Image

നൈനയില്‍ നേട്ടങ്ങളുടെ കയ്യൊപ്പുമായി വിമല ജോര്‍ജ്‌

Published on 18 December, 2014
നൈനയില്‍ നേട്ടങ്ങളുടെ കയ്യൊപ്പുമായി വിമല ജോര്‍ജ്‌
നഴ്‌സിംഗ്‌ രംഗത്ത്‌ നേട്ടങ്ങളുടെ കഥകള്‍ രചിച്ച നൈനയുടെ (നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക) ദേശീയ പ്രസിഡന്റ്‌ പദം ഒഴിയുമ്പോള്‍ വിമലാ ജോര്‍ജിന്‌ സംഘടനയെ ഒരു പടികൂടി ഉയര്‍ത്താനായി എന്നതില്‍ നിറഞ്ഞ സംതൃപ്‌തി.

വിമലാ ജോര്‍ജ്‌
പുതുപ്പറമ്പില്‍  നേതൃത്വം കൊടുത്ത കമ്മിറ്റിയുടെ കീഴില്‍ നൈന കപ്പലില്‍ വിജയകരമായ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. ഇതിനു മുമ്പ്‌ ഫോമയും, ഡോക്‌ടര്‍മാരുടെ സംഘടന എ.കെ.എം.ജിയുമാണ്‌ കപ്പലില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചിട്ടുള്ളത്‌.

നേട്ടങ്ങളുടെ പൊന്‍തൂവലായി ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായി ഒപ്പിട്ട കരാര്‍. ഇതിനുസരിച്ച്‌ യൂണിവേഴ്‌സിറ്റിയില്‍ ഏതു കോഴ്‌സിനു ചേരുന്നവര്‍ക്കും 15 ശതമാനം ഫീസിളവ്‌ ലഭിക്കും. നഴ്‌സുമാര്‍ക്കും ജീവിതപങ്കാളിക്കും മാത്രമല്ല കുട്ടികള്‍ക്കും ആ ആനുകൂല്യം ലഭിക്കും. ടാമ്പയില്‍ (ഫ്‌ളോറിഡ) അടുത്തയിടയ്‌ക്ക്‌ നടന്ന ദേശീയ ലീഡര്‍ഷിപ്പ്‌ കോണ്‍ഫറന്‍സ്‌ മറ്റൊരു വിജയകഥയായി. പങ്കെടുത്തവര്‍ക്ക്‌ നഴ്‌സിംഗ്‌ തുടര്‍പഠന സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചു.

നേട്ടങ്ങള്‍ക്കിടയിലും ചില ന്യൂനതകളുള്ളതും വിമലാ ജോര്‍ജ്‌ വിസ്‌മരിക്കുന്നില്ല. പ്രധാനമായും പുതിയ തലമുറയില്‍പ്പെട്ട നഴ്‌സുമാര്‍ സംഘടനയില്‍ കുറവാണെന്നുള്ളത്‌. ആ സ്ഥിതിക്ക്‌ മാറ്റമുണ്ടാകുന്നുണ്ടെന്നു അവ
ര്‍  പറഞ്ഞു. മറ്റൊരു ഇന്ത്യന്‍ സംഘടന എന്ന നിലയിലാണ്‌ ആദ്യമൊക്കെ പുതിയ തലമുറ നൈനയെ വിലയിരുത്തിയത്‌. എന്നാല്‍ ഇതൊരു അസോസിയേഷനല്ലെന്നും, നഴ്‌സുമാരുടെ പ്രൊഫഷണല്‍ സംഘനയാണെന്നും ധാരണ വന്നതോടെ പുതിയ തലമുറയും സജീവമായി രംഗത്തുവരാന്‍ തുടങ്ങി. ലീഡര്‍ഷിപ്പ്‌ കോണ്‍ഫറന്‍സിലും മറ്റും പങ്കെടുക്കുന്നതിന്‌ ഇന്ത്യന്‍ നഴ്‌സ്‌ ആകണമെന്നു പോലുമില്ല. ഏതു സമൂഹത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ വന്നാലും അവര്‍ക്കൊക്കെ അത്‌ പ്രയോജനപ്പെടും.

നൈനയില്‍ ചേര്‍ന്നാല്‍ പലതുണ്ട്‌ ഗുണം. ജോലിയില്‍ നിലനില്‍ക്കാന്‍ പ്രൊഫഷണല്‍ സംഘടനയിലെ അംഗത്വം ഏറെ പ്രയോജനകരമാണ്‌. അത്തരം അംഗത്വമുള്ളവര്‍ നേഴ്‌സിംഗ്‌ രംഗത്തെ പുതിയ ചലനങ്ങളെപ്പറ്റി ബോധ്യമുള്ളവരായിരിക്കുമെന്ന്‌ റിക്രൂട്ടര്‍മാര്‍ക്ക്‌ അറിയാം. നൈന വഴി ലഭിക്കുന്ന തുടര്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്‌ ആണ്‌ മറ്റൊന്ന്‌. നൈന കണ്‍വന്‍ഷനുകളും മറ്റും നഴ്‌സുമാര്‍ക്ക്‌ നേതൃരംഗത്തേക്ക്‌ കടന്നുവരാനുള്ള അവസരങ്ങളും ഒരുക്കുന്നു. ഇവിടെയും ഇന്ത്യയിലുമുള്ള നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ നൈന സ്‌കോളര്‍ഷിപ്പും നല്‍കുന്നു.

വിവിധ പ്രൊഫഷണല്‍ അസോസിയേഷനുകളില്‍ നിന്ന്‌ അംഗീകാരം നേടാനായി എന്നത്‌ നൈനയുടെ അടുത്ത കാലത്തെ നേട്ടങ്ങളില്‍പ്പെടുന്നു. സി.ജി.എഫ്‌.എന്‍.എസ്‌, ഹാബിറ്റാറ്റ്‌ ഫോര്‍ ഹ്യൂമാനിറ്റി, ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ നഴ്‌സസ്‌ അസോസിയേഷന്‍, പേഷ്യന്‍സ്‌ സെസ്റ്റേഡ്‌ ഔട്ട്‌ കം റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ തുടങ്ങിയവ. അലയന്‍സ്‌ ഫോര്‍ എത്തിക്കല്‍ ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ്‌ പ്രാക്‌ടീസിന്റെ സ്ഥിരം ബോര്‍ഡ്‌ അംഗമായി അംഗീകരിക്കപ്പെടുകയും  ചെയ്തു

കടുത്ത ജോലി ഭാരം, അതുമൂലമുണ്ടാകുന്ന മാനസീക സംഘര്‍ഷം, ലേ ഓഫ്‌, ജോലി സംബന്ധമായ മറ്റ്‌ പ്രശ്‌നങ്ങള്‍ തുടങ്ങിയവയൊക്കെയാണ്‌ അമേരിക്കയില്‍ നഴ്‌സുമാര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെന്ന്‌ വിമലാ ജോര്‍ജ്‌ വിലയിരുത്തുന്നു. നൈനയില്‍ അംഗത്വമെടുക്കുമ്പോള്‍ തന്നെ ഒരുപാട്‌ പ്രശ്‌നങ്ങള്‍ തീരുന്നു. അനുഭവങ്ങളും അറിവും പങ്കുവെയ്‌ക്കുവാന്‍ അവിടെ മറ്റുള്ളവര്‍ ഉണ്ടാകുമെന്നതാണ്‌ ഒരു കാരണം. വിഷമതകള്‍ മറ്റുള്ളവരുമായി പങ്കുവെയ്‌ക്കുമ്പോഴാണല്ലോ അവയ്‌ക്ക്‌ പരിഹാരം ഉണ്ടാകുക. പുതിയ കാര്യങ്ങള്‍ അറിയാനും, പുതിയ സാങ്കേതികവിദ്യ മനസിലാക്കാനുമൊക്കെ നൈന വഴിയുള്ള നെറ്റ്‌ വര്‍ക്കിംഗിലുടെ  കഴിയുന്നു.

നേതൃരംഗത്തെപ്പറ്റി ചെറുപ്പത്തില്‍ പഠിച്ച തത്വങ്ങളാണ്‌ പ്രസിഡന്റ്‌ എന്ന നിലയില്‍ തന്നെ നയിച്ചതെന്ന്‌ വിമലാ ജോര്‍ജ്‌. `സി മാര്‍ട്ട്‌' (C MAAART) എന്ന ചുരുക്കപ്പേര്‌. സി- എന്നാല്‍ കണ്‍ഗ്രാചുലേറ്റ്‌ അദേഴ്‌സ്‌, എം-മെന്റര്‍, എ- അഡൈ്വസ്‌, എ- അപ്രീസിയേഷന്‍, എ- അസിസ്റ്റന്‍സ്‌, ആര്‍- റെക്കഗ്‌നേഷന്‍, ടി- താങ്ക്‌സ്‌).

ടീം വര്‍ക്കിന്റെ വിജയം കണ്ടെത്തിയ ഫോര്‍മുലയാണിത്‌.

നൈനയുടെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്‌ട്ര തലത്തിലേക്ക്‌ വ്യാപിപ്പിക്കണമെന്ന അഭിപ്രായവും വിമലയ്‌ക്കുണ്ട്‌. സംഘടനയ്‌ക്ക്‌ തുടക്കമിട്ട ഡോ. ആനി പോള്‍, സാറാ ഗബ്രിയേല്‍, ഏലിയാമ്മ സാമുവേല്‍, അമ്മാള്‍ ബര്‍ണാഡ്‌, ആന്‍ വര്‍ഗീസ്‌, മേരി തോമസ്‌, മേരിക്കുട്ടി കുര്യാക്കോസ്‌ തുടങ്ങിയവരെ അവര്‍ നന്ദിപൂര്‍വ്വം സ്‌മരിക്കുന്നു.

അതുപോലെ മുന്‍ പ്രസിഡന്റുമാരായിരുന്ന സാറാ ഗബ്രിയേല്‍, ഡോ. സോളിമോള്‍ കുരുവിള, ഡോ. ഓമന സൈമണ്‍, ഡോ. റേച്ചല്‍ സഖറിയ, തുടങ്ങിയവര്‍.

ന്യു ജഴ്‌സി ചാപ്ടറും മറിയാമ്മ കോശി, PRO മേരി ഏബ്രഹാം (ശാന്തി) എന്നിവരും നല്‍കിയ സേവനങ്ങളും വിസ്മരിക്കാനാവില്ല.

കോട്ടയം കൈപ്പുഴ പോളപ്രയില്‍ കുടുംബാംഗമായ വിമലയുടെ ഭര്‍ത്താവ്‌ ബെന്നി പുതുപ്പറമ്പില്‍ റാന്നി സ്വദേശിയാണ്‌. പുത്രിമാ
ര്‍ രണ്ടും  മെഡിക്കൽ വിദ്യാർഥികൾ.   പി.സി. ജോസഫ്‌, ഏലിയാമ്മ ദമ്പതികളുടെ പുത്രിയായ വിമലയുടെ സഹോദരങ്ങളായ എല്‍സി, സാലി, ജെയ്‌ക്‌ എന്നിവര്‍ അമേരിക്കയിലുണ്ട്‌.

പ്രസിഡന്റ്‌ പദം ഒഴിഞ്ഞാലും അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍ ആയി തുടരുന്ന വിമലയ്‌ക്ക്‌ ഫ്‌ളോറന്‍സ്‌ നൈറ്റിംഗ്‌ ഗേലിന്റെ ജീവിതമാണ്‌ സന്ദേശമായി എടുത്തുകാട്ടാനുള്ളത്‌. ദയയുടേയും സേവനത്തിന്റേയും, അറിവിന്റേയും പ്രകാശമാണ്‌ നിങ്ങളിലും എന്നിലുമുള്ള നഴ്‌സ്‌ പരത്തുന്നതെന്നവര്‍ ഒരു സമ്മേളനത്തില്‍ പറഞ്ഞത്‌ അര്‍ത്ഥവത്തായി തുടരുന്നു.
നൈനയില്‍ നേട്ടങ്ങളുടെ കയ്യൊപ്പുമായി വിമല ജോര്‍ജ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക