെ നല്‍കിയ 1.64 കോടിയോളം രൂപ ലഭിക്കുന്നതിനായി  വിവിധ സംഘടനകള്‍ രംഗത്ത്. പാലിയേറ്റീവ് കെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളും കായിക സംഘടനകളുമാണു തുക ലഭിക്കുന്നതിനായി സര്‍ക്കാരിനു മുന്നില്‍ എത്തിയിട്ടുള്ളത്. എന്നാല്‍ കായിക വികസനത്തിനായി തന്റെ മനസ്സിലുള്ള പദ്ധതി തയാറാക്കി നല്‍കാമെന്നു കേരള അത്‌ലറ്റിക്‌സിന്റെ അംബാസഡര്‍ കൂടിയായ മോഹന്‍ലാല്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഈ പദ്ധതിക്കായി കാത്തിരിക്കാനാണു മന്ത്രിസഭാ തീരുമാനം.

മോഹന്‍ലാല്‍ തിരികെ ഏല്‍പ്പിക്കുന്ന തുക വാങ്ങില്ലെന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ പ്രതിഫലം വീണ്ടും വാങ്ങേണ്ടതില്ലെന്ന് മോഹന്‍ലാലും തീരുമാനമെടുത്തിരുന്നു. ഇക്കാര്യം അദ്ദേഹം മുഖ്യമന്ത്രിയെയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും അറിയിച്ചിട്ടുണ്ട്. ഫലത്തില്‍ ഒന്നര കോടിയിലേറെ രൂപ സര്‍ക്കാര്‍ ഫണ്ടില്‍ ഉണ്ടാകും. ഈ തുകയ്ക്കു വേണ്ടിയാണു വിവിധ സംഘടനകള്‍ രംഗത്തെത്തിയത്. 

കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ പരിഗണനയ്ക്കു വന്നപ്പോള്‍, ലാല്‍ തിരികെ നല്‍കിയ തുക തിരുവനന്തപുരം ജി.വി. രാജ സ്‌കൂളിന്റെയും കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ സ്‌കൂളിന്റെയും വികസനത്തിന് ഉപയോഗിക്കണമെന്ന ശുപാര്‍ശ ചീഫ് സെക്രട്ടറി ജിജി തോംസണും മുന്നോട്ടുവച്ചിരുന്നു. നിലവില്‍ ഇരു സ്‌കൂളുകളുടെയും അവസ്ഥ പരിതാപകരമാണ്. വിവിധ കായിക സംഘടനകളും ഗ്രൗണ്ട് നിര്‍മാണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി തുക വിനിയോഗിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.  രോഗീപരിചരണത്തില്‍ ശ്രദ്ധയൂന്നുന്ന വിവിധ സംഘടനകള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.

എന്നാല്‍ കായിക കേരളത്തിന്റെ കുതിപ്പിനു തന്റെ മനസ്സില്‍ ചില പദ്ധതികളുണ്ടെന്നു മോഹന്‍ലാല്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അഞ്ചു നിര്‍ദേശങ്ങളാണ് അദ്ദേഹം മുന്നോട്ടു വയ്ക്കുന്നതെന്നും സൂചനയുണ്ട്. ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനായി 1.64 കോടി രൂപ വിനിയോഗിക്കാനാണു മന്ത്രിസഭാ തീരുമാനം. ലാലിന്റെ ശുപാര്‍ശകള്‍ രേഖാമൂലം അറിയിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതു ലഭിക്കുന്ന മുറയ്ക്കു തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക