Image

ഞാന്‍ നിന്നോടു കൂടെയുണ്ട്‌: ജോണ്‍ ഏബ്രഹാം പുരസ്‌കാരം പ്രിയനന്ദനന്‍ ചിത്രത്തിന്‌

Published on 14 February, 2015
ഞാന്‍ നിന്നോടു കൂടെയുണ്ട്‌: ജോണ്‍ ഏബ്രഹാം പുരസ്‌കാരം പ്രിയനന്ദനന്‍ ചിത്രത്തിന്‌
പ്രിയനന്ദനന്‍ സംവിധാനം ചെയ്‌ത ഞാന്‍ നിന്നോടു കൂടെയുണ്ട്‌ എന്ന സിനിമയ്‌ക്ക്‌ 17-ാമത്‌ ജോണ്‍ ഏബ്രഹാം പുരസ്‌കാരം. കേരളീയ ജീവിതത്തിന്റെ വര്‍ത്തമാന അവസ്‌ഥകള്‍ക്കെതിരേ പിടിച്ച കണ്ണാടിയാണ്‌ ഞാന്‍ നിന്നോട്‌ കൂടിയുണ്ട്‌ എന്ന ചിത്രം. രണ്ടു ചെറുപ്പക്കാരുടെ ജീവിതത്തിലൂടെയാണ്‌ അതിശക്തമായ ഭാഷയിലുളള സമീപകാല സാമൂഹ്യജീവിതാവിഷ്‌കാരം നടത്തിയിട്ടുള്ളത്‌.

ഇയ്യോബിന്റെ പുസ്‌തകം, പുതപ്പ്‌, ഞാന്‍ സ്‌റ്റീവ്‌ ലോപ്പസ്‌, ഒരാള്‍പ്പൊക്കം, വിദൂഷകന്‍, ജലാംശം, നെഗലുകള്‍, അലീഫ്‌, എന്നീ ചിത്രങ്ങളെ പിന്തളളിയാണ്‌ ഞാന്‍ നിന്നോട്‌ കൂടെയുണ്ട്‌ തിരഞ്ഞെടുക്കപ്പെട്ടത്‌. ഫെഡറേഷന്‍ ഓഫ്‌ ഫിലിം സൊസൈറ്റീസ്‌ ഓഫ്‌ ഇന്ത്യ, കേരള ഘടകം ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരമാണിത്‌.

വിനയ്‌ ഫോര്‍ട്ട്‌, സിദ്ധാര്‍ത്ഥ്‌ ഭരതന്‍ എന്നിവരാണ്‌ ചിത്രത്തില്‍ പ്രധാനതാരങ്ങളായി എത്തുന്നത്‌. വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളെയും സംഘര്‍ഷങ്ങളെയും സ്വപ്‌നത്തിന്റെയും യാഥാര്‍ഥ്യത്തിന്റെയും സമന്വയത്തിലൂടെ ചലച്ചിത്രഭാഷയുടെ നവീന സാധ്യതകളുപയോഗിച്ച്‌ ദൃശ്യവല്‍ക്കരിച്ചിരിക്കുന്ന ഈ സിനിമ തുല്യതയിലധിഷ്‌ഠിതമായ മാനവികതയുടെ നവസങ്കല്‍പങ്ങളെ അവതരിപ്പിച്ചിരിക്കുന്നു എന്ന്‌ ജൂറി അഭിപ്രായപ്പെട്ടു. ഒരാള്‍പ്പൊക്കം എന്ന സിനിമയുടെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ സംവിധാന മികവിനുള്ള പ്രത്യേക ജൂറി അവാര്‍ഡ്‌ നേടി. മുസ്‌ലിം സമുദായത്തിലെ അടിച്ചമര്‍ത്തപ്പെടുന്ന സ്‌ത്രീകളുടെ അവസ്‌ഥയെ ധീരമായ സാമൂഹ്യനിലപാടുകള്‍ സ്വീകരിച്ചുകൊണ്ട്‌ വിമര്‍ശനവിധേയമാക്കിയ എന്‍ കെ മുഹമ്മദു കോയ സംവിധാനം ചെയ്‌ത അലീഫ്‌ എന്ന സിനിമ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന്‌ അര്‍ഹമായി.

പ്രശസ്‌ത ചലച്ചിത്ര സംവിധായകനായ പി ടി കുഞ്ഞുമുഹമ്മദ്‌ ചെയര്‍മാനും ശബ്‌ദ സന്നിവേശകനായ എം ഹരികുമാര്‍, എഴുത്തുകാരിയും നിരൂപകയും ആയ വി.എസ്‌ ബിന്ദു എന്നിവര്‍ അംഗങ്ങളും കെ. പ്രഭാകരന്‍ മെമ്പര്‍ സെക്രട്ടറിയുമായ ജൂറിയാണ്‌ അവാര്‍ഡുകള്‍ നിര്‍ണ്ണയിച്ചത്‌.
ഞാന്‍ നിന്നോടു കൂടെയുണ്ട്‌: ജോണ്‍ ഏബ്രഹാം പുരസ്‌കാരം പ്രിയനന്ദനന്‍ ചിത്രത്തിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക