Image

പ്രേക്ഷകനെ രസിപ്പിക്കാതെ രസം

ആശാ പണിക്കര്‍ Published on 27 January, 2015
പ്രേക്ഷകനെ രസിപ്പിക്കാതെ രസം
ഒരുവന്‍ പ്രവാസിയായി മാറുമ്പോഴാണ്‌ തന്റെ സ്വന്തം നാടിന്റെയും പരമ്പരാഗത രുചികളെ കുറിച്ചുമൊക്കെയുളള ഗൃഹാതുരത്വം നിറഞ്ഞ മനസിനുടമയായി തീരുന്നത്‌. മനസിനുള്ളില്‍ അതുവരെ നമ്മള്‍ പോലും അറിയാത കിടന്ന ആ സ്‌നേഹവായ്‌പ്‌ തിരിച്ചറിയാന്‍ പക്ഷേ ഏതെങ്കിലും അന്യദേശത്തെത്തണം എന്നു മാത്രം. രാജീവ്‌ നാഥ്‌ സംവിധാനം ചെയ്‌ത രസം എന്ന ചിത്രം ഇത്തരത്തിലുള്ള ഒരു പ്രമേയമാണ്‌ അവതരിപ്പിക്കുന്നതെങ്കിലും അതിന്‌ പ്രേക്ഷകനെ വേണ്ട വിധം രസിപ്പിക്കാന്‍ സാധിക്കുന്നില്ല.

പാചക കലയില്‍ അപൂര്‍വ കൈപുണ്ണ്യമുള്ള തിരുമേനിയായി നെടുമുടി വേണുവാണ്‌ ചിത്രത്തില്‍. അഭിനയിക്കുന്നത്‌. അദ്ദേഹത്തിന്റെ മകനായ ബാലശങ്കറായി ഇന്ദ്രജിത്തും എത്തുന്നു. രണ്ടുപേരും തങ്ങളുടെ കഥാപാത്രത്തോട്‌ തികച്ചും നീതി പുലര്‍ത്തിയിട്ടുണ്ട്‌. എന്നാല്‍ തിരുമേനിയുടെ സഹായിയായ ഗോവിന്ദന്‍ നായരായി എത്തുന്ന നന്ദു അമ്പേ പരാജയപ്പെട്ടു. തിരക്കഥയുടെ പോരായ്‌മ ഈ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കുന്നതിനുളള അവസരത്തെ സാരമായി ബാധിച്ചിട്ടുണ്ട്‌. ഖത്തറിലെ വ്യവസായിയായ വി.കെ. മേനോനായി ദേവനും ഗള്‍ഫുകാരായ അബ്‌ദുവായി ജഗദീഷും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി.

കേരളത്തിന്റെ പരമ്പരാഗതമായ പാചകകലയെ വളരെ പ്രത്യേകതകളോടെ പുതുമയുള്ള പശ്ചാത്തലത്തില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ടെന്നത്‌ തന്തോഷകരമാണ്‌. ഖത്തര്‍ എന്ന അറബിനാട്ടില്‍ ഈ പാചകകലയെ അതിന്റെ എല്ലാവിധ പാരമ്പര്യത്തനിമയോടും കൂടി ഒരുക്കുന്നു. വല്ലപ്പോഴും ഒരു കല്ല്‌ വീണ്‌ ഓളങ്ങള്‍ ഉതിര്‍ക്കുന്ന തടാകം പോലെ ഏതാണ്ട്‌ നിശ്ചലമായിട്ടാണ്‌ സിനിമയുടെ സഞ്ചാരം. പ്രേക്ഷകനെ രസിപ്പിക്കുന്നതോ വികാരതീവ്രമായ രംഗങ്ങളെ കോര്‍ത്തിണക്കിയുള്ള അനുഭവവേദ്യമായ യാതൊന്നും ചിത്രത്തിലില്ല. ദുര്‍ബലമായ നര്‍മം മാത്രമാണ്‌ ചിത്രത്തിലുള്ളത്‌. അതാകട്ടെ പ്രേക്ഷകനെ ചിരിപ്പിക്കുന്നുമില്ല.

മോഹന്‍ലാല്‍ മോഹന്‍ലാലായി പ്രത്യക്ഷപ്പെടൂകയും കഥയിലുടനീളം നില്‍ക്കുകയും ചെയ്യുന്നതു മാത്രമാണ്‌ ആകെയുള്ള രസം. ചിത്രത്തിന്റെ ഒടുവിലുള്ള സംഘര്‍ഷത്തില്‍ ലാലിന്റെ ഭാവപ്പകര്‍ച്ചമുന്‍കാല ചിത്രങ്ങളിലെ പോലെ ചെറിയൊരാവേശം പകരുന്നുണ്ട്‌.. എന്നാല്‍ ഇന്ദ്രജിത്താകട്ടെ നല്ലൊരു ആക്ഷന്‍ കാഴ്‌ച വയ്‌ക്കാനുള്ള അവസരം നഷ്‌ടപ്പെടുത്തി ഒതുങ്ങിക്കൂടുന്നത്‌ കാണികളെ ബോറടിപ്പിക്കുകയും ചെയ്യുന്നു.

പതിവു പോലെ ഈ ചിത്രത്തിലെ നായികയായി എത്തുന്ന വരുണ ഷെട്ടിക്ക്‌ കാര്യമായൊന്നും ചെയ്യാനില്ല. മേനോന്റെ മകളായ ജാനകിയായി വരുണ ഷെട്ടിക്ക്‌ പ്രക്ഷക മനസില്‍ തങ്ങി നില്‍ക്കുന്ന വിധത്തില്‍ എന്തെങ്കിലും ചെയ്യാനുണ്ടായിരുന്നില്ല. ചിത്രത്തിലെ സംഭാഷണങ്ങള്‍ നിലവാരം പുലര്‍ത്തുന്നവയാണെങ്കിലും കഥാസന്ദര്‍ഭങ്ങള്‍ക്ക്‌ വേണ്ടത്ര തീവ്രത പകരാന്‍ കഴിയുന്നില്ല എന്നത്‌ വലിയൊരു പോരായ്‌മായി എടുത്തറിയുന്നു.

ജോബാ കുര്യന്‍ സംഗീതം പകര്‍ന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക്‌ ഒട്ടും മാധുര്യമില്ലാത്തവയാണ്‌. വിശ്വജിത്തിന്റെ പശ്‌ചാത്തല സംഗീതം മികച്ചതാണെന്ന്‌ പറയാതെ വയ്യ. മൊത്തത്തില്‍ നോക്കുമ്പോള്‍ രസം കാണികള്‍ക്ക്‌ ഒട്ടും രസം പകരുന്നതല്ല. അത്രയ്‌ക്ക്‌ നിര്‍ബന്ധമാണെങ്കില്‍ ഒന്നു രുചിച്ചു നോക്കാം. അത്ര മാതം.
പ്രേക്ഷകനെ രസിപ്പിക്കാതെ രസം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക