Image

ഇക്കരെയക്കരെയിക്കരെ (മാതാവിന്റെ സന്നിധിയില്‍: രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 26 December, 2014
ഇക്കരെയക്കരെയിക്കരെ (മാതാവിന്റെ സന്നിധിയില്‍: രാജു മൈലപ്രാ)
പൂമരങ്ങള്‍ തണലു വിരിച്ച, നീണ്ടു നിവര്‍ന്നു കിടക്കുന്ന, കുണ്ടും കുഴിയുമില്ലാത്ത റോഡിലൂടെ യാത്ര തുടരുകയാണ്. പതിനൊന്നു മണിയായപ്പോഴേക്കും, കുളിരിനു യാത്രാമൊഴി ചൊല്ലി സൂര്യന്‍ തന്റെ പ്രതാപം വിളിച്ചറിയിച്ചു. വഴിയോരത്ത് ധാരാളം ഇളനീര്‍ കച്ചവടക്കാര്‍. മരച്ചില്ലകളില്‍ കെട്ടിത്തൂക്കിയിട്ടിരിക്കുന്ന ചെന്തെങ്ങിന്‍ കുലകള്‍ കാണാന്‍ നല്ല ഭംഗി.
“എടാ, എവിടെയെങ്കിലുമൊന്നു നിര്‍ത്താന്‍ പറ. വല്ലാത്ത ദാഹം.”
അപ്പാന്റെ റിക്വസ്റ്റ്.
വഴിവക്കില്‍ കരിക്കു കച്ചവടം നടത്തുന്ന ഒരു സ്ത്രീയുടെ അടുത്തേക്കു വണ്ടി നിര്‍ത്തി. പത്തു മിനിറ്റു വിശ്രമം.
കാറ്റു ജോയിയുടെ 'ദാഹം' തീര്‍ന്നപ്പോള്‍ അവന് ഇളനീര്‍ വില്പനക്കാരിയുടെ പേരറിയണം.
“ഉങ്ക പേരു ശൊല്ലൈ”- അവനിലെ തമിഴ് വിജ്ഞാനം ഉണര്‍ന്നു.
“തങ്കമ്മാള്‍”
 “ഊരങ്കെ”
“അന്തവയലിലെ ഓരത്തിലെ” – തങ്കമ്മാള്‍ വയലിനക്കരെയുള്ള കട്ടിലിന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടി.
“ഉങ്ക കണവനുക്കു പേരന്തൈ? അവന്‍ എങ്ക ഇറുക്കാ!”- ഞാനും തമിഴില്‍ത്തന്നെ കാച്ചി.
“ശെല്‍വമണി. ദോ അവിടൈ!” അവള്‍ അടുത്ത മരച്ചുവട്ടിലെ കച്ചവടക്കാരന്റെ നേര്‍ക്ക് ഞങ്ങളുടെ കണ്ണുകളെ ആനയിച്ചു. ശെല്‍വമണിയുടെ കൈയിലെ കൊടുവാളു കണ്ടപ്പോഴേ 'കാറ്റി'ന്റെ  കാറ്റു പോയി. അവന്‍ കാറിനുള്ളിലേക്കു വലിഞ്ഞു.

ഇലക്ഷന്‍ വിജ്ഞാപനം വന്നതുകൊണ്ട് കൂടെക്കൂടെ പോലീസുകാരുടെ വക വാഹന പരിശോധനയുണ്ടായിരുന്നു. ആദ്യ പരിശോധനയില്‍ ഞാനൊന്നു ഞെട്ടി. പക്ഷേ ഒളിപ്പിക്കേണ്ട കാര്യങ്ങള്‍ അതി വിദ്ഗദമായി അപ്പാനും ജോയിയും കൂടെ ഒളിപ്പിച്ചു. ഇലക്ഷന്‍ സമയത്ത് കേരളത്തില്‍ തേരാ പാര നടന്നിട്ടും, ഒരു സ്ഥലത്തുപോലും പോലീസുകാര്‍ വാഹന പരിശോധന നടത്തിയില്ല. അവര്‍ക്കു വേറെ പണിയുണ്ട്. ഇലക്ഷന്‍ പ്രചാരണത്തിനും, വോട്ടറന്മാരെ സ്വാധീനിക്കുന്നതിനും മറ്റും കള്ളപ്പണം കടത്തുന്നുണ്ടോ എന്നറിയുവാനാണ് ഈ പരിശോധന.
വേളാങ്കണ്ണി തഞ്ചാവൂര്‍ ജില്ലയിലാണ്. പള്ളിക്ക് അധികം ദൂരെയല്ലാതുള്ള “വേളാങ്കണ്ണി ലേക്ക് റിസോര്‍ട്ട്” എന്നൊരു ഹോട്ടലില്‍ ഊണു കഴിക്കാനായി കയറി.

“എനിക്ക് വെജിറ്റേറിയന്‍ ഊണു മതി.” അപ്പാന്‍ വെയിറ്ററോടു പറഞ്ഞു. പിന്നെ ഒരു കരിമീന്‍ വറുത്തതും ബീഫ് ഫ്രൈയും”. ഇത് എന്തൊരു വെജിറ്റേറിയന്‍ ആണെന്നു കരുതി ഞാന്‍ മനസ്സറിയാതെ ചിരിച്ചു പോയി. തരക്കേടില്ലാത്ത ഭക്ഷണം അവിടെത്തന്നെ അന്തിയുറങ്ങാന്‍ തീരുമാനിച്ചു. ഉറപ്പിക്കുന്നതിനു മുന്‍പായി അവിടുത്തെ ബാത്തു റൂം ഒന്നു കാണണമെന്നു പറഞ്ഞത് റിസപ്ഷനിസറ്റിന് അത്ര സുഖിച്ചില്ലെന്നു തോന്നുന്നു. ബാത്ത്‌ റൂം വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ ഇന്‍ഡ്യാക്കാര്‍ക്ക് അത്ര നിര്‍ബന്ധമൊന്നുമില്ല. ഓപ്പണ്‍ എയര്‍ ആണ് ഇക്കാര്യത്തില്‍ പലര്‍ക്കും ഇപ്പോഴും പഥ്യം. കേരളത്തില്‍ ദൂരയാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, നല്ല വൃത്തിയുള്ള ടോയിലറ്റുകളുടെ അഭാവം വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. മദ്യത്തിനും, പരിസ്ഥിതിക്കും, പൊള്ളയായ വികസനത്തിനും വേണ്ടി നിരന്തരം  മുറവിളികൂട്ടുന്ന നമ്മുടെ ഭരണകര്‍ത്താക്കള്‍ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നു. ആണുങ്ങള്‍ മിക്കവരും ഗണ്‍മോന്‍ മാരാണ്. എപ്പോള്‍ ശങ്ക തോന്നുന്നുവോ, അപ്പോള്‍ വഴിയരികില്‍ത്തന്നെ ജലപ്പീരങ്കി പരിസരബോധമില്ലാതെ പ്രവര്‍ത്തിപ്പിക്കും.

'ശുചിത്വ ഭാരതം' എന്നൊരു പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോഡി മുന്നോട്ടു വെച്ചപ്പോള്‍, അതിനെ ഏറ്റവും അധികം എതിര്‍ത്തതു കോണ്‍ഗ്രസ്സുകാരാണ്. പ്രത്യേകമായ ഒരു നയമോ, ഉയര്‍ത്തിക്കാട്ടുവാന്‍ അനുയായികളുള്ള ഒരു നേതാവോ, ഇന്ന് ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിനില്ല. ഇന്ദിരാഗാന്ധി ആനപ്പുറത്തു കയറിയ കാര്യം പറഞ്ഞ്, കൊച്ചുമകന്‍ പൃഷ്ഠത്തിലെ ഇല്ലാത്ത തഴമ്പും തടവി നടക്കുന്നു. തെരഞ്ഞെടുപ്പിനു മുന്‍പേ പരാജയം സമ്മതിക്കുന്ന, കോണ്‍ഗ്രസ്സിന്റെ നില, പ്രാദേശിക ഈര്‍ക്കില്‍പ്പാര്‍ട്ടികളേക്കാള്‍ കഷ്ടമാണ്.

ഏതായാലും അവസരത്തിനൊത്തു ശശി തരൂര്‍ ഉയര്‍ന്നു. തിരുവനന്തപുരം  അടിച്ചുവാരി വൃത്തിയാക്കിയിട്ടേ താനിനി അടങ്ങുകയുള്ളൂ എന്ന പ്രതിജ്ഞയുമെടുത്ത് ഗാന്ധിജിയുടെയും, പിന്നെ മോഡിയുടേയും പടങ്ങള്‍ക്കു മുന്നില്‍ വണങ്ങിയിട്ട് അദ്ദേഹം കളത്തിലിറങ്ങി. തലേന്നു തന്നെ പ്രവര്‍ത്തകര്‍ കരുതിവെച്ചിരുന്ന ഒരു ചത്തഎലിയെ ഗ്ലൗസിട്ട കൈകള്‍ കൊണ്ട ഉയര്‍ത്തിക്കാട്ടി ഫോട്ടോ സെഷനു വേണ്ടി പോസു ചെയ്ത ശേഷം തരൂര്‍ തട്ടകം വിട്ടു. മിടുക്കനല്ല, മിടുമിടുക്കന്‍-

ബാത്തുറൂം ഓക്കെയാണെന്നു ഉറപ്പുവരുത്തിയിട്ട് അവിടെത്തന്നെ മുറിയെടുക്കുവാന്‍ തീരുമാനിച്ചു. ചെട്ടിനാടു സംസ്‌കാരത്തില്‍ പഴയ തടിയും കല്ലും കൊണ്ടു തീര്‍ത്ത തമിഴ്‌നാട്ടിലെ ഏക ബാക്ക് വാട്ടര്‍ റിസോര്‍ട്ട് ആണെന്നാണ് അവര്‍ അവകാശപ്പെട്ടത്. രണ്ടു മുറികള്‍- ചുറ്റും വെള്ളം-
“ചുറ്റും പുഴ വേണം- പുഴയില്‍ മീന്‍ വേണം
കടവില്‍ വെണ്ണക്കല്ലുകള്‍ പാകിയ കല്ലട വേണം”-

കുട്ടിക്കാലത്തു കണ്ട ആ സ്വപ്നം അങ്ങിനെ ഒരു ദിവസത്തേക്ക് ഒരു നാലുമണിപ്പൂവായി വിടര്‍ന്നു.
ഒരു കളി പാസ്സാക്കി, കുറച്ചു വിശ്രമിച്ചതിനുശേഷം വേളാങ്കണ്ണി പള്ളിയേക്കു പുറപ്പെട്ടു. ഒരു ചെറിയ പള്ളി മാത്രം ഭാവനയില്‍ കണ്ട ഞാന്‍, അവിടെച്ചെന്നപ്പോള്‍ കണ്ടത് സ്വര്‍ഗ്ഗം മുട്ടി നില്‍ക്കുന്ന അഞ്ചു വലിയ പള്ളികള്‍- എന്തു കൊണ്ടോ അന്നേരത്തെ എന്റെ മൂഡില്‍ അവിടെയുള്ള അന്തരീക്ഷം എന്റെ മനസ്സിന് അത്ര ഇണങ്ങിയില്ല- മാതാവിനെ ശരിക്കും മാര്‍ക്കറ്റു ചെയ്തിരിക്കുന്നു.

ആദ്യം കണ്ട പള്ളിയങ്കണത്തിലേക്കു പ്രവേശിച്ചപ്പോള്‍ തന്നെ 'God Bless Our Home, Help us Mother of God' തുടങ്ങിയ Stickers മായി ചില കൊച്ചുകുട്ടികള്‍ ചുറ്റും കൂടി. പത്തു പതിനൊന്നു വയസ്സുള്ള മീനാക്ഷി എന്ന പെണ്‍കുട്ടി. “അമ്മ വാങ്കിങ്കോ- വെറു പത്തു രൂപാ” കൂടെ ആറേഴ് വയസ്സുള്ള മറ്റൊരു പെണ്‍കുട്ടിയും. ഒരു sticker   വാങ്ങിയിട്ട് നൂറുരൂപാ കൊടുത്തിട്ട് രണ്ടു പേരും കൂടി പങ്കിട്ടെടുത്തു കൊള്ളുവാന്‍ ഞാന്‍ പറഞ്ഞു.

“വേളാങ്കണ്ണി മാതാവാണേ, ഇവളെ എനക്കു തെരിയാതെ” മീനാക്ഷി കട്ടായം പറഞ്ഞു. കൊച്ചുകുട്ടിയും തന്നു മറ്റൊരു സ്റ്റിക്കര്‍. നൂറുരൂപാ- ഒരു ഫോട്ടോയെടുക്കുവാന്‍ ഞാന്‍ അനുവാദം ചോദിച്ചു. തങ്കമണി ഇങ്ക വാങ്കോ- സാറു പടം പിടിക്കണു. മീനാക്ഷിയുടെ സ്വന്തം സഹോദരിയാണ്. പൈസ കൈയിലെത്തിയപ്പോള്‍ അവര്‍ ബന്ധം പുനസ്ഥാപിച്ചു. ജ്യേഷ്ഠത്തിക്ക് കുഞ്ഞനുജത്തിയോടുള്ള  സ്‌നേഹവാത്സല്യങ്ങള്‍ കണ്ടപ്പോള്‍ സന്തോഷം തോന്നി.

പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള വേളാങ്കണ്ണിയില്‍പ്പോലും Child labor/abuse നിര്‍ബാധം നടക്കുന്നു പള്ളിയില്‍ നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിച്ച് പുറത്തിറങ്ങിയപ്പോള്‍, ദയനീയ മുഖവുമായി ഒരാള്‍- സാര്‍/ ഞാന്‍ രാവിലെ വന്നതാണ്- തിരിച്ചു പോകുവാന്‍ വണ്ടിക്കൂലിക്കു പത്തു രൂപാ കുറവുണ്ട്. അയാള്‍ക്കും കൊടുത്തു നൂറു രൂപാ- അതുകൊണ്ട് അവിടെയുള്ള ഒരു സെക്യൂരിറ്റിക്കാരന്‍ അടുത്തുകൂടി-നൂറു രൂപാ നോട്ടുകൊണ്ടു അയാളേയും സല്‍ക്കരിച്ചു. ഞാന്‍ ഹാപ്പി അവര്‍ ഹാപ്പി- സര്‍വ്വത്രപ ഹാപ്പി- തിരിച്ചു ലേക്ക് റിസോര്‍ട്ടിലേക്ക്!

(തുടരും)
ഇക്കരെയക്കരെയിക്കരെ (മാതാവിന്റെ സന്നിധിയില്‍: രാജു മൈലപ്രാ)ഇക്കരെയക്കരെയിക്കരെ (മാതാവിന്റെ സന്നിധിയില്‍: രാജു മൈലപ്രാ)ഇക്കരെയക്കരെയിക്കരെ (മാതാവിന്റെ സന്നിധിയില്‍: രാജു മൈലപ്രാ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക