Image

ചിരിയുടെ തമ്പുരാന്‍ അരങ്ങൊഴിഞ്ഞു

ആശാ പണിക്കര്‍ Published on 28 January, 2015
ചിരിയുടെ തമ്പുരാന്‍ അരങ്ങൊഴിഞ്ഞു
കോയമ്പത്തൂര്‍: പ്രശസ്‌ത സിനിമാതാരം മാള അരവിന്ദന്‍(76) അന്തരിച്ചു.  രാവിലെ 6.20ന്‌ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ കഴിഞ്ഞ 19-നാണ്‌ മാള അരവിന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്‌ 24-ന്‌ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു. അഞ്ഞൂറിലധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌.

എറണാകുളം ജില്ലയിലെ വടവുകോട്ട്‌ എക്‌സൈസ്‌ ഉദ്യോഗസ്‌ഥനായിരുന്ന താനാട്ട്‌്‌ കൊച്ചയ്യപ്പന്റെയും സംഗീതാധ്യാപിക പൊന്നമ്മയുടെയും നാലു മക്കളില്‍ മൂത്തയാളായിട്ടാണ്‌ അരവിന്ദന്റെ ജനനം. സൗദാമിനി, രാമനാഥന്‍, പ്രകാശന്‍ എന്നിവരാണ്‌ സഹോദരങ്ങള്‍. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്‌ഛന്‍ മരിച്ചു. പിന്നെ ദുരിത വഴികളിലൂടെയായിരുന്നു അരവിന്ദന്റെ ജീവിതം. അച്ഛന്റെ പെട്ടെന്നുളള വേര്‍പാട്‌ കുടുംബത്തെ ആകെ തകര്‍ത്തു. പ്രത്യേകിച്ച്‌ അമ്മയെ. അവരുടെ ശമ്പളം കൊണ്ടു മാത്രമായിരുന്നു കുടുംബം മുന്നോട്ടു പോയത്‌. അമ്മയ്‌ക്കൊപ്പം മാളയിലേക്കു താമസം മാറ്റി. പില്‍ക്കാലത്ത്‌ പേരിനൊപ്പം ചേര്‍ത്ത്‌ അദ്ദേഹം മാളയോടുള്ള സ്‌നേഹം കൈവിടാതെ കാത്തു.

തബല വാദകനായാണ്‌ മാള അരവിന്ദന്റെ കലാജീവിതത്തിന്റെ തുടക്കം. നാടകങ്ങള്‍ക്ക്‌ പിന്നണി വായിച്ചു തുടങ്ങിയ അദ്ദേഹം പിന്നെ അഭിനയത്തിലേക്കു ചുവടുമാറ്റി. കോട്ടയം നാഷനല്‍ തിയറ്റേഴ്‌സ്‌, നാടകശാല, സൂര്യസോമ തുടങ്ങിയ സമിതികളില്‍ പ്രവര്‍ത്തിച്ചു. സൂര്യസോമയുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന്‌ മികച്ച നടനുള്ള നാടക അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു.

മധുരിക്കുന്ന രാത്രിയെന്ന സിനിമയിലൂടെയാണ്‌ ചലച്ചിത്രരംഗത്തെ അരങ്ങേറ്റം. മലയാള സിനിമയില്‍ ഹാസ്യരാജാക്കന്‍മാരായി അടൂര്‍ഭാസിയും ബഹദൂറും അരങ്ങുതകര്‍ത്താടുന്ന സമയത്താണ്‌ സവിശേഷമായ അഭിനയരീതിയുമായി മാള അരവിന്ദന്‍ ചുവടുറപ്പിക്കുന്നത്‌. അതു വരെ കണ്ടു പരിചയിച്ച ഹാസ്യാനുഭവങ്ങളെ അപ്പാടെ മാറ്റിമറിച്ച അഭിനയ രീതിയായിരുന്നു അരവിന്ദന്റേത്‌. പ്രത്യേകമായ ആംഗ്യ ചലനങ്ങളും മുഖഭാവങ്ങളും ശബ്‌ദ വ്യതിയാനരീതികളും കൊണ്ട്‌ തന്റേതു മാത്രമായ ഒരു ഹാസ്യശൈലി പടുത്തുയര്‍ത്തുകയായിരുന്നു.

എണ്‍പതുകളില്‍ കുതിരവട്ടം പപ്പു, ജഗതി ശ്രീകുമാര്‍ എന്നിവര്‍ക്കൊപ്പം അഭ്രപാളിയില്‍ നിറഞ്ഞുനിന്ന മാള ഹാസ്യത്തിന്‌ പുതിയ മുഖച്‌ഛായ തന്നെ നല്‍കിയ അപൂര്‍വം നടന്‍മാരില്‍ ഒരാളാണ്‌. അക്കാലത്തെ ഹിറ്റ്‌ ചിത്രങ്ങളില്‍ ഒഴിവാക്കാനാവാത്ത ഘടകമായിരുന്നു പപ്പു - മാള - ജഗതിമാരുടെ തമാശരംഗങ്ങള്‍. നാനൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹത്തിന്‌ 2013 ല്‍ ഫിലിം ക്രിട്ടിക്‌സ്‌ അസോസിയേഷന്റെ ചലച്ചിത്ര പ്രതിഭാ പുരസ്‌കാര്‍ ലഭിച്ചു.

തറവാട്‌, അധികാരം, എന്റെ നാട്‌, പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, ആളൊരുങ്ങി അരങ്ങൊരുങ്ങി, അമ്മാവനു പറ്റിയ അമളി, തടവറ, ലൂസ്‌ ലൂസ്‌ അരപ്പിരി ലൂസ്‌, പട്ടാളം, സല്ലാപം, മീശമാധവന്‍, ചാന്തുപൊട്ട്‌ തുടങ്ങിയവയാണ്‌ പ്രധാന ചിത്രങ്ങള്‍.
ചിരിയുടെ തമ്പുരാന്‍ അരങ്ങൊഴിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക