Image

വൃദ്ധജനങ്ങളുടെ ശ്രദ്ധക്ക്‌ (സുധീര്‍ പണിക്കവീട്ടില്‍)

Published on 28 December, 2014
വൃദ്ധജനങ്ങളുടെ ശ്രദ്ധക്ക്‌ (സുധീര്‍ പണിക്കവീട്ടില്‍)
ഹിന്ദു പുരാണത്തിലെ മാര്‍ക്കണ്ഡേയനെപോലെ എന്നും പതിനാറ്‌ വയസ്സായിരിക്കാനാണു എല്ലാവര്‍ക്കും ആഗ്രഹം. എന്നാല്‍ കാലം കടന്നു പോകുമ്പോള്‍ മനുഷ്യ ശരീരത്തില്‍ ദൈവം ചില `ഗ്രാഫിറ്റികള്‍' വരച്ച്‌്‌ അതിനെ അലങ്കോലമാക്കുന്നു. വെണ്ണതോല്‍ക്കുമുടലും, മുല്ലമൊട്ട്‌ പോലുള്ള പല്ലും, കാര്‍വേണിയും, സ്വര്‍ണ്ണ/കൃഷ്‌ണ വര്‍ണ്ണവും, പോയി അതൊക്കെ നരയും, ചുളിവും, കഷണ്ടിയും, ഒടിവും, പഴുതും, ചതവുമൊക്കെയായി ജീര്‍ണ്ണിക്കുന്നു. ചിലര്‍ക്കൊക്കെ അത്‌ വളരെ ദുസ്സഹവും, ആ അവസ്‌ഥയോട്‌ പൊരുത്തപെടാന്‍ ബുദ്ധിമുട്ടും അനുഭവപ്പെടുമ്പോള്‍ `വാര്‍ദ്ധക്യം' എന്ന ഭീകരന്‍ തന്റെ ആധിപത്യം സ്‌ഥപിക്കുകയായി. എന്നാലും പ്രതിദിനം ഭയപ്പെടുത്തുന്ന രൂപം ചുരുക്കം ചിലര്‍ക്കേ ഉണ്ടാകുന്നുള്ളു. ഉദാഹരണത്തിനു കഷണ്ടി എല്ലാവരുടേയും ഭംഗി കുറയ്‌ക്കുന്നില്ല. കഷണ്ടിയുടെ മറ്റൊരു പദമായ `പെട്ട' എന്നുപയോഗിക്കുമ്പോള്‍ എത്രയോ `ബഹുമാനപ്പെട്ട' `പ്രിയപ്പെട്ട' `ഭംഗിയാക്കപ്പെട്ട', തലകള്‍ നമ്മള്‍ കാണുന്നു. പ്രായത്തെ ആകര്‍ഷകമാക്കാന്‍ ശ്രമിക്കുന്നത്‌ നല്ലതാണ്‌. വല്യപ്പനിപ്പോ പണ്ടത്തെപോലൊന്നും വയ്യടി മനമേ... എന്ന്‌ പാടി വാര്‍ദ്ധക്യത്തിനു്‌ അടിയറ വച്ചിരുന്നു പണ്ടത്തെ തലമുറ. ഇപ്പോഴത്തെ വല്യപ്പന്‍മാര്‍ വയാഗ്ര പോലുള്ള മസില്‍ പവ്വറുകള്‍ അന്വേഷിച്ച്‌ വട്ടം കറങ്ങുകയാണു. അത്‌ കാലം മാറുമ്പോള്‍ ഉണ്ടാകുന്ന ചില തമാശകള്‍. മരിക്കാനും വയസ്സാകാനും മനുഷ്യനു മനസ്സില്ല. അതുകൊണ്ട്‌ മരുന്നു കമ്പനികള്‍ക്കും കോസ്‌മെറ്റിക്‌ കമ്പനികള്‍ക്കും ഇപ്പോള്‍ ചാകര.

ഒരിക്കല്‍ ദുര്‍വ്വാസ്സാവ്‌ മഹര്‍ഷി ഇന്ദ്രനു കൊടുത്ത മാല അദ്ദേഹം തന്റെ വാഹനമായ ആനയുടെ നെറ്റിയില്‍ ചാര്‍ത്തി. തേനും സുഗന്ധവുമുണ്ടായിരുന്ന അതിലെ പൂക്കളിലേക്ക്‌ ഈച്ചകള്‍ ആര്‍ത്തപ്പോള്‍ ആന അത്‌ വലിച്ച്‌ താഴെയിട്ടു. ക്ഷിപ്രകോപിയായ ദുര്‍വ്വാസാവ്‌ ഇന്ദ്രനേയും സകല ദേവന്മാരേയും ശപിച്ച്‌ അവരുടെ ശക്‌തിയും സൗന്ദര്യവും നഷ്‌ടപെടുത്തി. യൗവ്വനം വീണ്ടെടുക്കാന്‍ അസുരന്മാരുടെ സഹായത്തോടെല്‌പ പാലാഴി മഥനം ചെയ്‌ത്‌ അവര്‍ അമ്രുത്‌ വീണ്ടെടുത്തു. അസുരന്മാര്‍ക്കും മനുഷ്യര്‍ക്കും അത്‌ കിട്ടതിരിക്കാന്‍ ദേവന്മാര്‍ ശ്രദ്ധിച്ചു. അമ്രുതകുംഭവുമായ്‌ ഗരുഢന്‍ പറക്കുമ്പോള്‍ അതില്‍ നിന്നും അമൃത തുള്ളികള്‍ പ്രയാഗിലും, ഹരിദ്വാരിലും, ഉജ്ജയിനിയിലും നാസിക്കിലും വീണുവെന്ന്‌ ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. അവിടെ നടക്കുന്ന കുംഭമേളയില്‍ പങ്കെടുത്ത്‌ അമൃത്‌ തുള്ളികള്‍ വീണ നിലത്ത്‌ ചവുട്ടി അമരത്വം ആശിക്കുന്നു. ആധുനിക കോസ്‌മെറ്റിക്ക്‌ കമ്പനികള്‍ വാര്‍ദ്ധക്യം നഷ്‌ടപ്പെടുത്തുന്ന അഴക്‌ വീണ്ടെടുക്കാനുള്ള മരുന്നുകള്‍ വിപണിയില്‍ നിരത്തി മനുഷ്യരെ പ്രലോഭിപ്പിച്ചുകൊണ്ട്‌ ധനം സമ്പാദിക്കുന്നു. മരിക്കാനും വാര്‍ദ്ധക്യ കെടുതികള്‍ താങ്ങാനുമുള്ള കരുത്ത്‌ മനുഷ്യര്‍ക്ക്‌ നഷ്‌ടപ്പെടുന്നത്‌ ശാസ്ര്‌തപുരോഗതി അവനു നല്‍കിയ ഒരു കീറാമുട്ടിയാണ്‌. എന്തിനും മരുന്നുകള്‍ സുലഭമായപ്പോള്‍ അവ പരീക്ഷിച്ച്‌ കൊണ്ടിരിക്കുക എന്ന കെണിയിലാണു മനുഷ്യര്‍ ഇപ്പോള്‍. അത്‌ കൊണ്ട്‌ അവനു അവസാന കാലത്ത്‌ ലഭിക്കുന്ന ശാന്തിയും മനസമാധാനവും നഷ്‌ടപ്പെടുന്നു. അഴകിയ രാവണന്‍ കളിച്ച്‌ നടക്കുന്നതില്‍ അപാകതയില്ലെങ്കിലും വയസ്സിനനുസരിച്ച വലുപ്പം പ്രാപിക്കാന്‍ മറന്നു പോകുമ്പോള്‍ സമൂഹം താറുമാറാകുന്നു.

മനസ്സില്‍ സ്വപ്‌നങ്ങള്‍ക്ക്‌ പകരം ഒരാള്‍ക്ക്‌ നിരാശ നിറയുമ്പോഴാണു വാര്‍ദ്ധക്യം ഒരാളെ സമീപിക്കുന്നത്‌ എന്ന്‌ പഴമക്കാര്‍ പറയുന്നു. അന്ന്‌ വാര്‍ദ്ധക്യം എന്നത്‌ ഒരു അവസ്‌ഥയായിരുന്നു. ഒരു മനുഷ്യനു ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം എന്നീ ദശകളിലൂടെ കടന്നു പോകാതെ വയ്യ. തൈലം തേച്ച്‌ കുളിച്ചും, മിതമായി ഭക്ഷണം കഴിച്ചും, നാലും കൂട്ടി മുറുക്കിയും, ഈശ്വര ചിന്തയോടെ നടക്കുന്ന ദൈവീകത്വമുള്ള വൃദ്ധ-വൃദ്ധന്മാരെയാണ്‌്‌ ഈ ലേഖകന്റെ കുട്ടിക്കാലത്ത്‌ കണ്ടിരിക്കുന്നത്‌. അവരുടെ സന്തോഷം പേരക്കിടാങ്ങളായിരുന്നു. അമ്പിളിയെ കളിപമ്പരമാക്കാന്‍ കൊതിക്കുന്ന ശൈശവത്തിന്റെ സ്വര്‍ഗ്ഗരാജത്ത്‌ അവരും സന്തുഷ്‌ടരായി. എന്നാല്‍ അന്നും ചില വ്രുദ്ധന്മാര്‍ ആത്മീയമായ ആനന്ദവും സൗഖ്യവും അനുഭവിച്ചിരുന്നില്ല. മക്കളും പേരക്കിടങ്ങളുമൊക്കെയുള്ള ഒരു മുത്തച്‌ഛനും അദ്ദേഹത്തിന്റെ യുവാവായ കൊച്ചു മകനും തമ്മില്‍ നടന്ന സംഭാഷണം ശ്രദ്ധിക്കുക. മുത്തച്‌ഛന്‍ വിധുരന്‍ (ഭാര്യ മരിച്ചവന്‍) ആണു്‌. ഓരോ മക്കളുടേയും അടുത്ത്‌ മാറി മാറി താമസിക്കയാണു്‌. ആരോഗ്യത്തിനും പണത്തിനും കുറവില്ല. രാവിലെ മരുമകള്‍ അമ്മായിയപ്പനിഷ്‌ടമുള്ള ചിരട്ട പൂട്ടും, അതിന്റെ നെറുകയില്‍ സമ്രുദ്ധമായി കോരി ഒഴിക്കുന്ന പശുവിന്‍ നെയ്യും പഞ്ചസാരയും, നേന്ത്രപ്പഴം നുറുക്കി പുഴുങ്ങിയതും, ഒരു വലിയ കപ്പ്‌ നിറയെ ധാരാളം പാലില്‍ കുറുക്കിയുണ്ടാക്കുന്ന കാപ്പിയും ഉണ്ടാക്കി കൊടുത്തത്‌ കഴിച്ച്‌്‌, എത്രയോ വര്‍ഷങ്ങളായി വലിക്കുന്ന ഡണ്‍ഹില്‍ സിഗരറ്റും കൊളുത്തി വര്‍ത്തമാനപത്രങ്ങള്‍ വായിച്ചിരിക്കുന്ന മുത്തച്‌ഛനോട്‌ കൊച്ചുമകന്‍ ചോദിക്കുന്നു. മുത്തച്‌ഛനെ ഞങ്ങളൊക്കെ എത്രമാത്രം സ്‌നേഹിക്കുന്നു, കരുതുന്നു. മുത്തച്‌ഛന്റെ മുഖത്ത്‌ എന്താണു എപ്പോഴും ഒരു വിഷാദ ഭാവം. മുത്തച്‌ഛന്‍ പറഞ്ഞു. ഇനി പേടിക്കാനില്ലെന്ന ഭാവത്തില്‍ സ്‌തീകള്‍ എന്റെയടുത്ത്‌ വന്നിരിക്കയും സംസാരിക്കയും ചെയ്യുമ്പോള്‍ എനിക്ക്‌ വളരെ വിഷമം ഉണ്ട്‌. ഇത്‌ നടന്നത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണു. ഇപ്പോള്‍ അങ്ങനെ വിഷാദിച്ചിരിക്കാതെ മുത്തച്‌ഛന്മാര്‍ ഡെയ്‌റ്റിംഗ്‌, പുനര്‍വിവാഹം മുതലായവ നടത്തി വയസ്സ്‌ കാലത്ത്‌ സംസാരദു:ഖങ്ങള്‍ ഏറ്റ്‌ വാങ്ങുന്നു.

നമ്മളിലെല്ലാം ജന്മസിദ്ധമായ വാസനകള്‍ (Tendency) ഉണ്ട്‌ ഇത്‌ കഴിഞ്ഞ ജന്മത്തില്‍ നിന്നും ഈ ജന്മത്തില്‍ നിന്നും നമ്മള്‍ നേടുന്നത്രെ, എനിക്ക്‌ അത്‌ വേണം, എനിക്ക്‌ അതിഷ്‌ടമാണ്‌ എന്ന്‌ ചിന്തിക്കയും അതിന്റെ സാക്ഷത്‌കാരത്തിനു വേണ്ടി പ്രവര്‍ത്തിക്കയും ചെയ്യുമ്പോള്‍ അവയെല്ലാം വാസനകളായി നമ്മില്‍ ചേരുന്നു. അത്തരം പ്രവര്‍ത്തികള്‍ കഴിഞ്ഞ്‌പോയതും നമ്മള്‍ മറന്നുപോയതുമായിരിക്കും. എന്നാലും ആ വാസന ശേഷിക്കുന്നു. അതിനുദാഹരണമായി പറഞ്ഞിരിക്കുന്നത്‌ നമ്മള്‍ ഒരു മുല്ലപൂ വാസനിപ്പിച്ചതിനുശേഷം അത്‌ കളഞ്ഞാലും കുറച്ച്‌ സമയം ആ സുഗന്ധം നമ്മുടെ കയ്യില്‍ ഉണ്ടാകുന്നപോലെയെന്നാണു്‌. മേല്‍ പറഞ്ഞ മുത്തച്‌ഛന്‍ പ്രായമായിട്ടും ലൗകിക ചിന്തകളുടെ മായാജാലത്തില്‍ കുടുങ്ങി കിടക്കുന്നത്‌ അത്‌കൊണ്ടാണു്‌. കാലത്തിനനുസരിച്ച്‌ ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. മനസ്സും ആ മാറ്റങ്ങള്‍ക്കൊപ്പം മാറ്റിയാല്‍ അസംത്രുപ്‌തിയും അശാന്തിയും ഉണ്ടാകയില്ല.

ഒരു ചെറുപ്പക്കാരന്‍ ശങ്കരാചാര്യരെ സമീപിച്ച്‌ ചോദിച്ചു. അറിവ്‌ തേടിയുള്ള എന്റെ പ്രയാണങ്ങളില്‍ ഞാന്‍ വിജയം നേടിയെന്ന്‌ വിശ്വസിക്കുന്നു. എങ്കിലും ജീവിതത്തില്‍ സമാധാനവും സംത്രുപ്ര്‌തിയും നേടുന്നതെങ്ങനെ. ആ ചെറുപ്പക്കരനും ആചാര്യരും തമ്മില്‍ നടന്ന സംഭാഷണം `വിവേകചൂഡാമണി'' എന്ന പേരില്‍ അറിയപ്പെടുന്നു. അതില്‍ ജീവിതത്തിന്റെ അവസാന കാലം (വയസ്സാന്‍ കാലം) എങ്ങനെ കാണണമെന്നും എങ്ങനെ അതിനെ പൂര്‍ണ്ണമാക്കണമെന്നും പറയുന്നുണ്ട്‌. ഭാരതീയ ചിന്തകളില്‍ മനുഷ്യായുസ്സ്‌ നൂറായി സങ്കല്‍പ്പിച്ച്‌ അതിനെ നാലായി തിരിച്ചിരിക്കുന്നു. ഒന്നു മുതല്‍ ഇരുപത്തിയഞ്ച്‌ വയസ്സ്‌ വരെ ബ്രഹ്‌മചര്യാശ്രമം, ഇരുപത്തിയഞ്ച്‌ വയസ്സ്‌ മുതല്‍ അമ്പത്‌ വയസ്സ്‌ വരെ ഗ്രഹസ്‌ഥാശ്രമം, അമ്പത്‌ വയസ്സ്‌ മുതല്‍ എഴുപത്തിയഞ്ച്‌ വയസ്സ്‌ വരെ വാനപ്രസ്‌ഥം, എഴുപത്തിയഞ്ച്‌ മുതല്‍ നൂറു വരെയുള്ള കാലം സന്യാസം. വിവേക്‌ ചൂഡാമണിയില്‍ ഇത്‌ വളരെ വിസ്‌തരിച്ച്‌ പറയുന്നു. പശ്‌ചാത്യരുടെ കണക്ക്‌ ഇങ്ങനെ പോകുന്നു. 1-60 വരെ ചെറുപ്പം. ചെറുപ്പക്കാരായ വയസ്സന്മാര്‍ (60-69) മദ്ധ്യവയസ്‌കരായ വയസ്സന്മാര്‍ (70-79) വയസ്സായ വയസ്സന്മാര്‍ (80+)

മനുഷ്യന്റെ അവസാനിക്കാത്ത ആഗ്രഹങ്ങളാണ്‌ അവനു പ്രയാസങ്ങളും കഷ്‌ടങ്ങളും നല്‍കുന്നത്‌. വയസ്സകുമ്പോള്‍ ശരീരം ആ അവസ്‌ഥ വെളിപ്പെടുത്തുന്നു. മരുന്നുകളും, മായാജാലങ്ങളും കൊണ്ട്‌ വയസ്സ്‌ മറച്ചു വക്കുന്നതില്‍ കുഴപ്പമൊന്നുമിക്ല പക്ഷെ കൃത്രിമമായി മാറ്റി കിട്ടിയ രൂപം ശ്വാശ്വതമായി കാണാതിരുന്നാല്‍ മതി. വയസ്സിനനുസരിച്ചുള്ള പ്രവര്‍ത്തികളില്‍ നിശ്‌ചയമായും ഇടപെടാതിരിക്കയും ചെയ്യരുത്‌. ഓഷൊ പറഞ്ഞ ഒരു തമാശയുണ്ട്‌. ഒരു രോഗി അയാളുടെ കൂട്ടുകാരോട്‌ പരാതിപ്പെടുന്നു. ഒരു വര്‍ഷവും മൂവ്വായിരം ഡോളറും ചിലവാക്കി കഴിഞ്ഞപ്പോള്‍ ഡോക്‌ടര്‍ പറയുന്നു. എന്റെ അസുഖം ഭേദപ്പെട്ടെന്ന്‌. ഒരു വര്‍ഷം മുമ്പ്‌ ഞാന്‍ എബ്രാഹാം ലിങ്കണ്‍ ആയിരുന്നു. ഇപ്പോള്‍ ഞാന്‍ ആരുമല്ല. എത്രയൊക്കെ വേഷം കെട്ടി ചെറുപ്പകാരനായാലും തിരിച്ചറിയുന്നവര്‍ തിരിച്ചറിയും. കാശും പണവും ചിലവാക്കിയിട്ടും രോഗിയുടെ അസുഖം മാറുന്നില്ല.

ഇപ്പോള്‍ ജനങ്ങള്‍ക്കുള്ളത്‌ യയാതി സിന്‍ഡ്രൊം ആണ്‌്‌. എന്താണ്‌്‌ യയാതിയുടെ കഥ? മഹാഭാരതം ആദിപര്‍വ്വത്തിലും, ഭാഗവതപുരാണത്തിലും യയാതി എന്ന രാജാവിനെപ്പറ്റിയുള്ള വിവരങ്ങള്‍ നമ്മള്‍ വായിക്കുന്നു. സുന്ദരിയായ ദേവയാനി ഭാര്യയായിരിക്കുമ്പോള്‍ തന്നെ ശര്‍മ്മിഷ്‌ട എന്ന തോഴിയേയും ഭാര്യയാക്കി ആ വിവരം ഭാര്യയില്‍ നിന്നും മറച്ചുവച്ച്‌ കഴിയവേ സത്യം പുറത്ത്‌ വരികയും ദേവയാനിയുടെ അച്‌ഛന്‍ യയാതിയെ ശപിച്ച്‌ വൃദ്ധനാക്കുകയും ചെയതു. മരുമകന്‍ വുദ്ധനായാല്‍ അത്‌ മകളേയും ബാധിക്കുമക്ലോ എന്നോര്‍ത്ത്‌ യയാതിയുടെ അപേക്ഷ പ്രകാരം അമ്മായിയപ്പന്‍ ശാപമോചനം നല്‍കി. ആരെങ്കിലും അവരുടെ യൗവ്വനം വച്ചു മാറാന്‍ തയ്യാറായല്‍ വീണ്ടും യയാതിക്ക്‌ ചെറുപ്പമാകാം. പക്ഷെ വാര്‍ദ്ധ്യകാവസ്‌ഥ ആര്‌ ഇഷ്‌ടപ്പെടും. യയാതി തന്റെ പുത്രന്മാരുടെ യുവത്വം യാചിച്ചു. ആരും വഴങ്ങിയില്ല. ഇളയപുത്രനായ പുരു അവന്റെ യുവത്വം അച്‌ഛനു കൊടുത്തു. യയാതി വര്‍ഷങ്ങളോളം യുവായി ലൗകിക സുഖങ്ങളില്‍ മുഴുകി കഴിഞ്ഞെങ്കിലും ഇന്ദ്രിയങ്ങളുടെ ആഗ്രഹങ്ങള്‍ ശമിപ്പിക്കാന്‍ കഴിഞ്ഞില്ല. അനിയന്ത്രിതമായ അഭിനിവേശത്തോടെ അതിവേഗം കുതിക്കുന്ന ഒരു കുതിരയെപോലെ യയാതി സഞ്ചരിച്ചു. തീയ്യില്‍ എണ്ണ ഒഴിക്കുന്ന പോലെ നിറവേറുമ്പോള്‍ പൂര്‍വ്വാധികം ശക്‌തിയോടെ വീണ്ടും ആഗ്രഹങ്ങള്‍ നുരഞ്ഞു പൊന്തി. അവസാനം യയാതിക്ക്‌ തന്റെ തെറ്റ്‌ മനസ്സിലായി. ഭഗവത്‌ ഗീതയില്‍ പറയുന്നപോലെ (7.20) ഇന്ദ്രിയാനുഭൂതിക്ക്‌ വേണ്ടി പരക്കം പായുന്നവനു അവന്റെ ബുദ്ധി നഷ്‌ടപ്പെടുന്നു. അവസാനം തിരിച്ചറിവുണ്ടായപ്പോള്‍ യയാതി തന്റെ യുവത്വം മകനു തിരിച്ചു കൊടുത്ത്‌ തന്റെ ജീവിതം മതിയാക്കി. ജീവിതത്തിന്റെ ലൗകിക സുഖങ്ങള്‍ക്ക്‌്‌ പിന്നാലെ പായുന്ന മനസ്സിന്റെ വിവരമില്ലായ്‌മ അനുഭവപ്പെടുന്നത്‌ വൈകിയാണ്‌. ഈ ലോകത്തിന്റെ ഭക്ഷണവും, സ്‌ത്രീകളും, ധനവും ഇന്ദ്രിയങ്ങളെ അടക്കാന്‍ കഴിയാത്ത ഒരു മനുഷ്യന്റെ വിശപ്പ്‌ ഒരിക്കലും ശമിക്കുന്നില്ല.

കൃത്രിമത്വം കാണിക്കാതെ ജീവിതത്തിന്റെ വിവിധ അവസ്‌ഥകളെ അതേപ്പടി സ്വീകരിച്ചിരുന്ന പണ്ടത്തെ മനുഷ്യന്റെ ചിന്തകള്‍ക്കും ആക്രുതിക്കും വ്യത്യാസം വന്നു. വെള്ളി തലമുടിയുള്ള കൂട്ടര്‍ ഇപ്പോള്‍ വിരളം. മുത്തശ്ശിക്ക്‌ കഥപറയാനോ, മുത്തശ്ശനു പേരക്കിടാങ്ങളെ താലോലിക്കാനോ സമയമില്ല. അതെല്ലാം ഓരോരുത്തരുടെ ജീവിതശൈലികള്‍. എന്നാല്‍ വാര്‍ദ്ധക്യാവസ്‌ഥയില്‍ യുവത്വം വീണ്ടെടുക്കാനുള്ള വ്യഗ്രത വച്ചു പുലര്‍ത്തുമ്പോള്‍ യയാതിയെപോലെ അവസാനം ദു:ഖിക്കേണ്ടി വരും. കാലക്രമമനുസരിച്ച പുരുഷനു ധാതുക്ഷയമുണ്ടാകുന്നു. അത്‌ പ്രക്രുതിയുടെ തീരുമാനം. അതിനെ വെല്ലുവിളിച്ച്‌ വയാഗ്ര പോലുള്ള മരുന്ന്‌ കഴിച്ച്‌ പലപ്പോഴും ഫലമിക്ലാതെ പലരും നിരാശരാകുന്നു. എല്ലാവര്‍ക്കും അവരവരുടെ ശരീരസ്‌ഥിതിയനുസരിച്ചുള്ള ആരോഗ്യമുണ്ട്‌. അവര്‍ക്ക്‌ മരുന്നുകളുടെ പുറകെ ഓടേണ്ട കാര്യമില്ല. നമ്മുടെ ജീവിതശൈലി അതിനെ ചിലപ്പോള്‍ നശിപ്പിച്ച്‌ കളയുന്നു. തളര്‍ന്ന്‌ കിടക്കുന്ന കുതിരക്ക്‌ വെള്ളമോ ഭക്ഷണമോ നല്‍കാതെ അതിനെ തല്ലി നടത്തുന്നപോലെയാണു്‌ വയസ്സ്‌ കാലത്ത്‌ യുവത്വം നേടനുള്ള മരുന്ന്‌ നേടുന്നവര്‍ ചെയ്യുന്നത്‌. അമ്പത്‌ മുതല്‍ എഴുപത്തിയഞ്ച്‌ വയസ്സ്‌ വരെയുള്ള (വാനപ്രസ്‌ഥം) കാലഘട്ടത്തില്‍ ചുവപ്പിച്ച ചുണ്ടുകളും കറുപ്പിച്ച തലമുടിയുമായി നടക്കുമ്പോള്‍ ഓര്‍ക്കേണ്ടത്‌ ഒന്നാണ്‌്‌ പ്രായത്തിനനുസരിച്ച്‌ മനസ്സിനെ നിയന്ത്രിക്കുക. ബാഹ്യമായി കാണുന്നതിനെ മനോഹരമാക്കി വക്കുന്നത്‌ പോലെ മനസ്സും സുന്ദരമാക്കുക. യയാതി സിന്‍ഡ്രോമില്‍ നിന്ന്‌ ഒഴിവാകുകയാണ്‌്‌ വൃദ്ധരാകുന്നവര്‍ക്ക്‌ സുഖം, സുഖകരം
വൃദ്ധജനങ്ങളുടെ ശ്രദ്ധക്ക്‌ (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
A.C.George 2014-12-28 18:17:07
Sudhir Panikkaveettil is a courages (Sudhir) writer. "Thottthallam Ponnakkunna" Writer is Sudhir Panikkaveettil. His writing skills are something unique for me. For example look at this message for the old people  me. So, please read his messge, my dear Malayalee senior citizens.
Even some of our writers are ever green heros and heroins. Along with their literary contributions they display their sweet seventeen photos. When they appear on stages to receive literary awards or ponnadas, we cannot even recognize them.. Any way this article is some thing to think out and proper for new year. Congratulations to Sudhir Sir and emalayalee.com officials. Happy new year "Greeting" from this Malayalee senior citizen.. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക