Image

ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍: 16 - കൊല്ലം തെല്‍മ)

കൊല്ലം തെല്‍മ Published on 31 January, 2015
ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍: 16 - കൊല്ലം തെല്‍മ)

അദ്ധ്യായം 16

'അജിയെന്താ ഒന്നും മിണ്ടാതിരിക്കുന്നത്....? എന്തെങ്കിലും ഒന്നു പറയൂ അജി...' ഏതാനും നിമിഷങ്ങളില്‍ നിശബ്ദതയ്ക്ക് വിരാമമിട്ടുകൊണ്ട് സരളാന്റി പറഞ്ഞു.

അജിത്തിന്റെ മുറിയില്‍ ഇരുന്ന് കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു അവര്‍. കെല്‍സിയും കുട്ടികളും അവരുടെ മുറിയില്‍ ആണ്. രണ്ടുപേരോടും തനിയെ തനിയെ കാര്യങ്ങള്‍ സംസാരിച്ച് കാര്യഗൗരവം മനസ്സിലാക്കണം എന്ന തീരുമാനത്തിലായിരുന്നു സരളാന്റി. കൊച്ചുകൊച്ചു പടലപ്പിണക്കങ്ങളാണെങ്കില്‍ പറഞ്ഞു മനസ്സിലാക്കി പരിഹരിക്കുന്നതാണഅ ബുദ്ധി എന്നവര്‍ ചിന്തിച്ചു.

ജീവിതം എന്നത് ഒരിക്കല്‍മാത്രം കിട്ടുന്ന പുണ്യമാണെന്ന ചിന്താഗതിക്കാരിയാണ് താന്‍. അഭിനയത്തിരക്കുകള്‍ക്കിടയിലും ജീവിതം ക്രമപ്പെടുത്തി നല്ലൊരു കുടുംബിനിയായിരിക്കുന്നതിന്റെ കാര്യഗൗരവം തനിക്കുണ്ടെന്നുള്ളതും സരളാന്റിയുടെ ക്രെഡിറ്റുതന്നെയാണ്.

'ഞാനിനി ഇപ്പം എന്തുപറയാന്‍. കെല്‍സി അവളുടെ വശം ന്യായീകരിച്ച് സര്‍വ്വതും പറഞ്ഞു വച്ചിരിക്കുകയായിരിക്കുമല്ലോ?' അജിത്ത് തന്റെ നീരസം വ്യക്തമാക്കിക്കൊണ്ട് സംസാരിച്ചു.
'അതെന്താ അജീ.... നീ അങ്ങനെ പറയുന്നത്? എനിക്ക് നിങ്ങള്‍ രണ്ടുപേരും ഒരേപോലെയാണെന്നറിയത്തില്ല്യോ....? ഞാനിതുവരെ എന്തെങ്കിലും വേര്‍തിരിവ് അജിയോടോ കെല്‍സിയോടോ കാട്ടിയിട്ടുണ്ടോ അജിയേ....?'

'ആന്റീ ഞാനങ്ങനെയൊന്നും പറഞ്ഞില്ല.... കെല്‍സി ആന്റിയോടു പറഞ്ഞ കാര്യങ്ങള്‍ അനുസരിച്ച് എന്നോടു സംസാരിക്കുന്നു എന്നു മാത്രമേ ഞാന്‍ ചിന്തിച്ചതൊള്ളൂ...'

'ഞാനിവിടെ വന്നപ്പോ തൊട്ട് ശ്രദ്ധിക്കുവാ.... നിങ്ങളില്‍ ഒരു അകല്‍ച്ച.... എന്തോപറ്റി അജി....നിങ്ങള്‍ക്ക്? എന്തെങ്കിലും അസ്വസ്ഥതകളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായാല്‍ തന്നെ അവയൊക്കെ പരിഹരിച്ച് ക്ഷമിച്ച് മുന്നോട്ടു പോകുകയല്ലേ വേണ്ടത്? അതല്ലേ അജി നമ്മുടെ പാരമ്പര്യം.... ഒരു  പ്രഭാതത്തില്‍ ഇട്ടെറിഞ്ഞു പോകുന്ന ഇവിടുത്തെ സംസ്‌ക്കാരം നമ്മുടെതാണോ അജിയേ....'

'ആന്റീ.... ആന്റി പറയുന്നതും ശരിയായിരിക്കാം.... പക്ഷെ സ്വരച്ചേര്‍ച്ചയില്ലാത്ത രണ്ടുപേര്‍ തമ്മില്‍ എത്രനാള്‍ ഒത്തുപോകുവാന്‍ കഴിയും.... ഒന്നോ രണ്ടോ ദിവസത്തേയ്ക്ക് മാത്രമല്ലല്ലോ, ജീവിതമുള്ള കാലത്തോളം വേണ്ടേ? എന്റെ രീതികളുമായി ഒത്തൊരുമിച്ചു പോവുന്ന ഒരു ശൈലിയല്ല അവളുടേത്. തനി പഴഞ്ചന്‍ നാട്ടിന്‍പുറത്തു ശൈലി പിന്തുടരുന്നവനുമല്ല ഞാന്‍. കുറെയൊക്കെ വെസ്റ്റേണ്‍ കള്‍ച്ചര്‍ ഫോളോ ചെയ്യാറുമുണ്ട്. അതിഷ്ടപ്പെടുന്നുമുണ്ട് ഞാന്‍. എന്നാല്‍ കെല്‍സിയുടേത് വെറും ജാഡ പ്രകടനങ്ങള്‍ മാത്രമാണ്. എല്ലാത്തിനോടും പുച്ഛം.... എനിക്ക് ഇഷ്ടമല്ല...'
'എന്റെ അജി.... അവളൊരു പണ്ണല്ലേടാ കൊച്ചേ? കുറെയൊക്കെ എടുത്തുചാട്ടവും പത്രാസും പൊങ്ങച്ചവും ഇല്ലാത്ത പെണ്ണേതാ കുഞ്ഞേ ഉള്ളത്..... ഇതൊക്കെ ഒരു പ്രയാസത്തിലെയെന്നല്ലാതെ; ഇതൊക്കെയങ്ങ് മാറും.... അല്ലാതെ പിന്നെങ്ങനാ?'സരളാന്റി അജിത്തിനെ സമാധാനിപ്പിച്ചു.
'കെല്‍സിയും അവളുടെ വീട്ടുകാരും തുടര്‍ന്നുള്ള സിനിമാജീവിതം ഒഴിവാക്കും എന്ന് ഞങ്ങള്‍ക്കുവാക്കുതന്നിരുതാ.... എന്നിട്ടിപ്പം സിനിമാ എന്നൊരൊറ്റ ചിന്തയില്‍ നടക്കുകയാ അവള്‍.... ഈ അഹംഭാവത്തിനെല്ലാം കാരണം ആ ഒരൊറ്റ ചിന്തയാണ്. തുടര്‍ന്നുള്ള സിനിമാഭിനയത്തിന് അനുവദിക്കാത്ത എന്നോടുള്ള ദേഷ്യം തീര്‍ക്കുകയാണവള്‍....' അജിത്ത് കെല്‍സിയെ കുറ്റപ്പെടുത്തി.
'അജിയേ.... ഒരു നല്ല അഭിനേതാവോ അഭിനേത്രിയോ സ്വന്തം കഴിവുകള്‍ നിരാകരിച്ച് നശിപ്പിച്ചുകളയുന്നു എന്നത് ഈ കലാലോകത്തോട് കാട്ടുന്ന ക്രൂരതയാണ്. അജിക്കറിയാമല്ലോ എന്റെ കൊച്ചുങ്ങള് വളര്‍ന്നത് എന്നൊടൊപ്പം സിനിമാ സെറ്റുകളിലാണ്. ഞാനും ഏട്ടനും സിനിമയെ അത്രയധികം സ്‌നേഹിച്ചു.... ഇപ്പോഴും എന്റെ ജീവനും ജീവിതവും സിനിമ തന്നെയാണ്.... ഞങ്ങളുടെ സിനിമാ ജീവിതം ഞങ്ങളുടെ ബന്ധത്തിനു വിഘാതമായതുമില്ല.... ഏതുരംഗത്തുനിന്നുള്ളവരാണ് എന്നതല്ല. നമ്മുടെ പ്രവൃത്തികളും മനോഭാവവും ആത്മാര്‍ത്ഥതയുമാണ് തൊഴില്‍ രംഗത്തായാലും ജീവിതത്തിലായാലും വിജയം തരുന്നത്. ഒരിക്കലും ഈശ്വരന്‍ നമ്മുടെ കൈകളില്‍ വച്ചുതരുന്നത് കാലാതിവര്‍ത്തിയായ വിജയങ്ങള്‍ മാത്രം നിറഞ്ഞ ഒരു ജീവിതമല്ല; മറിച്ച്, നാം തന്നെ നട്ടുനനച്ച് പരിപാലിച്ച് വളര്‍ത്തിയെടുക്കേണ്ട ജീവിതത്തിന്റെ ഒരു ചെറുമണിവിത്താണ്. പരിപാലനയില്‍ പിഴവ് വന്നാല്‍ സമൂലം നശിച്ചുപോകാവുന്ന ഒരു ചെറുവൃക്ഷത്തിന്റെ വിത്ത്....!'

അജിത്ത് എല്ലാം നിര്‍വികാരം മൂളികേള്‍ക്കുക മാത്രമേ ചെയ്തുള്ളൂ... അജിത്തിന്റെ നിസംഗതാഭാവം ആന്റിക്ക് മനസ്സിലാകാതെയും ഇരുന്നില്ല.

ആദ്യമൊക്കെ ആരെന്തുപറഞ്ഞാലും ഇവര്‍ മനസുവയ്ക്കില്ല എന്ന് ആന്റിക്കറിയാം. കാരണം, ഒരു ആണിനെയും പെണ്ണിനെയും സംബന്ധിച്ച് അവരുടെ ഈഗോ ഒരു പ്രശ്‌നം തന്നെയാ്. എടുപിടിയെന്ന് ആദ്യം തീരുമാനം എടുക്കയില്ല. തങ്ങളുടെ വാദഗതികളില്‍നിന്ന് പിന്തിരിയാന്‍ വിമുഖതയും ഉണ്ടാവാം. പിന്നെപ്പിന്നെ പതിയെ ഇരുന്ന് സമാധാനത്തോടെ കാര്യങ്ങള്‍ ചിന്തിച്ച് വിശകലനം ചെയ്യാന്‍ അവസരം കിട്ടണം. അപ്പോള്‍ കാര്യങ്ങള്‍ യഥാവിധം ഭംഗിയായി പര്യവസാനിക്കും.
എന്തായാലും രണ്ടുപേരുടെയും പ്രശ്‌നങ്ങള്‍ ഒരുവിധം മനസിലാക്കിയിട്ടുണ്ട്. അതിനനുസൃതം കാര്യകാരണങ്ങള്‍ പറഞ്ഞ് ഇരുവരെയും മനസിലാക്കിച്ചിട്ടുണ്ട്. ഇനി രണ്ടുപേര്‍ക്കും ചിന്തിച്ചു തീരുമാനം എടുക്കുവാനുള്ള സാവകാശം നല്‍കേണ്ടിയിരിക്കുന്നു. ഏതായാലും താനിനി രണ്ടു ദിവസത്തിനുള്ളില്‍ പ്രോഗ്രാമുകളുമായി ഇവിടെനിന്നും പോകും. പിന്നീടങ്ങോട്ട് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇവര്‍ക്ക് നല്ലൊരു തീരുമാനത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കും എന്നു താന്‍ വിശ്വസിക്കുന്നു.

'അജിത്ത് ഏതായാലും ഒരു നല്ല തീരുമാനത്തിലെത്തി കുടുംബജീവിതത്തിന്റെ ഭദ്രത ഉറപ്പിക്കും എന്ന് ആന്റി വിചാരിക്കുന്നു. രണ്ടു കുഞ്ഞുങ്ങളുടെ ഭാവിയെ കരുതി നിങ്ങള്‍ രണ്ടുപേരും ഒന്നിച്ചുതന്നെ തുടരണം എന്നാണ് ഞാന്‍ പറയുന്നത്. പിന്നെ കെല്‍സിയുടെ സിനിമാജീവിതം; അജിക്ക് ഇഷ്ടമെങ്കില്‍ അവളുടെ ആഗ്രഹത്തെ അനുവദിക്കുകയാണ് വേണ്ടത്. ഇപ്പോള്‍ ഉടനെ വേണമെന്ന് ഞാന്‍ പറയുന്നില്ല.... കുഞ്ഞുങ്ങള്‍ കുറച്ചുകൂടി വളര്‍ന്നിട്ട് മതി എന്നാണ് എന്റെയും അഭിപ്രായം.... പിന്നെ അധികം വൈകിപ്പിക്കാനും പാടില്ല; കാരണം ഒരു നടിയെ സംബന്ധിച്ച് അഭിനയജീവിതത്തിലെ നീണ്ടബ്രേക്ക് ഗുണം ചെയ്യില്ല...'

'ങാ.... ഞാന്‍ ഏതായാലും ആലോചിക്കട്ടെ....'  ഒരു ദീര്‍ഘനിശ്വാസത്തോടെ യാന്ത്രികമായിതന്നെ അജിത്ത് പറഞ്ഞു....

****    *****       *******   *****   ************       ********

റസ്റ്റോറന്റിലെ ഒഴിഞ്ഞ കോണില്‍ മാറിയിരിക്കുകയാണ് അജിത്ത്. കുറച്ചു ദിവസങ്ങളിലായി അജിത്ത് സുഹൃത്തുക്കളില്‍ നിന്ന് ഒഴിഞ്ഞ് നടക്കുകയാണ്.
സീഗ്രാംസ് വിസ്‌കി തലയ്ക്കുപിടിച്ചു തുടങ്ങിയിരുന്നു. റോസ്റ്റ് ബീഫിന് ഒരു റീപ്പീറ്റ് ഓര്‍ഡര്‍ കൂടി നല്‍കി കാത്തിരിക്കുകയാണ് അജിത്ത്.

സരളാന്റി വന്നുപോയിട്ട് ഇപ്പോള്‍ മാസം മൂന്നുകഴിഞ്ഞിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് ആന്റി ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കുകയും നിര്‍ദ്ദേശങ്ങള്‍ തരികയും ചെയ്യാറുണ്ട്. പക്ഷെ അവയെല്ലാം ഒരു താളത്തിന് മൂളികേള്‍ക്കുക മാത്രം ചെയ്യുന്നു.
കെല്‍സി തന്നോടൊരു അനുകൂല മനോഭാവം കാട്ടുന്നുണ്ട്. താനതു തീരെ ഗൗനിക്കുന്നുമില്ല. തന്റെ പ്രതീക്ഷകള്‍ക്കെല്ലാം കടകവിരുദ്ധമായി ചിന്തിക്കുന്ന കെല്‍സിയോട് ഒത്തുപോകാന്‍ താന്‍ ആഗ്രഹിക്കുന്നുമില്ല. ഒത്തൊരുമിപ്പില്ലാത്ത ഈ ജീവിതം ഇങ്ങനെ തുടര്‍ന്നുപോകണം എന്നും കരുതുന്നില്ല.

ഒരു കാലത്ത് സിനിമ എന്നുപറഞ്ഞ് ഇറങ്ങിത്തിരിച്ചു. വിവാഹശേഷം പിന്നെയും വേണ്ടെന്നുവച്ച അതേ ഫീല്‍ഡിലേയ്ക്ക് തിരികെ പോവാന്‍ വെമ്പല്‍ കൊള്ളുന്ന അവളുടെ ചിന്തകളെ അംഗീകരിച്ചു കൊടുക്കാന്‍ തീരുമാനിച്ചിട്ടുമില്ല.

രാപകല്‍ അഭിനയം എന്നുപറഞ്ഞിറങ്ങിത്തിരിച്ച ഒരുവളെക്കുറിച്ച് വല്ലവരും പറയുന്നവയൊക്കെ കേട്ട് പരിഹാസ്യനാവുന്ന ഒരു ഭര്‍ത്താവുദ്യോഗം വഹിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുമില്ല. ഹിതകരമല്ലാത്തവ കേള്‍ക്കാന്‍ എന്തിന് ഇടനല്‍കണം.

ആവിപറക്കുന്ന റോസ്റ്റ് ബീഫ് മുമ്പിലെത്തി. ഒരു പെഗ് വിസ്‌കി ഗ്ലാസില്‍ പകര്‍ന്ന് ഡൈല്യൂട്ട് ചെയ്തു. ബീഫ് പീസ് ഒരെണ്ണമെടുത്ത് ചെറുതായി നുറുക്കി വായിലിട്ട് ചവച്ചു.... ചെറുചൂടന്‍ റോസ്റ്റഡ് ബീഫിന്റെ രുചി നാവില്‍ നിറഞ്ഞു. ഒരു സിപ്പ് വിസ്‌കിയുംകൂടി ചേര്‍ത്തിറക്കി.... ഹാവൂ.... എരിഞ്ഞിറങ്ങിയ മദ്യം സിരകളിലേയ്ക്ക് ആളിപ്പടരുകയായിരുന്നു.

കെല്‍സി സരളാന്റിയോട് അവളുടെ ഹിതാനുസരണം എല്ലാം വിശദമാക്കിയിട്ടുണ്ടാവണം. ഇനി ഓരോരുത്തരായി തങ്ങളുടെ ഇടയിലെ അസ്വസ്ഥതയെപറ്റി അറിഞ്ഞുത്തുടങ്ങും. ഹൊ! എന്തെങ്കിലും വരട്ടെ...! നേരിടുകതന്നെ. മറ്റുള്ളവരെ ബോധിപ്പിച്ചുകൊണ്ടൊരു കെട്ടിച്ചമച്ച ജീവിതം ഇനി വേണ്ട.
ആരെ ബോധിപ്പിക്കാനാണ് ഒരു കണക്കിന് ഈ വേഷം കെട്ടിയാടുന്നത്. പറ്റില്ലെങ്കില്‍ ഇട്ടൊഴിഞ്ഞ് അവനവന്റെ പാട്ടിന് പോവണം അത്രതന്നെ. പോവാന്‍ പറ! അജിത്ത് ഒരുത്തിയുടെ മുന്നിലും തോല്‍ക്കില്ല....

അജിത്ത് ഒരു ഭ്രാന്തമായ ആവേശത്തോടെ ചിന്തകളില്‍നിന്നും ചിന്തകളിലേയ്ക്ക് വ്യാപരിക്കുകയായിരുന്നു. ഒരഗ്നികുണ്ഡം പോലെ മനസ് എരിഞ്ഞുകൊണ്ടിരുന്നു. ജീവന്‍ പിടയുന്ന ഒരഗ്നിശലഭത്തെപ്പോലെ അജിത്തിന്റെ ഹൃദയം ഇടറുകയായിരുന്നു....

കണ്ണുകളിലെ വെണ്‍മയറ്റ് ശോണിമ പടര്‍ന്നു തുടങ്ങിയിരിക്കുന്നു. എന്നത്തെക്കാളധികമായി മദ്യം അകത്താക്കിയിരുന്നു അജിത്ത്. ഇന്ന് പങ്കുപറ്റാന്‍ സുഹൃത്തുക്കള്‍ ഇല്ലാതിരുന്നതിനാല്‍ അവരുടെ പങ്കു കൂടി അജിത്ത് അകത്താക്കിയിരുന്നു.

ഇനി ഏതായാലും തനിക്ക് കാര്‍ ഡ്രൈവ്‌ചെയ്ത് പോകാന്‍ ആവില്ല എന്ന് അജിത്തിന് മനസിലായി. അജിത്ത് ഫോണ്‍ ചെയ്ത് ഹോംഗാര്‍ഡിനോട് വരുവാന്‍ ഏര്‍പ്പാടു ചെയ്തു.

 *****       *****       *******   ******       *******

അജിത്ത് വീട്ടില്‍ വന്നുകയറുമ്പോള്‍ മണി ഒന്‍പതുകഴിഞ്ഞിരുന്നു. ഹാളിലേയ്ക്കു കയറിയപ്പോള്‍ കെല്‍സി അവിടെ ഇരുന്ന മാഗസിന്‍ വായിക്കുകയായിരുന്നു.

അജിത്തിനെ കണ്ടപ്പോള്‍ കെല്‍സി ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു. അജിത്തിന്റെ ഭാവംകണ്ട കെല്‍സി തെല്ലൊന്ന് അമ്പരാക്കാതിരുന്നില്ല. കാരണം ഇത്ര ഓവറായി അജിത്ത് ഒരിക്കലും വന്നു കയറിയിട്ടില്ല.
കെല്‍സി അറിയാതെ തന്നെ മുന്നോട്ടുചെന്ന് അജിത്തിനെ താങ്ങിപ്പിടിക്കുവാന്‍ ശ്രമിച്ചു. ഒന്നു വേച്ചുപോയ അജിത്ത് കെല്‍സിയുടെ കൈ ഊക്കോടെ തട്ടിമാറ്റി. വീഴാതെ സ്വയം നിയന്ത്രിച്ച് നിന്നു.
കെല്‍സിക്ക് കൈ നന്നേ വേദനിച്ചു. അജിത്തിന്റെ കൈത്തണ്ട കെല്‍സിയുടെ വലതുകൈപ്പത്തിയുടെ പുറത്തു തട്ടിയിരുന്നു. അറിയാതെ കൈയ്യൊന്നു കുടഞ്ഞുപോയി കെല്‍സി....

'എന്നെ പിടിക്കേണ്ട..... നീ നിന്റെ വഴി നോക്ക് എന്നെ താങ്ങാന്‍ വന്നിരിക്കുന്നു.... നാണമുണ്ടോ നിനക്ക്. വായി തോന്നിയതെല്ലാം എഴുന്നള്ളിച്ച് നല്ലപിള്ള ചമഞ്ഞിട്ട് എന്നെ പരിചരിക്കാന്‍ വന്നിരിക്കുന്നു. പോടി....പോ.... എന്റെ മുമ്പില്‍നിന്ന്.....' അജിത്ത് കെല്‍സിയെ പുച്ഛിച്ചു സംസാരിച്ചു.

കെല്‍സി അയ്യടാ എന്നായിപ്പോയി..... ഇതുവരെയും വാടാപോടാ ശൈലിയില്‍ അജിത്ത് തന്നെ അഭിസംബോധന ചെയ്തിട്ടില്ല.... പേരെടുത്തു വിളിച്ചിട്ടുള്ളതല്ലാതെ ഇങ്ങനെ നിന്ദിച്ചു സംസാരിക്കാറേയുള്ളതല്ല. ഇത്രയും കാലം രണ്ടു മനോഭാവത്തില്‍ ഇരുമുറികളില്‍ താമസിച്ചുപോന്നിട്ടും സംസാരത്തില്‍ ഇത്രയും വലിയൊരവഗണന അജിത്ത ഇന്നാളുകളില്‍ പ്രകടിപ്പിച്ചിട്ടില്ല....

കെല്‍സിയുടെ മനസുനീറി... കണ്ണുകള്‍ നിറഞ്ഞിരുന്നു. ആരും അല്ലെന്ന രീതിയില്‍ തന്നോട് അജിത്ത് സംസാരിച്ചതില്‍, പെരുമാറുന്നതില്‍ ഹൃദയം നുറുങ്ങുകയായിരുന്നു.

അജിത്തേട്ടന്‍ എന്താ ഇങ്ങനെ.... ഇതെനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്..... എന്നെ ഇങ്ങനെ അവഹേളിക്കരുത്.... കെല്‍സിയില്‍നിന്നും യാചനയെന്നപോലെ വാക്കുകള്‍ ചിലമ്പിച്ചടര്‍ന്നു വീണു.
'ഞാന്‍ പിന്നെ എന്തു വേണം....? നിന്റെ താളത്തിനൊത്തവിധം തുള്ളണമോ? ആ ആഗ്രഹം അങ്ങ് മനസില്‍വച്ചാമതി മോളേ.... നിന്റെ മനസിലിരുപ്പിനനുസരിച്ച് ആടുന്ന കുട്ടിക്കുരങ്ങന്‍ ഭര്‍ത്താവിനെ നീ എന്നില്‍നിന്നു പ്രതീക്ഷിക്കേണ്ട....'

'അജിത്തേട്ടന്‍ എന്താണ് ഞാന്‍ മനസില്‍പോലും ചിന്തിക്കാത്ത കാര്യങ്ങള്‍ പറയുന്നത്? അജിത്തേട്ടന്‍ പോയി വിശ്രമിക്കൂ.... ഈ ചിന്തകളെല്ലാം കുടിച്ച ആല്‍ക്കഹോളിന്റെ ഇല്ലൂഷ്യന്‍സ് ആണ്....'
അങ്ങനെ നീ എന്നെ വിഡ്ഢിയാക്കേണ്ട.... ഞാനീ പറഞ്ഞതെല്ലാം ബോധമില്ലാതെയാണെന്നല്ലേ നീ പറയുന്നത്.... നീ എന്നെ ഭരിക്കാന്‍ വരേണ്ട.... നീ ഇനി അജിത്തിന്റെ ഭാര്യയായിരുന്നോണ്ട് സിനിമയില്‍ അഭിനയിക്കാം എന്നു കരുതേണ്ട...ഞാന്‍ പറഞ്ഞത് നീ മനസ്സിലാക്കണം..... ഇനിയങ്ങോട്ട് സിനിമേ അഴിഞ്ഞാടാന്‍..... അഴിഞ്ഞാ....ടാ....ന്‍ ഞാനി വി...ട....ത്തില്ല....അല്ല നീ.... പോവുമെങ്കില്‍.... പൊക്കോ.... ഒരു പോക്ക് പൊയ്‌ക്കോണം..... ഇനി ഇങ്ങോട്ട് വന്നേക്കരുത്...'
കെല്‍സിയുടെ നെറുകയില്‍ ഒരു വെള്ളിടി വെട്ടിയപോലെയായി അജിത്തിന്റെ വാക്കുകള്‍...! മനസിലുള്ളത് മറനീക്കി പുറത്തു വന്നിരിക്കുന്നു. താന്‍ സിനിമയിലെ അഴിഞ്ഞാട്ടക്കാരിയാണെന്ന്.....
കെല്‍സിയുടെ സിരകളില്‍ രോഷം ഇരമ്പി..... മനസിന്റെ അകത്തളങ്ങളില്‍ അഗ്നിപര്‍വ്വതങ്ങള്‍ ഒന്നായി ചിന്നിച്ചിതറി.... തന്നെ ഒരു അഭിസാരികയെന്നു ചിത്രീകരിച്ചിരിക്കുന്നു..... ഇതായിരുന്നു ഉള്ളില്‍ ഇത്രനാളും കൊണ്ടുനടന്ന ചിന്തകള്‍! തന്നോട് സമരസപ്പെട്ടുപോകുവാന്‍ തയ്യാറാകാതെ തന്റെ നിസാരതെറ്റുകളെ പര്‍വ്വതീകരിച്ചു കണ്ടതിന്റെയൊക്കെ പിന്നിലെ ചേതോവികാരം ഇതായിരുന്നു.

കെല്‍സി അജിത്തിന്റെ ഷര്‍ട്ടില്‍ പിടിച്ചുലച്ചുകൊണ്ട് ഭ്രാന്തമായി വിതുമ്പി പിറുപിറുത്തു 'ഒരു ഭര്‍ത്താവ് ഭാര്യയെ വിളിക്കുന്ന പേരാണോ അജിയേട്ടാ.... ഇത്... ഞാനെന്ത് പിഴച്ചവഴികളിലാണ് സഞ്ചരിച്ചിട്ടുള്ളത്! ആരാണ് ഈ മാരകവിഷം അജിയേട്ടനില്‍ കുത്തിവച്ചത്? എന്നോടിതു വേണ്ടിയിരുന്നില്ല.... എന്നാലും ഇതു വേണ്ടിയിരുന്നില്ല.... എന്നെ തല്ലിയാല്‍പ്പോലും എനിക്കിത്ര വേദനിക്കില്ലായിരുന്നു.... ഇത്രകാലം എന്നെ അവഗണിച്ചിരുന്നിട്ടുപോലും എന്റെ ഉള്ളില്‍ അജിത്തേട്ടനോടെനിക്ക് സ്‌നേഹമായിരുന്നു. സിനിമയെന്നത് എന്റെ രണ്ടാമതൊരു ചിന്ത മാത്രമായിരുന്നു....'

കെല്‍സിയില്‍നിന്നും സങ്കടം അണപൊട്ടി ഒഴുകുകയായിരുന്നു. ഒരു പെണ്ണിനെ സംബന്ധിച്ച് സഹിക്കാവുന്നതിലും അപ്പുറമായ നിന്ദനമായിരുന്നു അജിത്തില്‍നിന്നും കേള്‍ക്കേണ്ടിവന്നത്.
നിന്നോടെനിക്ക് ഇതിലധികമായി ഒന്നും പറയാനില്ല.... നിന്റെ കള്ളകണ്ണീരൊഴുക്കി എന്നെ വീഴ്ത്താം എന്നും കരുതേണ്ട.... നെഞ്ചില്‍ വഞ്ചനയുടെ കഠാരമുന ആഴ്ത്തുമ്പോഴും കണ്ണീരിന്റെ പുഷ്പവൃഷ്ടി നടത്തുന്ന കുടലകളായവളുമാര്‍ ചരിത്രത്തില്‍ നിരവധിയുണ്ട് എന്നത് എനിക്കറിയാം.... നീ എന്നെ കണ്ണീരുകൊണ്ട് തോല്‍പ്പിക്കാം എന്നു കരുതേണ്ട.... അതിനുമാത്രം വിഡ്ഡിയല്ല അജിത്ത്...'
കെല്‍സി അജിത്തിന്റെ വാക്കുകളാല്‍ പ്രകോപിതയായി.... അജിത്തിന്റെ ഷര്‍ട്ടില്‍നിന്നും പിടിവിട്ട്; അജിത്തിനെ പിന്നിലേയ്ക്ക് തള്ളിമാറ്റി വെട്ടിത്തിരിഞ്ഞു. ഒന്നുവേച്ചുപോയെങ്കിലും പിന്‍തിരിഞ്ഞ കെല്‍സിയുടെ കൈയ്യില്‍ പിടിച്ചുവലിച്ച് തനിയ്ക്കഭിമുഖമായി തിരിച്ച് അജിത്ത് അവളുടെ കരണംനോക്കി ഒറ്റയടി....

അപ്രതീക്ഷിതമായി കിട്ടിയ പ്രഹരത്തില്‍ കെല്‍സി ചൂളിപ്പോയി, കവിള്‍ നീറിപ്പുകഞ്ഞു. ലക്കില്ലാത്തവന്റെ കൈ തളര്‍ത്തിയുള്ള അടിയുടെ ആയത്തില്‍ വിരലുകളെല്ലാം കവിളില്‍ പതിഞ്ഞു തിണര്‍ത്തുപൊങ്ങി...

കെല്‍സി കവിള്‍പൊത്തി തറയില്‍ കുനിഞ്ഞിരുന്നുപോയി..... അജിത്ത് മുക്രയിടുന്ന കാട്ടുപോത്തിനെപ്പോലെ മുരണ്ടുകൊണ്ട് സോഫായിലേയ്ക്ക് മലര്‍ന്നിരുന്നു. ഏന്തോ ഒരു തോന്നലില്‍ ഒരു പ്രവൃത്തി....! എന്താണ് സംഭവിച്ചതെന്നു മനസിലാക്കുവാന്‍ അജിത്തിനും കഴിയുന്നില്ല എന്ന് അയാളുടെ ഭാവത്തില്‍ നിന്നും മനസിലാവുന്നു.

കണ്ണുകള്‍ ചിമ്മിച്ചിമ്മിത്തുറന്നും ഇടംകൈപ്പത്തിയാല്‍ മുഖം അമര്‍ത്തി ഉഴിഞ്ഞും അജിത്ത് അസ്വസ്ഥതപ്രകടിപ്പിച്ചിരിക്കുകയാണ്. കണ്ണുകളില്‍ മൂടല്‍ ബാധിച്ചപോലെ.... ശരീരം പറന്നുയരുകയാണെന്നുതോന്നും..... തൊണ്ടക്കുഴി നിറഞ്ഞ് പൊട്ടിത്തെറിക്കാന്‍ പോവുകയാണെന്ന് തോന്നുന്നു.

ചൂടുവെള്ളത്തില്‍വീണ മീന്‍പോലെ പിടഞ്ഞോടുകയാണ് മനസ്സ്.... അജിത്തിന് ഇരിക്കപ്പൊറുതിയില്ല. എഴുന്നേല്‍ക്കാന്‍ ഭാവിച്ചു....വയ്യ.... പലയാവര്‍ത്തി ശ്രമിച്ചു.... ഒടുവില്‍ ആ ശ്രമം വേണ്ടെന്നുവച്ച് അവിടെത്തന്നെ മലര്‍ന്നങ്ങിനെ കിടന്നു.

കെല്‍സി ചുറ്റുപാടിനെക്കുറിച്ച് ബോധം വന്നപ്പോള്‍ തേങ്ങിക്കരഞ്ഞുകൊണ്ട് എഴുന്നേറ്റു. സോഫയില്‍ മലര്‍ന്നുകിടക്കുന്ന അജിത്തിനെ രോഷത്തോടെ നോക്കി..... എന്തൊക്കെയോ അവ്യക്തമായി പുലമ്പിക്കൊണ്ട് തിരിഞ്ഞ് മുകളിലേയ്ക്ക് ഓടിക്കയറിപ്പോയി....
കുട്ടികള്‍ കിടക്കയില്‍ ഒന്നുമറിയാതെ ഉറങ്ങുകയാണ്.... കെല്‍സി ഒരു കൊടുങ്കാറ്റുപോലെ പാഞ്ഞുവന്ന് ലൈറ്റ് അണച്ച് കിടക്കയിലേയ്ക്ക് വീണുകിടന്ന് തേങ്ങി....


ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍: 16 - കൊല്ലം തെല്‍മ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക