Image

ഗന്ധര്‍വ്വന്‍ (ഒരു പഴയകാല വാലന്റയിന്‍ ഗീതം:സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)

Published on 12 February, 2015
ഗന്ധര്‍വ്വന്‍ (ഒരു പഴയകാല വാലന്റയിന്‍ ഗീതം:സരോജ  വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)
ഇതിഹാസങ്ങളുടെ ഏടുകളില്‍ നിന്നും,
അനഘ പ്രേമത്തിന്റെ തിരുമധുരം,
അനര്‍ഗ്ഗളം ഒഴുക്കിയ ഒരു ഗന്ധര്‍വന്‍.
വെണ്മേഘങ്ങളെ വകഞ്ഞ്‌ മാറ്റികൊണ്ട്‌,
ഇളം നീലിമകലര്‍ന്ന ചാരനിറമുള്ള,
ഒരു തേരില്‍ ഭൂമിയിലേക്ക്‌ ഇറങ്ങി വന്ന
വസന്ത പഞ്ചമിനാളില്‍;
പഞ്ചമം പാടികൊണ്ട്‌ പൂങ്കുയിലുകളും,
പൂമണം പരത്തികൊണ്ട്‌ നിലാവും നിന്നപ്പോള്‍,
ജാലക തിരശ്ശീലയിലൂടെ
എന്നും ഗന്ധര്‍വ്വസഞ്ചാരം വീക്ഷിക്കുന്ന,
ഒരു അജപാല ബാലിക കുന്നിന്‍പുറത്തേക്ക്‌ ഓടികയറി..
അവളുടെ ചിലമ്പ്‌മണികളുടെ മുഴക്കം
ഗന്ധര്‍വ്വന്റെ ഹൃദയതന്ത്രികളെ തൊട്ടനക്കി
സ്‌നേഹവും, കാമവും, പ്രേമവും കൂടികുഴയുന്ന
ഇലകുമ്പിളില്‍ ഒരു കന്യാപുഷ്‌പമര്‍പ്പിച്ച്‌ നിന്നവളെ;
ബാല്യ കൗമാര ചാപല്യങ്ങളുടെ കുങ്കുമം
വിതറിനില്‍ക്കുന്ന കാലത്തിന്റെ കല്‍പ്പടവുകളില്‍ ഇറങ്ങി-
വാര്‍ദ്ധക്യം വരാതിരിക്കാനുള്ള അമൃത്‌കോരാന്‍
അവള്‍ക്കവന്‍ അനുരാഗ ചെപ്പുകുടം നല്‍കി.
നിശയുടെ നിശ്ശബ്‌ദ വേളകളില്‍
നിദ്രക്കായ്‌ മെത്ത നിവര്‍ത്തുമ്പോള്‍,
കനിവിന്റെ കടാക്ഷവിളക്കുമായി അകലങ്ങളില്‍
എന്തോതിരഞ്ഞ്‌ നില്‍ക്കുന്ന നീ എന്റെ രാജകുമാരന്‍.
കടപ്പാടുകളുടെ ബന്ധനത്തില്‍ കുടുങ്ങി ഒരു നാള്‍
മാനത്തെമട്ടുപ്പാവിലേക്ക്‌ തിരിച്ചു പോകാതെ,
സ്‌നേഹത്തിന്റെ കൈത്തിരിനാളത്തില്‍ മുഖം നോക്കുന്ന
അജപാലബാലികയുടെ അകൈതവമായ അകതാരില്‍
കരിനിഴല്‍വീഴ്‌ത്താതെ ഒരു വരിപ്രേമ ഗാനം എന്നുംപാടുക നീ!

സരോജ വര്‍ഗീസ്സ്‌, ന്യൂയോര്‍ക്ക്‌
sarojavarghese@yahoo.com
ഗന്ധര്‍വ്വന്‍ (ഒരു പഴയകാല വാലന്റയിന്‍ ഗീതം:സരോജ  വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)
Join WhatsApp News
Sudhir Panikkaveetil 2015-02-13 03:55:12
ദേവന്മാർ ഭൂമിയിലെ സ്ത്രീകളെ പ്രേമിക്കാൻ എത്തിയിരുന്നു എന്ന് പുരാതന ഭാരതത്തിലും ഗ്രീസ്സിലുമുള്ളവർ വിശ്വസിച്ചിരുന്നു. ഒരു പക്ഷെ പ്രേമിക്കാൻ പാടിയവർ ദേവന്മാരും ദേവകളുമായിരിക്കും.
andrew 2015-02-13 06:38:33
ദൈവത്തിന്‍റെ  പുത്രന്മാര്‍ ഇടകിടെ ഭുമിയില്‍ വന്നു സുന്ദരി കളുമായി ഇണചേരല്‍‍ നടന്നു
but for mate for man, he searched among animals, but found none. Genesis: 6:1-4 & 2:21
if god had found a mate for man among animals that paraded in front of Adam; all our love songs would have been addressed to - എരുമ; പശു; മാന്‍; കഴുത
GEORGE 2015-02-13 08:20:53
ബൈബിളിലും കാണാമല്ലോ, ഉല്പത്തി 6:1 മനുഷ്യൻ ഭൂമിയിൽ പെരുകിത്തുടങ്ങി അവർക്കു പുത്രിമാർ ജനിച്ചപ്പോൾ ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു. അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക