Image

ഷമിതാഭ്-അഭിനയവും ശബ്ദവും മാറ്റുരയ്ക്കുന്ന ചിത്രം

ആശ പണിക്കര്‍ Published on 10 February, 2015
            ഷമിതാഭ്-അഭിനയവും ശബ്ദവും മാറ്റുരയ്ക്കുന്ന ചിത്രം
താരങ്ങളുടെ അഭനയത്തോടൊപ്പം തന്നെ നമ്മുടെ ഉള്ളില്‍ പതിഞ്ഞുപോകുന്താണ് അവരുടെ ശബ്ദവും.  പ്രേക്ഷകന്‍ ആരാധിക്കുന്ന സാരങ്ങളുടെ ശബ്ദത്തെ മാറ്റി നിര്‍ത്തിക്കൊണ്ട് അവരെ സങ്കല്‍പ്പിക്കാന്‍ വളരെ പ്രയാസമാണ്. അതുകൊണ്ടു തന്നെ ഒരു താരത്തിന്റെ രൂപഭാവങ്ങള്‍ക്കും അഭിനയത്തിനുമൊപ്പം അവരുടെ ശബ്ദത്തിനും വളരെ പ്രാധാന്യമുണ്ട്. 

ഈ പറഞ്ഞത് പ്രേക്ഷകരുടെ കാര്യമാണ്. എന്നാല്‍ സിനിമയില്‍ അഭിനയത്തിനാണോ ശബ്ദത്തിനാണോ കൂടുതല്‍ പ്രാധാന്യം എന്നു ചോദുച്ചാല്‍ എന്തായിരിക്കും അതിന്റെ മറുപടി.  ഷമിതാഭ് എന്ന ചിത്രത്തിലൂടെ സംവിധായകന്‍ ബാല്‍കി നമ്മോട് പറയുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്. 
തന്റെ രൂപവും അഭിനയസിദ്ധിയും അതോടൊപ്പം മറ്റൊരാളുടെ ശബ്ദവും ചേര്‍ന്ന സൂപ്പര്‍സ്റ്റാര്‍ ആണ് ഷമിതാഭ്. അങ്ങനെയൊരു സൂപ്പര്‍സ്റ്റാര്‍ വെള്ളിത്തിരയില്‍ ഉദിച്ചുയരുമ്പോള്‍ ഉണ്ടാകുന്ന കൗതുകം, അവര്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍, തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഇതെല്ലാം വളരെ മികച്ച രീതിയില്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് ഷമിതാഭ്.

കുട്ടിക്കാലംമുതലേ സിനിമ മാത്രം സ്വപ്നം കണ്ടു നടക്കുന്ന ചെറുപ്പക്കാരനാണ് ദാനിഷ് (ധനുഷ്). പല തവണ സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടും ആ ഭാഗ്യം കൈയ്യെത്തി പിടിക്കാന്‍ കഴിയാതെ പോയ ഒരു നിര്‍ഭാഗ്യവാന്‍ കൂടിയാണ് ദാനിഷ്. എങ്ങനെയെങ്കിലും സിനിമയില്‍ അഭിനയിക്കുക എന്ന മോഹത്തോടെ  മുംബൈയിലെത്തുന്ന ദാനിഷ് സഹസംവിധായികയായ അക്ഷരയെ പരിചയപ്പെടുന്നു. ദാനിഷിലെ നടനെ തിരിച്ചറിയുന്ന അക്ഷര അവനെ സഹായിക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ പതിവു പോലെ ദാനിഷിന്റെ സ്വന്തം ശബ്ദം അവിടെയും ഒരു വില്ലനായി അവതരിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

കാര്യങ്ങള്‍ ഇങ്ങനെ കുഴഞ്ഞുനീങ്ങുന്നതിനിടയിലാണ് അമിതാഭ്് സിന്‍ഹ(അമിതാഭ്് ബച്ചന്‍) എത്തുന്നത്. ദാനിഷിന് ശബ്ദം നല്‍കാന്‍ അമിതാഭിനെ നിയോഗിക്കാന്‍ അക്ഷര തീരുമാനിക്കുന്നു. എന്നാല്‍ ഇതേ തുടര്‍ന്ന് ഇവരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ കാര്യങ്ങള്‍ സംഭവിക്കുന്നു.

ഷമിതാഭിലൂടെ നല്ലൊരു ചിത്രം ചമച്ചെടുക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അമിതാഭ്് ബച്ചന്‍ ധനുഷ് എന്നീ നടന്‍മാരുടെ കഴിവുകള്‍ പരമാവധി ചിത്രത്തിനു വേണ്ടി ഉപയോഗിക്കാന്‍ സംവിധായകന് സാധിച്ചു. വളരെ നന്നായി അമിതാഭ്് തന്റെ ഭാഗം ചെയ്തിട്ടുണ്ട്. സിനിമയില്‍ പല രംഗങ്ങളിലും അഭിനയ തീവ്രമായ മുഹൂര്‍ത്തങ്ങല്‍ സമ്മാനിച്ചുകൊണ്ട് അമിതാഭ് ധനുഷിനെ പലതവണ കടത്തിവെട്ടുന്നുണ്ട്.   അതേ മികവില്‍ തന്നെയാണ് ധനുഷും. തന്റെ ഭാഗം മികവുറ്റതാക്കിയിട്ടുണ്ട്. രാഞ്ജാനയ്ക്കു ശേഷം തന്റെ രണ്ടാമത്തെ ഹിന്ദി സിനിമയിലൂടെ തന്റെ അഭിനയത്തിന്റെ കരുത്ത് ധനുഷ് വ്യക്തമാക്കിത്തരുന്നു. 

ബച്ചന്റെ ചിരപരിചിതമായ സ്വരം ധനുഷിന്റെ കണ്ഠത്തില്‍ നിന്നും പുറത്തുവരുമ്പോള്‍ ആദ്യം നമുക്ക് അത് സ്വീകരിക്കാന്‍ മടി തോന്നുമെങ്കിലും പിന്നീട്  സിനിമ മുന്നേറുമ്പോള്‍ പ്രേക്ഷകന്‍ അത് മറക്കുന്നു. ധനുഷും അമിതാഭും ചേര്‍ന്നുള്ള രംഗങ്ങള്‍ തന്നെയാണ് ഷമിതാഭിന്റെ ഹൈലൈറ്റ്. മികച്ച കയ്യടക്കത്തോടെയുള്ള ഇരുവരുടെയും പ്രകടനം ഈ സിനിമയുടെ വിജയത്തില്‍ ഒരു വലിയ പങ്കു വഹിക്കുമെന്നത് തീര്‍ച്ച.

മററൊരു താരമുണ്ട്. സാക്ഷാല്‍ ഉലകനായകന്റെ മകള്‍ അക്ഷരഹാസന്‍. അഭിതാഭ്, ധനുഷ് എന്നീ നടന്‍മാര്‍ക്കൊപ്പം മികച്ച അഭിനയം തന്നെയാണ് അക്ഷര കാഴ്ചവച്ചത്. ഒരു പക്ഷേ ഒരു തുടക്കക്കാരിയില്‍ നിന്നും പ്രതീക്ഷിക്കാന്‍ കഴിയുന്നതിനേക്കാള്‍ മികച്ച പ്രകടനം എന്നു പറയാതെ വയ്യ. 

ഷമിതാഭിന്റെ സംഗീതം നിര്‍വഹിച്ചത് ഇളയരാജയും  ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പി സി ശ്രീറാമുമാണ്. പ്രേക്ഷകര്‍ക്ക് രസിക്കും വിധത്തില്‍ കഥയോട് ചേര്‍ന്നു നില്‍ക്കുന്ന വിധത്തിലുള്ള പശ്ചാത്തല സംഗീതമാണ് ഇളയരാജ നല്‍കിയിരിക്കുന്നത്. അത്രവലിയ ഗംഭീരമെന്ന് അവകാശപ്പെടാന്‍ കഴിയില്ലെങ്കിലും പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും ഷമിതാഭ് എന്ന സിനിമ.


            ഷമിതാഭ്-അഭിനയവും ശബ്ദവും മാറ്റുരയ്ക്കുന്ന ചിത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക