Image

ഹംസഗാനം (ഡി. ബാബു പോള്‍)

(ഡി. ബാബു പോള്‍) Published on 04 January, 2015
ഹംസഗാനം (ഡി. ബാബു പോള്‍)
http://www.madhyamam.com/news/334739/150104?utm_source=feedburner&utm_medium=email&utm_campaign=Feed%3A+madhyamam%2FxeIF+%28Madhyamam+Online%29

ഒരു വ്യാഴവട്ടക്കാലമായി വായനക്കാരുമായി സംവദിച്ചിരുന്ന ‘മധ്യരേഖ’ എന്ന പംക്തി ഈ ലക്കത്തോടെ അവസാനിക്കുന്നു

കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി മാന്യവായനക്കാരുമായി സംവദിച്ചിരുന്ന ‘മധ്യരേഖ’ എന്ന പംക്തി ഈ ലക്കത്തോടുകൂടി അവസാനിപ്പിക്കുകയാണ്. ഇന്നലെ തിരുവനന്തപുരത്തെ അല്‍സാജ് സെന്‍ററില്‍ ഒരു വിവാഹത്തില്‍ സംബന്ധിച്ചതിനുശേഷം ഡ്രൈവര്‍ വണ്ടിയുമായി വരുന്നതിന് കാത്തുനില്‍ക്കുന്ന നേരത്ത് ഒരാള്‍ ഓടിവന്നു. ‘മടങ്ങിപ്പോകാന്‍ കാറില്‍ കയറിയതായിരുന്നു, മധ്യരേഖ 10 കൊല്ലമായി വായിക്കുന്നു, സാറിനെ ആദ്യമായാണ് നേരില്‍ കാണുന്നത്, ഒരു ഷേക് ഹാന്‍ഡ് തരാതെ ഞാന്‍ എങ്ങനെ പോകും?’ ഇതായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. പുതുവര്‍ഷത്തില്‍ ഈ പംക്തി അവസാനിപ്പിക്കുകയാണ് എന്ന് ആ സുമനസ്സിനോട് ആ നേരത്ത് പറയാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് ഒരു ഹംസഗാനം എഴുതി എന്‍െറ വായനക്കാരോട് യാത്ര പറയാം എന്ന് നിശ്ചയിച്ചത്.
ഹംസത്തെയും ഹംസഗാനത്തെയുംകുറിച്ച് പറയാതെ ഈ കുറിപ്പ് മുന്നോട്ടുപോയാല്‍ ഇത് ‘മധ്യരേഖ’യുടെ സമ്പ്രദായത്തില്‍നിന്ന് മാറിപ്പോകുമല്ളോ. അതുകൊണ്ട് അരയന്നത്തില്‍ തൊട്ട് തുടങ്ങാം.
അരയന്നം ഭാരതീയ പുരാണങ്ങളിലും യവനപുരാണങ്ങളിലും ദേവന്മാരുടെ പക്ഷിയാണ്. നമ്മുടെ പാരമ്പര്യത്തില്‍ മാനസസരസ്സാണ് അരയന്നത്തിന്‍െറ നാട്. മഴ അരയന്നങ്ങള്‍ക്ക് ഇഷ്ടമല്ലാത്തതിനാല്‍ മഴക്കാലത്ത് മാനസസരസ്സില്‍നിന്ന് സമതലങ്ങളിലേക്ക് മാറുകയും ഇവിടെ മഴ തുടങ്ങിയാല്‍ മാനസസരസ്സിലേക്ക് മടങ്ങുകയും ചെയ്യുമെന്ന് പുരാണം. അരയന്നങ്ങളില്‍ മിക്ക വിഭാഗങ്ങളും ദേശാടനപ്പക്ഷികളാണ് എന്നത് ഒപ്പം ഓര്‍മിക്കേണ്ട ശാസ്ത്രം. ഗ്രീക്ക് പുരാണത്തില്‍ അപ്പോളോ ദേവന്‍െറ വാഹനമാണ് അരയന്നം. നമ്മുടെ പാരമ്പര്യത്തില്‍ ബ്രഹ്മാവിനും സരസ്വതിക്കും ഹംസമാണ് വാഹനം എന്ന് സൂചനകള്‍ കാണുന്നതുപോലെ.
അരയന്നത്തെക്കുറിച്ച് ശാസ്ത്രീയാടിസ്ഥാനം ഒന്നും ഇല്ലാത്ത വിശ്വാസങ്ങളുണ്ട്. വെള്ളംചേര്‍ത്ത പാല്‍ ഒരു പാത്രത്തില്‍ വെച്ചുകൊടുത്താല്‍ അരയന്നം പാല്‍ മാത്രം കുടിക്കും എന്നാണല്ളോ നമ്മുടെ കഥ. ഹംസത്തിന്‍െറയും കൊക്കിന്‍െറയും നിറം ഒന്നായാലും നീരക്ഷീരവിവേകപരിശോധന നടത്തിയാല്‍ ഏതാണ് ഹംസം, ഏതാണ് കൊക്ക് എന്നറിയാം എന്ന് പറഞ്ഞുതരുന്ന ഒരു ശ്ളോകമുണ്ട് സംസ്കൃതത്തില്‍.
ഹംസം ഒരു മൂകജീവിയാണെന്നും ആസന്നമരണാവസ്ഥയില്‍ അപ്പോളോയുമൊത്തുള്ള നിത്യജീവിതത്തെ ഓര്‍ത്ത് ആഹ്ളാദിക്കുമ്പോള്‍ മാത്രമാണ് അത് പാടുന്നതെന്നും സോക്രട്ടീസും പ്ളാറ്റോയും ഉള്‍പ്പെടെയുള്ള ജ്ഞാനികള്‍ വിശ്വസിച്ചിരുന്നു. അത് ഭോഷ്ക്കാണെന്ന് പ്ളിനി എഴുതിയിട്ടുമുണ്ട് പിറകെ! മൂകഹംസം -Mute Swan എന്ന പക്ഷിപോലും ഊമയല്ല എന്ന് ആധുനിക വിജ്ഞാനം പറഞ്ഞുതരുന്നു. സീയൂസ് ദേവന്‍ അരയന്നമായി അവതരിച്ചപ്പോള്‍ സ്പാര്‍ട്ടയിലെ രാജ്ഞി ലേദയില്‍ ജനിച്ച യവനസുന്ദരിയാണ് ഹെലന്‍ എന്നതുപോലെ ഒരു കഥ എന്നുപറയാം. ചില ഇനം അരയന്നങ്ങള്‍ മരണവെപ്രാളത്തില്‍ ശ്രുതിമധുരമായ ഒരു ശബ്ദം പുറപ്പെടുവിക്കുമെന്ന് പീറ്റര്‍ പല്ലാസ് എന്ന പ്രകൃതിനിരീക്ഷകന്‍ പറയുന്നുണ്ട് എന്നത് മാത്രമാണ് ഹംസഗാനം എന്ന ശൈലിയുടെ പിന്നിലുള്ള ശാസ്ത്രീയത. ഇംഗ്ളീഷില്‍ ആദ്യമായി ഈ പദം പ്രയോഗിച്ചത് കാര്‍ലൈല്‍ ആയിരുന്നു എന്നത് നിഷ്പത്തിചരിത്രം.
ഏതായാലും ഒരു കലാകാരനോ എഴുത്തുകാരനോ സവിശേഷമായ ഒരു സാംസ്കാരിക വിനിമയത്തിന് അന്ത്യംകുറിക്കുമ്പോള്‍ ഹംസഗാനം ആലപിക്കുന്നു എന്ന പ്രയോഗം ഇംഗ്ളീഷിലും ഇതര യൂറോപ്യന്‍ ഭാഷകളിലും എന്നതുപോലെ മലയാളത്തിലും അപരിചിതമല്ലല്ളോ ഇന്ന്. ഈ പത്രത്തിലെ ‘മധ്യരേഖ’യുടെ അവസാനലക്കത്തിന് ഹംസഗാനം എന്ന ശീര്‍ഷകം നല്‍കിയത് വിശദീകരിക്കുകയായിരുന്നു ഞാന്‍. ഇത് ഈ പംക്തിയുടെ ഒരു സ്വഭാവമായി നേരത്തേ ആരോ നിരീക്ഷിച്ചിട്ടുണ്ട്. ചിലര്‍ക്ക് അറിയാമെങ്കിലും പലര്‍ക്കും അറിയാത്ത ഇത്തരം സംഗതികള്‍ കടന്നുവരുന്നത് ഞാന്‍ സ്വഭാവേന ഒരധ്യാപകനായതിനാലാകാം; എന്‍െറ വായനക്കാരില്‍ ഒരു വലിയ പങ്ക് കോളജ് വിദ്യാര്‍ഥികളാണെന്ന് തിരിച്ചറിയുന്നതിനാലുമാകാം.
കെ.എം. മാണിയുടെ ദുശ്ശാഠ്യത്തിന് വഴങ്ങി ഓംബുഡ്സ്മാന്‍ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഒരു പഴയ കിനാവിലേക്കാണ് ഞാന്‍ മടങ്ങിയത്. വേദശബ്ദരത്നാകരത്തോട് ചേര്‍ത്തുവെക്കാവുന്ന ഒരു വേദപുസ്തകഭാഷ്യം രചിക്കുക. വരയിട്ട 100 പേജുകള്‍ വീതമുള്ള 100 പാഡുകള്‍ സെന്‍റ് ജോസഫ്സ് പ്രസില്‍ പറഞ്ഞ് രൂപപ്പെടുത്തി. ഒരു 10 കൊല്ലംകൊണ്ട് ആ 10,000 പേജ് എഴുതിത്തീരും എന്നായിരുന്നു ചിന്ത. പൂവിനകത്ത് അന്തിയുറങ്ങാന്‍ മനസ്സിനെ പരുവപ്പെടുത്തിയ വണ്ട് അറിഞ്ഞില്ലല്ളോ രാത്രി ആന വന്ന് പൂവ് പിഴുതെടുക്കുമെന്ന്! യാദൃച്ഛികതകളാണ് ജീവിതത്തെ പലപ്പോഴും അടയാളപ്പെടുത്തുന്നത്. ആ യാദൃച്ഛികതകള്‍ നിയോഗങ്ങളാണെന്ന് നാം തിരിച്ചറിയുന്നതുപോലും വൈകിയിട്ടാണ്.
‘മാധ്യമം’ പത്രാധിപരുടെ രണ്ട് നിര്‍ദേശങ്ങള്‍ എന്‍െറ എഴുത്തുവഴികള്‍ മാറ്റി. ഒരിക്കലും ഒരു സര്‍വിസ് സ്റ്റോറി എഴുതുകയില്ല എന്ന് ഉറപ്പിച്ചിരുന്ന എന്നെക്കൊണ്ട് ‘കഥ ഇതുവരെ’ എഴുതിച്ചത് ഒ. അബ്ദുറഹ്മാന്‍ സാഹിബും വയലാര്‍ ഗോപകുമാറുമാണ്. ഇന്ന് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന സര്‍വിസ് സ്റ്റോറിയാണ് ആറ് കൊല്ലത്തിനിടെ ആറാം പതിപ്പില്‍ എത്തിനില്‍ക്കുന്ന ആ കൃതി. പിന്നെ ഈ പംക്തി. ഒരിക്കലും ഒരു പ്രതിവാര പംക്തി കൃത്യമായി എഴുതാന്‍ കഴിയുമെന്ന ചിന്ത എനിക്കുണ്ടായിരുന്നില്ല. സ്നേഹപൂര്‍വമായ നിര്‍ബന്ധവും ധൈര്യപ്പെടുത്തലുംകൊണ്ട് എന്നെ ‘മധ്യരേഖ’യുടെ കര്‍ത്താവാക്കിയതും അബ്ദുറഹ്മാന്‍ സാഹിബ് തന്നെ. നന്ദിയാരോട് ചൊല്ളേണ്ടു എന്ന കവിസംശയം എനിക്കില്ല. അത് ‘മാധ്യമം’ പത്രാധിപരോടുതന്നെ.
പത്രം ഓഫിസില്‍നിന്ന് ശമ്പളംപറ്റാതെ കേരളത്തില്‍ ഒരു കോളമിസ്റ്റ് ഒരു വ്യാഴവട്ടക്കാലം പംക്തി എഴുതിയിട്ടില്ളെന്നാണ് മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ പറഞ്ഞുതരുന്നത്. ഏറ്റവും നല്ല പത്രപംക്തിക്കുള്ള പുരസ്കാരം മലയാളഭാഷയോ ജേണലിസമോ ഒൗപചാരികമായി പഠിച്ചിട്ടില്ലാത്ത ഞാന്‍ പ്രസ് ക്ളബില്‍ വെച്ച് ഏറ്റുവാങ്ങിയപ്പോഴും ‘മാധ്യമം’ തന്നെയായിരുന്നു മനസ്സിന്‍െറ മുന്‍നിരയില്‍.
ഇത് 592ാമത് ലക്കമാണ്. 600 ആകുമ്പോള്‍ നിര്‍ത്തണം എന്ന് കരുതിയിരിക്കവെയാണ് 2014ല്‍ അവസാനിപ്പിക്കാം എന്ന ചിന്തയുണ്ടായത്. തിരിഞ്ഞുനോക്കുമ്പോള്‍ തികഞ്ഞ സംതൃപ്തി തോന്നുന്നു. ഇഞ്ചികൃഷി മുതല്‍ ഇന്‍റര്‍നെറ്റ് വരെയാണ് എന്‍െറ കൗതുകമേഖല എന്ന് പറഞ്ഞത് ഒരു മെത്രാനാണ്. മെത്രാന്‍ ബ്രഹ്മചാരിയല്ലായിരുന്നുവെങ്കില്‍ കുന്തുരുക്കം മുതല്‍ കുടുംബാസൂത്രണം വരെ എന്നും പറഞ്ഞേനെ. ബൈബ്ളും ഭാഗവതവും ഖുര്‍ആനും ശാസ്ത്രവും കവിതയും സഞ്ചാരകഥകളും, റമദാനും ഓണവും വിനായകചതുര്‍ഥിയും എല്ലാം മധ്യരേഖയെ അടയാളപ്പെടുത്തി. പത്രാധിപര്‍ എനിക്ക് അതിരുകളില്ലാത്ത സ്വാതന്ത്ര്യമാണ് നല്‍കിയത്. ദു$സ്വാതന്ത്ര്യംകൊണ്ട് പത്രാധിപരെ വെട്ടിലാക്കാതിരിക്കാന്‍ പൊതുവെ ഞാനും ശ്രദ്ധിച്ചിരുന്നു എന്നാണ് തോന്നുന്നത്.
ധീമതാം കാല കാവ്യശാസ്ത്ര വിനോദേന ഗച്ഛതി എന്ന് ‘ഹിതോപദേശ’ത്തില്‍ വായിക്കുന്നു. ബുദ്ധിമാന്മാരുടെ സമയം കാവ്യ ശാസ്ത്ര വിനോദംകൊണ്ട് കടന്നുപോകുന്നു എന്നര്‍ഥം. എനിക്ക് ബുദ്ധിയില്ല എന്ന് പറയാനുള്ള കപടവിനയം എനിക്കില്ളെങ്കിലും ബുദ്ധിമാന്‍ എന്ന് സ്വയം കരുതാനുള്ള ബുദ്ധിശൂന്യതയും എനിക്കില്ല. അതുകൊണ്ട് ഒരു വ്യാഴവട്ടക്കാലം കാവ്യശാസ്ത്ര വിനോദേന സഫലമീ ജീവിതം എന്ന് പറയാന്‍ ഇടയുണ്ടാക്കിയ ‘മാധ്യമം’ കുടുംബത്തിന് നന്ദി ചൊല്ലി ഈ ഹംസഗാനം ഉപസംഹരിക്കുന്നു.
പരമകാരുണികനും സര്‍വശക്തനും ജഗന്നിയന്താവുമായ ഈശ്വരനെ ഭജിച്ച്, ‘മാധ്യമം’ തറവാട്ടിലെ കോലായയില്‍ വൃദ്ധന്മാര്‍ക്കായി വേര്‍തിരിച്ചിരിക്കുന്ന ചാരുകസേരയില്‍ ഞാന്‍ ഉണ്ടാകും: വലിഞ്ഞുകയറി ഉപദേശിക്കാതെയും ഉപദേശം ചോദിച്ചാല്‍ ഒഴിഞ്ഞുമാറാതെയും. അവിഘ്നമസ്തു എന്ന് ഒന്നാംലക്കത്തില്‍ പറഞ്ഞു. ശുഭമസ്തു എന്ന് ഈ ഒടുക്കത്തെ ലക്കത്തില്‍ പറഞ്ഞുകൊള്ളട്ടെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക