Image

മേയറുടെ അവാര്‍ഡ്‌ ജോബി ജോര്‍ജിന്‌ ലഭിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 11 June, 2011
മേയറുടെ അവാര്‍ഡ്‌ ജോബി ജോര്‍ജിന്‌ ലഭിച്ചു
ഫിലാഡല്‍ഫിയ: സിറ്റി ഓഫ്‌ ഫിലാഡല്‍ഫിയ മേയര്‍ മൈക്കിള്‍ എ നട്ടറീന്റെ കമ്യൂണിറ്റി സര്‍വ്വീസ്‌ അവാര്‍ഡ്‌ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും, പത്രപ്രവര്‍ത്തകനുമായ ജോബി ജോര്‍ജിന്‌ ലഭിച്ചു.

ഏഷ്യന്‍ ഫെഡറേഷന്‍ ഓഫ്‌ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സിന്റെ പന്ത്രണ്ടാമത്‌ വാര്‍ഷിക ബാങ്ക്വറ്റിനോടനുബന്ധിച്ച്‌ നടന്ന സമ്മേളനത്തില്‍ പ്രമുഖ യു.എസ്‌ കോണ്‍ഗ്രസ്‌മാന്‍ ബാബ്‌ ബ്രേഡി അവാര്‍ഡ്‌ നല്‍കി ആദരിച്ചു.

ഏഷ്യന്‍ ഫെഡറേഷനില്‍ സ്ഥാപക കാലം മുതല്‍ പ്രവര്‍ത്തിക്കുകയും, നിരവധി സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സൗജന്യസേവനം നിര്‍വ്വഹിക്കുകയും ചെയ്‌തതോടൊപ്പം, പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റും, ഏഷ്യന്‍ ഫെഡറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌ട്രീറ്റ്‌ ക്ലീനിംഗ്‌, കമ്യൂണിറ്റി പാര്‍ക്ക്‌ ക്ലീനിംഗ്‌, നഗര ശുചീകരണം തുടങ്ങി വിവിധ പരിപാടികളില്‍ സജീവമായി പങ്കെടുത്തിട്ടുണ്ട്‌. സമൂഹ്യരംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള അംഗീകാരമാണ്‌ ലഭിച്ചത്‌.

ഏഷ്യന്‍ ഫെഡറേഷന്‍ ഓഫ്‌ യുണൈറ്റ്‌ഡ്‌ സ്റ്റേറ്റ്‌സിന്റെ ഡയറക്‌ടറായി പ്രവര്‍ത്തിക്കുന്നതോടൊപ്പം പോലീസ്‌ അഡൈ്വസറി കൗണ്‍സില്‍ ഓഫ്‌ ഏഷ്യന്‍ അഫയേഴ്‌സ്‌ കൗണ്‍സിലിലും പ്രവര്‍ത്തിക്കുന്നു. ഡിസ്‌ട്രിക്‌ട്‌ അറ്റോര്‍ണി അഡൈ്വസറി കൗണ്‍സിലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ട്രൈസ്റ്റേറ്റ്‌ കേരള ഫോറം ചെയര്‍മാന്‍, കോട്ടയം അസോസിയേഷന്‍ പ്രസിഡന്റ്‌, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ജൂബിലി കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍, എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ്‌ ഓഫ്‌ ക്രിസ്‌ത്യന്‍ ചര്‍ച്ചസ്‌, ഫണ്ട്‌ റൈസിംഗ്‌ കോര്‍ഡിനേറ്റര്‍, എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ട്രൈസ്റ്റേറ്റ്‌ കേരള ഫോറം എക്‌സിക്യൂട്ടീവ്‌ വൈസ്‌ ചെയര്‍മാന്‍, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ഔദ്യോഗിക വക്താവ്‌, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ കേരള ചാപ്‌റ്റര്‍ അഡൈ്വസറി ബോര്‍ഡ്‌ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.

മലയാളം പത്രം പ്രത്യേക കറസ്‌പോണ്ടന്റായി സ്ഥാപകകാലം മുതല്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം കൈരളി ടിവി ഏരിയാ മാനേജര്‍, ഇന്ത്യ പ്രസ്‌ ക്ലബ്‌ ഓഫ്‌ ഫിലാഡല്‍ഫിയ ചാപ്‌റ്റര്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

മേയറുടെ ഒപ്പിട്ട സന്ദേശത്തില്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പൊതുജന സേവനത്തില്‍ വിലമതിക്കത്തക്ക സേവനങ്ങളുടെ ചരിത്രമാണ്‌, മികച്ച സംഘാടകന്‍, സമൂഹത്തിലെ ദുര്‍ബലരെ സഹായിക്കുന്നതിനും ആശ്വാസമെത്തിക്കുന്നതിനും മുന്‍കൈ എടുത്തിട്ടുണ്ട്‌. `It is fit and appropriate therefore that the city of philadelphia officially recoganize with this citation'.

മറുപടി പ്രസംഗത്തില്‍ ജോബി ജോര്‍ജ്‌ ഈ അംഗീകാരം ലഭിച്ചതിലൂടെ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കേണ്ടിയിരിക്കുന്നുവെന്നും അതിനായി എല്ലാവരുടേയും സഹായം അഭ്യര്‍ത്ഥിക്കുന്നതായും പറഞ്ഞു.

ഫിലാഡല്‍ഫിയ പോലീസ്‌ കമ്മീഷണര്‍ ചാള്‍സ്‌ എച്ച്‌ റാംസി, ഡപ്യൂട്ടി കമ്മീഷണര്‍ ജോണ്‍ ഗെയ്‌റ്റന്‍, ജഡജ്‌ ഐഡ ചെന്‍, ചെസ്റ്റര്‍ കൗണ്ടി ഡി.എ. ജോസഫ്‌ കാരള്‍ തുടങ്ങി നിരവധി വിശിഷ്‌ടാതിഥികള്‍ പങ്കെടുത്തു.

ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച്‌ അലക്‌സ്‌ തോമസ്‌, പാപ്പന്‍ ഏബ്രഹാം, മുരളി കര്‍ത്താ, പ്രസന്ന കര്‍ത്താ, ജോര്‍ജ്‌ ഓലിക്കല്‍, ഫിലിപ്പോസ്‌ ചെറിയാന്‍, ഈപ്പന്‍ മാത്യു, മോഹന്‍ പര്‍മാര്‍, സ്വന്ത്‌ സിംഗ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

ചൈനീസ്‌, ഇന്തോനേഷ്യന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്‌ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കലാപരിപാടികളോടൊപ്പം ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തങ്ങളും അവതരിപ്പിച്ചു. മുന്നൂറോളം പേര്‍ ബാങ്ക്വറ്റില്‍ പങ്കെടുത്തു.

മേയറുടെ അവാര്‍ഡ്‌ ജോബി ജോര്‍ജിന്‌ ലഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക