Image

മാളയ്‌ക്കൊപ്പം മാളയില്‍ (ജോര്‍ജ്‌ മരങ്ങോലി)

Published on 31 January, 2015
മാളയ്‌ക്കൊപ്പം മാളയില്‍ (ജോര്‍ജ്‌ മരങ്ങോലി)
1985-ലെ ഒരു മാര്‍ച്ച്‌ മാസം. ഞാന്‍ അന്ന്‌ എറണാകുളത്ത്‌ വീട്ടിലാണ്‌. ഉച്ചയൂണ്‌ കഴിഞ്ഞ്‌ അല്‍പമൊന്ന്‌ വിശ്രമിക്കാന്‍ പദ്ധതിയിട്ടിരുന്നപ്പോഴാണ്‌ ഡോര്‍ബെല്‍ അടിച്ചത്‌. കതകു തുറന്നു നോക്കിയപ്പോള്‍ കണ്ടത്‌ കണ്ണൂര്‍ മാഷിനെയായിരുന്നു. മലയാളക്കരയ്‌ക്ക്‌ ഒട്ടേറെ അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച മലയാളത്തിന്റെ അഭിമാനമായിരുന്ന ഗാന സംവിധായകന്‍ കണ്ണൂര്‍ രാജന്‍! ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. അദ്ദേഹത്തിന്റെ സ്വതസിദ്ധമായ, ഗാനാത്മകമായ, ചിരിച്ചുകൊണ്ടുള്ള നില്‍പ്‌ കണ്ടപ്പോള്‍തന്നെ എന്റെ മനസ്സുണര്‍ന്നു. മാഷിന്റെ പുതിയ പാട്ടുകളേയും, ഹിറ്റുപാട്ടുകളെക്കുറിച്ചുമൊക്കെ സംസാരിച്ചു. പാട്ടുകളുടെ വരികള്‍ മൂളിക്കൊണ്ടു ഞങ്ങള്‍ സാസാരിച്ചുകൊണ്ടിരുന്നു. പെട്ടെന്ന്‌ എന്തോ ഓര്‍ത്തതു പോലെ മാഷ്‌ പറഞ്ഞു:

'ജോര്‍ജ്‌ സാര്‍ ഫ്രീയാണോ? നമുക്ക്‌ മാളവരെ ഒന്നു പോയാലോ?. അരവിന്ദനെ കണ്ടിട്ട്‌ ഒരുപാട്‌ നാളായി, ഞങ്ങള്‍ വലിയ സുഹൃത്തുക്കളാണ്‌.'

`അതിനെന്താ പോകാമല്ല'
`സാറ്‌ അരവിന്ദനെ പരിചയപ്പെട്ടിട്ടുണ്ടോ?'
`ഇല്ല'.
`എന്നാല്‍ പരിചയപ്പെടണം. ഇത്ര തങ്കപ്പെട്ട ഒരു മനുഷ്യനെ കണ്ടുകിട്ടാന്‍ ബുദ്ധിമുട്ടാണ്‌.' `മാള'യെക്കുറിച്ചുള്ള രാജന്‍ മാഷിന്റെ അഭിപ്രായം ഞാന്‍ അടിവരയിട്ട്‌ വച്ചു.

പെട്ടെന്നു തന്നെ ഞാന്‍ റെഡിയായി ഞങ്ങള്‍ മാളയ്‌ക്കു തിരിച്ചു. എന്റെ കാറിലായിരുന്നു യാത്ര. ഒന്നു രണ്ടിടത്തൊക്കെ നിര്‍ത്തി ഒന്നു റിഫ്രഷ്‌ ചെയ്‌തിട്ടൊക്കെയായിരുന്നു ഞങ്ങള്‍ പോയത്‌. പക്ഷെ മുഴുവന്‍ സമയവും മാള അരവിന്ദനെന്ന ആ കലാകാരനെക്കുറിച്ച്‌ മാത്രം വാചാലനായി രാജന്‍ മാഷ്‌ സംസാരിച്ചുകൊണ്ടേയിരിക്കുന്നു.

അന്ന്‌ പോയ വഴികളോ, സ്ഥലമോ ഒന്നും ഞാനിന്നോര്‍ക്കുന്നില്ല. പാടത്തിന്റെ നടുവിലൂടെ കാറോടിച്ച്‌ നാട്ടിന്‍പുറത്തെ റോഡരികിലുള്ള ഒരു പുതിയ രണ്ടുനില വീടിന്റെ മുന്നില്‍ ഞങ്ങള്‍ എത്തി. മാഷ്‌ കാറില്‍നിന്നിറങ്ങിച്ചെന്ന്‌ ഡോര്‍ ബെല്ലടിച്ചു. ശ്രീമതി അരവിന്ദനാണെന്നു തോന്നുന്നു കതകു തുറന്ന്‌ ഞങ്ങളെ അകത്തേക്ക്‌ ആനയിച്ചു. അദ്ദേഹം ഇവിടെയില്ല. പത്തുമിനിറ്റിനകം വരുമെന്ന്‌ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക്‌ സമാധാനമായി.

അധികം താമസിയാതെ സാക്ഷാല്‍ `മാള അരവിന്ദന്‍' എത്തി. ഞാന്‍ സിനിമയില്‍ മാത്രം കണ്ടിട്ടുള്ള `മാള'! അതേരൂപം, അതേ ചിരി, അതേ തമാശകള്‍!

`മാഷേ...' രാജന്‍ മാഷെ കെട്ടിപ്പിടിച്ച്‌ അദ്ദേഹം ഒരൂപാട്‌ നേരം നിന്നതുകൊണ്ടാകാം കൂട്ടത്തിലുണ്ടായിരുന്ന എന്നെ ശ്രദ്ധിക്കാന്‍ അല്‍പ സമയമെടുത്തു. പക്ഷെ ഒരുകാര്യം എനിക്കു മനസിലായി. അവരുടെ ആ ആശ്ശേഷത്തിന്‌ വര്‍ഷങ്ങളുടെ സ്‌നേഹബന്ധത്തിന്റെ കഥ പറയാനുണ്ടായിരുന്നെന്ന്‌.

രാജന്‍ മാഷ്‌ എന്നെ പരിചയപ്പെടുത്തി. ഭൂമിക്കു കീഴിലുള്ള എല്ലാ വിഷയങ്ങളെപ്പറ്റിയും ഞങ്ങള്‍ സംസാരിച്ചിരുന്നു. രാജന്‍ മാഷും, മാളയും നാടക ട്രൂപ്പില്‍ വെച്ച്‌ തുടങ്ങിയ ആ ചിരകാല ബന്ധത്തിന്റെ ചുരുളുകള്‍ അവര്‍ ഒന്നൊന്നായി നിരത്തിയപ്പോള്‍ മനുഷ്യമനസുകളെ ചിരിച്ചുകൊണ്ട്‌ വീര്‍പ്പുമുട്ടിക്കുന്ന `മാള'യെന്ന കലാകാരന്‍ കടന്നുവന്ന കഷ്‌ടപ്പാടിന്റെ വഴികളെക്കുറിച്ച്‌ എനിക്ക്‌ ഒരുപാട്‌ അറിവ്‌ ലഭിച്ചു.

മിക്കവാറും എല്ലാ ഹാസ്യകലാകാരന്മാരുടേയും പൊട്ടിച്ചിരിക്കു പിന്നില്‍ കദനത്തിന്റേയും കഷ്‌ടപ്പാടിന്റേയും അറിയപ്പെടാത്ത ഒരു അദ്ധ്യായമുണ്ടാകാറുണ്ടെന്നുള്ളത്‌ വാസ്‌തവമാണെന്ന്‌ എനിക്കു തോന്നി. അത്‌ ചാര്‍ളി ചാപ്ലിന്‍ മുതല്‍ മാള അരവിന്ദന്‍ വരെ അന്വര്‍ത്ഥമാണ്‌ താനും.

നല്ല ഒരു രണ്ടുനില വീടും, ടാക്‌സി കാറും ഇപ്പോള്‍ സ്വന്തമായിട്ടുണ്ടെന്ന്‌ അഭിമാനത്തോടെ അദ്ദേഹം പറഞ്ഞപ്പോള്‍ എനിക്ക്‌ സന്തോഷം തോന്നി. കഷ്‌ടപ്പാടില്‍ നിന്നു തുടങ്ങിയ ഒരു കലാകാരന്റെ വിജയത്തിലുള്ള സന്തോഷം! നേരം സന്ധ്യയായതൊന്നും ഞങ്ങള്‍ അറിഞ്ഞില്ല. അത്രയ്‌ക്ക്‌ രസാവഹമായിരുന്നു ആ സായാഹ്നം!

`അരവിന്ദാ, നമുക്ക്‌ ഒന്നുപോയി അല്‌പമൊന്നു മിനുങ്ങിയാലോ? ജോര്‍ജ്‌ സാറുമുണ്ട്‌.' രാജന്‍ മാഷിന്റെ ചോദ്യത്തിന്‌ തികച്ചും അപ്രതീക്ഷിതമായ മറുപടിയാണുണ്ടായത്‌.

`പണ്ടൊക്കെ ഒന്നു മിനുങ്ങാന്‍ വേണ്ടി കൊതിച്ചിട്ടുണ്ട്‌. അല്ലേ മാഷേ? പക്ഷെ അന്ന്‌ കാശുണ്ടായിരുന്നല്ല! ഇന്നിപ്പോള്‍ കാശുണ്ട്‌. ഒന്നു മിനുങ്ങാന്‍ നിവൃത്തിയില്ല.' എനിക്കൊന്നും മനസിലായില്ല എന്നു തോന്നിയതുകൊണ്ടാകാം അദ്ദേഹം തുടര്‍ന്നു:

`ഡയബറ്റീസെ...ഡയബറ്റീസ്‌. കട്ടിയാ! ഗോതമ്പുകഞ്ഞിയിലാ ജീവിതം. ദൈവത്തിന്റെ ഓരോ വികൃതികളേ'!

ഞാന്‍ ഇന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ അനുസ്‌മരിക്കുന്നു.- `ദൈവത്തിന്റെ ഓരോ വികൃതികള്‍'... മലയാളികളെ മനംകുളിര്‍ക്കെ, മതിമറന്ന്‌ ചിരിപ്പിച്ച അനശ്വര കലാകാരന്‍ മാള അരവിന്ദന്റെ വിയോഗവും നമുക്ക്‌ അങ്ങനെ തന്നെ കാണാം.'- 'ദൈവത്തിന്റെ ഓരോ വികൃതികള്‍.'!

അദ്ദേഹത്തിന്റെ ആത്മാവിന്‌ നിത്യശാന്തി നേരുന്നു.

ജോര്‍ജ്‌ മരങ്ങോലി (drmarangoly@gmail.com)
മാളയ്‌ക്കൊപ്പം മാളയില്‍ (ജോര്‍ജ്‌ മരങ്ങോലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക