Image

ഫൊക്കാനയും ഫോമയും അടങ്ങുന്ന 'കുട' സംഘടനകളുടെ ശ്രദ്ധയിലേക്ക്…..

സിറിയക്ക് സ്‌കറിയ Published on 17 February, 2015
ഫൊക്കാനയും ഫോമയും അടങ്ങുന്ന 'കുട' സംഘടനകളുടെ ശ്രദ്ധയിലേക്ക്…..
മലയാളി എന്ന പ്രവാസി സമൂഹത്തിന്റെ നോര്‍ത്ത് അമേരിക്കയിലെ സിഗ്നേച്ചര്‍ സംഘടനകളുടെ ഫൊക്കാന, ഫോമാ എന്ന കേന്ദ്രസംഘടനകളുടെ ചിന്തയിലേക്കാണ് ഈ കുറിപ്പ് ശ്രദ്ധ ക്ഷണിക്കുന്നത്. അമേരിക്കന്‍ മലയാളികളെ വിവിധ സംഘടനകള്‍ നാനാവിധ പേരുകളില്‍ നയിക്കുന്നുണ്ടെങ്കിലും നായകന്മാര്‍ അനുയായികളെക്കാള്‍ കൂടുതല്‍ ഉള്ള ഒരു അവസ്ഥയില്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു പ്രവര്‍ത്തനങ്ങളും അടുത്ത കാലത്തൊന്നും ദൃഷ്ടിയില്‍പ്പെട്ടിട്ടില്ല.

മതസംഘടനകളുടെ അതിപ്രസരണം എന്ന പതിവു പല്ലവിക്കപ്പുറത്ത് സ്വയം ആത്മചിന്തനത്തിന് മേല്‍പറഞ്ഞ സംഘടനകള്‍ തയ്യാറായാല്‍ പഴയതിലും മികച്ച പ്രതാപത്തിലേക്ക് കുതിച്ചുയരാനുതകുന്ന ഒരു ആശയമാണ് പങ്കുവെയ്ക്കുവാനുദ്ദേശിക്കുന്നത്.
അമേരിക്കയിലെ പ്രമുഖ കേന്ദ്ര സംഘടനകള്‍ ഫൊക്കാനയും, ഫോമയുമാണെങ്കിലും വേള്‍ഡ് മലയാളി കൗണ്‍സില്‍ (2-3 വിഭാഗം) പ്രവാസി മലയാളി ഫെഡറേഷന്‍ തുടങ്ങിയ സംഘടനകളും ചിത്രത്തിലുണ്ട്.

ഈ സംഘടനകളെയെല്ലാം ഒന്നിപ്പിച്ച് ഒറ്റ ഒരു കേന്ദ്രീകൃത സംഘടന എന്നത് സംഭവിക്കാന്‍ വിദൂരസാധ്യത കല്‍പിക്കാവുന്ന ഒരു 'മഹാത്ഭുതം' ആയതിനാലും പലതിരകളുടെ കൂട്ടായ ശക്തിക്കേ തിരമാലയാകാനാവൂ എന്ന വസ്തുത മനസ്സിലാക്കുന്നവരോടുമായ് പറയട്ടെ മലയാളികളുടെ കൂട്ടായ ശക്തി പ്രകടമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

വിഘടിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് മുറ ഏറ്റവുമധികം നടപ്പിലാക്കിയവരാണ് ഇന്ത്യയിലെ മതനേതൃത്വവും, മതാത്മകസംഘടനകളും, രാഷ്ട്രീയസംഘടനകളും ഇവരുടെയൊക്കെ കൂട്ടായ്മയാണല്ലോ. അതിന്റെ പരിഛേദമമാണ് അമേരിക്കയിലും നമ്മള്‍ കണ്ടത്.
വിഘടിച്ചു നില്‍ക്കുന്ന പ്രവാസി മലയാളികള്‍ എന്നും ഇത്തരം സംഘടനകള്‍ക്ക് വളരാനുള്ള വളക്കൂറുള്ള മണ്ണാണ്. മേല്‍പറഞ്ഞ മനസ്ഥിതിയില്‍ ഏതാനും ചിലര്‍ നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ ബഹുഭൂരിപക്ഷവും നോക്കുകുത്തികളാവുന്നു.

പ്രിയങ്കരരായ പ്രവാസികളെ നമുക്ക് നമ്മുടെ ആവശ്യങ്ങള്‍ ശക്തമായ് അവതരിപ്പിക്കാനും നേടിയെടുക്കുവാനും പറ്റിയ ഒരു ശക്തിയായ് പുനരവതരിക്കേണ്ട സമയമാണിത്.
എന്തുകൊണ്ട് വിവിധ രാജ്യങ്ങളിലെ 'കുട' സംഘനകളുടെ കൂട്ടായ്മയായ ഒരു 'Grand Umbrella'സംഘടനക്ക് നമുക്ക് രൂപം കൊടുത്തുകൂടാ ?

വന്‍കുട സംഘടന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ലോകമെമ്പാടുമുള്ള കേന്ദ്രീകൃത മലയാളി സംഘടനകളുടെ രാജ്യാന്തരകൂട്ടായ്മ എന്ന സങ്കല്പമാണ് നോര്‍ത്ത് അമേരിക്ക, ബ്രിട്ടണ്‍ , യൂറോപ്യന്‍ യൂണിയന്‍, ഓസ്‌ട്രേലിയ, സിങ്കപ്പൂര്‍, മലേഷ്യ, ആഫ്രിക്കന്‍ യൂണിയന്‍, യൂഎഇ ആന്റ് മിഡില്‍ ഈസ്റ്റ്, സൗത്ത് അമേരിക്ക, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി മലയാളികളെ അവരടങ്ങുന്ന കേന്ദ്രീകൃതസംഘടനയുടെ ചട്ടക്കൂടിനുള്ളില്‍ ഏകോപിപ്പിച്ച ശേഷം രാജ്യാന്തരതലത്തിലുള്ള കേന്ദ്രീകൃതസംവിധാനത്തിലേക്ക് കൊണ്ടുവരിക എന്നതാണ് 'Grand Umbrella'സംഘടനകൊണ്ട് ലക്ഷ്യമിടുന്നത്. ഇത്തരം ഒരു സംഘടനയിലൂടെ ലയനത്തിന് വിഘാതമായി നില്‍ക്കുന്ന വിഷയങ്ങളെ ലഘൂകരിക്കുന്നതിനും അതേസമയം വന്‍സംഘടനകളെ അവരുടെ അസ്തിത്വിത്തിലും സംവിധാനങ്ങളിലും നിലനില്‍ക്കുന്നതിനും നമുക്ക് സാഹചര്യമൊരുക്കാനാവുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഉദാഹരണമായ് പറഞ്ഞാല്‍ ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണില്‍ ഈ വര്‍ഷത്തെ രാജ്യാന്തര കണ്‍വെന്‍ഷന്‍ നടത്തിയാല്‍ ഫോമാ അടുത്ത വര്‍ഷത്തെ കണ്‍വെന്‍ഷന്‍ ഫ്‌ളോറിഡയിലോ, ടെക്‌സാസിലോ നടത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീക്കുപോക്കുണ്ടാക്കാനാവുന്നു എന്നതാണ് ഈ മോഡലിന്റെ പ്രത്യേകത.

വ്യക്തിഗത കേന്ദ്രീകൃത സംഘടനകളുടെ അസ്തിത്വം നഷ്ടപ്പെടുത്താതെ തന്നെ മലയാളി ശക്തി ഏകോപിപ്പിച്ചു മുന്നേറാനുള്ള ഒരു ആശയമാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്.
മറ്റു ഭൂഖണ്ഡലങ്ങളിലെ മലയാളികളേയും ഒരുമിപ്പിക്കുന്നതിലൂടെ എല്ലാവര്‍ഷവും ഒരു മഹാപ്രവാസി സമ്മേളനം ഈ സംഘടനക്ക് കേരളത്തില്‍ സംഘടിപ്പിക്കാനാവും എന്നത് എടുത്തു പറയേണ്ടതാണ്.

മലയാളികളെ എല്ലാവരെയും പൊതുവായി ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഒരു മഹാശക്തിക്കു മാത്രമേ എന്തെങ്കിലും മാറ്റം വരുത്താനാവൂ.

ഈ മഹാസംഘടനയുടെ ഭരണഘടനയും, ചട്ടക്കൂടും, പ്രവര്‍ത്തനരേഖയും, എന്നുവേണ്ട രാജ്യാന്തരസംവിധാനങ്ങളുമൊക്കെ വളരെ ചിന്തിച്ചും ചര്‍ച്ചകളിലൂടെയും രൂപം കൊടുക്കേണ്ട ഒന്നാണ്.

സംഘടനാ സംവിധാനങ്ങളില്‍ നേതൃതലത്തിലുള്ളവരുടെ ശ്രദ്ധയില്‍ ഈ വിഷയം അവതരിപ്പിക്കുക എന്ന എളിയ കര്‍ത്തവ്യം ആണ് ഞാന്‍ ഇവിടെ നിര്‍വ്വഹിക്കുന്നത്.

'Airport Hub' എന്ന പദ്ധതിയില്‍ രാജ്യത്തെ നാലാമത്തെ തിരക്കേറിയ വിമാനത്താവളമായ കൊച്ചി പുറന്തള്ളപ്പെട്ടത് നാമെല്ലാവരും ഇതിനോടകം അിറഞ്ഞ വസ്തുതയാണല്ലോ . കൊച്ചി ഒരു ഹബ് അല്ലെങ്കില്‍ വിദേശികള്‍ക്ക് കേരളത്തിലെത്താന്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നാം അനുഭവിച്ചറിയാന്‍ പോകുന്നതേയുള്ളൂ. 

പ്രവാസിമലയാളികളും മറ്റ് കേരള സന്ദര്‍ശകരും ഒരു പക്ഷെ മദ്രാസിലും, ബാംഗ്ലൂരിലുമൊക്കെ ഇറങ്ങി മാറിക്കയറേണ്ട കാലവും വിദൂരമല്ല.

അതിനാല്‍ പ്രിയമലയാളികളെ ഇത് തിരമാലകളുടെയും സുനാമികളുടെയും ശക്തിപ്രകടനത്തിന്റെ കാലമാണ്. അവിടെയും ഇവിടെയും നിന്നു നാം പ്രകടിപ്പിക്കുന്ന സിഗ്നലുകളേക്കാള്‍ പ്രധാനമാണ് നാം ഒന്നിച്ചു നിന്ന് സൃഷ്ടിക്കുന്ന തരംഗങ്ങള്‍. അതിനാല്‍ നമുക്ക് ഒന്നായ് നേടാം, ഒന്നിച്ചു നിന്നു പൊരുതാം.
വന്‍കുട സംഘടനക്ക് നല്‍കാവുന്ന ചിലപേരുകള്‍ ആശയരൂപീകരണത്തിനായ് സാദരം നിര്‍ദ്ദേശിക്കട്ടെ.

1. Consortium of centralized Organisations of malayalees around the world

2. Grand Umbrella of centralized organizations of overseas malayalees.

3. Grand Umbrella of centralized malayalee organizations around the globe

4. Grand Alliance of centralized global

5. Confederation of global Malayalee umbrella organizations.

ഇത്തരം ഒരു സംഘടനക്ക് മതസംഘടനകളുടെ അംഗങ്ങള്‍ക്കും മതേതരസംവിധാനത്തിന്റെ ചട്ടക്കൂട്ടിനുള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നു എന്നതും പ്രത്യേകം ഉറപ്പാക്കേണ്ടതുണ്ട്.

ജനകീയ പ്രശ്‌നങ്ങളെയും വികസന ആവശ്യങ്ങളെയും ഒരു ഏകീകൃത സംവിധാനത്തിന്റെ കുടക്കീഴില്‍ കൊണ്ടു വന്നുകൊണ്ട് അവതരിപ്പിക്കാന്‍ നമുക്കായാല്‍ അതില്‍പ്പരം വിജയം പ്രവാസികള്‍ക്ക് സ്വപ്നം കാണാനാവുമോ എന്ന് നമുക്ക് ചിന്തിക്കാം, തീരുമാനങ്ങളെടുക്കാം.

സിറിയക് സ്‌കറിയ
ഫൊക്കാനയും ഫോമയും അടങ്ങുന്ന 'കുട' സംഘടനകളുടെ ശ്രദ്ധയിലേക്ക്…..
Join WhatsApp News
വായനക്കാരൻ 2015-02-17 12:18:46
വേൾഡ് മലയാളി എന്നൊക്കെ പേരുകളിൽ സംഘടനകൾ ഉള്ളതുകൊണ്ട് ഒരു സൌര്യയുധ സംഘടനതന്നെ അവാം. Federation Of Keralites Under Sun(FOKUS). ഫോമയും ഫോക്കാനയും വേൾഡ് മലയാളിയുമെല്ലാം ഒരു കുടക്കീഴിൽ? കാക്ക മലന്നു പറക്കണം. ലേറ്റസ്റ്റ് ട്രെൻഡ് പഞ്ചായത്ത് അസോസിയേഷനുകളാണ്.ആനിക്കാട്, കൊട്ടനൂർ, കല്ലൂപ്പാറ, പുന്നത്താനം, അങ്ങനെ, അങ്ങനെ,...
Anthappan 2015-02-17 12:50:48

I think Vaayanakkaaran makes sense.   FOKUS (Us) shows unity too.   Uniting all the ‘Jillaas’ under one leadership will be a great idea.   All the Panchayat presidents can take a break. 

Jack Daniel 2015-02-17 12:53:57
കുട' സംഘടന എന്നാണോ 'കുടം '  സംഘടന എന്നാണോ ?  ഒന്ന് ഉറപ്പ് വരുത്താനാ. എന്നിട്ട് വേണം സംഘടനയിൽ ചേരണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ .
അമ്മിണി 2015-02-17 14:14:14
ദയവു ചെയ്യുത് സംഘടനകൾ ഒന്നിപ്പിക്കരുത്.  അത് പല കുടുംബങ്ങളെം വഴിയാധാരമാക്കും.  ഏൻറെ  അതിയാനു പണിയൊന്നുമില്ല പക്ഷെ വീട്ടിൽ സമാധാനക്കുറവും ഇല്ല. ഞാൻ ജോലിയും ഒവെർറ്റൈമും ചെയ്യുന്നത് കൊണ്ട് വീട് പുലർന്നു പോകുന്നു. പിള്ളാരുടെ വിദ്യാഭ്യാസ കാര്യങ്ങളും. അങ്ങേര് അസോസിയേഷന്റെ ഓഫീസിലാ കിടപ്പ്. പാതിരാ കോഴി കൂവുമ്പോൾ കേറിവന്നു ചില സർക്കസുകൾ കാണിക്കാൻ ശ്രമിച്ചിട്ട് കിടന്നു ഉറങ്ങിക്കോളും.  അദ്ദേഹം അസോസിയേഷന്റെ സ്ഥിരം പ്രസിഡണ്ടാ.  കുളിച്ചില്ലെങ്കിലും കോണകം പുറത്താണെന്ന് പറഞ്ഞതുപോലെയാ. റ്റൈയും കൊട്ടും സൂട്ടുമൊക്കെ യിട്ടാ നടപ്പ്.  ഡെയിലി ഓരോ പ്രസ്താവനകൾ ഇറക്കും. സർവ്വ പത്രങ്ങൾക്കും അയച്ചു കൊടുക്കും. ചില പത്രക്കാര് വിളിച്ചു ചീത്ത പറയും. കാരണം ഒരു പ്രസ്താവന നാല് പ്രാവശ്യം പത്രക്കാർക്ക് അയച്ചു കൊടുക്കും.  അവരെങ്ങനെ ചീത്ത വിളിക്കാതിരിക്കും.  ചിലപ്പോൾ മുറിയിൽ ഇരുന്ന് ചിരിക്കും. ചെന്ന് നോക്കുമ്പോൾ ഇ-മലയാളിയിൽ വരുന്ന പുള്ളിയുടെ പടം കണ്ടിരുന്നു ചിരിക്കുന്നതാണ്.  ഞാൻ പിന്നെ ഇതിൽ ഇടാപെടാരില്ല. അദ്ദേഹം മൂലം വീടിനുള്ള ശല്യം നാട്ടുകാരുടെ ശല്യം വച്ച് നോക്കുമ്പോൾ നാട്ടുകാർ ഇദ്ദേഹത്തിനെ ചുമന്നു നടക്കുന്നതിനു നൂറു നന്ദി. എത്ര കുടുംബങ്ങളെ യാണ് നിങൾ രക്ഷിക്കുന്നത്. ദയവു ചെയ്യുത് സംഘടനകളെ ഒരുമിപ്പിച്ചു കുടുംബങ്ങളെ നശിപ്പിക്കരുത്. നിങ്ങൾക്കും കുടുംബം ഉള്ളവരല്ലേ?  ഒരു വീട് പുലർത്താൻ കഷ്ടപ്പെടുന്ന വീട്ടമ്മയുടെ കാലു പിടിച്ചുള്ള അപേക്ഷയാണ് തള്ളികളയുരുത് . നിങ്ങൾക്ക് നൂറ് പുണ്യം കിട്ടും 

ശകുനി 2015-02-17 14:29:57
എന്തിനാ വായനക്കാരാ നിങ്ങൾ ഓരോ ആശയങ്ങളുമായി  വന്നു പ്രശ്നം ഉണ്ടാക്കുന്നത്‌ .  ആ വീട്ടമ്മയുടെ കാലുപിടിച്ചുള്ള അപേക്ഷ കേട്ടില്ലേ ?
Totally Confused Man 2015-02-17 14:58:36
Yes, we need a lot more malayali sankatanas. I dont think the number of sankatanas we have right now is enough to take care of malayalees in the US.
Eappachi 2015-02-17 16:04:55
സംഭവം കൊള്ളാം ..  ഇനി വൻ കുട സംഘടന (ഗ്രാൻഡ്‌ അംബ്രെല്ല) ഉണ്ടായി എന്ന് തന്നെ വെക്കുക ...  ഒരു മുന്ന് വര്ഷം കഴിയുമ്പോൾ ഇതേ ലേഖകൻ തന്നെ ഗ്രേറ്റ്‌ ഗ്രാൻഡ്‌ അംബ്രെല്ല ഉണ്ടാക്കാൻ വരേണ്ടി വരും ......  
Eappachi 2015-02-17 16:08:00
വായനക്കാരൻ  ചേട്ടനും അമ്മിണി ചേച്ചിക്കും എന്റെ നമോവാകം ....  തകര്ത് തരിപ്പണം ആക്കി ...  കൊട് കൈ ... 
നാരദർ 2015-02-17 20:04:11
അതും ഇതും പറഞ്ഞു വായനക്കാരനെ ഇളക്കാത് ഇ പ്പാച്ചി. സംഘടനകൾ ഒന്നിക്കാൻ ശ്രമിക്കുന്നതുപോലെ അവര് രണ്ടും ഒന്നിച്ചാലും പ്രയാസമാ 
sreekumar 2015-02-18 08:53:14
സംഘടനകൾ പിളരുന്നത് എന്തായാലും ആശയ സംഘട്ടനം മൂലം അല്ലെന്ന്ന്നു വ്യക്തം ... ഉദര സംഘട്ടനം മാത്രം കാരണം... ഒന്നിച്ചു നിൽക്കുമ്പോൾ പണവും പദവിയും അപ്രാപ്യമെന്നു തോന്നുമ്പോൾ പിളർത്തി പദവിയിലെത്തും. ബാത്‌റൂമിൽ പോയാൽ പോലും സഫാരി സൂട്ട് ഊരാത്ത ഇവർ അങ്ങനെ പിളർത്തിക്കൊണ്ടേ ഇരിക്കും. മലയാളി സംഘടന മാറി ജില്ല തിരിച്ചുള്ള സംഘടനകൾ  ആയി..എറണാകുളം ജില്ലക്കും കോട്ടയം ജില്ലക്കും അങ്ങന്നെ എല്ലാ ജില്ലക്കും സംഘടനകൾ..ശേഷം മൂവാറ്റുപുഴ താലൂക്കിനും കുന്നത്തുനാട്‌ താലൂക്കിനും   മീനച്ചിൽ താലൂക്കിനും വേറെ .. ഇതാ വരുന്നു ഉഴവൂര് പഞ്ചായത്തിന് മറ്റൊന്ന് .. തീർന്നില്ല .. ഉഴവൂര് തെക്കും കര , വടക്കും കര .. ഇതുകൂടാതെ NSS , SNDP , ക്നാനായ , മാര്ത്തോമ , വിശ്വകർമ എല്ലാത്തിനും ഇഷ്ടംപോലെ... ഫോമ ക്രൂസിന് പോയാൽ ഫൊകാന ഹെലികൊപ്റ്റെരിൽ കൊണ്ടുപോകും .. കോട്ടയത്ത്‌ ഒരു കണ്‍വെൻഷൻ കൊച്ചിയിൽ മറ്റൊന്ന്.. നാട്ടിൽ നില്ക്കാൻ പറ്റാത്ത വെള്ളിമൂങ്ങകളെ  പൊക്കി എഴുന്നള്ളിച്ചു പൂക്കുലയുമായി എയർപോർട്ടിൽ കാത്തു നില്ക്കും... ഈ സംഘടനകൾ എല്ലാം പ്രവാസി മലയാളികളെ എങ്ങനെ ഉദ്ധരിച്ചു എന്ന് നമ്മൾ ചിന്തിക്കേണ്ടി ഇരിക്കുന്നു ...

കേരള കോണ്‍ഗ്രസ്‌ എന്ന പാർട്ടി 5 പ്രാവശ്യം പിളര്ന്നപോൾ എത്രയോ പേർ മന്ത്രിമാർ ആയി ? ഒന്നിച്ചു നിന്നാൽ എത്ര പേർ ആയേനെ ? അതുകൊണ്ട് അവർ 3 അണികൾക്ക് 1 ജനറൽ സെക്രട്ടറി എന്ന പേരില് സ്ഥാനം വച്ചു.. മാണി ഗ്രൂപ്പിന് മാത്രം 36 ജനറൽ സെക്രട്ടറിമാർ ഉണ്ടെന്നാണ് കണക്ക്...

അതുകൊണ്ട് ഒരു കുടക്കീഴിൽ പള്ളിയിൽ പോകാം എന്ന മോഹം മോഹമായി അവശേഷിക്കുകയെ ഉള്ളു .... 
പാരടി കുഞ്ഞമ്മ (RN) 2015-02-18 11:35:45
(ഒരിടത്ത് ജനനം ഒരിടത്ത് മരണം
ചുമലിൽ ജീവിത ഭാരം ....എന്ന രീതി)

ഒരിടത്ത് പ്രസിടണ്ട് ഒരിടത്ത് സെക്രട്ടറി 
പള്ളിയിൽ വൈസ് പ്രസിടണ്ട്‌  
പിന്നെയും സ്ഥാനങ്ങൾ നോക്കിനടക്കും 
നാണംകെട്ട ഭർത്താവ്  വെറും 
നാണംകെട്ട   ഭർത്താവ്

ഇവന്മാരുടെ തലയിൽ എന്താണോ? 
ഞങ്ങൾക്ക് വിശ്രമം എന്നാണോ ?
ഡബിൾ ജോലി ചെയ്യാതെ  നിവർത്തിയില്ല
പ്രസവത്തിനാണേൽ കുറവുമില്ല 
ഒരു കുറവുമില്ല    (ഒരിടത്ത് പ്രസിഡ .....)

RN ആകാൻതോന്നിയ നേരംമേത് 
ഇവനെ കെട്ടാൻ  തോന്നിയ സമയമേത് 
വീട്ടുകാരെ പറഞ്ഞിട്ട് കാര്യമെന്ത്?
ചതിയൻറെ പ്രേമത്തിൽ കുടുങ്ങിപോയി 
ഞാൻ കുടുങ്ങിപ്പോയി 

ഇവൻതന്ന പിള്ളാരുടെ മുഖത്തു നോക്കിയാൽ
അവരുടെ പഠിപ്പിന്റെ കാര്യം ഓർത്താൽ 
എന്തെല്ലാം വന്നാലും ജോലി ചെയ്യും 
നടു ഒടിഞ്ഞാലും ജോലി ചെയ്യും 
നടു ഒടിഞ്ഞാലും ജോലി ചെയ്യും

വിക്രമൻ 2015-02-18 11:43:14
തന്നത്താൻ നോക്കീട്ടു ഉദ്ധരിക്കുന്നില്ല പിന്നയാ സംഘടനകൾ ഉദ്ധരിപ്പിക്കാൻ പോകുന്നത് 


ശ്രീകുമാർ 2015-02-18 11:58:01
പാരടി കുഞ്ഞമ്മേടെ പാട്ടിന്റെ ന്യുആൻസ് എല്ലാം കൊള്ളാം . കുഞ്ഞമ്മക്ക് കണ്ട്രോൾ ഉണ്ടെങ്കിലും അയാൾക്കില്ല. പിന്നെ പിച്ച് കൊടുക്കണ്ടാടത്തു കൊടുക്കണം അല്ലെങ്കിൽ പ്രസവം തുടർന്ന് കൊണ്ടേയിരിക്കും. ഇടയ്ക്കു അല്പം ക്രാക്ക് ഉണ്ടെങ്കിലും ചരണത്തിനു നല്ല ഉറപ്പാ അല്ലെങ്കിൽ ഇത്തരത്തിൽ ഒരു ക്ലാസിക്കൽ കുഞ്ഞമ്മക്ക് ഹാൻഡിൽ ചെയാൻ പറ്റില്ല. അടുത്ത തവണ വരുമ്പോഴേക്കും ആ പിച്ച് ഒന്ന് കൂടി കൂട്ടാൻ നോക്കണം. എത്ര മാര്ക്ക് വേണം. എത്ര തനാലും എടുത്തോളാം അല്ലെ . എന്നാൽ കുഞ്ഞമ്മക്ക് ഞാൻ ഇരുപതിൽ പതിനെട്ടു മാർക്കാണ് തരുന്നത് .....

സംശയം 2015-02-18 12:42:17
ഇത് പാട്ടുകാരൻ സ്രീകുമാറാണോ?
ശ്രീകുമാർ 2015-02-18 13:14:10
എന്തിര് ചോദ്യാമാണിത് സംശയമേ ?  ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി ........................
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക