Image

പൊട്ടിച്ചിരിയുടെ വസന്തം മറഞ്ഞു- ജയമോഹന്‍.എം

ജയമോഹന്‍.എം Published on 28 January, 2015
പൊട്ടിച്ചിരിയുടെ വസന്തം മറഞ്ഞു- ജയമോഹന്‍.എം
''സിനിമയില്‍ നിന്ന് എന്നെ പുറത്താക്കിയാല്‍ ഞാന്‍ സീരിയലില്‍ പോയി അഭിനയിക്കും. നിങ്ങള്‍ പ്രഭുക്കന്‍മാരാണല്ലോ സീരിയലില്‍ നിന്നും നിങ്ങള്‍ക്കൊക്കെ വിലക്കാം. പക്ഷെ അരവിന്ദന്‍ നാടകത്തിലേക്ക് പോകും. ഇനി നാടക സ്റ്റേജില്‍ ഞാന്‍ കയറാന്‍ പാടില്ല എന്നും നിങ്ങള്‍ക്ക് ഊരുവിലക്ക് കൊണ്ടുവരാം. പക്ഷെ അരവിന്ദന്‍ തോറ്റുപോകുമെന്ന് കരുതേണ്ട. എന്റെ ഭാര്യയുടെ സാരി വലിച്ചു കെട്ടി ഞാന്‍ തെരുവു നാടകം കളിക്കും. തീയില്‍ കുരുത്തു വന്നതാണ് ഈ അരവിന്ദന്‍''. 

താരസംഘടനയായ അമ്മയുടെ മീറ്റിംഗില്‍ വെച്ച് തന്നെ വിലക്കിയതിന് പ്രതിഷേധമായി മാളാ അരവിന്ദന്‍ ഇങ്ങനെ പൊട്ടിത്തെറിച്ചപ്പോള്‍ തലകുനിഞ്ഞു പോയത് മലയാളത്തിന്റെ പല സൂപ്പര്‍താരങ്ങളുടേതുമായിരുന്നു. ജഗതിയെയും നെടുമുടിയെയും പോലെയുള്ള മുതിര്‍ന്ന താരങ്ങള്‍ ഉറക്കെ കൈയ്യടിച്ചു. മാളയിലെ തന്റേടിക്കുള്ള അഭിനന്ദനമായിരുന്നു ആ കൈയ്യടികള്‍. പിന്നെ സൂപ്പറുകള്‍ക്കും കൈയ്യടിക്കാതിരിക്കാനായില്ല. അതോടെ വിലക്കുകള്‍ മറികടന്ന് മാള അരവിന്ദന്‍ വീണ്ടും മലയാള സിനിമയില്‍ സജീവമായി. 

വിനയന്റെ ഡ്രാക്കുള എന്ന സിനിമയില്‍ അഭിനയിച്ചു എന്ന കാരണം പറഞ്ഞാണ് മാളയെ മലയാള സിനിമ വിലക്കിയത്. സിനിമയില്‍ ഇന്നുവരേക്കും ഒരു പൊളിറ്റിക്‌സിലും ഒരു കോക്കസിലും പെടാത്ത മാളയെ വിലക്കിയത് ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്ന് പലരും പറഞ്ഞെങ്കിലും മലയാള സിനിമയിലെ പ്രഭുക്കന്‍മാര്‍ മാളക്ക് വിലക്ക് നല്‍കി. എന്നാല്‍ തിരിച്ചെടുക്കാന്‍ മാള ആരുടെയും മുമ്പില്‍ ശുപാര്‍ശയുമായി ചെന്നില്ല. മീറ്റിംഗില്‍ കടന്ന് ചെന്ന് ഒരു നായക പരിവേഷത്തോടെ തന്റെ വിലക്കിനെ ചോദ്യം ചെയ്തു. മറുപടിയില്ലാതെ സംഘടനയുടെ മേലാളന്‍മാര്‍ മുഖം കുനിച്ചു.
 
ഇതേ നിഷേധവും തന്റേടവുമാണ് മാള അരവിന്ദന്‍ എന്ന വ്യക്തിയെ സുഹൃത്തുക്കളുടെ പ്രീയപ്പെട്ടവനാക്കിയത്. ശരിയെന്ന് തോന്നുന്നത് എന്തും എവിടെയും തുറന്നു പറയുന്ന പ്രകൃതം. എന്നാല്‍ പ്രേക്ഷകര്‍ക്ക് മാള കോമേഡിയനാണ്. സീരിയസ് റോളുകള്‍ നിരവധി ചെയ്തിട്ടുണ്ടെങ്കിലും മാളയിലെ കൊമേഡിയന്‍ തന്നെയാണ് എപ്പോഴും മുമ്പിട്ടു നിന്നിട്ടുള്ളത്. 

മമ്മൂട്ടി-കുട്ടി-പെട്ടി ഫോര്‍മുല മലയാള സിനിമയെ ഭരിച്ചിരുന്ന എണ്‍പതുകളില്‍ ഈ ഫോര്‍മുലക്കൊപ്പം മാളയും ഒരു അവിഭാജ്യഘടകമായിരുന്നു. മാള അരവിന്ദന്‍ എത്തുന്നതിന് വേണ്ടി മമ്മൂട്ടി ഷൂട്ടിംഗ് ലൊക്കേഷനില്‍ കാത്തിരുന്ന കാലം. അത്രക്ക് തിരക്കായിരുന്നു എണ്‍പതുകളില്‍ മാള എന്ന കൊമേഡിയന്. തിരക്കഥാകൃത്തുക്കള്‍ മാളയുടെ രംഗങ്ങള്‍ 'ഈ സീനില്‍ മാളയുടെ കോമഡി' എന്ന് മാത്രം എഴുതി വെച്ചിരുന്ന കാലം. ബാക്കിയൊക്കെ മാള നേരിട്ടെത്തി ചെയ്തുകൊള്ളും. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന കോമഡികള്‍ നിരവധിയായി മാളയുടെ കൈയ്യില്‍ സ്റ്റോക്കുമുണ്ടായിരുന്നു.

സംഭാഷണങ്ങളിലെ പ്രത്യേക നീട്ടലും കുറുക്കലുമൊക്കെയായിരുന്നു മാളക്ക് എന്നും കൈയ്യടി കിട്ടിയിരുന്ന മേഖല. സല്ലാപത്തിലും ഊമപ്പെണ്ണിന് ഉരിയാടാ പയ്യനിലും തികച്ചും ഗൗരവമേറിയ കഥാപാത്രങ്ങളെ മാള അവതരിപ്പിച്ച ഡയലോഗ് ഡെലിവെറിയിലെ വേരിയേഷന്‍സ് കൊണ്ട് മാള മാജിക്ക് കാട്ടി. ഇതേ പ്രകടന മികവ് കോമഡി സ്വീക്കന്‍സുകളിലും പലപ്പോഴും കാണാം. ഏറ്റവുമൊടുവില്‍ കോമഡി റോളിലെത്തിയ പുണ്യാളന്‍ അഗര്‍ബത്തീസിലെ ആനക്കാരന്റെ വേഷവും സ്വതസിന്ധമായ ഹ്യൂമര്‍ ശൈലികൊണ്ട് അനശ്വരമാക്കി മാളാ അരവിന്ദന്‍. 
പപ്പു മാളാ ജഗതി ത്രയങ്ങള്‍ ഒരു കാലത്ത് മലയാള സിനിമയുടെ മുടിചൂടാ മന്നന്‍മാരായിരുന്നു. നടന്‍മാരുടെ പേരില്‍ ഒരു സിനിമയുമെത്തി. പപ്പുമാളാജഗതി എന്ന പേരില്‍. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ നടന്‍മാരുടെ പേരില്‍ ഒരു സിനിമയെത്തിയതും ഇതു മാത്രമായിരിക്കും. 
എന്നാല്‍ ജീവിതത്തില്‍ വെറുമൊരു കോമേഡിയനായിരുന്നില്ല മാളാ അരവിന്ദന്‍. തികഞ്ഞ ബൗദ്ധികജീവിയായിരുന്നു മാള എന്നത് സിനിമക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രം അറിയുന്ന കാര്യം. പരന്ന വായനയും നിരവധി പണ്ഡിത സുഹൃത്തുക്കളുമുണ്ടായിരുന്ന മാളയുടെ കാഴ്ചപ്പാടുകള്‍ ഒരു സാധാരണ നടനും ഒരുപാട് മുകളിലായിരുന്നു. എങ്കിലും മാള എന്നും സ്‌നേഹിച്ചത് നടനം തന്നെയായിരുന്നു. പിന്നീട് ഏറെ പ്രീയപ്പെട്ട തബലയെയും. മാളാ അരവിന്ദനാകും മുമ്പ് തബലിസ്റ്റ് അരവിന്ദനായിരുന്നു അദ്ദേഹം. തബലയുടെ താളം എപ്പോഴും മാളയുടെ അഭിനയത്തിലും ഉണ്ടായിരുന്നുവെന്ന് തോന്നിപ്പോകും.  

നീണ്ടകാലത്തെ സിനിമാ ജീവിതത്തിനിടയില്‍ ഒരിക്കലും മോശം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നില്ല മാള. ലൊക്കേഷനില്‍ ഒരിക്കലും തമാസിച്ചു വരുന്ന ശീലം അദ്ദേഹത്തിനില്ലായിരുന്നു. ലൊക്കേഷനുകളില്‍ നിന്നും ലൊക്കേഷനുകളിലേക്ക് പറന്നു നടന്ന കാലത്ത് പോലും മാള സമയം പാലിക്കാന്‍ എന്നും ശ്രദ്ധിച്ചിരുന്നു. അതുപോലെ തന്നെ കോക്കസുകളില്‍ നിന്നും അദ്ദേഹം വിട്ടു നിന്നു.

സൂപ്പര്‍താരങ്ങളുമായി അഭേദ്യമായ ബന്ധവുമായിരുന്നു മാളക്ക്. മമ്മൂട്ടിക്ക് മാള സ്വന്തം കൂട്ടുകാരനായിരുന്നുവെങ്കില്‍ മോഹന്‍ലാലിന് സ്വന്തം ജേഷ്ഠസഹോദരന്‍ തന്നെയായിരുന്നു. ദിലീപ് സിനിമകള്‍ പല തവണ അമ്മാവന്‍ വേഷം ചെയ്തിരുന്നതിനാല്‍ ദിലീപ് അദ്ദേഹത്തെ അമ്മാവാ എന്നാണ് കാണുമ്പോഴെല്ലാം വിളിച്ചിരുന്നത്.  പ്രേക്ഷകര്‍ക്കാവട്ടെ അദ്ദേഹം പ്രീയപ്പെട്ട മാളച്ചേട്ടനുമായിരുന്നു. 

ഒരു പ്രത്യേകതയുള്ള പൊട്ടിച്ചിരിയുമായി മാള സ്‌ക്രീനിലെത്തുമ്പോള്‍ പ്രേക്ഷകരിലും പൊട്ടിച്ചിരി പടരുമെന്നതാണ് എന്നത്തെയും മലയാള സിനിമയുടെ നര്‍മ്മ കാഴ്ച. ആ ശുദ്ധ നര്‍മ്മം നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. ബാക്കിയാവുന്നത് 400ല്‍പ്പരം സിനിമകള്‍. 400 സിനിമകള്‍ അഭിനയിച്ചുവെന്നത് ഒരു നടനെ സംബന്ധിച്ചിടത്തോളം വലിയ കാര്യം തന്നെയാണ്. ഇനി അഭിനയിച്ച നിരവധി സിനിമകളിലൂടെ മലയാളിയുടെ വീട്ടകങ്ങളില്‍ മാള ജിവിക്കുക തന്നെ ചെയ്യും. 
 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക