Image

അമ്മയുടെ ഓര്‍മ്മയില്‍ ഒരു പിറന്നാള്‍- ബാബു പോള്‍

ബാബു പോള്‍ Published on 27 January, 2015
അമ്മയുടെ ഓര്‍മ്മയില്‍ ഒരു പിറന്നാള്‍- ബാബു പോള്‍
ഒരു ജന്മദിനംകൂടെ അതിജീവിച്ചുവെന്ന് അത്ഭുതത്തോടെ അനുസ്മരിച്ചാണ് ഈ പേന ഇവിടെ ഓടിത്തുടങ്ങുന്നത്. അത് എന്നാണ് എന്നതോ എത്രാമത്തേതാണ് എന്നതോ പ്രസക്തമല്ല. എന്തിന്, അതിജീവനംപോലും അത്ഭുതപ്പെടുത്തേണ്ടതില്ല. അത് മറ്റൊരു യാദൃച്ഛികത.

എത്ര വയസ്സുള്ളപ്പോഴാണ് വൃദ്ധന്‍ എന്നറിയപ്പെടുക എന്നാലോചിക്കുന്നത് കൗതുകകരമാണ്. എന്റെ സുരക്ഷാഭടന്‍ ഹെഡ്ഗാര്‍ഡ് അജിതകുമാര്‍ നായര്‍ക്ക് വയസ്സ് നാല്പത്തിരണ്ട്. നര 'മനോരമ' യിലെ മാത്തുക്കുട്ടിച്ചായനെ വെല്ലും. എനിക്കാണെങ്കില്‍ നര താടിമീശയില്‍ കൂടാരം കൂട്ടിയിരിക്കുന്നതിനാലും അത് ക്ഷുരകപ്രയോഗത്തിന് നിത്യം വിധേയമായതിനാലും നര ഇല്ല എന്നുതന്നെ ഏകദേശമായി പറയാം. അതും നന്നല്ല. പ്രായത്തിന് ചേര്‍ന്ന നര വേണം. അല്ലെങ്കില്‍ രണ്ടുണ്ട് ദോഷം. പ്രായം അറിയാത്തവര്‍ ഉള്ള പ്രായത്തിന് അര്‍ഹിക്കുന്ന ബഹുമാനം നല്‍കുകയില്ല. അറിയുന്നവരാകട്ടെ, പ്രായത്തെ ചായംകൊണ്ട് ഒളിപ്പിക്കുന്ന സുന്ദരവിഡ്ഢി അഥവാ അഴകിയ രാവണന്‍ എന്ന് മനസ്സില്‍ കുറിക്കുകയും ചെയ്യും. അപ്പോള്‍ നര വാര്‍ധക്യം നിര്‍വചിക്കുന്നില്ല. ജരയും പോന്നതല്ല വാര്‍ധക്യം നിര്‍ണയിക്കാന്‍. അതും നരപോലെ ജനിതകസ്വാധീനത്തിന് വിധേയമാണ്. ജനിക്കുന്ന സമുദായമോ കുടുംബമോ പേറുന്ന നിറമോ ഒക്കെപ്പോലെ നിയന്ത്രണാതീതം.
നാട്ടുനടപ്പ് തെറ്റിക്കാതെ നാല്പത്തിയൊന്നാം വയസ്സില്‍ കൃത്യമായി കണ്ണട വച്ചു ഞാന്‍. ആദ്യമായി അതൊക്കെ വച്ച് നാട്ടിന്‍പുറത്തെ വീട്ടിലെത്തിയപ്പോള്‍ എന്റെ അമ്മ കൈകൊട്ടി ചിരിച്ചു. 'ഓഹോ വല്യപ്പൂപ്പന്മാരെപ്പോലെ കണ്ണാടിയും വച്ചോ, നീ?' എന്ന ചോദ്യം എനിക്കത്ര പിടിച്ചില്ല. 'അമ്മയ്ക്കത്ര പിടിച്ചില്യാന്ന്‌ണ്ടോ' എന്ന പ്രതികരണത്തിലെ പരിഭവം അമ്മ അറിഞ്ഞില്ലെങ്കിലും- അമ്മമാര്‍ക്കുണ്ടോ തിരിയുന്നു മക്കളുടെ ഇത്തരം പരിഭവം- അച്ഛന്‍ അറിഞ്ഞു. പിന്നെ പൊരുള്‍ തിരിച്ചുതന്നു. ഇന്നലെയും ഇന്നും ഞാന്‍ അതൊക്കെ ഓര്‍ത്തു കരഞ്ഞു. ഇരുപത്തിയേഴ് വര്‍ഷമായി ഞാന്‍ അമ്മയെ നേരില്‍ കണ്ടിട്ട്. എങ്കിലും ഈ വീട്ടിലെ നിറസാന്നിധ്യമാണ് എന്റെ അമ്മ. 1982-ലെ ക്രിസ്മസിനാണ് ഞങ്ങള്‍ ഒടുവില്‍ ഒരുമിച്ച് പ്രാര്‍ത്ഥിച്ചത്. എങ്കിലും ഇന്നും പ്രാര്‍ത്ഥിക്കാന്‍ ഇരിക്കുമ്പോള്‍ ആ സ്ഫുടമായ ഉച്ചാരണം എനിക്കൊപ്പം ഈ മുറിയില്‍ കേള്‍ക്കാം. 'എന്റെ ആത്മാവ് കുണ്ഠിതപ്പെട്ടപ്പോള്‍ ഞാന്‍ എന്റെ ശബ്ദത്താല്‍ കര്‍ത്താവിനെ വിളിച്ചു. എന്റെ ശബ്ദത്താല്‍ ഞാന്‍ കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചു. അവന്റെ മുമ്പാകെ ഞാന്‍ സങ്കടം ബോധിപ്പിച്ചു...' ദാവീദ് രാജാവിന്റെ രചന. എന്റെ അമ്മയുടെ ശബ്ദം.

1920-കളില്‍ തിരുവിതാംകൂറിലെ പരീക്ഷ മദ്രാസ് പ്രസിഡന്‍സി സര്‍ക്കാര്‍ നടത്തിയിരുന്ന കാലത്ത് കോട്ടയം മിസ് ബേക്കര്‍ സ്‌ക്കൂളില്‍ മദാമ്മമാരുടെ ശിക്ഷണത്തില്‍ പഠിച്ച് ഹൈസ്‌ക്കൂള്‍ ജയിച്ച തിരുവിതാംകൂര്‍ റാങ്കുകാരിയായിരുന്നു അമ്മ.

അച്ഛനെപ്പോലെതന്നെ ബൈബിളിനൊപ്പം ഭാരതീയ പാരമ്പര്യത്തെയും മാനിച്ചു അമ്മ. പാരമ്പര്യത്തിന്റെ ജനിതസ്വാധീനമാവണം അതിനു കാരണം. അതോ പില്‍ക്കാല വായനകളോ? അച്ഛന് ഭഗവദ്ഗീതയായിരുന്നു കൗതുകം. അമ്മയ്ക്ക് രാമായണവും. എന്റെ അമ്മ എനിക്കുവേണ്ടി നിത്യം ഉരുക്കഴിച്ച വരികള്‍ കൗസല്യ രാമനുവേണ്ടി പ്രാര്‍ത്ഥിച്ചതാണ്. 'എന്‍ മകനാശു നടക്കുന്ന നേരവും കന്‍മഷം തീര്‍ന്നിരുന്നീടുന്ന നേരവും തന്‍മതി കെട്ടുറങ്ങീടുന്ന നേരവും സമ്മോദമാര്‍ന്നുരക്ഷീച്ചീടുക(നീ കര്‍ത്തനേ)'

എന്റെ മാതാപിതാക്കളുടെ വിവാഹം കഴിഞ്ഞ് പന്ത്രണ്ടു കൊല്ലം കഴിഞ്ഞാണ് ഞാന്‍ ജനിച്ചത്. ആദ്യം പിറന്ന കുട്ടി പിറന്ന് ആഴ്ചകള്‍ക്കകം മരിച്ചു. മറ്റൊരാള്‍ പ്രസവത്തില്‍ത്തന്നെ മരിച്ചു. പിന്നെ നീണ്ട ഊഷരത. ഒടുവില്‍ എന്നെ പെറ്റത് എട്ടാം മാസത്തില്‍. അന്നൊക്കെ പ്രസവം വീടുകളിലാണല്ലോ. അകാലത്തില്‍ ഈറ്റുനോവ് തുടങ്ങിയപ്പോള്‍ എന്റെ അമ്മ വേവലാതിപ്പെട്ടുകാണും എന്നോര്‍ത്ത് കരഞ്ഞു ഞാന്‍ ഈ പിറന്നാളില്‍. ആരുടെയും ഒരു വാക്കും ആശ്വസിപ്പിച്ചിരിക്കയില്ല എന്റമ്മയെ. പാവം, ശാരീരികമായ വേദനയ്ക്കിടയില്‍ മാനസികമായ വിഹ്വലതകള്‍ മറന്നിട്ടുണ്ടാവുമോ ആവോ? ഇത് വായിക്കുന്ന അമ്മമാര്‍ക്കറിയാമായിരിക്കും. പ്രസവിക്കാത്ത ഞാന്‍ എങ്ങനെ അറിയാനാണ്? 
എന്റമ്മയ്ക്ക് പിന്നെയും ഉത്കണ്ഠയുടെ നാളുകള്‍ ആയിരുന്നിരിക്കണം. മാസം തികയാതെ പിറന്ന കുഞ്ഞ് വിദ്യുച്ഛക്തിയോ ഇന്‍ക്യൂബേറ്ററോ ഒരു എലെമ്പിക്കാരനേക്കാള്‍ വലിയ ഡോക്ടറോ ഇല്ലാത്ത ലോകത്തില്‍ എത്രകാലം ജീവിക്കുമെന്നാണ് വിദ്യാസമ്പന്നയും ഈശ്വരവിശാസിയും ആണെങ്കിലും മക്കള്‍ വാഴാത്ത മച്ചി എന്ന് അധിക്ഷേപിക്കപ്പെട്ട യുവതി കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാതിയില്‍ പ്രതീക്ഷിക്കേണ്ടത്? എന്റെ പാവം അമ്മ. ആ കുഞ്ഞ് മരിച്ചില്ല അമ്മയ്ക്കു മുമ്പേ. എങ്കിലു പ്രസവസമയത്തെ ആ ഉത്കണ്ഠ ഉപബോധമനസ്സിലെ അലോസരമായി എന്നും തുടര്‍ന്നു. അതുകൊണ്ടാണ് മകന് വെള്ളെഴുത്തു വരുവോളം അവനെ കാണാന്‍ കഴിഞ്ഞ അമ്മ കൈകൊട്ടി ആര്‍ത്തുല്ലസിച്ചത്.

പറഞ്ഞുതന്നത് അച്ഛനാണ്. അമ്മ പങ്കുവച്ച സംഭ്രമങ്ങളില്‍നിന്ന് പക്വമതിയും പണ്ഡിതനും ആയിരുന്ന അച്ഛന്‍ വായിച്ചെടുത്തതാവണം. അല്ലെങ്കില്‍ പെറ്റതള്ളയുടെ മനസ്സ് അച്ഛനും ഞാനും എങ്ങനെ അറിയാനാണ്- പുകഞ്ഞ കൊള്ളി പുറത്ത് എന്നാണല്ലോ പൊതുവേ പുരുഷന്മാരുടെ ചിന്ത.
ഇത്രയും വായിച്ചപ്പോള്‍ അമ്മ എന്നെ അമിതമായി ലാളിച്ചുവെന്നു തോന്നിയെങ്കില്‍ തെറ്റി. മൂന്നോ നാലോ തവണ എങ്കിലും അടിച്ചിട്ടുള്ളതും ചിലപ്പോഴെങ്കിലും ശകാരിച്ചിട്ടുള്ളതും അമ്മയാണ്, അച്ഛനല്ല.

'ഞാന്‍ പിണ്ഡാകാരമായിരുന്നപ്പോള്‍ നീ എന്നെ കണ്ടു' എന്ന് കവിയും രാജാവും ആയിരുന്ന ദാവീദ് സങ്കീര്‍ത്തനത്തില്‍ പാടി ഗര്‍ഭാവസ്ഥയില്‍ എന്റെ കണ്ണുകള്‍ ഉരുവാകുന്നതിന് മുമ്പ് സര്‍വശക്തന്‍ എന്നെ കണ്ടു. ആ സര്‍വശക്തനില്‍നിന്ന് എന്റെ മാതാപിതാക്കള്‍വഴി ലഭിച്ചതാണ് എന്റെ എല്ലാം.
കഴിഞ്ഞ ദിവസം ആരോ 'സുഖമാണോ' എന്നു ചോദിച്ചപ്പോള്‍ പ്രഷറും പ്രമേഹവും ഓസ്റ്റിയോ ആര്‍ത്രൈറ്റിസും സ്ഥൂലഗാത്രവും ഒപ്പം താമസിക്കുന്ന ഭാര്യ ഇല്ലാത്തതിന്റെ പ്രയാസവും മറന്നിട്ട് ഞാന്‍ പറഞ്ഞു: 'ആയിരിക്കുന്ന അവസ്ഥയെ സുഖം എന്ന് വിളിക്കാന്‍ കഴിയുന്നതാണ് യഥാര്‍ത്ഥ സുഖം.' എനിക്ക് ഇവിടെ സുഖംതന്നെ. പിറന്നാളിന് ഉച്ചയ്ക്ക് ഉണ്ണുമ്പോള്‍ മറ്റാരും ഒപ്പം മേശയ്ക്ക് മുമ്പില്‍ ഉണ്ടായിരുന്നില്ലെങ്കിലും എനിക്ക് എല്ലാവരും ഉണ്ട് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അതാണ് സുഖം. സര്‍വശക്തന്റെ തിരുനാമം വാഴ്ത്തപ്പെടട്ടെ, ആമീന്‍.

അമ്മയുടെ ഓര്‍മ്മയില്‍ ഒരു പിറന്നാള്‍- ബാബു പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക