Image

നിര്‍മാതാവിന്റെ പരാതി: മഞ്ജു വാരിയറുടെ പുതിയ ചിത്രത്തിന് വിലക്ക്

ആശ പണിക്കര്‍ Published on 18 February, 2015
 നിര്‍മാതാവിന്റെ പരാതി: മഞ്ജു വാരിയറുടെ പുതിയ ചിത്രത്തിന് വിലക്ക്
 മഞ്ജു വാരിയര്‍ നായികയായ പുതിയ ചിത്രത്തിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും തിയറ്ററുടമകളുടെയും വിലക്ക്. സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദിനെതിരായ വിലക്കാണ് മഞ്ജു വാരിയര്‍ നായികയായ സിനിമയുടെ ചിത്രീകരണത്തിന് പ്രതിസന്ധിയാകുന്നത്.

ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ മഞ്ജു വാര്യരെ നായികയാക്കി അരുണ്‍കുമാര്‍ അരവിന്ദ്് പുതിയ ചിത്രം അടുത്തയാഴ്ച ആരംഭിക്കാനിരിക്കെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും വിലക്ക് ഭീഷണിയുമായി എത്തിയിരിക്കുന്നത്. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അരുണ്‍ കുമാറിന്റെ ചിത്രവുമായി സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് അംഗവും ഫിലിം ചേംബര്‍ സെക്രട്ടറിയുമായ ബി രാകേഷ് പറഞ്ഞു.

അരുണ്‍ കുമാറിന് വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും ഇക്കാര്യം മാധ്യമങ്ങളോട് വിശദീകരിക്കാനും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയെ അറിയിക്കാനോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തയ്യാറായില്ല. നിര്‍മാതാവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം പുതിയ ചിത്രവുമായി മുന്നോട്ട് പോകാന്‍ സാധിക്കൂ എന്നായിരുന്നു നിര്‍മ്മാതാക്കളുടെ നിലപാട്. വണ്‍ ബൈ ടു എന്ന സിനിമയുടെ നിര്‍മാതാവ് ബി രാകേഷ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സംഘടന അരുണിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. വണ്‍ ബൈ ടു മുന്‍നിശ്ചയപ്രകാരമുള്ള ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാതെ നിര്‍മാതാവിന് വന്‍സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നായിരുന്നുവെന്ന് നിര്‍മാതാവ് ബി രാകേഷ് അസോസിയേഷനെ അറിയിച്ചത്.

എന്നാല്‍ സിനിമയുടെ ചിത്രീകരണത്തിനായി നിര്‍മ്മതാവ് എ ശ്രീകുമാര്‍ മേനോന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ സമീപിച്ചെങ്കിലും അസോസിയേഷന്‍ അനുമതി നല്‍കാന്‍ തയ്യാറായില്ലെന്നും സൂചനയുണ്ട്. അരുണ്‍ കുമാര്‍ അരവിന്ദിനെതിരെ നടപടിയെടുത്തതായോ സിനിമ വിലക്കിയതായോ പരസ്യമായി പറയാനും ഔദ്യോഗിക വിശദീകരണം നല്‍കാനും നിര്‍മ്മാതാക്കളുടെ സംഘടന ഇതുവരെ തയ്യാറായിട്ടില്ല. അരുണ്‍ കുമാറിന്റെ പുതിയ ചിത്രത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കാനാണ് ഫെഫ്കയുടെ തീരുമാനം. എന്നാല്‍ വിലക്ക് അംഗീകരിക്കാനാകില്ലെന്ന നിലപാടിലുമാണ് ഫെഫ്ക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക