Image

വെല്‍ഡണ്‍ മിലി............(ആശാ പണിക്കര്‍)

Published on 27 January, 2015
വെല്‍ഡണ്‍ മിലി............(ആശാ പണിക്കര്‍)
ആരും സ്‌നേഹിക്കാനോ തന്റേതായ കൊച്ചുകൊച്ചു സങ്കടങ്ങളും സന്തോഷങ്ങളും പങ്കു വയ്‌ക്കാനോ ആരുമില്ലാത്ത ഒരു പെണ്‍കുട്ടി. പഠനകാലത്തും പിന്നീട്‌ ജോലിസ്ഥലത്തും ഒറ്റപ്പെടുകയും ഒന്നുമല്ലാതായി തീരുകയും ചെയ്യുന്ന ഒരുവള്‍. എന്താണിവളുടെ പ്രശ്‌നമെന്ന്‌ സിനിമ കാണുമ്പോള്‍ നമ്മള്‍ ആദ്യം ചിന്തിച്ചേക്കാം. പക്ഷേ, സിനിമ തീരുമ്പോള്‍ കഥയിലെ നായികയായ മിലി തന്നെ നമുക്ക്‌ പറഞ്ഞു തരും ആ ചോദ്യത്തിനുള്ള ഉത്തരം. മിലിയെ പോലെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന നിരവധി പെണ്‍കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമുള്ള ഉത്തരം.

മിലിയെ സ്‌ക്രീനില്‍ കാണുമ്പോള്‍ മുതല്‍ നമ്മള്‍ ഉള്ളില്‍ ചോദിക്കുന്ന ചോദ്യമാണ്‌ ഈ പെണ്‍കുട്ടിക്കിതെന്തു പറ്റി? കഥ മുന്നോട്ടു പോകുന്തോറും നമുക്ക്‌ മനസിലാകും ഉള്ളില്‍ സ്വയം തീര്‍ത്ത ഉമിത്തീയില്‍ നീറുന്നവളാണ്‌ ഈ പെണ്‍കുട്ടി. എല്ലായ്‌പ്പോഴും ആരുമില്ലെന്നു കരുതി ജീവിക്കുന്നവള്‍. കടുപ്പമേറിയ സിലബസ്‌ അടിച്ചേല്‍പ്പിക്കുന്ന പഠനഭാരത്തില്‍ മുന്നോട്ടു മറ്റു കുട്ടികളെ പോലെ സമര്‍ത്ഥമായി മുന്നോട്ടു പോകാന്‍ കഴിയാതെ കാലിടറി പോയതാണ്‌ അവളുടെ കുറ്റം. മക്കളുടെ കഴിവുകളും അവരുടെ ദൗര്‍ബല്യങ്ങളും തിരിച്ചറിയാന്‍ കഴിയാതെ അവരുടെ ചുമലില്‍ പ്രതീക്ഷകളുടെ ഉരുക്കുകോട്ട നിര്‍മിക്കുന്ന മാതാപിതാക്കള്‍ക്കുള്ള ഒരു ലളിതമായ മറുപടിയാണ്‌ മിലി

നമ്മുടെയൊക്കെ ജീവിതത്തില്‍ സ്‌കൂളിലോ കോളേജിലോ ഓഫീസിലോ എവിടെയെങ്കിലും മിലിയെ കണ്ടിട്ടുണ്ടാകും. അല്ലെങ്കില്‍ മിലിയ്‌ക്കു നേരിടേണ്ടി വരുന്ന അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ടായിരിക്കാം. ആരോടും അധികം സംസാരിക്കാത്ത അന്തര്‍മുഖിയായ പെണ്‍കുട്ടി. മറ്റുള്ളവരുമായി കൂട്ടുകൂടാതെ പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ ഉള്‍വലിഞ്ഞു ജീവിക്കുന്ന പ്രകൃതം. മിലിയെ പൊതുവേ ആര്‍ക്കും ഇഷ്‌ടമല്ല. സ്‌കൂളില്‍ പഠിക്കുമ്പോഴും പിന്നെ ജോലി കിട്ടി ഹോസ്റ്റലില്‍ താമസിക്കുമ്പോഴും അവള്‍ മറ്റുള്ളവര്‍ക്ക്‌ ഒരു തലവേദനയായി മാറുന്നു. റൂംമേറ്റ്‌സിന്റെ ജീവിതക്രമം പോലും തെറ്റിക്കുന്ന വിധത്തില്‍ പെരുമാറുന്ന മിലിയുടെ സ്വഭാവത്തിന്റെ അപാകതകള്‍ ഏറെയാണ്‌. അതുകാരണം അവളുടെ അച്ഛനും ലോക്കല്‍ ഗാര്‍ഡിയനും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ അനവധിയാണ്‌. അച്ഛന്റെ പ്രതീക്ഷക്കൊത്തു മാറാന്‍ കഴിയാത്തതിന്റെ മാനസിക സമ്മര്‍ദ്ദമാണ്‌ അവള്‍ അനുഭവിക്കുന്നത്‌.

അവള്‍ക്ക്‌ സ്വന്തമായി കൂട്ടികാരില്ല. തന്നോട്‌ പ്രണയം പ്രകടിപ്പിക്കുന്നയാള്‍ അവളുടെ റൂംമേറ്റായ പെണ്‍കുട്ടിയുമായി സൗഹൃദത്തിലാകുന്നതോടെ അവള്‍ തകരുന്നു. പ്‌ളേ സ്‌കൂളില്‍ ടീച്ചറായി ജോലി ചെയ്യവേ അശ്രദ്ധയുടെ പേരില്‍ അവള്‍ക്ക്‌ ജോലി നഷ്‌ടപ്പെടുന്നു. കോളേജ്‌ പ്രഫസറായ അച്ഛന്റെ സ്റ്റുഡന്റ്‌ ആയിരുന്ന ഡോക്‌ടര്‍ നാന്‍സിയോട്‌ മാത്രമാണ്‌ അവള്‍ മനസു തുറക്കുന്നത്‌.

പ്‌ളേ സ്‌കൂളിലെ ജോലി നഷ്‌ടമായെങ്കിലും വീണ്ടും അവളെ മുന്നോട്ടു പോകാന്‍ പ്രേരിപ്പിക്കുന്നത്‌ നാന്‍സിയുടെയും സഹോദരനായ നവീന്റെയും ശ്രമങ്ങളാണ്‌. മിലി നേരിടുന്ന പ്രശ്‌നങ്ങള്‍ക്കൊന്നും സ്വന്തമായി പരിഹാരം തേടാന്‍ ശ്രമിക്കാത്തത്‌ അവള്‍ എപ്പോഴും സുരക്ഷിതമായ ഒരു മേഖലയിലായതു കൊണ്ടാണെന്ന്‌ അയാള്‍ പറയുന്നത്‌ അവള്‍ക്ക്‌ അവളെ തന്നെ തിരിച്ചറിയാന്‍ അവസരം നല്‍കുന്നു. പിന്നീട്‌ അവളുടെ ജീവിതത്തിലുണ്ടാകുന്ന എല്ല പ്രതിസന്ധികളെയും നേരിടുന്നതിനും പ്രശ്‌ന പരിഹാരങ്ങള്‍ക്ക്‌ സ്വയം തീരുമാനങ്ങളെടുക്കുന്നതിനും അവള്‍ പ്രാപ്‌തയാകുന്നതോടെ ചിത്രം അവസാനിക്കുന്നു.

രാജേഷ്‌ പിളള ആദ്യം സംവിധാനം ചെയ്‌ത ട്രാഫിക്ക്‌ എന്ന സിനിമയുടെ ടെമ്പോയുമായി മിലി കാണാന്‍ ചെന്നാല്‍ നിരാശയാകും ഫലം. രക്ഷിതാക്കള്‍ക്കുള്ള ഒരു സന്ദേശമാണ്‌ ഈ സിനിമ. കുട്ടികള്‍ കൊച്ചു കൊച്ചു തെറ്റുകള്‍ ചെയ്യുമ്പോഴും പരീക്ഷകളില്‍ മാര്‍ക്കു കുറഞ്ഞുപോകുമ്പോഴും അതിന്റെ പേരില്‍ അവരെ കൈയ്യൊഴിയാതെ ക്ഷമയോടെ കൂടെ നിര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ്‌ ഈ ചിത്രത്തിലൂടെ തികച്ചും ലളിതമായി സംവിധായകന്‍ പറഞ്ഞുതരുന്നത്‌.

ആദ്യ പകുതിയില്‍ കഥ പറഞ്ഞുപോകുമ്പോഴുളള ഇഴച്ചില്‍ പ്രേക്ഷകനെ അല്‍പമൊന്ന്‌ മടുപ്പിക്കുന്നുണ്ട്‌. രണ്ടാം പകുതിയും ക്ലൈമാക്‌സ്‌ മനോഹരമാണെങ്കിലും അത്‌ പ്രേക്ഷകന്‌ വികാരതീവ്രമായ അനുഭവ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നില്ല. സിനിമയുടെ ആദ്യ പകുതിയില്‍ മിലിയുടെ ആത്മസംഘര്‍ഷങ്ങള്‍ക്ക്‌ കാരണമാകുന്ന സാഹചര്യങ്ങള്‍ കുറച്ചു കൂടി ഗൗരവത്തോടെ അവതരിപ്പിച്ചിരുന്നെങ്കില്‍ അത്‌ പ്രേക്ഷകന്‌ കൂടുതല്‍ ആസ്വാദ്യകരമായേനെ. ഒരു വലിയ പ്രതിസന്ധി സംവിധായകന്‍ സൃഷ്‌ടിക്കുകയും അതില്‍ മിലി തനിച്ച്‌ പരിഹാരം കാണുകയും ചെയ്‌തിരുന്നെങ്കില്‍ പ്രേക്ഷകന്റെ കൈയ്യടി നേടും വിധത്തില്‍ ക്ലൈമാക്‌സ്‌ മാറ്റാന്‍ കഴിയുമായിരുന്നു.

സ്‌റ്റേജില്‍ നിങ്ങളുടെ കുട്ടികള്‍ കാണിക്കുന്ന കൊച്ചു തെറ്റുകള്‍ക്ക്‌ കയ്യടിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന മാതാപിതാക്കള്‍ ജീവിതത്തില്‍ കുഞ്ഞുങ്ങള്‍ കാണിക്കുന്ന കുഞ്ഞു തെറ്റുകള്‍ പൊറുക്കാറുണ്ടോ എന്ന ചോദ്യം മിലി അവര്‍ക്കു മുന്നിലേക്ക്‌ വയ്‌ക്കുന്നു.? താന്‍ ചെറുപ്പത്തില്‍ കാണിച്ച ചെറിയ തെറ്റുകള്‍ക്ക്‌, കണക്കിന്‌ മാര്‍ക്ക്‌ കുറഞ്ഞുപോയതിന്‌ വഴക്കു പറയാതെ സാരമില്ലെന്നു പറഞ്ഞ്‌ ആരെങ്കിലും അന്ന്‌ ആശ്വസിപ്പിച്ചിരുന്നെങ്കില്‍ അത്‌ തനിക്ക്‌ വലിയൊരു ആശ്വാസമാകുമായിരുന്നെന്ന്‌ അവള്‍ പറയുന്നു. കുട്ടികളുടെ ചെറിയ തെറ്റുകള്‍ പോലും ക്ഷമിക്കാന്‍ കഴിയാതെ അവരുടെ മേല്‍ പ്രതീക്ഷകളുടെ അമിതഭാരം അടിച്ചേല്‍പ്പിക്കുമ്പോള്‍ കുട്ടികള്‍ ജീവിതത്തിലും സമൂഹത്തിലും പരാജയപ്പെടുന്നതെങ്ങനെയെന്ന്‌ ഈ സിനിമ നമുക്ക്‌ കാണിച്ചു തരുന്നു. പക്ഷേ സിനിമയുടെ സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ തക്ക കരുത്ത്‌ പ്രമേയത്തിനും അതിന്റെ അവതരണ രീതിക്കും ഉണ്ടായിരുന്നോ എന്നത്‌ സംശയമാണ്‌.

അമല പോളിന്റെ അഭിനയമാണ്‌ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ടൈറ്റില്‍ റോളില്‍ പ്രത്യക്ഷപ്പെട്ട അമല തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുത്തു എന്ന്‌ സിനിമ കാണുമ്പോള്‍ മനസിലാകും. മിലിക്ക്‌ ഒറിജിനാലിറ്റി നല്‍കാന്‍ അമല അല്‍പം പോലും മേക്കപ്പ്‌ ഉപയോഗിച്ചിട്ടില്ല എന്നു വേണം കരുതാന്‍. മറ്റുള്ളവര്‍ക്ക്‌ ആത്മവിശ്വാസവും പ്രചോദനവുമേകാന്‍ കഴിയുന്ന വ്യക്തിയായി നിവിന്‍ പോളി പക്വതയുള്ള അഭിനയം കാഴ്‌ചവച്ചു. മിലിയുടെ അച്‌ഛനായി വേഷമിട്ട സായികുമാര്‍, വനിത,സനൂഷ, പ്രവീണ, അഞ്‌ജു അരവിന്ദ്‌, സംഗീത മോഹന്‍, ബിന്ദു പണിക്കര്‍, ബേബി നന്ദന എന്നിവര്‍ മികച്ച പ്രകടനമാണ്‌ കാഴ്‌ചവച്ചിരിക്കുന്നത്‌.

ഗോപീ സുന്ദര്‍ ഒരുക്കിയ മനോഹരമായ സംഗീതമാണ്‌ ചിത്രത്തിലേത്‌. ഷാന്‍ റഹ്‌മാന്‍ ഒരുക്കിയ മണ്‍പാത എന്ന ഗാനവും ശ്രവണസുന്ദരമാണ്‌. ചിത്രത്തിന്റെ മൂഡിനൊപ്പിച്ച്‌ ഇതിലെ പാട്ടുകള്‍ ഇഴചേര്‍ത്തിരിക്കുന്നു. അനീഷ്‌ ലാലിന്റെ ഛായാഗ്രഹണവും മികച്ചതാണ്‌. പ്രശസ്‌ത ചിത്രസംയോജകനായ മഹേഷ്‌ നാരായണന്റെ ആദ്യ തിരക്കഥയാണ്‌ മിലി. ബഹളങ്ങളൊന്നുമില്ലാതെ നല്ലൊരു സന്ദേശം നല്‍കുന്ന തിരക്കഥയൊരുക്കിയതിന്‌ അദ്ദേഹം പ്രശംസയര്‍ഹിക്കുന്നു. അടിയും ബഹളവുമൊന്നുമില്ലാതെ കുടുംബസമേതം കാണാവുന്ന നല്ലൊരു സിനിമയാണ്‌ മിലി.
വെല്‍ഡണ്‍ മിലി............(ആശാ പണിക്കര്‍)വെല്‍ഡണ്‍ മിലി............(ആശാ പണിക്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക