Image

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡലില്‍ മലയാളം സ്‌കൂള്‍ വാര്‍ഷികം

ജോയിച്ചന്‍ പുതുക്കുളം Published on 11 June, 2011
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡലില്‍ മലയാളം സ്‌കൂള്‍ വാര്‍ഷികം
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന മലയാളം സ്‌കൂളിന്റെ വാര്‍ഷികം, അല്‍ഫോന്‍സാ ഹാളില്‍ വെച്ച്‌ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

പ്രിന്‍സിപ്പല്‍ ജോണ്‍ തെങ്ങുംമൂട്ടില്‍ സ്വാഗതം ആശംസിക്കുകയും, സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിശദീകരിക്കുകയും ചെയ്‌തു. കത്തീഡ്രല്‍ അസിസ്റ്റന്റ്‌ വികാരി ഫാ. മാത്യു ശാശ്ശേരില്‍ വാര്‍ഷികാഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. തലമുറകളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുവാന്‍ മലയാള പഠനത്തിന്റെ ആവശ്യകതയെപ്പറ്റിയും, അതില്‍ മലയാളം സ്‌കൂളിന്റെ പങ്കിനെപ്പറ്റിയും അനുഭവങ്ങളുടെ വെളിച്ചത്തില്‍, തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ ശാശ്ശേരിലച്ചന്‍ ആഹ്വാനം ചെയ്‌തു. മാതൃഭാഷാ പഠനകാര്യത്തില്‍ അധ്യാപകര്‍ കാണിക്കുന്ന നിസ്വാര്‍ത്ഥ സേവനത്തേയും, താത്‌പര്യത്തേയും അച്ചന്‍ അഭിനന്ദിക്കുകയും ചെയ്‌തു.

ഒന്നാംക്ലാസ്‌ വിദ്യാര്‍ത്ഥി നവീന്‍ മുക്കത്തിന്റെ കീബോര്‍ഡ്‌ വായനയും, മൂന്നാംക്ലാസ്‌ വിദ്യാര്‍ത്ഥി ജസ്റ്റിന്‍ ജോസഫിന്റെ പ്രസംഗവും, അഞ്ചാം ക്ലാസ്‌ വിദ്യാര്‍ത്ഥിനി നൈമ മുക്കത്തിന്റെ പദ്യപാരായണവും, വിവിധ ക്ലാസുകളിലെ കുട്ടികളുടെ കലാവിരുന്നുകളായ പ്രാര്‍ത്ഥനാ ഗാനം, ഡാന്‍സ്‌, ആക്ഷന്‍ സോംഗ്‌, സ്‌കിറ്റ്‌ തുടങ്ങിയ മലയാളത്തിലുള്ള പരിപാടികള്‍ സദസ്യര്‍ ആവോളം ആസ്വദിച്ചു. ഡീനാ പുത്തന്‍പുരയ്‌ക്കലിന്റെ ഗ്രാഡ്വേഷന്‍ സെറിമണിയും തദവസരത്തില്‍ നടത്തപ്പെട്ടു.

മലയാളത്തിലുള്ള വാശിയേറിയ `വാക്‌പയറ്റ്‌' മത്സരത്തില്‍ വിപിന്‍ ഡൊമിനിക്‌, ഗുഡ്‌വിന്‍ ഫ്രാന്‍സീസ്‌ എന്നിവര്‍ ഒന്നാംസ്ഥാനം പങ്കിട്ട്‌ ട്രോഫിയും കാഷ്‌ അവാര്‍ഡും കരസ്ഥമാക്കി. കഴിഞ്ഞവര്‍ഷവും വിപിന്‍ ഡൊമിനിക്‌ ഒന്നാംസ്ഥാനം കരസ്ഥമാക്കിയിരുന്നു.

മലയാളം സ്‌കൂളില്‍ ദീര്‍ഘകാലം സേവനം അനുഷ്‌ഠിച്ച റോസമ്മ തെനിയപ്ലാക്കല്‍, ആന്റണി ആലുംപറമ്പില്‍ എന്നിവരെ പ്രശംസാ ഫലകം നല്‍കി തദവസരത്തില്‍ ആദരിച്ചു.

മലയാളം വാരത്തോടനുബന്ധിച്ച്‌ നടന്ന മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം ഫാ. മാത്യു ശാശ്ശേരില്‍ നിര്‍വഹിച്ചു. ഷിന്റോ ചാക്കോയും, ടുട്ടുവും കോര്‍ഡിനേറ്റ്‌ ചെയ്‌ത വാര്‍ഷികാഘോഷങ്ങള്‍, വൈസ്‌ പ്രിന്‍സിപ്പല്‍ റോസമ്മ തെനിപ്ലാക്കലിന്റെ നന്ദി പ്രസംഗത്തോടെ സമാപിച്ചു.

ആന്റണി ആലുംപറമ്പില്‍, മരിയ ചാവടി, ജോര്‍ലി, മേരി ആന്‍ തോമസ്‌, തോമസ്‌ സെബാസ്റ്റ്യന്‍, കുഞ്ഞുമോന്‍ ഇല്ലിക്കല്‍, സാന്റോ ആന്റണി, സന്ദീപ്‌ ആന്റണി, ജില്‍സി മാത്യു, ജാക്വലിന്‍, ജയിന്‍ ളാകയില്‍, ആന്‍ ളാകയില്‍ എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. റോസമ്മ തെനിയപ്ലാക്കല്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡലില്‍ മലയാളം സ്‌കൂള്‍ വാര്‍ഷികം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക