Image

തീവ്ര നിലപാടുകള്‍ മറന്ന അതിര്‍ത്തിക്കപ്പുറത്തെ സൗഹൃദം `പിക്കറ്റ്‌ 43'

ജയമോഹനന്‍ എം Published on 01 February, 2015
തീവ്ര നിലപാടുകള്‍ മറന്ന അതിര്‍ത്തിക്കപ്പുറത്തെ സൗഹൃദം `പിക്കറ്റ്‌ 43'
സമീപകാലത്ത്‌ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട സംവിധായകനാണ്‌ മേജര്‍ രവി. അതിനൊരു കാരണവുമുണ്ട്‌. ഒരു ഹിന്ദുത്വ സംഘടനയുടെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മേജര്‍രവി അവിടെ വെച്ച്‌ നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായതിനാല്‍ ഇപ്പോള്‍ രാജ്യസ്‌നേഹത്തിന്റെ സിനിമയെടുക്കാന്‍ കഴിയുന്നുണ്ടെന്നും, തന്റെ ആദ്യകാല സിനിമകള്‍ പാകിസ്ഥാന്‍ വിമര്‍ശനങ്ങളും തിവ്രവാദവിരുദ്ധവുമായതിനാല്‍ മലപ്പുറത്തും കോഴിക്കോടും ഓടില്ല എന്ന്‌ പലരും ഉപദേശിച്ചുവെന്നും പ്രംസഗിച്ചതാണ്‌.

എന്നാല്‍ ഈ പ്രസ്‌താവനയോടെ മേജര്‍രവി നരേന്ദ്രമോഡി എന്ന വിഗ്രഹത്തിന്റെ ആരാധകനായി എന്നും വിഗ്രങ്ങളെ തകര്‍ക്കുന്നവനാണ്‌ ശരിയായ കലാകാരനെന്നും ചൂണ്ടിക്കാട്ടി മലയാള സിനിമാ സംവിധായകന്‍ കമല്‍ തന്നെ രംഗത്ത്‌ വന്നു. പിന്നെ മലയാളത്തിലും പുറത്തുമുള്ള നിരവധി കലാകാരന്‍മാരും സാംസ്‌കാരിക നായകന്‍മാരും രാഷ്‌ട്രീയക്കാരും മേജര്‍രവിക്ക്‌ എതിരെ രംഗത്തു വന്നു.

എന്നാല്‍ താന്‍ പറഞ്ഞതില്‍ ജനാധിപത്യത്തിന്‌ നിരക്കാത്തതായി ഒന്നുമില്ലെന്ന്‌ മേജര്‍ രവി പറഞ്ഞു. കാശ്‌മീര്‍ ബോഡറുകളില്‍ ജോലി ചെയ്‌തിട്ടുള്ള താന്‍ തീവ്രവാദത്തിന്റെ ആഴവും പരപ്പും നേരിട്ടറിഞ്ഞിട്ടുണ്ടെന്നും പാകിസ്ഥാന്‍ അതിനെ എത്രത്തോളം പിന്തുണയ്‌ക്കുന്നുവെന്ന്‌ അറിയാമെന്നും മേജര്‍ രവി തിരിച്ചടിച്ചു.

എന്നാലും തീവ്രഹിന്ദുത്വനിലപാടുകളാണ്‌ മേജര്‍ രവിയുടെ സിനിമകള്‍ക്ക്‌ എന്ന വിമര്‍ശം പരക്കെ ഉയര്‍ന്നു വന്നു. ഈ വിവാദങ്ങള്‍ ഉയര്‍ന്നു വന്ന സമയത്ത്‌ തന്നെ പിക്കറ്റ്‌ 43 എന്ന സിനിമ മേജര്‍ രവി പൂര്‍ത്തിയാക്കിയിരുന്നു. ഇപ്പോള്‍ പിക്കറ്റ്‌ 43 റിലീസ്‌ ചെയ്‌തിരിക്കുന്നു.

തനിക്കെതിരെ വന്ന വിമര്‍ശനങ്ങള്‍ക്കെല്ലാമുള്ള ശക്തമായ മറുപടി തന്നെയാണ്‌ മേജര്‍ രവിയുടെ പിക്കറ്റ്‌ 43. അതിര്‍ത്തിക്കപ്പുറത്ത്‌ നില്‍ക്കുന്ന പാകിസ്ഥാനിലെ സാധാരണ ജനവും ജനമനസും ഇന്ത്യയുടെ ശത്രുവും ശത്രൂക്കളുമല്ല എന്ന്‌ പിക്കറ്റ്‌ 43 പറയുന്നു. എക്കാലവും ആരൊക്കെയോ അറിഞ്ഞും അറിയാതെയും പറഞ്ഞു പഠിപ്പിക്കുന്ന ശത്രൂവെന്ന ധാരണ യഥാര്‍ഥ്യങ്ങളെ നിരത്തി തിരുത്തേണ്ടതാണെന്ന്‌ പിക്കറ്റ്‌ 43 പറയുന്നു. അതിനപ്പുറം ഒരു മുള്ളുവേലിയുടെ അതിര്‍വരമ്പ്‌ രാജ്യങ്ങളുടെ സര്‍ക്കാരുകള്‍ നിശ്ചയിക്കുമ്പോള്‍ അത്‌ മുറിച്ചു കടക്കാന്‍ അനുവദമില്ലെങ്കിലും മനസുകള്‍ക്ക്‌ അതിര്‍ത്തി കടന്നും സഞ്ചരിക്കാമെന്നും സൗഹൃദങ്ങളും ആത്മബന്ധങ്ങളും സാധ്യമെന്നും പിക്കറ്റ്‌ 43 പറയുന്നു. സര്‍വ്വോപരി ഒരു പാകിസ്ഥാനിയെ അതും ഒരു പാകിസ്ഥാന്‍ പട്ടാളക്കാരനെ ഇന്ത്യന്‍ സിനിമയിലെ നായക കഥാപാത്രമാക്കുന്നു പിക്കറ്റ്‌ 43 എന്ന സിനിമ.

തീവഹിന്ദുത്വവാദിയെന്ന വിളിപ്പേര്‌ മായിച്ചു കളയാന്‍ ഇതിനേക്കാള്‍ കൂടുതലായി ഇനി എന്ത്‌ വേണം.

മേജര്‍രവിയുടെ കരിയറിലെ മികച്ച സിനിമയാണ്‌ പിക്കറ്റ്‌ 43. അതുപോലെ തന്നെ പൃഥ്വിരാജിന്റെയും. ഇവരെ രണ്ടുപേര്‍ക്കുമൊപ്പം ജാവേദ്‌ ജാഫ്രിയെന്ന ബോളിവുഡ്‌ നടന്റെ പേരും എടുത്തു പറയണം. പാകിസ്ഥാന്‍ പട്ടാളക്കാരനായ മുഷ്‌റഫ്‌ ഖാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ ജാവേദ്‌ ജാഫ്രിയാണ്‌. അനുപമമായ പ്രകടനമാണ്‌ ഈ ചിത്രത്തില്‍ ജാഫ്രി നല്‍കിയിരിക്കുന്നത്‌. അതുപോലെ തന്നെ പൃഥ്വിരാജിന്റെ പ്രകടനവും പതിവ്‌ ക്ലീഷേകള്‍ ഒന്നും തന്നെയില്ലാതെ മികച്ചു നില്‍ക്കുന്നു.

അതിര്‍ത്തിക്കപ്പുറത്തുള്ള പാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍ തുടങ്ങി ചൈനവരെ നമ്മുടെ ശത്രൂക്കളെന്ന പൊതുബോധം പരത്തുന്നതില്‍ സിനിമക്കുമുണ്ട്‌ വലിയൊരു പങ്കുണ്ട്‌. പ്രത്യകിച്ചും ബോളിവുഡ്‌ സിനിമകള്‍ക്ക്‌. ഈ ബോളിവുഡ്‌ സിനിമകളുടെ പകര്‍പ്പുകളെ മലയാളത്തില്‍ എത്തിച്ച സംവിധായകനായിരുന്നു മേജര്‍ രവി. എക്കാലത്തും പോപ്പുലര്‍ സിനിമ ആഘോഷിച്ചിരുന്നത്‌ ധീരനായകനായ ഇന്ത്യന്‍ ജവാന്റെ സാഹസികത പാകിസ്ഥാന്‍ പട്ടാളത്തിന്‌ മേല്‍ വിജയം നേടുന്നതാണ്‌. പലപ്പോഴും ഈ പോപ്പുലര്‍ സിനിമകള്‍ക്ക്‌ അതിര്‍ത്തിയിലെ യഥാര്‍ഥ്യവുമായോ, സൈനീകന്റെ അടിസ്ഥാനപരമായ പ്രശ്‌നങ്ങളുമായോ യാതൊരു ബന്ധവും ഉണ്ടാവാറുമില്ല.

പാകിസ്ഥാനെന്നാല്‍ ശത്രു എന്ന ക്ലീഷേ ആയിരം ആവര്‍ത്തി പറഞ്ഞു കഴിഞ്ഞിട്ടുണ്ട്‌ ഇന്ത്യന്‍ സിനിമകള്‍. പാകിസ്ഥാന്‍ ക്രിക്കറ്റ്‌ നിരയെ ധോണിയും കൂട്ടരും ജയിക്കുമ്പോള്‍ ഒരു കായിക വിനോദത്തിനപ്പുറം കൈയ്യടി നല്‍കി പ്രോല്‍സാഹിപ്പിക്കുന്ന മാനസികാവസ്ഥയോടെ തന്നെ അതിര്‍ത്തിക്കപ്പുറത്തെ ശത്രുവിനെ തകര്‍ക്കുന്ന സിനിമകള്‍ നമ്മള്‍ തിയറ്ററുകളില്‌ കൈയ്യിച്ച്‌ പ്രോല്‍സാഹിപ്പിക്കുന്നു. ഒരിക്കലും എന്തിനാണ്‌ പോരാട്ടം എന്ന്‌ നമ്മള്‍ ചിന്തിക്കാറുപോലുമില്ല.

എന്നാല്‍ പോപ്പുലര്‍ സിനിമയുടെ ഈ രീതിയെ എന്തിന്‌ ഒരു ബഹുഭൂരിപക്ഷ ഇന്ത്യന്‍ സമൂഹത്തിന്റെ ധാരണകളെ, അപ്പാടെ തിരുത്തുകയാണ്‌ മേജര്‍ രവി പിക്കറ്റ്‌ 43 എന്ന ചിത്രത്തിലൂടെ. തല ഉയര്‍ത്തിപ്പിടിച്ച്‌, തന്റേടത്തോടെ പാകിസ്ഥാന്‍ പതാകയെ സല്യൂട്ട്‌ ചെയ്യുന്ന, പാകിസ്ഥാന്‍ മണ്ണിനെ സ്‌നേഹിക്കുന്ന മുഷറഫ്‌ ഖാന്‍ എന്ന പിക്കറ്റ്‌ 43യിലെ കഥാപാത്രം. പതിവ്‌ സിനിമാ സങ്കല്‌പങ്ങളെ മാറ്റിമറിക്കുന്നു.

പശ്ചാത്യ സിനിമകളിലൂടെ തുറന്നു വിടുന്ന, ഇന്ത്യന്‍ സിനിമകള്‍ അനുകരിച്ചു വരാറുള്ള ഇസ്ലാമോഫോബിയയെ പടിക്കു പുറത്തു നിര്‍ത്താനും മികവോടെ സാധിച്ചിരിക്കുന്ന മേജര്‍ രവി എന്ന സംവിധായകന്‌.

ഒരു മുള്ളുവേലികൊണ്ടു മാത്രം അതിര്‍ത്തി തിരിച്ചിരിക്കുന്ന ബോര്‍ഡറില്‍ ഒരു ബങ്കറിനുള്ളില്‍ ഒറ്റക്ക്‌ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരനാണ്‌ ഹരീന്ദ്രന്‍ നായര്‍. അവന്റെ വിളിപ്പാടകലെ എന്നാല്‍ അതിര്‍ത്തിക്കപ്പുറത്ത്‌ അവനെപ്പോലെ തന്നെ ഒരു പാകിസ്ഥാന്‍ പട്ടാളക്കാരനും.

ഇരുവരും അവരുടെ അതിര്‍ത്തി കാക്കാന്‍ നിശ്ചയിക്കപ്പെട്ടവര്‍. ഒപ്പം അതിര്‍ത്തിക്കപ്പുറമുള്ളവനെ ശത്രു എന്ന്‌ മനസുകൊണ്ട്‌ നിശ്ചയിച്ച്‌ ഉറപ്പിച്ചവര്‍. കണ്ണൊന്ന്‌ തെറ്റിയാല്‍ ശത്രൂവിന്റെ ബുള്ളറ്റ്‌ കൊണ്ട്‌ മരിക്കുമെന്ന ഭീതിയില്‍ ജീവിക്കുന്നവര്‍. ഹരിക്കും ഏതൊരു പട്ടാളക്കാരനും ഇങ്ങനെ തന്നെയാണ്‌.

എന്നാല്‍ ഒരു ദിവസം ഹരിയുടെ ബങ്കറിലെ റേഡിയോയില്‍ നിന്ന്‌ മുഹമ്മദ്‌ റാഫിയുടെ പാട്ട്‌ ഉയര്‍ന്നപ്പോള്‍ അപ്പുറത്തുള്ള പട്ടാളക്കാരന്‍ പറഞ്ഞു,, സഹോദാര റാഫിയുടെ പാട്ടൊന്ന്‌ ഉച്ചത്തില്‍ വെയ്‌ക്കു. അങ്ങനെയൊരു സ്‌നേഹഭാഷണം ഹരിക്ക്‌ അപരിചിതമായിരുന്നു. റാഫി ഇന്ത്യക്കാരനാടാ, ഇന്ത്യന്‍ക്കാരന്റെ പാട്ട്‌ നീ കേള്‍ക്കണ്ടാ എന്ന്‌ മലയാളത്തില്‍ പുലഭ്യം പറഞ്ഞ്‌ ഹരി പാകിസ്ഥനിയോടുള്ള ദേഷ്യം തീര്‍ക്കുന്നു.

എന്നാല്‍ പോകെ പോകെ അവന്‍ മനസിലാക്കുന്നു അതിര്‍ത്തിക്കപ്പുറം നില്‍ക്കുന്നവന്‍ ശത്രുവല്ല അവനും ഒരു സാധരണക്കാരനായ മിത്രം തന്നെയെന്ന്‌. അതോടെ അവര്‍ക്കിടയില്‍ അസാധാരണമായ ഒരു ആത്മബന്ധം ഉടലെടുക്കുന്നു. പരസ്‌പരം ഭക്ഷണം പങ്കുവെച്ച്‌ തമാശകള്‍ പറഞ്ഞ്‌ പാട്ടുപാടി കേള്‍പ്പിച്ച്‌ അവര്‍ തങ്ങളുടെ ബന്ധം മുമ്പോട്ടു കൊണ്ടു പോകുന്നു.

അതിനിടയില്‍ മുഷ്‌റഫ്‌ ഹരിക്ക്‌ ഒരു വാക്ക്‌ നല്‍കി. ഒരിക്കലും താന്‍ കാക്കുക അതിര്‍ത്തിയിലൂടെ ഒരു തീവ്രവാദിയും ഹരിയുടെ രാജ്യത്തേക്ക്‌ നുഴഞ്ഞു കയറില്ല എന്ന്‌. അവസാനം ഹരി എന്നും ഭയന്നതുപോലെ തീവ്രവാദികള്‍ എത്തുമ്പോള്‍ തീവ്രവാദികളെ സഹായിക്കാറുള്ള പാകിസ്ഥാന്‍ സൈനീകന്‌ പകരം ഇന്ത്യന്‍ ജവാനുവേണ്ടി പോരാടുന്ന പാകിസ്ഥാന്‍ സൈനീകനെയാണ്‌ കാണുന്നത്‌. പക്ഷെ തീവ്രവാദികളുടെ വെടിയേറ്റ്‌ അവന്‌ പരിക്കേള്‍ക്കുന്നു. അവസാനം ഹരി തീവ്രവാദികളെ പരാജയപ്പെടുത്തുമ്പോള്‍ അതിര്‍ത്തിക്കപ്പുറത്ത്‌ തന്നെ രക്ഷിക്കാന്‍ ശ്രമിച്ച പാകിസ്ഥാന്‍ സുഹൃത്തിന്‌ എന്ത്‌ സംഭവിച്ചു എന്നറിയാനാണ്‌ അവന്‌ വേവലാതി. ബുള്ളറ്റുകള്‍ തുളഞ്ഞു കയറി മോശമായ നിലയില്‍ നില്‍ക്കുമ്പോഴും മുഷ്‌റഫിനെ ഉപേക്ഷിച്ചു പോരാന്‍ ഹരി കൂട്ടാക്കുന്നില്ല. അവസാനം പാകിസ്ഥാന്റെ സൈന്യമെത്തി പരുക്കേറ്റ മുഫ്‌ഷറിനെ രക്ഷിക്കുമ്പോള്‍ മാത്രമാണ്‌ അവന്‍ പിന്തിരിയുന്നത്‌.

അതിര്‍ത്തികളില്ലാത്ത അസാധാരണമായ സ്‌നേഹമാണ്‌ ഇവിടെ പിക്കറ്റ്‌ 43 എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ കാണുന്നത്‌. ഒരിക്കലും സാധ്യമല്ലെന്ന്‌ കരുതിയിരുന്നത്‌ സാധ്യമാക്കുന്ന ഹരിയും മുഷ്‌റഫും പ്രേക്ഷകരുടെ ഇഷ്‌ടം തീര്‍ച്ചയായും പിടിച്ചുവാങ്ങും. ഒപ്പം സാങ്കേതികമായ അതിര്‍ത്തികള്‍ക്കപ്പുറം ശത്രുത വെടിയണമെന്നും ഒന്നാകണമെന്നും ആഗ്രഹമുള്ള ഏതൊരാളും കാണേണ്ട സിനിമയാകുന്നു പിക്കറ്റ്‌ 43.
തീവ്ര നിലപാടുകള്‍ മറന്ന അതിര്‍ത്തിക്കപ്പുറത്തെ സൗഹൃദം `പിക്കറ്റ്‌ 43'തീവ്ര നിലപാടുകള്‍ മറന്ന അതിര്‍ത്തിക്കപ്പുറത്തെ സൗഹൃദം `പിക്കറ്റ്‌ 43'തീവ്ര നിലപാടുകള്‍ മറന്ന അതിര്‍ത്തിക്കപ്പുറത്തെ സൗഹൃദം `പിക്കറ്റ്‌ 43'തീവ്ര നിലപാടുകള്‍ മറന്ന അതിര്‍ത്തിക്കപ്പുറത്തെ സൗഹൃദം `പിക്കറ്റ്‌ 43'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക