Image

മോഹന്‍ലാലും മമ്മൂട്ടിയും പിന്നെ ന്യൂജനറേഷന്‍ ഇതിഹാസവും! (അനില്‍ പെണ്ണുക്കര)

Published on 01 February, 2015
മോഹന്‍ലാലും മമ്മൂട്ടിയും പിന്നെ ന്യൂജനറേഷന്‍ ഇതിഹാസവും! (അനില്‍ പെണ്ണുക്കര)
`മുമ്പെ ഗമിക്കുന്നൊരു ഗോവു തന്റെ പിന്‍പേ ഗമിക്കും ബഹുഗോക്കളെല്ലാം' എന്നൊരു ചൊല്ലുണ്ട്‌. എന്നാലിത്‌ മലയാള സിനിമയില്‍ തെറ്റി. പണ്ട്‌ നസീറിന്റേയും സത്യന്റേയും കാലടികളെ പിന്തുടര്‍ന്ന്‌ ഇന്ന്‌ സൂപ്പര്‍ മെഗാ സ്റ്റാറുകളായി നിരവധി നടന്മാര്‍ മലയാളത്തിനുണ്ട്‌. മേമ്പൊടിക്കും ഗമയ്‌ക്കുമൊക്കെ 'ഞങ്ങള്‍ ലാലേട്ടനേയും മമ്മൂട്ടിയേയുമൊക്കെ പിന്തുടരുന്നു' എന്ന്‌ പറയുമെങ്കിലും നമ്മുടെ ന്യൂജനറേഷന്‍ താരങ്ങള്‍ ഇപ്പോള്‍ കടിഞ്ഞാണില്ലാത്ത കുതിരകളെപ്പോലെയായി.

തോന്നിയ വഴി. തോന്നിയ ജീവിതം. ഒരു ഫ്‌ളാറ്റും നാലു പെണ്ണുങ്ങളുമുണ്ടെങ്കില്‍ ഒരു സിനിമ റെഡി. സുഖം. പരമാനന്ദം!

മലയാള സിനിമ കഴിഞ്ഞ രണ്ടു ദിവസമായി മയക്കുമരുന്നിന്റെ ലോകത്താണ്‌. ഒരു ചിത്രംകൊണ്ട്‌ സ്റ്റാറായി മാറി ഷൈന്‍ ടോം ചാക്കോ എന്ന ന്യൂജനറേഷന്‍ താരം. ഒരു ദിവസം കൊണ്ട്‌ ഇതിഹാസവുമായി മാറി.

പതിനൊന്നോളം ക്രമിനല്‍ കേസുകളില്‍ പ്രതിയായ ഒരുവന്റെ ഫ്‌ളാറ്റില്‍ നാല്‌ സുന്ദരികളായ യുവതികള്‍ക്കൊപ്പം `അല്‌പം കൊക്കെയ്‌നുമായി' ഷൈനിനെ പോലീസ്‌ കഴിഞ്ഞ ദിവസം പൊക്കി. ഇപ്പോള്‍ പോലീസ്‌ മലയാള സിനിമയില്‍ മയക്കുമരുന്ന്‌ ഉപയോഗിക്കുന്ന താരങ്ങളെ തപ്പി നടക്കുകയാണത്രേ!

മലയാള സിനിമാ രംഗത്തെ ഒറ്റയാനെന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന വിനയന്‍ ഉള്‍പ്പടെ പല സംവിധായകരും ഈ `കഞ്ചന്‍'മാരെക്കുറിച്ച്‌ പലതവണ പോലീസിനോട്‌ ചില വിവരങ്ങള്‍ സൂചിപ്പിച്ചിരുന്നത്രേ. ഒരു ചുക്കും സംഭവിച്ചില്ല. അതാണ്‌ കേരളാ പോലീസ്‌. ബോംബ്‌ പൊട്ടുന്നതുവരെ നോക്കിയിരിക്കും. പൊട്ടിയശേഷം ഓടി നടക്കും. ഷൈന്‍ ടോം ചാക്കോ മയക്കുമരുന്ന്‌ ഉപയോഗിക്കുന്ന ആളല്ല. മാന്യനാണ്‌. അയാള്‍ കമലിന്റെ അസിസ്റ്റന്റായിരുന്നു എന്നൊക്കെയാണ്‌ സംസാരം. അങ്ങനെതന്നെ ആയിരിക്കട്ടെ.

പക്ഷെ ഒരു ചോദ്യം?

അഭിനയം കഴിഞ്ഞ്‌ സ്വന്തം ഫ്‌ളാറ്റില്‍ പോകാതെ ഈ നാല്‌ തരുണീമണിമാര്‍ക്കൊപ്പം ഒരു ക്രിമിനല്‍ കേസിലെ പ്രതിയുടെ ഫ്‌ളാറ്റില്‍ എന്തിനു പോയി?
ആരാണ്‌ ഇവരെ ഒറ്റുകൊടുത്തത്‌?
ഈ മയക്കുമരുന്ന്‌ എവിടെനിന്ന്‌ കിട്ടി?

ഇതൊക്കെ സാധാരണക്കാര്‍ ചോദിക്കുന്ന ചോദ്യമാണ്‌. എന്തായാലും പോലീസ്‌ ഉടനെ ഒരു തീരുമാനത്തിലെത്തും. എറണാകുളം കേന്ദ്രീകരിച്ച്‌ വന്‍ മയക്കുമരുന്ന്‌ മാഫിയാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി നിരവധി ചാനലുകള്‍ വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു. അപ്പോഴൊക്കെ അധികാരികള്‍ പറയും നിയമം നിയമത്തിന്റെ വഴിക്ക്‌ പോകുമെന്ന്‌! ഷൈന്‍ ടോം ചാക്കോ രക്ഷപെട്ടാലും, രക്ഷപെട്ടില്ലെങ്കിലും ന്യൂജനറേഷന്‍ നായകന്മാര്‍ ശ്രദ്ധിക്കേണ്ടതും അനുകരിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്‌.

നമ്മുടെ സിനിമയ്‌ക്ക്‌, താരങ്ങള്‍ക്ക്‌ ഒരു എത്തിക്‌സ്‌ ഉണ്ട്‌. പ്രേംനസീര്‍ മുതല്‍ മമ്മൂട്ടിയും മോഹന്‍ലാലും വരെ നമുക്ക്‌ പകര്‍ന്നുതന്ന പ്രൊഫഷണല്‍ എത്തിക്‌സ്‌. അതുകൊണ്ട്‌ അവര്‍ക്ക്‌ സമൂഹത്തില്‍ നിന്ന്‌ കിട്ടുന്ന അംഗീകാരത്തിന്‌ നൂറുമേനി വിളവിന്റെ സുഗന്ധമുണ്ട്‌. സിനിമയാണ്‌ അവരുടെ ജീവവായു. അവര്‍ എന്തുചെയ്‌താലും അത്‌ സിനിമയ്‌ക്കുവേണ്ടിയാണ്‌. അപ്പോള്‍ സമൂഹത്തെക്കൂടി അവര്‍ മാനിക്കുന്നു. ഓരോ വാക്കിലും നോക്കിലും അവര്‍ സമൂഹത്തെ ബഹുമാനിക്കുന്നു. അതുകൊണ്‌ട്‌ അവര്‍ സൂപ്പറും മെഗായുമായി നല്ല കുടുംബ ബന്ധങ്ങളും സാമൂഹ്യ ബന്ധങ്ങളുമായി നമ്മുടെ മനസില്‍ വാഴുന്നു. നാളിതുവരെ ഉണ്ടാക്കിയ എല്ലാ മാന്യതയ്‌ക്കും കളങ്കംവരാതെ സൂക്ഷിക്കുന്നു. ഇത്‌ നമ്മുടെ പുതിയ തലമുറ കണ്ടുപഠിക്കണം.

പണ്ടൊക്കെ കഥയെഴുതാനും, പാട്ടെഴുതാനും, ഗഞ്ചാവും കള്ളുമൊക്കെ ഉപയോഗിക്കുന്ന കലാകാരന്മാര്‍ ഉണ്ടായിരുന്നു. ഇന്ന്‌ ഇതെല്ലാം കഴിഞ്ഞാണ്‌ പ്രയോഗം. എന്തായാലും ചിലര്‍ക്കുംകൂടി ഗോതമ്പുണ്ട തിന്നാനുള്ള വഴി പോലീസ്‌ ഉണ്ടാക്കുന്നുണ്ട്‌. ഇനി ആരെല്ലാം കുടുങ്ങുമെന്ന്‌ നമുക്ക്‌ ഉടനെ അറിയാം. അല്ലെങ്കില്‍ കണ്ടറിയാം.
----
ദേശീയ അന്തര്‍ദേശീയ തലത്തില്‍ വേരുകളുള്ള മയക്ക് മരുന്ന് മാഫിയകളുടെ പ്രവര്‍ത്തനം കേരളത്തില്‍ സജീവമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ സമൂഹത്തില്‍ എത്ര ഉന്നതനാണെങ്കിലും സര്‍ക്കാര്‍ മുഖം നോക്കാതെ നടപടിയെടുക്കും. ആര് എന്നതല്ല പ്രശ്നം ചെയ്ത കുറ്റകൃത്യമാണ് പ്രധാനമെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മയക്ക് മരുന്ന് ശൃംഖലയെ കര്‍ശനമായി നിയന്ത്രിക്കുന്നതിനും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുമുള്ള ശക്തമായ നടപടികളുമായി പൊലീസ് മുന്നോട്ട് പോകും. അന്തര്‍ദേശീയ ബന്ധങ്ങളുള്ള മയക്കുമരുന്ന് മാഫിയകളുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇവയെ തകര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ‘ക്ളീന്‍ കാമ്പസ് സേവ് കേരള’ പദ്ധതികള്‍ ആരംഭിച്ചതെന്നും കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഫ്ളാറ്റില്‍ റെയ്ഡ് നടത്തിയതും ഇതിന്‍െറ ഭാഗമായിട്ടാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
മോഹന്‍ലാലും മമ്മൂട്ടിയും പിന്നെ ന്യൂജനറേഷന്‍ ഇതിഹാസവും! (അനില്‍ പെണ്ണുക്കര)
Join WhatsApp News
Ninan Mathulla 2015-02-02 06:23:49
We do not know the truth here. There are reasons to believe that the personal jealousy or other vices are reasons for this incident getting so much attention. The world of writers and film stars are not that clean. Much of it do not come to light. Is the writer of this article biased when he says that govornment (internal affairs) take action irrespective of the person concerned and there is no politics in it or racial considerations?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക