Image

മലയാള സിനിമ 2014 - വന്‍ മരങ്ങള്‍ വീണു; പുതിയവര്‍ വാണു

ജയമോഹന്‍ എം. Published on 31 December, 2014
മലയാള സിനിമ 2014 - വന്‍ മരങ്ങള്‍ വീണു; പുതിയവര്‍ വാണു
വമ്പന്‍ പരാജയങ്ങളിലൂടെയും 250 കോടിയുടെ നഷ്‌ടത്തിലൂടെയുമാണ്‌ മലയാള സിനിമ കഴിഞ്ഞ ഒരു വര്‍ഷം പിന്നിടുന്നത്‌. റിലീസ്‌ ചെയ്‌ത്‌ 150 സിനിമകളില്‍ വെറും പത്ത്‌ സിനിമകള്‍ മാത്രമാണ്‌ പ്രൊഡ്യൂസര്‍ അസോസിയേഷന്റെ കണക്ക്‌ പ്രകാരം വിജയത്തിലെത്തിയത്‌. ബാക്കിയെല്ലാം പരാജയം. യാതൊരു പ്രതിഭയും പ്രകടിപ്പിക്കാത്ത തട്ടിക്കൂട്ട്‌ ചിത്രങ്ങള്‍ നൂറിന്‌ മുകളിലുണ്ട്‌. ഇത്രത്തോളം ദയനീയമായ സ്ഥിതിയിലേക്ക്‌ മലയാള സിനിമ ഇതിനു മുമ്പ്‌ മൂക്കുകൂത്തിയിട്ടേയില്ല. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായ ചില വിജയങ്ങളും പോയ വര്‍ഷം സാക്ഷ്യം വഹിച്ചു. വെള്ളിമൂങ്ങ എന്ന സൂപ്പര്‍ ഹിറ്റും, ഇതിഹാസ എന്ന ഹിറ്റുമാണ്‌ ഈ വിജയങ്ങള്‍. യാതൊരു അവകാശ വാദങ്ങളുമില്ലാതെ താരപരിവേഷങ്ങളില്ലാതെ എത്തിയ ഈ രണ്ടു സിനിമകളും കളക്ഷനില്‍ പരമ്പരാഗത സിനിമക്കാരെ വെല്ലുവിളിച്ചുകൊണ്ട്‌ അത്ഭുതമായി. എന്നാല്‍ സൂപ്പര്‍ഹിറ്റ്‌ സംവിധായകനായ പ്രീയദര്‍ശനും, മെഗാഹിറ്റ്‌ എഴുത്തുകാരനായ ശ്രീനിവാസനും അമ്പേ കടപുഴുകി വീഴുന്ന കാഴ്‌ചയും വര്‍ഷാവസാനമുണ്ടായി. പത്ത്‌ കോടിയുടെ മുതല്‍ മുടക്കിലെത്തിയ മലയാളത്തിലെ മെഗാബജറ്റ്‌ ചിത്രം കസിന്‍സ്‌ തിയറ്ററില്‍ മൂക്കും കുത്തി വീണതും 2014ന്റെ പ്രത്യേകതയാണ്‌.

തട്ടിപ്പ്‌ സിനിമകള്‍ പെരുകുന്നു.

തട്ടിപ്പ്‌ സിനിമകള്‍ പ്രേക്ഷകനെ തിയറ്ററില്‍ നിന്നും അകറ്റുന്ന കാഴ്‌ചയാണ്‌ 2014ല്‍ കണ്ടത്‌. നൂറോളം സിനിമകളാണ്‌ ഒരു ദിവസമോ രണ്ടു ദിവസമോ മാത്രം പ്രദര്‍ശിപ്പിക്കപ്പെട്ട്‌ പുറത്തായത്‌. ടെലിവിഷന്‍ റൈറ്റ്‌സ്‌ പോലും കച്ചവടമാകാതെ ഈ സിനിമകള്‍ ഇന്‍ഡസ്‌ട്രിയില്‍ ഏറ്റവും നഷ്‌ടം വരുത്തി വെച്ചു. യാതൊരു ലോജിക്കുമില്ലാതെ സിനിമാ പിടിക്കാന്‍ വരുന്ന സംവിധായകരും തിരക്കഥാകൃത്തുക്കളുമാണ്‌ ഇത്തരം തട്ടിക്കൂട്ട്‌ സിനിമകളുടെ പിന്നില്‍. സാറ്റ്‌ലൈറ്റ്‌ റൈറ്റ്‌ നല്‍കാതെ ചാനലുകള്‍ പിടിമുറിക്കയപ്പോള്‍ ഇനി മുതല്‍ തട്ടിക്കൂട്ട്‌ സിനിമകള്‍ ഏറെയൊന്നും നിര്‍മ്മിക്കപ്പെടില്ല എന്ന്‌ ആശ്വസിക്കാം. തിയറ്ററില്‍ വിജയിച്ചാല്‍ മാത്രം സിനിമ മതിയെന്നാണ്‌ ചാനലുകളെ നിലപാട്‌.

വന്‍ മരങ്ങള്‍ വീണപ്പോള്‍

വമ്പന്‍ പ്രതീക്ഷയുമായി എത്തിയ പല ചിത്രങ്ങളും തിയറ്ററില്‍ അമ്പേ പരാജയപ്പെടുന്ന കാഴ്‌ച 2014ലെ പ്രധാന പ്രത്യേകതയാണ്‌. . പൃഥ്വിരാജിന്റെ ലണ്ടന്‍ ബ്രിഡ്‌ജ്‌, മമ്മൂട്ടിയുടെ ബാല്യകാല സഖി, സുരേഷ്‌ ഗോപി - ജയറാം ചിത്രം സലാംകാഷ്‌മീര്‍, മമ്മൂട്ടിയുടെ പ്രെയ്‌സ്‌ ദി ലോര്‍ഡ്‌, മമ്മൂട്ടി - ആഷിക്‌ അബു ചിത്രം ഗ്യാങ്‌സ്റ്റര്‍, ഫഹദ്‌ ഫാസില്‍ ചിത്രം വണ്‍ ബൈ ടു, ദുള്‍ക്കറിന്റെ സംസാരം ആരോഗ്യത്തിന്‌ ഹാനീകരം, കുഞ്ചാക്കോ ബോബന്റെ ലോ പോയിന്റ്‌, മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തിയ കൂതറ, ആസിഫ്‌ അലിയുടെ ഹായ്‌ ഐ ആം ടോണി, രാജീവ്‌ രവിയുടെ ഞാന്‍ സ്റ്റീവ്‌ ലോപ്പസ്‌, മോഹന്‍ലാലിന്റെ പെരുച്ചാഴി, മമ്മൂട്ടിയുടെ രാജാധിരാജ, കുഞ്ചാക്കോ ബോബന്‍ - ബിജുമേനോന്‍ ടീമിന്റെ ഭയ്യാ ഭയ്യാ, ജയറാമിന്റെ ഞങ്ങളുടെ വീട്ടിലെ അതിഥികള്‍, ജയസൂര്യയുടെ ലാല്‍ ബഹദൂര്‍ ശാസ്‌ത്രി, വൈശാഖന്റെ കസിന്‍സ്‌, ശ്രീനിവാസന്റെ നഗരവാരിധി നടുവില്‍ ഞാന്‍, പ്രീയദര്‍ശന്‍റെ ആമയും മുയലും തുടങ്ങി നിരവധി ചിത്രങ്ങളാണ്‌ തീര്‍ത്തും പരാജയം നുണഞ്ഞത്‌. വന്‍ അവകാശ വാദങ്ങളുമായി എത്തിയ വമ്പന്‍ മുതല്‍ മുടക്കുള്ള ലണ്ടന്‍ ബ്രിഡ്‌ജ്‌, ഗ്യാങ്‌സ്റ്റര്‍ തുടങ്ങിയ ചിത്രങ്ങളുടെ പരാജയം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അതുപോലെ തന്നെ പ്രീയദര്‍ശന്റെയും ശ്രീനിവാസന്റെയും പ്രതിഭ എവിടെ പണയം വെച്ചിരിക്കുന്നു എന്ന്‌ പ്രേക്ഷകര്‍ അത്ഭുതപ്പെടുന്നുണ്ടാവാം. അതുപോലെ തന്നെ ലാല്‍ ഷോ മോഡലില്‍ ഒരുക്കിയ പെരുച്ചാഴിയൊക്കെ ഒരു സിനിമയാണോ എന്ന്‌ പോലും പ്രേക്ഷകര്‍ സംശയിക്കുന്നുണ്ടാവും.
മലയാള സിനിമക്ക്‌ എവിടെയാണ്‌ പിഴയ്‌ക്കുന്നത്‌ എന്ന്‌ മനസിലാക്കാന്‍ ശ്രീനിവാസനിലേക്ക്‌ നോക്കിയാല്‍ മതി. തിരക്കഥയെഴുതാന്‍ നല്ല ശ്രമം ഇല്ലാതെ വരുമ്പോള്‍ മലയാളത്തിലെ ഏറ്റവും അനുഭവ സമ്പത്തുള്ള ശ്രീനിവാസന്‌ പോലും അമ്പേ പിഴയ്‌ക്കുന്നു. അപ്പോള്‍ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ?

സൂപ്പര്‍ നായിക മഞ്‌ജു വാര്യര്‍

വമ്പന്‍മാരുടെ പരാജയത്തെപ്പോലെ തന്നെ മലയാള സിനിമ ആഘോഷിച്ച മറ്റൊരു കാര്യമാണ്‌ മഞ്‌ജുവാര്യരുടെ മടങ്ങി വരവ്‌. ഒരുകാലത്ത്‌ മലയാളിയുടെ പ്രീയപ്പെട്ട നായികയായിരുന്ന മഞ്‌ജു 14 വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ്‌ ആര്‍ യു എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയപ്പോള്‍ കേരളം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ചിത്രം സൂപ്പര്‍ഹിറ്റുമായി. മഞ്‌ജുവിന്റെ രണ്ടാംവരവ്‌ തന്നെയാണ്‌ ഹൗ ഓള്‍ഡ്‌ ആര്‍ യു എന്ന ചിത്രത്തെ ശ്രദ്ധേയമാക്കിയത്‌. തകര്‍ന്നു പോകുന്ന സ്വപ്‌നങ്ങളിലേക്ക്‌ പ്രായം ഒരു തടസമാകാതെ സ്‌ത്രീകള്‍ കടന്നു വരണമെന്ന സന്ദേശം വിളിച്ചു പറയുന്ന നിരൂപമ രാജീവ്‌ എന്ന മഞ്‌ജുവിന്റെ കഥാപാത്രം കേരളത്തിലെമ്പാടും മികച്ച പ്രേക്ഷക പ്രതികരണം നേടി. ചിത്രം വന്‍ വിജയമായതോടെ മലയാള സിനിമക്ക്‌ ഏറെക്കാലത്തിനു ശേഷം ഒരു സൂപ്പര്‍ നായികയെ ലഭിച്ചു. കഴിഞ്ഞ ഒരു പത്ത്‌ വര്‍ഷമായി ഇത്തരത്തില്‍ ഒരു സൂപ്പര്‍ നായിക മലയാളത്തിലുണ്ടായിരുന്നില്ല. മലയാളവും കടന്ന്‌ ഹിന്ദിയിലേക്ക്‌ കടക്കാനൊരുങ്ങുകയാണ്‌ മഞ്‌ജു ഇപ്പോള്‍. അമിതാഭ്‌ ബച്ചന്റെ സിനിമയിലൂടെയായിരിക്കും മഞ്‌ജുവിന്റെ ബോളിവുഡ്‌ അരങ്ങേറ്റം.

കാമറക്ക്‌ പിന്നിലെ വനിത

മലയാള സിനിമയുടെ കാമറക്ക്‌ പിന്നില്‍ എക്കാലത്തും ്‌നിലനിന്നിരുന്ന പുരുഷാധിപത്യത്തെ അഞ്‌ജലി മേനോന്‍ എന്ന സംവിധായിക തകര്‍ക്കുന്നതും 2014ലെ പ്രധാന കാഴ്‌ചയായിരുന്നു. ബാംഗ്ലൂര്‍ ഡെയ്‌സ്‌ എന്ന മികച്ച കൊമേഴ്‌സ്യല്‍ ചിത്രം ഒരുക്കുകയും നൂറു ദിവസം തിയറ്ററില്‍ വിജയമാക്കുകയും ചെയ്‌തതോടെ മലയാളത്തിന്റെ മുന്‍നിര സംവിധായികയായി അഞ്‌ജലി മാറി. യുവതാരങ്ങളെ അണിനിരത്തി അഞ്‌ജലി നേടിയത്‌ മലയാളത്തിന്റെ സ്വഭാവികതയും മൗലീകതയുമുള്ള വിജയം തന്നെയായിരുന്നു. ഒരു മികച്ച എഴുത്തുകാരി കൂടിയായ അഞ്‌ജലി തീര്‍ച്ചയായും മലയാള സിനിമയില്‍ ഇനിയും വിജയങ്ങള്‍ നേടുമെന്ന്‌ ഉറപ്പ്‌. എന്തായാലും അഞ്‌ജലിയുടെ പാത പിന്തുടര്‍ന്ന്‌ ഇനിയും വനിതകള്‍ മലയാള സിനിമയിലേക്ക്‌ കടന്നു വരട്ടെയെന്ന്‌ ആശംസിക്കാം.

ഇതിഹാസയും വെള്ളിമൂങ്ങയും

സിനിമയിലെ വമ്പന്‍മാരുടെ ജാഡകള്‍ക്ക്‌ മേല്‍ ആഞ്ഞടിക്കുന്ന അനുഭവമാണ്‌ ഇതിഹാസ. സിനിമയില്‍ കാര്യമായ മുന്‍ പരിചയങ്ങളൊന്നുമില്ലാത്ത ഒരുകൂട്ടം ചെറുപ്പക്കാര്‍ തീര്‍ത്തും പുതുമുഖങ്ങളായ താരങ്ങളെ അണിനിരത്തി ഒരുക്കിയ ഇതിഹാസ ഒരു സൂപ്പര്‍ഹിറ്റ്‌ വിജയം നേടി. നവാഗതനയ ബിനു.എസ്‌ ആണ്‌ ചിത്രത്തിന്റെ സംവിധായകന്‍. ഒരു കോടിക്ക്‌ താഴെ മുതല്‍ മുടക്ക്‌ മാത്രമാണ്‌ ചിത്രത്തിനുള്ളത്‌ എന്നതും ശ്രദ്ധേയമാണ്‌. ഷൈന്‍ ടോം ചാക്കോയും അനുശ്രീയുമാണ്‌ ചിത്രത്തിലെ പ്രധാന താരങ്ങള്‍. തീര്‍ത്തും ലളിതമായ ഒരു കഥയും അവതരണവുമാണ്‌ ചിത്രത്തിന്റേത്‌. എങ്കില്‍പ്പോലും ചിത്രം നേടിയ മികച്ച വിജയം മെഗാബജറ്റ്‌ ചിത്രങ്ങളെപ്പോലും അമ്പരപ്പിക്കുന്നതാണ്‌.

മലയാളിയുടെ സ്വന്തം വിജയ ചിത്രമാണ്‌ വെള്ളിമൂങ്ങ. താരമോ സംവിധായകരോ അല്ല സിനിമയുടെ വിജയത്തിന്റെ ഫോര്‍മുലയെന്നും പ്രേക്ഷകരെ രസിപ്പിക്കുന്ന ഘടകങ്ങള്‍ വിദഗ്‌ധമായി അവതരിപ്പിക്കപ്പെടുമ്പോള്‍ ഒരു സിനിമ വിജയിക്കുമെന്നും വെള്ളിമുങ്ങ തെളിയിക്കുന്നു. റിലീസിന്‌ മുമ്പ്‌ സാറ്റ്‌ലൈറ്റ്‌ റൈറ്റ്‌ ലഭിക്കാതെ തള്ളപ്പെട്ട ചിത്രമാണ്‌ വെള്ളിമുങ്ങ. കാരണം സൂപ്പര്‍താരമില്ല എന്നത്‌ തന്നെ. എന്നാല്‍ ചിത്രം വന്‍ വിജയമായപ്പോള്‍ സൂപ്പര്‍താര ചിത്രത്തിന്‌ ലഭിക്കുന്ന സാറ്റ്‌ലൈറ്റ്‌ റൈറ്റോടെ വെള്ളിമൂങ്ങ തീയറ്ററില്‍ സ്വീകരിക്കപ്പെട്ടു. സിനിമയുടെ വിജയത്തിന്‌ പിന്നില്‍ സൂപ്പര്‍താരങ്ങളോ താര കോമ്പിനേഷനുകളോ അല്ലെന്ന്‌ വെള്ളിമൂങ്ങയുടെ വിജയം പറയുന്നുണ്ട്‌. ജിബു ജേക്കബായിരുന്നു ചിത്രം സംവിധാനം ചെയ്‌തത്‌.

ആഷിക്‌ അബുവിന്റെ ഗ്യാങ്‌സ്റ്റര്‍ തിയറ്ററില്‍ പരാജയപ്പെട്ടത്‌ ഫേസ്‌ബുക്ക്‌ അല്ല പ്രേക്ഷക ലോകം എന്ന്‌ തെളിയിക്കുമ്പോള്‍ പ്രീയന്റെയും ശ്രീനിവാസന്റെയും സിനിമകള്‍ പരാജയപ്പെട്ടത്‌ പ്രതിഭകള്‍ അപ്‌ഡേറ്റ്‌ ചെയ്യണമെന്നതിന്റെ സൂചനയാകുന്നു. ഇവിടെയാണ്‌ ഇതിഹാസും വെള്ളിമൂങ്ങയും വിജയം നേടിയതിനെ അഭിനന്ദിക്കേണ്ടി വരുന്നത്‌. പ്രേക്ഷകരെ തങ്ങള്‍ക്കൊപ്പം കൊണ്ടുവരാന്‍ കഴിയുന്നിടത്ത്‌ സിനിമ വിജയിക്കും. ബിനു എസ്‌, ജിബു ജേക്കബ്‌ എന്നീ നവാഗതര്‍ക്ക്‌ അതിന്‌ സാധിച്ചപ്പോള്‍ പ്രീയന്‍, ശ്രീനിവാസന്‍, ആഷിക്‌ അബു തുടങ്ങിയവര്‍ക്ക്‌ പ്രേക്ഷകരെ ഒപ്പം കൊണ്ടുവരാന്‍ സാധിച്ചില്ല. അതുകൊണ്ടു തന്നെ മുതിര്‍ന്നവര്‍ നവാഗതരില്‍ നിന്നും പലതും പഠിക്കേണ്ടതുമുണ്ട്‌.
മലയാള സിനിമ 2014 - വന്‍ മരങ്ങള്‍ വീണു; പുതിയവര്‍ വാണു
Join WhatsApp News
zid 2014-12-31 18:08:43
ഏതായാലും 2013 ലേക്കാളും കൂടുതൽ ഹിറ്റ്‌ ചിത്രങ്ങൾ 2014 ലിൽ ഉണ്ടായി. ജിബു ജേക്കബിന്‍െ ബിജു മേനോന്‍ ചിത്രം ‘വെള്ളിമൂങ്ങ’, അഞ്ജലി മേനോന്‍െറ ‘ബാംഗ്ളൂര്‍ ഡെയ്സ്’, എബ്രിഡ് ഷൈനിന്‍െറ ‘1983’, റോഷന്‍ ആന്‍ഡ്രൂസിന്‍െറ മഞ്ജു വാരിയര്‍ ചിത്രം ‘ഹൗ ഓള്‍ഡ് ആര്‍ യു’, അനില്‍ രാധകൃഷണ മോനോന്‍െറ പ്രഥ്വിരാജ് ചിത്രം ‘സപ്തമശ്രീ തസ്ക്കര’, രഞ്ജിത്ത് ശങ്കറിന്‍െറ മമ്മൂട്ടി ചിത്രം ‘വര്‍ഷം’, അമല്‍ നീരദിന്‍െറ ‘ഇയ്യോബിന്‍െറ പുസ്തകം’, ബിനു എസ്. കാലടിയുടെ ‘ഇതിഹാസ’, ജൂഡ് ആന്‍റണി ജോസഫിന്‍െറ ‘ഓം ശാന്തി ഓശാന’, ശ്യാംധറിന്‍െറ ‘സെവന്‍ത്ത് ഡേ’, റാഫിയുടെ ദിലീപ് ചിത്രം ‘റിങ് മാസ്റ്റര്‍’, ലാല്‍ ജോസിന്‍െറ ‘വിക്രമാദിത്യന്‍’ എന്നീ 12 ചിത്രങ്ങളാണ് തിയേറ്റര്‍ കലക്ഷന്‍ കൊണ്ട് ലാഭമുണ്ടാക്കിയത്. എന്നാല്‍ ഇവയില്‍ തന്നെ വെള്ളിമൂങ്ങയും ബാംഗ്ളൂര്‍ ഡെയ്സുമാണ് വന്‍ഹിറ്റുകള്‍ എന്ന് പറയാം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക