Image

സത്യത്തിന്റെ സാരാംശവും പ്രകാശനവും (ലേഖനം) - ഡി.ബാബുപോള്‍

ഡി.ബാബുപോള്‍ Published on 28 January, 2015
സത്യത്തിന്റെ സാരാംശവും പ്രകാശനവും (ലേഖനം) - ഡി.ബാബുപോള്‍
ഒരിക്കല്‍ കൂടെ പമ്പാതീരം ഭക്തിസാന്ദ്രമാവുകാണ്. ശബരിമലയില്‍ നടയടച്ചു. അയ്യപ്പന്മാരുടെ ശരണാരവങ്ങള്‍ അന്തരീക്ഷത്തില്‍ അലിഞ്ഞു. സ്വാമിയേ ശരണമയ്യപ്പാ എന്ന് വിളിക്കുന്ന മറ്റൊരാള്‍ക്കൂട്ടം മാരാമണ്ണില്‍ നിറഞ്ഞു.

ശബരിമല ഒരു വലിയ വേദശാസ്ത്ര സ്രോതസ്സാണ്. അയ്യപ്പനെ വണങ്ങുന്നവര്‍ അയ്യപ്പന്മാരായി മാറുകയും ഓരോ തീര്‍ത്ഥാടകനും മറ്റ് തീര്‍ത്ഥാടകരെ അയ്യപ്പന്മാരായി കാണുകയും ചെയ്യുന്നു എന്നതാണല്ലോ ശബരിമലയുടെ സവിശേഷത. ക്രൈസ്തവ വിശ്വാസത്തിന്റെ പരമോന്നതബിന്ദുവിലും വേദശാസ്ത്രം മറ്റൊന്നല്ല. ഞാന്‍ അവനിലും അവന്‍ എന്നിലും വസിക്കുന്ന അവസ്ഥയാണ് ക്രിസ്തുസാക്ഷാത്ക്കാരം. അങ്ങനെ ക്രിസ്തുവിനെ സ്വാംശീകരിച്ച് സാക്ഷാത്ക്കരിക്കുന്ന ക്രിസ്ത്യാനികള്‍ എല്ലാവുരം ക്രിസ്തുമാരാണ്. അവര്‍ തമ്മില്‍ ഭേദം ലേശം ഇല്ല. ക്രിസ്തു അവരില്‍ വസിക്കുന്നതിനാല്‍ അവരും ക്രിസ്തുവും തമ്മിലും ഭേദം ഇല്ല. സ്വാമിയേ ശരണം യേശുവേ എന്ന്  ദൈവത്തെ വിളിക്കുന്നതോടൊപ്പം തന്നിലും അപരനിലും വസിക്കുന്ന യേശു ഒന്നാണെന്ന തിരിച്ചറിവ് ഉണ്ടാവുകയും വേണം. അതാണ് ശബരിമല നല്‍കുന്ന പാഠം. ഒരേ അപ്പം ഭക്ഷിക്കുകയും ഒരേ പാനപാത്രത്തില്‍ നിന്ന് കുടിക്കുകയും ചെയ്യുന്നവര്‍ ഒരേ സായൂജ്യത്തിന്റെ അവകാശികളാണ്. ശബരിമലയില്‍ പരസ്പരം അയ്യപ്പനെന്ന് വിളിക്കുന്നവര്‍ മലയിറങ്ങി ത്രിവേണി പിന്നിലാക്കിയാല്‍ വീണ്ടും രാമനായും മാധവനായും മാറുന്നു. അയ്യപ്പന്റെ നടയും അടയ്ക്കുന്നു. പള്ളിയില്‍ ഒരുമിച്ച് വിശുദ്ധകുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നവര്‍ പള്ളി പിന്നിലാവുമ്പോള്‍ വീണ്ടും മത്തായിയും മര്‍ക്കോസും തിരുവത്താഴം വിസ്മൃതമാവുകയും ചെയ്യുന്നു.ഇനി അടുത്ത ഞായറാഴ്ച. ഇനി അടുത്ത മണ്ഢലകാലം. മതങ്ങള്‍ തമ്മില്‍ സാജാത്യം ഇത്രയേറെ കാണുന്ന മറ്റൊരിടമുണ്ടോ നമ്മുടെ വിചാരപഥത്തില്‍!

മാരാമണ്‍ മാര്‍ത്തോമ്മാക്കാരുടെ മണ്ഡലകാലത്തിലെ നയരൂപീകരണത്തിനുള്ള രണ്ട് മണ്ഡലത്തില്‍ എത്രയുണ്ട് എന്ന് മാര്‍ത്തോമ്മാക്കാരനല്ലാത്ത ഞാന്‍ അന്വേഷിക്കുന്നില്ല. എങ്കിലും മാരാമണ്ണില്‍ നിന്ന് പ്രചോദനം തേടുന്നവര്‍ അത് അന്വേഷിക്കിന്നുണ്ട് എന്ന് ഞാന്‍ പ്രത്യാശിക്കുന്നു. മാരാമണ്‍ മണ്ഡലകാലത്തിന്റെ ഫലപ്രാപ്തി സഭാമണ്ഡലതത്തിലാണ് ദൃശ്യമാവേണ്ടത്.
മാരാമണ്‍ കണ്‍വെന്‍ഷന്‍ തുടങ്ങിയ കാലത്തെ ലോകത്തിലല്ല ഇന്ന് കണ്‍വെന്‍ഷന്‍ നടക്കുന്നത്. സത്യത്തിന് മാറ്റമില്ല, പ്രഘോഷണ സമ്പ്രദായങ്ങളാണ് മാറുന്നത് എന്ന് പറയാം. അതേ സമയം സത്യത്തിന്റെ നിര്‍വ്വചനവും സത്യാന്വേഷണപാതയില്‍ പരിവര്‍ത്തന വിധേയമാവുന്നുണ്ട് എന്ന സത്യം നാം തിരിച്ചറിയണം.

ഏകം സദ്വിപ്രാ: ബഹുധാ വദന്തി എന്ന് ഋഗ്വേദത്തിന്‍ പറയുന്നുണ്ട് എന്ന് നമുക്കറിയാം. ഏകമായ സത്യത്തെ ഉത്തമന്മാരായ പണ്ഡിതന്മാര്‍ പല നാമങ്ങളില്‍ വ്യവഹരിക്കുന്നു എന്നര്‍ത്ഥം. ഋഗ്വേദത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ദേവതാസങ്കല്പങ്ങളുടെ ഏകതയാണ് സൂചിതം എന്ന് വ്യക്തമാണ്. എങ്കിലും ഇന്ന് സകലമതസാരവുമേകം എന്ന ആശയം ദ്യോതിപ്പിക്കുന്നതായിട്ടാണ് ഈ സൂക്തം പൊതുവേ വിവരിക്കപ്പെടുന്നത്. ബഹുസ്വരസമൂഹത്തില്‍ സഹിഷ്ണുതയുടെ ആപ്തവാക്യമായി അത് നിരന്തരം ഉദ്ധരിക്കപ്പെടുകയും ചെയ്യുന്നു. ക്രൈസ്തവചിന്തയില്‍ മതമണ്ഡലത്തിലെ ബഹുസ്വരതയ്ക്ക് അംഗീകാരം കിട്ടിയതോടെ അതിന് സ്വീകാര്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട് എന്നതിലും തര്‍ക്കം വേണ്ട. എന്നാല്‍ മാരാമണ്‍ കണ്‍വെന്‍ഷന്‍ തുടങ്ങിയ കാലത്ത് തീര്‍ത്തും അസ്വീകാര്യമായിരുന്നു ഈ പരിപ്രേക്ഷ്യം. മഹാത്മാഗാന്ധി ഇല്ലാത്ത സ്വര്‍ഗ്ഗം ദരിദ്രമായിരിക്കും എന്ന് പറഞ്ഞ സായിപ്പിന് ജീവനും കൊണ്ട് ഓടേണ്ടി വന്നുവല്ലോ . ഈ അര്‍ത്ഥപരിണാമമാണ് സത്യത്തിന്റെ നിര്‍വ്വചനം പരിണാമവിധേയമാണ് എന്ന പ്രസ്താവനയില്‍ സൂചിപ്പിച്ചത്.

കഴിഞ്ഞ കുറെ ദശകങ്ങളായി സുവിശേഷപാതയില്‍ സഭകള്‍ കണ്ടെത്തിയ അനുഭവപാഠങ്ങളാണ് പരിശോധനാവിധേയമാക്കപ്പെടേണ്ടത്. ഇതില്‍ ഒന്നാമതായി ഉയരുന്ന ചോദ്യം സുവിശേഷീകരണത്തിന്റെ ഗുണഭോക്താക്കള്‍ ആരായിരുന്നു എന്നതാണ് . ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നു, എന്റെ മനസ്സാക്ഷി സംതൃപ്തമാവുന്നു. ശരി. ക്രൈസ്തവരുടെ സംഖ്യ വര്‍ദ്ധിക്കുന്നു. അതും സത്യം. പക്ഷേ, അതല്ലല്ലോ ലക്ഷ്യം. ഞാന്‍ അനുഭവിക്കുന്ന സന്തോഷം അപരന് പകര്‍ന്നുകൊടുക്കുക എന്നതാണ്. അത് സാധിക്കണമെങ്കില്‍ കൂട്ടായ്മ ഉണ്ടാകണം. മാര്‍ത്തോമ്മാസഭ ദളിതര്‍ക്കിടയില്‍ നടത്തിയ സുവിശേഷീകരണം വിജയിക്കാതിരിക്കുന്നത്- നിലച്ചു പോയത്- ഈ കൂട്ടായ്മ ഉണ്ടാകാതിരുന്നതിനാലാണ് എന്ന് മറ്റൊരിടത്ത് ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. സാവിത്രിയും ചാത്തനും ദാമ്പത്യത്തിലെത്താതെ എന്ത് കൂട്ടായ്മയെക്കുറിച്ചാണ് കുമാരനാശാന് പറയാനാവുക ? അതായത് ദളിതര്‍ക്കിടയിലെ സുവിശേഷീകരണം തുടര്‍ന്നാല്‍ സംവരണം അതുകൊണ്ട് തന്നെ ദളിതനായി തുടര്‍ന്നാല്‍ സംവരണം കിട്ടുമെങ്കില്‍ ആ സംവരണത്തിലൂടെ ഐ.എ.എസ്.കാരനോ, ഡോക്ടറോ ആയാല്‍ മാര്‍ത്തോമ്മാ കുടുംബങ്ങളില്‍ ഒപ്പത്തിനൊപ്പം കസേര കിട്ടും എന്നതിനാല്‍ വിവരം ഉള്ള ആരെങ്കിലും ക്രിസ്ത്യാനിയാവുമോ ? പെട്ടെന്ന് ചുറ്റുവട്ടത്ത് കാണുന്ന ഉദാഹരണം കുറിച്ചു എന്നേ ഉള്ളൂ. ലോകത്തെവിടെയും ഇത് പ്രസക്തമാണ്. നവാഗതരെ സ്വീകരിക്കാന്‍ പ്രവേശനോത്സവങ്ങള്‍ മാത്രം പോരാ. ആണ്ടുവട്ടം മുഴുക്കെ ഒപ്പത്തിനൊപ്പം കളിക്കാനും പഠിക്കാനും കഴിയണം. കൂട്ടായ്മ സജീവമായില്ലെങ്കില്‍ സുവിശേഷീകരണം നിരര്‍ത്ഥകമാവും.

ഡി.സി.ബുക്‌സ് പ്രസിദ്ധീകരിക്കുന്ന, ക്രിസോസ്തം ആത്മകഥയുംട അവതാരിക.

അപ്പോസ്‌തൊല കാലത്ത് സഭ അഭിമുഖീകരിച്ചതാണ് ഈ പ്രശ്‌നം. യഹൂദരുടെ കെനോട്ടിക് മനസ്സാണ് അന്ന് സുവിശേഷീകരണത്തിന് തുണയായത്. ഉത്തരത്തിലിരിക്കുന്ന കുന്തം എടുക്കണമെങ്കില്‍ കക്ഷത്തിലുള്ളത് കളയാനുള്ള മനസ്സ് ഉണ്ടാകണം.

രണ്ടാമതായി തിരിച്ചറിയേണ്ട പാഠം വികാരപരത  അടയാളപ്പെടുത്തുന്ന ഭക്തിപ്രക്രിയകളുമായി സംവദിക്കാതെ സുവിശേഷീകരണം ഫലപ്രദമാവുകയില്ല എന്നതാണ്. പത്തിരുപത് സംവത്സരങ്ങള്‍ക്കപ്പുറം ഒരു നായര്‍ യുവാവ് എനിക്ക് ഒരു കത്തയച്ചു. മുവ്വാറ്റുപുഴ നിര്‍മ്മലാ കോളേജിലെ പി.ജി. വിദ്യാര്‍ത്ഥി. പേര് ഓര്‍മ്മയില്ല. എനിക്ക് യേശുവിനെ ഇഷ്ടമാണ്. ഞാന്‍ ഏത് കൂട്ടായ്മയില്‍ ചേരണം ? സഭകളുടെ ആധിക്യമാണ് ആ ചോദ്യം ആവശ്യമാക്കിയത്. എവിടെ വെച്ച് യേശുവിനെ കണ്ടുമുട്ടിയോ അവിടെ തുടരുക, മതപരിവര്‍ത്തനത്തേക്കാള്‍ മനഃപരിവര്‍ത്തനമാണ് പ്രധാനം എന്നൊക്കെപ്പറഞ്ഞ് ഞാന്‍ മറുപടി അയച്ചു. അതായത് ഏതെങ്കിലും ഒരു സഭയിലെ കൂട്ടായ്മയുടെ ഊഷ്മളത പോലെ തന്നെ പ്രധാനമാണ് സഭകള്‍ തമ്മിലുള്ള കൂട്ടുകൂട്ടായ്മ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളും. പെന്തക്കോസ്തുകാര്‍ക്കും, എപ്പിസ്‌കോപ്പല്‍ സഭകള്‍ക്കും ഒരുമിച്ച് ഇരു കൂട്ടരും ആരാധിക്കുന്ന ക്രിസ്തുവിനെ ആരാധിച്ചുകൊണ്ട് വര്‍ത്തമാനകാലഭാരതത്തില്‍ സാക്ഷ്യം നല്‍കാനാവുമോ എന്നാലോചിക്കാന്‍ കാലമായി. 

മാരാമണ്‍ കണ്‍വെന്‍ഷന്‍ തുടങ്ങിയ കാലത്ത,് പാശ്ചാത്യലോകത്തിലായിരുന്നു എണ്‍പത് ശതമാനം ക്രൈസ്തവരും. ഇന്ന് അവിടെ പള്ളികള്‍ ഒഴിഞ്ഞുകിടക്കുന്നു. നാം സുവിശേഷം പറയേണ്ടത് ഇന്ത്യയിലോ അമേരിക്കയിലോ ? നാല്‍പത് വര്‍ഷം മുമ്പ് വടക്കന്‍ തിരുവിതാംകൂറില്‍ ഒരു പുരയിടത്തില്‍ വലിയ ഒരു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ഇന്ന് നീ മരിച്ചാല്‍ നിന്റെ നിത്യത എവിടെ ? ആ പുരയിടത്തില്‍ ഒരു ചെറിയ വീട് ഉണ്ടായിരുന്നു. ഇത് ആ വീടിന്റെ സ്ഥാനത്ത് ഒരു രമ്യഹര്‍മ്മം ഉയര്‍ന്നിരിക്കുന്നു. ബോര്‍ഡ് കുറച്ചുകൂടെ ചെറുതായി, വീട് ഒരുപാട് വലുതായി, കര്‍ത്താവിന്റെ പേരില്‍ വന്ന പണം വഴി ഉണ്ടായ വളര്‍ച്ച. ഈ വളര്‍ച്ച ഒരു പ്രതിസാക്ഷ്യമല്ലെ എന്ന് ചിന്തിക്കാറായി എന്നത് മൂന്നാം പാഠം.

അയര്‍ലണ്ട് പഠിപ്പിച്ച പാഠം എന്റെ സഭ പഠിക്കാനുണ്ട് എന്നത് നാലാം പാഠം. അനുരഞ്ജനത്തിന്റെ ആത്മാവ് സ്വംശീകരിക്കാത്ത സമൂഹത്തിന് ക്രിസ്തുവിന്റെ സ്‌നേഹത്തെക്കുറിച്ച് പ്രസംഗിക്കാന്‍ എന്തവകാശം ? സുവിശേഷം പൂര്‍ണ്ണമാകണമെങ്കില്‍ അത് സഭയുടെയും ക്രൈസ്തവസമൂഹത്തിന്റെയും ജീവിതത്തില്‍ പ്രതിഫലിക്കണം.

അതിന്റെ തുടര്‍ച്ചയാണ് അഞ്ചാം പാഠം . സ്ത്രീശാക്തീകരണം, ലിംഗവിവേചനവിരാമം, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, പരിസ്ഥിതി തുടങ്ങി മാരാമണ്‍ കണ്‍വെന്‍ഷന്‍ തുടങ്ങിയ കാലത്ത് സഭകളുടെ റഡാറിലൊന്നും കാണാതിരുന്ന കാര്യങ്ങള്‍ ഇന്ന് തെളിഞ്ഞു കാണേണ്ടതാണ്.
ഇത്രയും പറഞ്ഞതുകൊണ്ട് ഇതിനകം നേടാന്‍ കഴിഞ്ഞിട്ടുള്ളതിനെ തുച്ഛീകരിക്കയാണ് എന്ന് തെറ്റായി ധരിക്കരുത്. സഭയും സമൂഹവും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലങ്ങള്‍ നിരന്തരശ്രദ്ധ അര്‍ഹിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. സത്യത്തിന്റെ സാരംശം മാറുന്നില്ല. എന്നാല്‍ സത്യവും അതിന്റെ പ്രകാശനവും പരിണാമവിധേയമാണ് എന്ന് സത്യത്തെ സ്‌നേഹിക്കുന്നവര്‍ അറിയണം.

                                                                                                                                ഡി.ബാബുപോള്‍ 
സത്യത്തിന്റെ സാരാംശവും പ്രകാശനവും (ലേഖനം) - ഡി.ബാബുപോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക