Image

മോഹന്‍ലാലിനെ ഇങ്ങനെ അധിക്ഷേപിക്കരുത്! - അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 03 February, 2015
മോഹന്‍ലാലിനെ ഇങ്ങനെ അധിക്ഷേപിക്കരുത്! - അനില്‍ പെണ്ണുക്കര
മോഹന്‍ലാല്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് അതുല്യനായ നടന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നാളിതു വരെ കേരളീയ സമൂഹത്തോട് മാന്യമായി മാത്രം ഇടപെട്ട ഒരു മനുഷ്യനെ ഒരു ദേശീയ ഗെയിംസിലെ പ്രോഗ്രാമിന്റെ പേരും പറഞ്ഞ് അധിക്ഷേപിക്കുന്നത് ശരിയാണോ? എന്താണ് സംഭവിച്ചത് എന്ന് അറിയാനുള്ള മാന്യത സോഷ്യല്‍ മീഡിയയും, ചില മാധ്യമങ്ങളും കാണിക്കണമായിരുന്നു.

എന്തിനും ഏതിനും സോഷ്യല്‍ മീഡിയ എന്ന കളി ഇനി ആര്‍ക്കും അധികനാള്‍ തുടരാനാവില്ല എന്ന് ഓര്‍ക്കുന്നത് നന്ന്.

ഇനി വിഷയത്തിലേക്ക് വരാം.

ഏതാണ്ട് അറുന്നൂറ്റി അന്‍പത് കോടി മുടക്കിയാണ് കേരളത്തില്‍ ദേശീയ ഗെയിംസ് നടത്തുന്നത്. ഗെയിംസിന്റെ ഗുഡ് വില്‍ അംബാസിഡറായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ട്രാവല്‍ ഫെയര്‍ അല്ലാതെ ഒരു രൂപ പോലും ദേശീയ ഗെയിംസിനുവേണ്ടി വാങ്ങിയിട്ടില്ല. മോഹന്‍ലാലും അങ്ങനെതന്നെ.
ഉദ്ഘാടന വേദിയില്‍ അവതരിപ്പിച്ച 'ലാലിസം' എന്ന മ്യൂസിക് ബാന്‍ഡിന് 2 കോടി രൂപയാണ് കരാര്‍ എന്നാണ് ഔദ്യോഗിക ഭാഷ്യം. വേദിയില്‍ അവതരിപ്പിച്ച 'ലാലിസം' ഒരു മാതിരി 'ഫാസിസം' ആയിപ്പോയി എന്നത് നമുക്കെല്ലാം അറിയാം. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് രണ്ടരക്കോടി രൂപയോളം പ്രതിഫലം പറ്റുന്ന ലാലിന് കേരള സര്‍ക്കാരിന്റെ രണ്ടുകോടി വലിയ കാര്യമൊന്നുമല്ലെങ്കിലും മോഹന്‍ലാല്‍ ഇത്തരമൊരു പരിപാടിയുമായി സഹകരിക്കരുതായിരുന്നു എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍പോലും പറയുന്നത്. അദ്ദേഹം കേരള ജനതയെ പറ്റിച്ചു എന്നൊക്കെപ്പറയുന്നത് വിവരക്കേടല്ലേ?

ഒരു മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ അന്വേഷിച്ചറിഞ്ഞ കാര്യങ്ങള്‍ പങ്കുവയ്ക്കാം. ലാലിസം അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ അവതരിപ്പിക്കാന്‍ സാധിച്ചില്ല എന്ന് സംഗീത സംവിധായകന്‍ രതീഷ് വേഗ സമ്മതിച്ചുകഴിഞ്ഞു. മോഹന്‍ലാലിന്റെ ആദ്യചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ റണ്‍ ബേബി റണ്‍ വരെയുള്ള സിനിമയിലെ ഗാനങ്ങളും അദ്ദേഹത്തിന്റെ ഹിറ്റ് സിനിമകളിലെ രംഗങ്ങളും കോര്‍ത്തിണക്കിയതാണ് 'ലാലിസം'

ഈ പരിപാടി സര്‍ക്കാര്‍ വക ചിലവില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചതാണ് ലാലിനു പറ്റിയ മണ്ടത്തരം. എത്രയോ ചാനലുകളുടെയോ എന്തിന് അമ്മയുടേയോ പരിപാടികളില്‍ ഭംഗിയായി അവതരിപ്പിക്കാമായിരുന്നു. ഒരു ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്ത, ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നും വന്ന കായിക താരങ്ങള്‍ക്ക് മുമ്പില്‍ മോഹന്‍ലാലിന്റെ ഗാനങ്ങള്‍ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ? ഈ ചോദ്യം ചില മോഹന്‍ലാല്‍ വിരുദ്ധന്ര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു. അദ്ദേഹം മുഖ്യമന്തി ഉമ്മന്‍ചാണ്ടിയുമായി കൂടിയാലോചിച്ചു. 'ഒരു മോഹന്‍ലാല്‍ ഷോ' ആയി മാറും ഗെയിംസ് ഉദ്ഘാടനം എന്ന് അദ്ദേഹവും തിരിച്ചറിഞ്ഞു. ഇരുവരും മോഹന്‍ലാലുമായി ബന്ധപ്പെട്ടു. കാര്യങ്ങള്‍ തനിക്കെതിരെ ആകുമെന്നറിഞ്ഞ ലാല്‍ പിന്‍വാങ്ങുന്നുവെന്നറിയിച്ചു.

പക്ഷേ അവസാന നിമിഷത്തില്‍ ലാല്‍ പിന്‍മാറിയാല്‍ സംഗതി പൊളിയുമെന്ന രാഷ്ട്രീയ ബുദ്ധി ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും മനസിലാക്കി ലാലിനോട് പുതിയനിര്‍ദ്ദേശം വച്ചു. 'ലാലിസം മാറ്റി' 'ലാലിസം-ഇന്ത്യാ സിംഗിംഗ്' എന്ന പേരില്‍ കൂടുതല്‍ ഗായകരെ ഉള്‍പ്പെടുത്തി പരിപാടി നടത്തുക. അങ്ങനെ ലാലിസത്തില്‍ നിരവധി ഗായകരുമെത്തി. സംഗീത സംവിധായകന്‍ ശരത്, സംവിധായകന്‍ ടി.കെ. രാജീവ് കുമാര്‍ ലാലിസത്തിന്റെ സംവിധായകന്‍ രതീഷ് വേഗ എന്നിവരുമായി കൂടിയാലോചിച്ച് പുതിയ ഷോയ്ക്ക് രൂപം നല്‍കി. ഈ സമയത്തെല്ലാം ലാലിന് പരിപാടിയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു.

കൂടെനിന്നവരും, കൂടെനിന്നവരെ ചതിച്ച ചരിത്രവുമുള്ള രാഷ്ട്രീയക്കാരും കൂടി ഇന്ത്യയിലെ ഒരു നടനെ ചതിച്ചു വലയില്‍ വീഴ്ത്തി എന്നതാണ് സത്യം. ഇങ്ങനെ സിനിമ തിരഞ്ഞെടുക്കുന്ന രീതിയിലും ലാല്‍ പല തവണ വീണിട്ടുണ്ട്. ഇവിടെ ഒരു രാജ്യത്തിന്റെ അഭിമാനത്തെ ഓര്‍ത്ത് ഒരു വലിയ ഉത്തരവാദിത്വം ഏറ്റെടുത്ത് തലയില്‍ വച്ചു. അവസാനം മലപോലെ വന്ന കുഞ്ഞാലിമരയ്ക്കാരും ലാലിനെ കൈവിട്ടു. പരിപാടി തുടക്കത്തിലേ പാളിയതായി ലാല്‍ അറിഞ്ഞുവെങ്കിലും അത് പൂര്‍ണ്ണമാക്കുവാന്‍ അദ്ദേഹം ശ്രമിച്ചു.

നമ്മുടെയൊക്കെ പണമാണ് ലാലിന്റെ വളര്‍ച്ച എന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അങ്ങനെയുള്ള ഒരാള്‍ കേരള ജനതയെ പറ്റിക്കുമോ? അതാണ് ലാലിന് രാഷ്ട്രീയമറിയില്ലെന്ന് പലരും പറയുന്നത്!

മോഹന്‍ലാലിനെ ഇങ്ങനെ അധിക്ഷേപിക്കരുത്! - അനില്‍ പെണ്ണുക്കര
Join WhatsApp News
Ninan Mathullah 2015-02-03 08:00:26
I was comparing this article by Anil Ponnakkara in the context of his previous article on the Shine Chacko incident. Will the writer use the same standards used here to cover the other incident also. Will he give the benefit of doubt to Shine Chacko before passing the judgement? I admit that we all have our prejudices in writing, and nobody immune to it. This is only a friendly reminder.
Mohanlal fan 2015-02-03 18:59:31
Malayaleekalkku ithra adhikam "swkarya ahankarangal" padilla.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക